പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഇരുട്ടിന്റെ ഓർമപ്പെടുത്തലുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സലീൽ പി.എൽ

ഇത്‌ ഒരു കഥയാണെന്ന്‌ കരുതി സമയം കളയാതിരിക്കുക. ജീവിതത്തിലെ ചിതറിക്കിടക്കുന്ന ഓർമ്മകൾ എന്നോ താളം തെറ്റിയ മനസ്സ്‌കൊണ്ട്‌ കോർത്തെടുക്കപ്പെടുമ്പോൾ തീർച്ചയായും ഇതിനു ഒരു കഥയുടെ ഘടന ഉണ്ടായെന്നു വരില്ല, മാത്രമല്ല ജീവിതം അല്ലെങ്കിലും കഥയാവില്ലല്ലോ.

രാവിലെ ഉറക്കത്തിൽ നിന്നും ഭാര്യയാണ്‌ വിളിച്ച്‌ ഉണർത്തിയത്‌, മുഖം കഴുകി ഹാളിലെ കസേരയിൽ ഇരുന്നപ്പോൾ വലിയ ശബ്‌ദത്തോട്‌ കൂടി കാപ്പിഗ്ലാസ്‌ മേശമേൽവെക്കുന്ന ഒച്ച കേട്ടെങ്കിലും തിരിഞ്ഞു നോക്കിയില്ല. അല്ലെങ്കിലും കല്യാണത്തിന്റെ ആദ്യകാലം മുതൽ തന്നെ ഭാര്യയുടെ കണ്ണുകൾ എന്നെ ഭയപ്പെടുത്തിയിരുന്നു. നിങ്ങൾ ഒന്ന്‌ മനസ്സിലാക്കിയിട്ടുണ്ടാവില്ല, ജീവിതത്തിൽ ആരിൽ നിന്നും എന്തിൽ നിന്നും സൗകര്യപൂർവ്വം രക്ഷപ്പെടാൻ ഉള്ള സുന്ദരമാർഗമാണ്‌ ഭയം. ഞാനും എന്റെ ഭാര്യയും പരസ്‌പരം യോജിക്കാനാവാത്ത രണ്ടു പേർ, ഓരേ വീട്ടിൽ പരസ്‌പരം ഭയന്ന്‌ കഴിയുന്നു. ഒരു ദിവസത്തിൽ ഒന്നോ രണ്ടോ വാക്കുകൾ.... പിന്നെ വല്ലപ്പോഴും മൃഗങ്ങളെ പോലുള്ള ആഗ്രഹ പൂർത്തീകരണവും. സത്യത്തിൽ ആ സമയങ്ങളിലെ എന്റെ ഭാര്യയുടെ വിയർപ്പിന്റെ ഗന്ധം പോലും എന്റെ മൂക്കിന്‌ അമോണിയ പോലെ അസ്വസ്‌ഥത ഉളവാക്കും. അപരാധി ഞാൻ തന്നെയാണ്‌. ഏതെങ്കിലും പുരുഷൻ തന്റെ രഹസ്യങ്ങൾ അതും ആദ്യരാത്രിയിൽ തന്നെ ഭാര്യയോട്‌ വെളിപ്പെടുത്തുമോ. എന്റെ ഭാര്യയുടെ മേലും ഒരുപാടു പുരുഷന്മാരുടെ വിയർപ്പു തുള്ളികൾ പതിഞ്ഞിട്ടുണ്ട്‌ പക്ഷെ ഒന്നും എന്നോട്‌ വെളിപ്പെടുത്തിയില്ലല്ലോ പിന്നെന്തിനാണ്‌ ഞാൻ? എന്റെ ഭാര്യ മനോഹരമായി തന്നെ അവളുടെ കന്യാകത്വത്തെ എനിക്ക്‌ മുന്നിൽ അഭിനയിച്ചു കാട്ടിയെങ്കിലും കൃത്രിമത്വം തീർച്ചയായും ഉണ്ടായിരുന്നു.

കുറെ നാൾ മുമ്പുള്ള ഓർമകളാണ്‌, എന്റെ പ്രണയത്തിൽ നിന്നും പറഞ്ഞു തുടങ്ങാം. പ്രണയം എന്ന വികാരം ആദ്യമായ്‌ മനസ്സിനെ കീഴ്‌പ്പെടുത്തിയത്‌ പതിനെട്ടാമത്തെ വയസ്സിൽ ആയിരുന്നു. അതിനു മുൻപ്‌ എനിക്ക്‌ തോന്നിയതെല്ലാം തീർച്ചയായും കൗമാരക്കാരന്റെ ചാപല്യങ്ങൾ എന്ന്‌ വിളിക്കാം. ആസക്തി കലർന്ന വെറും ആഗ്രഹങ്ങൾ. എന്റെ പ്രണയത്തെക്കുറിച്ച്‌ ഒരിക്കൽ അവൾ പറഞ്ഞത്‌ ഫാസിനേഷൻ എന്നാണ്‌. അന്നുതന്നെ എന്റെ നിഖണ്ഡുവിന്റെ ആ പേജ്‌ ഞാൻകരിച്ചുകളഞ്ഞു. കുറച്ചു നാൾ മുൻപ്‌ ആ നിഖണ്ഡു തുറന്നപ്പോൾ എന്തോ കുറ്റബോധം തോന്നി.

അവളെ കണ്ട സമയത്ത്‌ പ്രണയം എന്റെ കാൽപാദങ്ങളിലൂടെ അരിച്ചരിച്ച്‌ എന്റെ പൊക്കിളിൽ അമ്മയും ഞാനും തമ്മിലുള്ള ദിവ്യ ബന്ധത്തിന്റെ അടയാളത്തിൽ എന്നെ ഇക്കിളിയിട്ടത്‌ ഓർക്കുമ്പോൾ മനസ്സിൽ വല്ലാത്ത വിങ്ങൽ അനുഭവപ്പെടുന്നു. അന്ന്‌ കാലങ്ങളിൽ അവളിൽ നിറഞ്ഞിരുന്നത്‌ പരിഹാസം ആയിരുന്നു. അവളുടെ വിയർപ്പിന്റെ ഗന്ധം എങ്ങനെ ആയിരിക്കും എന്ന്‌ ഞാൻ ആലോചിച്ചപ്പോഴും ആ ചിന്തയും ചെന്നെത്തിയത്‌ അമ്മയുടെ കക്ഷത്തിനു മുകളിൽ തലവെച്ചുറങ്ങുമ്പോൾ അനുഭവപ്പെടുന്ന സഹനത്തിന്റെ ഗന്ധത്തിലേക്ക്‌. അവളോടുള്ള സ്‌നേഹം മനസ്സിന്റെ ഉള്ളിൽ പൂക്കളം തീർത്തത്‌ പ്ലാസ്‌റ്റിക്‌ പൂവുകൾ കൊണ്ടായിരുന്നു. ഇന്നും അവ ജീർണിക്കാത്തത്‌ അതുകൊണ്ട്‌ തന്നെ. അവളോട്‌ സ്‌നേഹമാണോ എന്ന്‌ അവൾ തന്നെ എന്നോട്‌ ചോദിച്ചപ്പോൾ ചോദ്യത്തിലെ പരിഹാസം ഞാൻ തിരിച്ചറിഞ്ഞു. പിന്നീട്‌ എന്റെ യാത്രകൾ അവളെ തേടിയുള്ളത്‌ മാത്രമായി. അവളോടുള്ള സ്‌നേഹം മനസ്സിലെ പുഴുക്കുത്തായി മാറിക്കൊണ്ടിരിക്കുന്നു. തൊലിപ്പുറത്ത്‌ തിണർത്തുവന്ന അരിമ്പാറകൾ പോലെ അപകർഷതാബോധവും നിറഞ്ഞു നിന്നു. ആ സമയങ്ങളിൽ അവളുടെ വിയർപ്പിനും എന്റെ ഭാര്യയുടെ അമോണിയം വിയർപ്പിനും ചിലപ്പോൾ ഒരേ ഗന്ധമായിരുന്നിരിക്കാം.

അവളുടെ മുന്നിൽ ഞാൻ ആടിത്തിമിർത്തപ്പോൾ ഞാനാവാൻ ഞാൻ മറന്നിരുന്നു. അപ്പോഴും മുറിവേറ്റു പഴുത്ത മനസ്സിലേക്ക്‌ അവൾ പരിഹാസ ശരങ്ങൾ കുത്തിയിറക്കി. മുറിവിൽ നിന്നും പുറത്തേക്കു ചീറ്റി തെറിച്ച കൊഴുത്ത ചലം അവൾക്കു അറപ്പാണ്‌ ഉളവാക്കിയത്‌. പ്രാണൻ പിടയുന്ന ആ വേദനയിൽ ആരും കാണാതെ അലറിക്കരഞ്ഞിരുന്നു. അന്ന്‌ എന്റെ കാലങ്ങളിൽ സന്ധ്യാ സമയങ്ങളിൽ മദ്യം സിരകളിലൂടെ മത്തുപിടിച്ച്‌ എരിഞ്ഞമരുന്ന സമയങ്ങളിൽ വീടിന്റെ കോലായിൽ അച്ഛൻ ഇരിപ്പുണ്ടാവും. അച്ഛനോട്‌ പണം ആവശ്യപ്പെടുമ്പോൾ മദ്യത്തിന്റെ ഗന്ധം അച്ഛന്റെ മൂക്കിലടിക്കാതെ സംസാരിക്കുമായിരുന്നുള്ളൂ. അച്ഛൻ തരുന്ന മുഷിഞ്ഞ നോട്ടുകളിൽ അച്ഛന്റെ വിയർപ്പിന്റെ ഗന്ധം ഞാൻ ആസ്വദിച്ചു. ബാറിന്റെ ശീതീകരിച്ച മുറിയിൽ അരണ്ട വെളിച്ചത്തിൽ വെച്ച്‌ ആ നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തുകപോലും ചെയ്യാതെ ബാർ ജീവനക്കാരന്റെ കൈകളിലേക്ക്‌ കൊടുക്കുമ്പോൾ അച്ഛന്റെ വിയർപ്പിന്‌ ചോരയുടെ ഗന്ധമായിരുന്നു. ഉറക്കാത്ത കാലടികളിലൂടെ വീട്ടിൽ എത്തി ആർക്കും മുഖം കൊടുക്കാതെ കിടന്നുറങ്ങാൻ ശ്രമിക്കുമ്പോൾ മുറിയിലേക്ക്‌ അടുത്തടുത്ത്‌ വരുന്ന അച്ഛന്റെ കാലടികൾ എന്നെ ഭയപ്പെടുത്തിയിരുന്നു. ഭയമെന്നത്‌ പ്രതികരണ ശേഷി ബോധപൂർവം നഷ്‌ടപ്പെടുത്തിയവന്റെ ഒളിച്ചോട്ടം ആണെന്ന്‌ ഞാൻ ആദ്യമായി മനസ്സിലാക്കിയത്‌ അന്ന്‌ തന്നെയാവണം. ആ സമയങ്ങളിൽ ഞാൻ നല്ല അഭിനേതാവായി മാറും. മികച്ച രീതിയിൽ ഞാൻ എന്റെ ഉറക്കം തുടരുമ്പോൾ ബോധമനസ്സിന്റെ ഞെട്ടിക്കുന്ന വിങ്ങലുകൾക്കുള്ളിൽ ശോഷിച്ചു പോയ വിറയ്‌ക്കുന്ന കരങ്ങൾ കൊണ്ട്‌ എന്റെ മേൽ തലോടും. ആ സമയങ്ങളിൽ അദ്ദേഹത്തിന്റെ വിയർപ്പിന്‌ ജീവിതത്തിനും മരണത്തിനും ഇടയിലെ തുരുമ്പെടുത്ത പാലത്തിന്റെ തുരുമ്പു മണമായിരുന്നു. കുറ്റബോധം തോന്നുന്നത്‌ അപ്പോൾ മാത്രമായിരുന്നു. കണ്ണീരിന്റെ ചുവ തൊണ്ടയിൽ തങ്ങി നിശബ്‌ദം വിങ്ങലായി വെളിയിൽ വരും.

എങ്കിലും ജന്മങ്ങളായി ഞാൻ അവളെയും അവൾ എന്നെയും തേടിക്കൊണ്ടിരിക്കുന്നു. എല്ലാ ജന്മങ്ങളിലും ഞാൻ അവളെ പിന്തുടരും. അവൾ എന്നിൽ നിന്നും അകന്നു മാറിക്കൊണ്ടിരിക്കും, എങ്കിലും അടുത്ത ജന്മത്തിലും ഞാൻ അവൾക്ക്‌ വേണ്ടി തന്നെ ജനിക്കും. കരയും കടലും പോലെ ഒന്നാകാതെ ഞങ്ങൾ ജീവിക്കും. മൂന്നിൽ രണ്ടുഭാഗം അവളും ഒരു ഭാഗം ദുർബലനായ ഞാനും. എന്റെ ഇരട്ടിയെ എന്നിലേക്ക്‌ ചേർക്കാൻ എനിക്ക്‌ കഴിയില്ലല്ലോ ഒരിക്കലും. നിറയെ വഴുക്കലാണ്‌ എങ്കിലും അർദ്ധ നഗ്നനായ ഞാൻ ആ പായൽ പിടിച്ച പാറയിലൂടെ മുകളിലേക്ക്‌ വലിഞ്ഞു കയറുന്നു. ഈ ജന്മത്തിലും കൈ വിട്ടുപോയ്‌, മുറുകെ പിടിച്ചതാണ്‌ എന്നിട്ടും..... എന്റെ നെഞ്ചിലെ തൊലി പാറയിലെ പായലുകൾക്കു വളമായ്‌ ഞാൻ ഈ ജന്മത്തിലും അഗാധങ്ങളായ ഗർത്തത്തിൽ തന്നെ പതിച്ചു.

മരണവും ജീവിതവും ഏറ്റുമുട്ടിയപ്പോൾ ജീവിതം ജയിച്ചു, കാരണം ജീവിതത്തിനൊപ്പം എന്റെ അമ്മയുടെ പ്രാർത്ഥനയും ഉണ്ടായിരുന്നു. വീണ്ടും തിരിച്ചു വരവിന്റെ നാളുകൾ. ആ രണ്ടാം ഭാഗത്തും കടൽ എന്നെ പിന്തുടർന്നു. ഞങ്ങൾ സുഹൃത്തുക്കൾ ആയപ്പോഴും അവളുടെ സൗഹൃദം കാപട്യം നിറഞ്ഞത്‌ തന്നെ ആയിരുന്നു. യുഗങ്ങളോളം സംസാരിച്ചിട്ടും എന്നിട്ടും എന്നെ മനസ്സിലാക്കിക്കൊടുക്കാൻ എനിക്ക്‌ കഴിയാതിരുന്നത്‌ തീർച്ചയായും എന്റെ കഴിവുകേട്‌. അവളുടെ ആദ്യരാത്രി അവൾ മണിയറയിലേക്ക്‌ പോയപ്പോൾ ഞാൻ ഒരു വേശ്യയുമായി എന്റെ കഴിഞ്ഞുപോയ ഒരുപാടു രാത്രികൾ പോലെ തന്നെ ആ രാത്രിയും കഴിച്ചുകൂട്ടി. ഞാൻ.... ഒരുപാടു സ്‌ത്രീകൾ എന്റെ ശരീരം മനസ്സിലാക്കിയെങ്കിലും മനസ്സ്‌ മനസ്സിലാക്കിയത്‌ ഇവൾ മാത്രമെന്ന്‌ അന്ന്‌ വെറുതെ എനിക്ക്‌ തോന്നി. അവളുടെ വിയർപ്പിനു ഞാവൽ പഴത്തിന്റെ വാസനയായിരുന്നു. നാവുകൾക്ക്‌ നീല പ്ലാസ്‌റ്റിക്‌ കുപ്പിയിൽ കടയിൽ നിന്നും കിട്ടുന്ന ഈസ്‌റ്റിന്റെ പുളിപ്പും, കറുത്ത മുലക്കണ്ണിലെ കൃഷ്‌ണ മണികൾ എന്നെ തന്നെ തുറിച്ചു നോക്കി. പോകാൻ നേരം ഞാവൽ പഴത്തിന്റെ ഗന്ധത്തോടുകൂടി അവൾ പറഞ്ഞു എനിക്ക്‌ പണം വേണ്ട.

കാരണമായി അവൾ തന്നെ പറഞ്ഞു, നിന്റെ ബീജത്തെ ഞാൻ വളർത്തി വലുതാക്കിയേനെ പക്ഷെ എന്റെ ഗർഭപാത്രത്തിനു വായ മാത്രമേ ഇപ്പോൾ ഉള്ളൂ, ആമാശയത്തിലേക്ക്‌ ഭക്ഷണം എത്താതിരിക്കാൻ ഒരു ഗവൺമെന്റ്‌ ഡോക്‌ടർ അന്നനാളത്തെ വർഷങ്ങൾക്കു മുൻപേ ബന്ധിച്ചല്ലോ, നിറകണ്ണുകളോടെ അവൾ പറഞ്ഞു എന്നെ സ്‌നേഹിച്ചത്‌ നീ മാത്രമാണ്‌......

കാപ്പി തണുത്തു എന്ന ഭാര്യയുടെ ശബ്‌ദം ചിന്തകളിൽ നിന്നും ഉണർത്തിയപ്പോൾ ചെറുതായി ഉണ്ടായ ഞെട്ടൽ കണ്ടിട്ടാവണം അവൾ രൂക്ഷമായി എന്നെ നോക്കി. ഒറ്റ വലിക്കു കാപ്പി കുടിച്ചിറക്കി വീണ്ടും ഓർമയിലേക്ക്‌ വീഴാൻ ശ്രമിച്ചെങ്കിലും ഒന്നും ഓർമയിൽ തെളിഞ്ഞില്ല. ആകെ മനസ്സിൽ തെളിയുന്നത്‌ അമോണിയയുടെ ഗന്ധവും എന്റെ അച്ഛന്റെ ചോരയുടെ ഗന്ധവും മാത്രമാണ്‌. ഈ രണ്ടു ഓർമകളും ആൽമരം പിഴിതെറിഞ്ഞപ്പോൾ ബാക്കിയായ രണ്ടു വേരുകൾ പോലെ ഹൃദയത്തെ വരിഞ്ഞു മുറുക്കിയിരിക്കുന്നു. സ്‌നേഹപൂർവ്വം ഞാൻ നിർത്തട്ടെ, ആദിയും അന്തവും ഇല്ലാത്തത്‌ ഇത്‌ ജീവിതം ആയതിനാൽ ആണ്‌ എന്ന്‌ ഒരിക്കൽ കൂടി ഓർമിപ്പിക്കട്ടെ.

സലീൽ പി.എൽ

Pezhumkaatil(h,

Thodupuzha east.po,

Thodupuzha.


Phone: 9847215297,9447380786
E-Mail: saleelpezhumkattil@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.