പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

മരിച്ചവരുടെ കഥ പറയുമ്പോൾ, അയാൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രദീപ്‌ മൂഴിക്കുളം

(പുഴ ഡോട്ട്‌ കോം ചെറുകഥാമത്സരത്തിൽ പങ്കെടുത്തവയിൽ നിന്നും തിരഞ്ഞെടുത്ത മികച്ച പതിനേഴുകഥകളിൽ ഒന്നാണ്‌ ഇത്‌)

യാദൃശ്ചികമായാണ്‌ വഴിയിൽവച്ച്‌ ചിത്രഗുപ്‌തനെ കണ്ടുമുട്ടിയത്‌. സംസാരിച്ചു സംസാരിച്ച്‌, നടന്നുനടന്ന്‌ നഗരത്തോളമെത്തിയതറിഞ്ഞില്ല. ടാറിട്ട നിരത്തിലെ കൊഴുത്ത ചൂട്‌ ശരീരത്തെ ബാധിച്ചു തുടങ്ങി. ദാഹത്തോടൊപ്പം മനസ്സിലെ വെറുപ്പും ദേഷ്യവും കൂടിയായപ്പോൾ എവിടെയെങ്കിലും ഇരിക്കണമെന്നായി ഞാൻ. ഇടുങ്ങിയ ഹോട്ടലിൽ ചുട്ടുപൊളളുന്ന ചായക്കുമുന്നിലിരിക്കുമ്പോഴാണ്‌, ചിത്രഗുപ്‌തൻ അയാളെക്കുറിച്ച്‌ പറഞ്ഞു തുടങ്ങിയത്‌. നോട്ടുബുക്കിലെ പന്ത്രണ്ടാമത്തെ പേജിൽ അയാളുടെ ജീവിതത്തിലെ അവസാനത്തെ അദ്ധ്യായത്തെക്കുറിച്ച്‌ ഇങ്ങിനെ രേഖപ്പെടുത്തിയിരുന്നു.

പേഃനംഃ 12

മ്യൂണിക്കിനടുത്തുളള ഡാഷു റെയിൽവേ സ്‌റ്റേഷനിൽ അയാൾ എത്തുമ്പോൾ സമയം ഏകദേശം പതിനൊന്നു മണി കഴിഞ്ഞ്‌ മുപ്പത്‌ മിനിട്ടായിട്ടുണ്ട്‌. പഴയ കാറോട്ടക്കാരന്റെ ശൗര്യത്തെ ക്രൂരമായി പുച്ഛിച്ചുകൊണ്ട്‌ മുട്ടിന്‌ താഴെ മുറിഞ്ഞ വലതുകാൽ തിരക്കുപിടിച്ച സ്‌റ്റേഷനിൽ അയാളെ തീർത്തും ഒറ്റപ്പെടുത്തിക്കളഞ്ഞു. ഏറെ ബദ്ധപ്പെട്ട്‌ ബോഗി കണ്ടുപിടിച്ചപ്പോഴേക്കും പുറപ്പെടലിന്റെ ഉത്സാഹപൂർണ്ണമായ ചൂളംവിളി മുഴങ്ങിക്കഴിഞ്ഞു. നിസ്സഹായതയിൽ നിൽക്കവേ, ഒരു കൈ അയാളുടെ അരയിൽ ചുറ്റിപ്പിടിച്ച്‌, മറുകൈ വലതുകൈയിൽ ചേർത്ത്‌ അവളയാളെ ഭദ്രമായി മുകളിലെത്തിച്ചു.

“നന്ദി സുഹൃത്തേ.”

മറുപടിയായി അവൾ പുഞ്ചിരിച്ചു.

കവിളിൽ മൃദുവായി ചുംബിച്ചു.

“ഞങ്ങളുടെ ഇന്ത്യയിൽ ഒരു സങ്കല്പമുണ്ട്‌. അർദ്ധനാരീശ്വരം. പകുതി സ്‌ത്രീയും പകുതി പുരുഷനും. അപരാജിതമായ ശക്തിസ്രോതസ്സാണത്‌. പൂർണ്ണത.”

മറുപടിയായി വീണ്ടും പുഞ്ചിരി.

“എന്റെ കംപാർട്ട്‌മെന്റ്‌ കുറച്ചപ്പുറത്താണ്‌.”

“വീണ്ടും കാണാം.”

വണ്ടി നീങ്ങിത്തുടങ്ങി. അകത്ത്‌ നല്ല തിരക്കാണ്‌. സഹയാത്രികരിലാരോ സഹതാപാർദ്രതയോടെ നൽകിയ ഇത്തിരിയിടത്തിൽ അയാൾ വീണുകിടന്നു. ഒറ്റപ്പെടലിന്റെ ഭ്രാന്തമായ നീറ്റലിൽ, അസാധാരണമാം വിധം അസ്വസ്ഥതയോടെ, അയാൾ തന്റെ അമ്മയെക്കുറിച്ചോർത്തു.

വണ്ടിയപ്പോൾ, അമ്മയുടെ അന്തമില്ലാത്ത സ്‌നേഹത്തിലേക്ക്‌, ഭൂപടങ്ങളിൽ അലിഞ്ഞില്ലാതായ തന്റെ നാട്ടിൻപുറത്തേക്ക്‌ പറന്നുപോയി.

അവിടങ്ങളിലെ ചെമ്മൺപാതകളിലേക്ക്‌

കുളക്കരയിലേക്ക്‌

അവിടെ നഗ്നരായി നീന്തിത്തുടിക്കുന്ന കുട്ടികളുടെ “മുഴോൻകാളേ” വിളികളിലേക്ക്‌

തീരെ ചെറിയ റെയിൽവേ സ്‌റ്റേഷനിലേക്ക്‌

അതിലും ചെറിയ അതിനടുത്ത അമ്പലത്തിലേക്ക്‌.

അമ്പലത്തിനൊരു കഥയുണ്ട്‌. റെയിൽവേ സ്‌റ്റേഷനും ഒരു കഥയുണ്ട്‌. അതുമല്ലെങ്കിൽ അമ്പലത്തിനും റെയിൽവേ സ്‌റ്റേഷനും കൂടി ഒരൊറ്റ കഥയുണ്ട്‌. നാടിന്റെ കഥ.

അതിലെന്താണ്‌ ഇത്ര അത്ഭുതം?

ഓരോ അമ്പലങ്ങൾക്കും, ഓരോ റെയിൽവേ സ്‌റ്റേഷനുകൾക്കും, നാടുകൾക്കും, ആളുകൾക്കും, പട്ടികൾക്കും, പൂച്ചകൾക്കും, മരങ്ങൾക്കും, കിളികൾക്കുമെല്ലാം അതാതിന്റേതായ കഥകളുണ്ടാകും. ചിലരത്‌ ഓർത്തുവച്ച്‌ മറ്റ്‌ ചിലരോട്‌ പറയും. വേറെ ചിലർ മനഃപൂർവ്വം മറന്നുകളയും.

എങ്കിലും അങ്ങിനെയൊരു കഥയുണ്ട്‌.

എനിക്കത്‌ ഓർത്തേ തീരൂ.

പണ്ടുപണ്ട്‌, വളരെ വളരെ പണ്ടാണ്‌. ഞാനൊക്കെ ജനിക്കുന്നതിനും മുൻപാണ്‌. ഞാൻ കണ്ടിട്ടില്ലാത്ത എന്റെ മുത്തച്ഛനുളള കാലത്താണ്‌. നാട്ടിലൊരു റെയിൽവേ സ്‌റ്റേഷൻ വന്നു. ഇടയ്‌ക്കിടെ ആവി വണ്ടികൾ വളരെ വേഗം വന്നു. വളരെ പതുക്കെ പോയി. കുട്ടികളും വലിയവരുമെല്ലാം ആ നീണ്ടനിര കണ്ട്‌ നോക്കിനിൽക്കുമായിരുന്നു. ദൈവത്തോളം തന്നെ വില അവർ സ്‌റ്റേഷൻമാസ്‌റ്റർക്കും നൽകി. അയാൾക്കറിയാം വണ്ടിയെപ്പോൾ വരും, എപ്പോൾ പോകും എന്നൊക്കെ.

അങ്ങിനെയങ്ങിനെ ജീവിതവും സ്‌റ്റേഷനും, സ്‌റ്റേഷനും ജീവിതവുമായി. അങ്ങിനെയങ്ങിനെ എല്ലാവരും എന്തെങ്കിലുമൊക്കെയായി.

സ്‌റ്റേഷനിൽനിന്നും കുറച്ചുമാറി ഒരു വെളിമ്പറമ്പുണ്ട്‌. പറമ്പിലൊരു കേളുക്കുട്ടി ദൈവമുണ്ട്‌. ദൈവത്തിന്റെ പ്രതിരൂപമായി ഒരു കല്ലുണ്ട്‌. അതൊരു പണ്ടാരമടക്കിയ പറമ്പാണ്‌.

പണ്ടാരമെന്തെന്നല്ലേ.

വസൂരിവന്ന്‌ ചത്ത ആളുകളാണവ. അളിപ്പായയിൽ കമഴ്‌ത്തിക്കിടത്തി അവരെ ആഴത്തിൽ കുഴിച്ചിടും. കുഴിമൂടി മുകളിലൊരു കല്ല്‌ വക്കും. കല്ലിലവന്റെ ജീവനിരിക്കും. കാക്കകൾ വന്ന്‌ തൂറിനിറക്കും. പട്ടികളും പൂച്ചകളും ആരും കാണാതെ വഴിയടയാളം വക്കും.

ചത്തവൻ വലിയ തറവാട്ടിലെയെങ്കിൽ ഒരു കൂരവക്കും. അതിലൊരു തിരിവക്കും. കേളുക്കുട്ടിദൈവം ഒരു പാവം പണ്ടാരമായിരുന്നു. അയാളുടെ കല്ലങ്ങിനെ അവിടെ അനാഥമായിക്കിടന്നു.

പെട്ടെന്നൊരു ദിവസം മുതൽ അത്ഭുതം സംഭവിച്ചു തുടങ്ങി. കല്ലിന്റെയടുത്തെത്തുമ്പോഴേക്കും വണ്ടികളെല്ലാം നിന്നുപോകും. ആരൊക്കെ എന്തൊക്കെ ചെയ്‌താലും ഒരടി മുന്നോട്ടില്ല. കുറച്ചു കഴിഞ്ഞാൽ പിണക്കം മാറി, വണ്ടി ഓടിത്തുടങ്ങും.

എഞ്ചിനീയർമാർ വന്നു. നിരീക്ഷണമായി. പരീക്ഷണമായി. സ്‌റ്റേഷൻമാസ്‌റ്റർക്ക്‌ നോട്ടീസ്‌ വന്നു.

ആപ്പീസിലേക്ക്‌ റിപ്പോർട്ട്‌ കൊടുക്കണം.

അയാളുടെ പ്രായമായൊരു കൂട്ടുകാരനുണ്ട്‌. കൂട്ടുകാരൻ വെളിപ്പെട്ടു.

“കേളുക്കുട്ടി ദൈവമാണ്‌. മറക്കണ്ട. വെറ്റിലയും അടക്കയും വേണം. ദക്ഷിണ കരുതണം.”

ജ്യോത്സ്യൻ കളം വരച്ചു. കവടി പറന്നു. കാലം കവടിയിൽ പൊലിഞ്ഞു നിന്നു. എണ്ണം നോക്കി കഥ പിറന്നു.

“അയാളാണ്‌. കൂര കെട്ടണം. തിരിവക്കണം. കണ്ണു തുറക്കും.”

ആപ്പീസിൽ നിന്നും ഉത്തരവ്‌ വന്നു. കൂരകെട്ടാൻ ആള്‌ വന്നു. ഒരു ബാരൽ എണ്ണക്ക്‌ മുടങ്ങാതെ പണം വന്നു.

പിന്നീട്‌ ഒരൊറ്റ വണ്ടിയും അവിടെ നിന്നിട്ടില്ല.

“ഇപ്പോഴും അവിടെ തിരിവക്കുന്നുണ്ടോ എന്തോ.”

പേഃ നംഃ 13

വണ്ടിയിപ്പോൾ നാട്ടിൻപുറത്തെ മഞ്ഞമരങ്ങൾക്കിടയിലൂടെ കുതിച്ചു പായുകയാണ്‌.

അയാൾ വീടിന്‌ പുറത്ത്‌ നിൽക്കുകയാണ്‌. നോക്കിനിൽക്കേ അതിന്റെ ചുവരുകളെല്ലാം സ്‌ഫടികം കൊണ്ടുളളതായി. അകത്തുളളതൊന്നും രഹസ്യമല്ലാതായി. നീണ്ട്‌ മെലിഞ്ഞ്‌, വലിയ, കറുത്ത കോട്ടണിഞ്ഞ ഒരാൾ ധൃതിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്‌.

ധൃതിയെന്ന്‌ പറഞ്ഞാൽ പോരാ. ധൃതിയേക്കാൾ ധൃതിയിൽ നടക്കുന്നുണ്ട്‌.

“ഛേ! നാശം.”

ഞെട്ടിത്തരിച്ച്‌ അയാൾ വെട്ടിത്തിരിഞ്ഞു.

കാട്ടുപൂവിൻമണം കാറ്റിൽ പറന്നുനിന്നു.

മുറിയുടെ മൂലയിൽനിന്ന്‌ ഒരു വടിയെടുത്തയാൾ അടി തുടങ്ങി. നടത്തം ഓട്ടമായി. അടി പൊരിഞ്ഞയടിയായി. അയാൾ ഓടിനടന്ന്‌ അടിച്ചു. അവസാനം തളർന്ന്‌ മേശക്കരികിൽ ഇരിപ്പായി.

തടിച്ച്‌, ചുവന്ന ബയന്റുളള ഒരു പുസ്‌തകം മേശപ്പുറത്തുനിന്ന്‌ വലിച്ചെടുത്ത്‌, അയാൾ അതിവേഗം പേജുകൾ മറിച്ചു തുടങ്ങി. പകുതിയോളം മടക്കി അടയാളപ്പെടുത്തിയ ഒരു പേജിൽ കുറച്ചുനേരം ഉടക്കിനിന്ന്‌ അടുക്കളയിലേക്കൊരു ചാട്ടം.

ഇപ്പോഴയാൾ അടുക്കളയിൽ എന്തോ പരതുകയാണ്‌.

അത്യാവശ്യം കുഴിയുളള ഒരു ഡവറ, ഒരു മച്ചിങ്ങ, ഒരു കഷണം ഈർക്കിൽ, ഒരു നാളികേരപ്പൂള്‌, ഒരു പലക. കഴിഞ്ഞു. ഒരുക്കങ്ങൾ പൂർത്തിയായി.

നാളികേരപ്പൂള്‌ മച്ചിങ്ങയിൽ ഈർക്കിൽകൊണ്ട്‌ ഭംഗിയായി ഉറപ്പിച്ച്‌, പലകമേൽ വച്ച്‌, അതിനുമുകളിൽ ഡവറ അല്പം ഉയർത്തി താങ്ങി നിർത്തി അയാൾ അല്പദൂരം നീങ്ങിനിന്നു.

“ക്ലിങ്ങ്‌!”

അത്ഭുതം.

കൗടില്യൻ മുതലിങ്ങോട്ടുമങ്ങോട്ടുമൊക്കെയുളള പിതാമഹന്മാരുടെയൊരു ബുദ്ധി.

എലി ഫ്ലാറ്റ്‌.

വെളളം നിറച്ച ബക്കറ്റിൽ അതിന്റെ മരണവെപ്രാളം. അറയിൽനിന്നും എലികൾ കൂട്ടംകൂട്ടമായിവന്ന്‌ ബക്കറ്റിലേക്ക്‌ ചാടിത്തുടങ്ങി. അയാൾ ദേഷ്യപ്പെട്ട്‌ ഉച്ചത്തിലെന്തൊക്കെയോ പറയുന്നുണ്ട്‌.

ഇപ്പോൾ അറയിൽ തീ ആളിപ്പടരുകയാണ്‌.

പുക, വീടിനേയും കവിഞ്ഞ്‌ നാടാകെ മൂടിക്കഴിഞ്ഞു.

തനിക്ക്‌ ശ്വാസം മുട്ടുന്നുണ്ടെന്ന്‌ അയാൾക്ക്‌ തോന്നി. അയാൾ ഞെട്ടിയുണർന്നു.

വണ്ടിയൊന്നാകെയുലഞ്ഞ്‌ നിന്നു.

വിജനമായ ഒരു പ്രദേശമാണ്‌. അടുത്തുളള ചേരിയിലെ ഓടയിൽ നിന്നുയരുന്ന അവിഞ്ഞ മണം മൂക്കിൽ തുളച്ചു കയറുന്നുണ്ട്‌. ആളുകൾ ഓടിയും ചാടിയുമൊക്കെ പുറത്തിറങ്ങി. അടുത്തിരിക്കുന്നവർ ചങ്ങല വലിച്ചവനെ ശപിച്ചുകൊണ്ട്‌ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്‌. ചിലരുടെ മുഖത്ത്‌ വല്ലാത്തൊരു ഭയം. തന്റെയടുത്ത്‌ പുറത്തേക്ക്‌ നോക്കിനിൽക്കുന്ന ചെറുപ്പക്കാരനോട്‌, ഒരു രഹസ്യമെന്നോണം അയാൾ ചോദിച്ചു.

“സുഹൃത്തേ, വണ്ടിയെന്താണിവിടെ? എന്തുപറ്റി?”

ദേഷ്യത്തോടെ അയാൾ തിരിഞ്ഞു നോക്കി.

“ഒന്നുമില്ല ഒരു പെൺകുട്ടിയായിരുന്നു. ഇവൾക്കൊക്കെ ചാടാൻ കണ്ട ഒരു സമയം. കഴിഞ്ഞെന്ന്‌ തോന്നുന്നു.”

ആയിരം പെരുമ്പറകൾ ഒന്നിച്ചു മുഴങ്ങി. കാതിൽ കൊടുങ്കാറ്റ്‌ ആഞ്ഞു കൊത്തി. അയാൾ വിരണ്ടുപോയി.

അവളായിരിക്കുമോ?

ഒരിക്കലുമില്ല. അവളെന്തിനങ്ങിനെ ചെയ്യണം. എന്തൊരു പ്രസരിപ്പാണാ മുഖത്ത്‌. എന്തൊരു സന്തോഷം. എല്ലാം കഴിഞ്ഞ്‌, മരിക്കാൻ വേണ്ടി ആരെങ്കിലും ടിക്കറ്റെടുക്കുമോ!

അവളാകില്ല.

ഇനി അഥവാ ആണെങ്കിൽത്തന്നെ ഞാനെന്ത്‌ വേണം?

എന്നിട്ടും ഒരു ഭയാശങ്ക അയാളിൽ ഇഴുകിനിന്നു. പുറത്ത്‌ കൂടി നിൽക്കുന്ന ആളുകളെ കമ്പിയിഴകൾക്കുളളിലൂടെ നോക്കി അയാളിരുന്നു.

അയാൾ ദീർഘമായൊന്ന്‌ നിശ്വസിച്ചു.

സമയമേറെ കഴിഞ്ഞു.

ചർച്ചകൾക്കും സഹതാപങ്ങൾക്കുമൊടുവിൽ, മരിച്ചവളുടെ ജഡത്തെ പാതിവഴിയിലുപേക്ഷിച്ച്‌ ആളുകൾ അകത്തേക്ക്‌ തിക്കിത്തിരക്കി.

വണ്ടി വീണ്ടും നീങ്ങിത്തുടങ്ങി.

ഉറങ്ങാനെന്നമട്ടിൽ അയാൾ കണ്ണുകൾ മുറുകെയടച്ചു.

വണ്ടിയിപ്പോൾ ഇരുവശവും പൂത്ത മരങ്ങൾ നിറഞ്ഞ ഒരു പാതയിലൂടെ പാഞ്ഞു പോകുകയാണ്‌. ഒരിളം കാറ്റ്‌ എല്ലാമലിയിച്ചുകൊണ്ട്‌, എല്ലാവരെയും തലോടി, ഒന്നും മിണ്ടാതെ കടന്നുപോയി.

അയാൾ ഉറങ്ങിപ്പോയി.

പേഃ നംഃ 14

ഉണരുമ്പോൾ നേർത്ത നിലാവുണ്ട്‌. നിലാവിൽ മരങ്ങളിലും പുല്ലുകളിലുമെല്ലാം മഞ്ഞുതുളളികൾ മിന്നിനിൽക്കുന്നുണ്ട്‌. എല്ലാവരും ഉറക്കത്തിന്റെ ആഴക്കടലിലാണ്‌.

അയാൾ അത്ഭുതത്തോടെ ഓർത്തു.

താൻ വണ്ടിയിൽ കയറിയതിൽപ്പിന്നെ, ആളുകൾ അകത്തേക്ക്‌ കയറുകയല്ലാതെ, ഒരാൾപോലും ഒരു സ്‌റ്റേഷനിലും ഇറങ്ങിപ്പോയിട്ടില്ല.

ഇവരെല്ലാം എങ്ങോട്ടേക്കാണാവോ?

തിരക്ക്‌ ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്‌. ആളുകൾ കക്കൂസുകളിൽപോലും ചുരുണ്ടു കൂടിക്കിടന്ന്‌ ഉറങ്ങുകയാണ്‌. എക്കാലത്തേക്കാളും വേഗതയിൽ വണ്ടി അലറിപ്പായുകയാണ്‌. നേർത്ത ഭയം അയാളിൽ കിനിഞ്ഞിറങ്ങി.

പെട്ടെന്നൊരു കുലുക്കം.

വീണ്ടുമാരോ ചങ്ങല വലിച്ചെന്ന്‌ തോന്നുന്നു.

വണ്ടിയാകെ ഉലഞ്ഞുലഞ്ഞ്‌, പാളത്തിൽനിന്നും തെന്നിത്തെറിച്ച്‌, ഭീകരമായൊരു ശബ്‌ദത്തോടെ നിരങ്ങി നീങ്ങി.

അയാൾ, അത്ഭുതമെന്ന്‌ പറയട്ടെ, ഊന്നുവടിപോലും ഉപേക്ഷിച്ച്‌, ഒരു ധ്യാനത്തിലെന്നോണം, ദൂരെക്കണ്ട തീപ്പൊട്ട്‌ ലക്ഷ്യമാക്കി നടന്നു തുടങ്ങി.

ഡാഷുവിൽ വച്ച്‌ അവൾ സമ്മാനിച്ച അവസാന ചുംബനം അയാളുടെ സിരകളിൽ പൂക്കളായി.

നിലാവ്‌ നീലിച്ച്‌ നിന്നു.

പ്രദീപ്‌ മൂഴിക്കുളം

പുതുക്കോടത്ത്‌, മൂഴിക്കുളം, കുറുമശ്ശേരി.പി.ഓ, പിൻ - 683 579.


E-Mail: pradeep.zeus@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.