പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

വീണ്ടും ഒരു കൃഷ്‌ണ ഗാഥ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീലത

ക്വാറി

നട്ടുച്ചവെയിലേൽക്കാതിരിയ്‌ക്കാൻ കുത്തിമറച്ച ഒരു കീറ്‌ ഓലയ്‌ക്കു പിന്നിൽ ഇരുന്ന്‌ മെറ്റൽ ഉടയ്‌ക്കുകയായിരുന്നു രാധമ്മ. ഇത്തിരി നീങ്ങി മാവിന്റെ കൊമ്പത്ത്‌ തൂങ്ങുന്ന കീറത്തുണിത്തൊട്ടിലിൽ അവളുടെ നാലാമത്തെ പെൺകുഞ്ഞ്‌ ഉറങ്ങി. അതിന്റെ മുഖം പാതി വെയിലത്തും പാതി തണലത്തും ആയിരുന്നു. വയറ്‌ കത്തി എരിയുന്നു. ഇന്നലെ വൈകുന്നേരം കഴിച്ച രണ്ട്‌ കഷ്‌ണം കപ്പ എപ്പോഴേ ദഹിച്ചിരുന്നു. അതു തന്നെ മൂത്തകുട്ടികൾ (മൂന്നെണ്ണം, മൂന്നും പെണ്ണ്‌) എവിടന്നൊക്കെയോ തെണ്ടികൊണ്ടുവന്നതാണ്‌. നേരം വെളുത്താൽ അവറ്റയെ കാണാൻ കിട്ടില്ല. എവിടെയെങ്കിലും നിരങ്ങിയോ ഇരന്നൊ പശിയടക്കാൻ വഴികണ്ടെത്തിക്കോളും. ചില ദിവസം തള്ളയ്‌ക്കും കൊണ്ടുവരും ഒരു പങ്ക്‌. മുരുകേശൻ ഉണ്ടായിരുന്നെങ്കിൽ...

രണ്ട്‌ നേരം പശിയടക്കാനുള്ള വഴി അവൻ കണ്ടെത്തിയിരുന്നു. പണി കിട്ടുമോ എന്ന്‌ നോക്കട്ടെ എന്നു പറഞ്ഞ്‌ അവൻ പോയിട്ട്‌ നാളുകൾ ഏറെയായി. നാളും പക്കവും അവൾക്കുണ്ടോ തിട്ടം?

മഴക്കാലം രണ്ട്‌ കഴിഞ്ഞു എന്നു മാത്രം അവൾ മനസ്സിൽ കുറിച്ചിട്ടു. ചോളവും കപ്പലണ്ടിയും വിളഞ്ഞ്‌ നിന്നിരുന്ന പാടത്തിനരികെ പനയോല മേഞ്ഞ വീട്ടിൽ നിന്നും പതിനാറാമത്തെ വയസ്സിൽ കണ്ണന്റെ കയ്യും പിടിച്ച്‌ ഓടിപ്പോന്നതാണ്‌. കണ്ണൻ ആ പേരു പോലും സ്വന്തമായി ഇല്ലാത്തവനാണ്‌ എന്ന്‌ കുറേ കഴിഞ്ഞിട്ടേ മനസ്സിലായുള്ളൂ അപ്പോഴേയ്‌ക്കും ഏറെ വൈകിയിരുന്നു...

പിന്നെ അവളുടെ ജീവിതത്തിൽ മുരുകനടക്കം മൂന്ന്‌ കണ്ണന്മാർ കൂടി കയറി ഇറങ്ങി. കത്തിക്കാളുന്ന വെയിൽ... ചൂളം വിളിയ്‌ക്കുന്ന വയർ.

വെയിലത്തേയ്‌ക്ക്‌ നോക്കുമ്പോൾ തല ചുറ്റുന്നു. ഒരിത്തിരി ചൂടുള്ള കഞ്ഞി വെള്ളം കിട്ടിയിരുന്നെങ്കിൽ... അല്ലെങ്കിൽ ഒരിറ്റ്‌ ചൂടു വെള്ളമെങ്കിലും കിട്ടിയിരുന്നെങ്കിൽ... ചിതറിത്തെറിയ്‌ക്കുന്ന കരിങ്കൽ ചീളുകൾക്ക്‌ എന്ത്‌ മൂർച്ച സർവ്വ ശക്‌തിയുമെടുത്ത്‌ അവൾ കല്ലുടച്ചു കൊണ്ടിരുന്നു. അന്തിയാവുന്നതു വരെ കല്ലുടച്ചാൽ യൂണിയനിലെ ചേട്ടൻ അയ്‌മ്പത്‌ രൂപ തരും. അതുകൊണ്ട്‌ അന്നത്തെ പശിയടക്കാം. ഉറക്കമുണർന്ന കുഞ്ഞ്‌ വിശന്ന്‌ കരയാൻ തുടങ്ങി. രാധമമ കല്ലുടയ്‌ക്കൽ നിർത്തി. എഴുന്നേറ്റപ്പോൾ തല ചുറ്റി. അവൾ ഒരു വിധത്തിൽ മാവിൽ ചാരി വീഴാതെ നിന്നു. ആശ്വാസം തോന്നി. അവൾ കുഞ്ഞിനെ മടിയിൽ വച്ചു. മുല വായിൽവച്ചു കൊടുത്തു. അഞ്ചാറ്‌ വട്ടം വായിലിട്ട്‌ വലിച്ചു കഴിഞ്ഞപ്പോൾ കുഞ്ഞിന്‌ കാര്യം പിടി കിട്ടിയിട്ടുണ്ടാകും അത്‌ മുഖം തിരിച്ച്‌ പൂർവ്വാധികം ഉച്ചത്തിൽ കരയാൻ തുടങ്ങി.

രാധമ്മ സങ്കടത്തോടെ കുഞ്ഞിനെ നോക്കി. എന്ത്‌ ചെയ്യേണ്ടൂ എന്നറിയാതെ അതിന്റെ തുടയിൽ താളം പിടിച്ചു.

“അഴാതെ കണ്ണേ... അഴാതെ.... തൂങ്കിറതാ..... തൂങ്ക്‌.....” കുഞ്ഞ്‌ തൊണ്ട കീറി കരഞ്ഞുകൊണ്ടിരുന്നു. രാധമ്മ കുഞ്ഞിനെ തോളത്തിട്ട്‌ പാതവക്കത്തേയ്‌ക്കിറങ്ങി. ക്വാറിയുടെ അറ്റത്ത്‌ വെട്ടുവഴി തുടങ്ങുന്നിടത്ത്‌ ഒരു ചായക്കടയുണ്ട്‌. ബീഡി, സിഗററ്റ്‌, മുറുക്കാൻ, ചായ, കടി, ഇത്യാദി..... രാധമ്മ കുഞ്ഞിനേയും എടുത്ത്‌ അതിന്റെ മുന്നിൽ ചെന്നു നിന്നു. വിശപ്പിന്റെ ആൾ രൂപമായി. കടക്കാരൻ അവളെ കണ്ടതും ഉച്ചത്തിൽ ആട്ടി.

“പോടീ.... പോ.... എന്നും നെനക്ക്‌ വെർതെ തരാൻ നെന്റെ തന്ത തന്ന ശ്രീധനല്ല ഇത്‌.” അവൾ പോകാൻ കൂട്ടാക്കിയില്ല. പകരം കുഞ്ഞിനെ നിലത്ത്‌ കിടത്തി. കുഞ്ഞ്‌ പൂർവ്വാധികം ഉച്ചത്തിൽ നിലവിളി നുടർന്നു. എല്ലും തൊലിയും മാത്രമാണ്‌ അതിന്റെ ശരീരത്തിൽ ഉള്ളു. ഈ ശബ്‌ദം അതിന്റെ ശരീരത്തിൽ നിന്നാണോ വരുന്നത്‌ എന്ന്‌ സംശയം തോന്നും.

“അയ്യാ കൊഞ്ചം കഞ്ചിത്തണ്ണി കൊട്‌ങ്കെ... നാൻ എന്ന വേല വേണമാ ചെയ്യലാം” ദയനീയമായി അവൾ യാചിച്ചു. അടുക്കളയിൽ നിന്നും ഉയരുന്ന അരി തിളയ്‌ക്കുന്ന സുഗന്ധം അവളുടെ നാവിൽ വെള്ളമൂറിച്ചു.

പ്രത്യാശ അവളെ നൂറു കുതിരകളെ കെട്ടിയ രഥത്തിൽ കയറ്റി. ഉദാരമനസ്‌കനായ കടക്കാരൻ തന്റെ യാചനയിൽ മനസ്സലിഞ്ഞ്‌ കഞ്ചിത്തണ്ണിയ്‌ക്ക്‌ പകരം കഞ്ചി തന്നെ തരും എന്നവൾ ആശിച്ചു. ഈ കുഞ്ഞിന്റെ തൊണ്ട കീറിയുള്ള കരച്ചിൽ കേട്ടാൽ അലിയാത്ത ഒരു മനസ്സും ഉണ്ടാവില്ല. കടക്കാരന്റെ ഭാഗത്തു നിന്നും ഒരു പ്രതികരണവും ഉണ്ടാകാതെ കണ്ടപ്പോൾ അവൾ വീണ്ടും തന്റെ യാചന ആവർത്തിച്ചു.

“അയ്യാ കൊഞ്ചം കഞ്ചിത്തണ്ണി..

ആ യാചന കേൾക്കെ യൂണിയനിലെ ഗോപാലനും അരവിന്ദനും ഹസ്സനാരും പൊട്ടിച്ചിരിച്ചു. ”പെണ്ണ്‌ പറയുന്നത്‌ കേട്ടില്ലേ.... എന്ത്‌ വേല വേണമെങ്കിലും ചെയ്യാംന്ന്‌ രാമന്നായരേ രണ്ട്‌ കട്ട പിയേർസ്‌ സോപ്പ്‌ വാങ്ങി കൊടുക്ക്‌. ചരക്ക്‌ കുളിയ്‌ക്കട്ടെ ആദ്യം എന്നിട്ട്‌ പണി എടുത്താൽ മതി എന്ന്‌ പറ നായരേ..“ ” പിയേർസ്‌ തേച്ചാലും വേണ്ടെന്റെ ചങ്ങാതി.“

കടക്കാരൻ മര്യാദരാമനായി ”നായരേ എന്തിനാ വേണ്ടാന്ന്‌ വയ്‌ക്കണത്‌. അല്ല നിങ്ങക്ക്‌ വേണ്ടാന്നുണ്ടെങ്കില്‌ ഞങ്ങള്‌ ഒരു കൈയ്‌ നോക്കാം.“ അരവിന്ദൻ അലറിച്ചിരിച്ചു. അപ്പുറത്തെ ബെഞ്ചിലിരുന്ന്‌ പത്രം വായിച്ചിരുന്ന ഹസ്സനാരും ഗോപാലനും ആ ചിരിയിൽ പങ്കു ചേർന്നു ആ ചിരിയ്‌ക്ക്‌ താൻ ഹേതുവായത്‌ രാധമ്മ അറിഞ്ഞില്ല. അവൾ പ്രതീക്ഷയോടെ ആ ചായക്കടയുടെ അകത്തേയ്‌ക്ക്‌ തന്നെ നോക്കി നിന്നു. കടക്കാരൻ കയ്യിൽ വലിയൊരു പാത്രവുമായി പുറത്തേയ്‌ക്ക്‌ വന്നു. അതിൽ നിന്നു ആവി പൊന്തുന്നുണ്ടായിരുന്നു. കൂടെ അരി വെന്ത സുഗന്ധം അവൾ പ്രതീക്ഷയോടെ അയാളെ നോക്കി. വിശപ്പ്‌ പൂർവ്വാധികം ശക്തി പ്രാപിച്ചു.

”പെണ്ണേ ക്‌ടാവിനിം കൊണ്ട്‌ വേഗം സ്‌ഥലം കാലിയാക്കിക്കോ അല്ലേ തെളച്ച വെളളാ തലേല്‌ ഒഴിയ്‌ക്കാൻ പോണത്‌.“ രാധമ്മ പേടിച്ചു വിറച്ചു. കുഞ്ഞിനെ ഒറ്റ റാഞ്ചലിന്‌ മാറത്തടുക്കി. കീറസ്സാരി കൊണ്ട്‌ പൊതിഞ്ഞ്‌ അവൾ തന്റെ താവളത്തിലേയ്‌ക്ക്‌ വേഗം വേഗം നടന്നു. അവളുടെ മുന്നിലേയ്‌ക്ക്‌ ആവി പൊന്തുന്ന കഞ്ഞിവെള്ളം വന്നു വീണു. പിന്നിൽ നിന്നും അട്ടഹാസച്ചിരി ഉയർന്നു. ”നിങ്ങൾ വല്ലാത്തൊര്‌ മനുഷ്യൻ തന്നെ നായരേ. വെർതെ കളഞ്ഞ വെള്ളം ആ തമിഴത്തിയ്‌ക്ക്‌ കൊടുത്തിര്‌ന്നെങ്കിൽ ആ പുണ്യേങ്കിലും കിട്ട്യോർന്നുല്ലോ“. മുറ്റമടിച്ചു കൊണ്ടിരുന്ന ഒരു ഉമ്മച്ചി പറഞ്ഞു. ”അതീക്കൊറഞ്ഞ പുണ്യം മതി. ഇതേ തമിഴന്മാരാ ജാതി. കണ്ണു തെറ്റ്യാൽ അങ്ങന്നെ കക്കും. അട്‌പ്പിയ്‌ക്കാൻ പറ്റാത്ത വർഗാ. ങ്ങള്‌ പേപ്പറിലൊന്നും വായിയ്‌ക്കാറില്ലേ.“ കുഞ്ഞിന്റെ കരച്ചിൽ ദുർബലമായി. കരഞ്ഞു തളർന്ന്‌ അത്‌ വീണ്ടും ഉറക്കത്തിലേയ്‌ക്ക്‌ വീണു. അവൾ അതിനെ വീണ്ടും തുണിത്തൊട്ടിലിലേയ്‌ക്ക്‌ കിടത്തി. പെട്ടെന്നാണ്‌ ആ ശബ്‌ദം കാറ്റിലൂടെ ഒഴുകി വന്നത്‌. മധുരമായ ഓടക്കുഴൽ വിളി. അതവളുടെ കണ്ണനാണ്‌. അതു കേൾക്കെ രാധമ്മ തന്റെ വിശപ്പു ദാഹവും മറന്നു. വിശന്നു കരഞ്ഞുറങ്ങിയ തന്റെ പിഞ്ചുകുഞ്ഞിനെ മറന്നു. ഇര തേടിപ്പോയ തന്റെ മൂത്ത കുട്ടികളെ മറന്നു. തന്റെ അസ്‌തിത്വത്തെ പൊതിഞ്ഞു നിന്ന വ്യഥകളും വ്യാധികളും മറന്നു. അവൾക്കു തന്നെ അപരിചിതമായ ഒരു ലോകത്തേയ്‌ക്ക്‌, വേദനകളും യാതനകളും ഇല്ലാത്ത ഒരു ലോകത്തേയ്‌ക്ക്‌ അവളുടെ അസ്‌തിത്വം കൂട്‌ വിട്ട്‌ കൂടു മാറി. ഒരു കിനാവിലെന്നോണം അവൾ ഓടക്കുഴൽ വിളി കേട്ടിടത്തേയ്‌ക്ക്‌ നടന്നു. കശുമാവിൻ തോപ്പിൽ ഒഴിഞ്ഞ ഒരിടത്തിരുന്ന്‌ കണ്ണയ്യൻ ഓടക്കുഴൽ ഊതുകയായിരുന്നു. കറുത്തിരുണ്ട ശരീരത്തിൽ, അതിനേക്കാൾ കറുത്ത ചുണ്ടുകളും തൊണ്ടയും... അവിടെ നിന്നാണോ മായികമായ ആ ശബ്‌ദം ഉയരുന്നത്‌. വിരക്തിയുടെ പരമ കാഷ്‌ഠയിൽ എത്തിച്ചേർന്ന യോഗിവര്യനേയും വിഷയ സുഖങ്ങളിലേയ്‌ക്ക്‌ വലിച്ചിഴയ്‌ക്കാൻ മാത്രം വശ്യത ആ സംഗീതത്തിന്‌ ഉണ്ടായിരുന്നു.

ചുറ്റും മീനവെയിൽ കത്തിയെരിയുന്നുണ്ട്‌. ആവി നിറഞ്ഞ കാറ്റ്‌ മനുഷ്യദേഹങ്ങളെ തപിപ്പിച്ചു കൊണ്ട്‌ വീശുന്നുമുണ്ട്‌. അതൊന്നും അറിയാതെ കണ്ണയ്യൻ ഓടക്കുഴൽ ഊതുക തന്നെയാണ്‌ അവന്റെ കയ്യിലും മുഖത്തും കശുമാങ്ങാനീര്‌ ഉണങ്ങിപ്പിടിച്ചിരുന്നു. അവന്റെ ലുങ്കിയിലും മഞ്ഞബനിയനിലും കശുമാങ്ങാക്കറ ഇല്ലാത്ത ഒരിഞ്ച്‌ സ്‌ഥലം പോലും ഇല്ലായിരുന്നു. ആ മാവിൻ തോപ്പിൽ കശുമാങ്ങ ചേർത്ത്‌ ചാരായം വാറ്റിയിരുന്നു. അവിടത്തെ പണിക്കാരനായിരുന്നു. കണ്ണയ്യൻ. അവൻ രാധമ്മയെ പ്രേമപൂർവം കടാക്ഷിച്ചു.

അവളുടെ മുഖത്തെ ക്ഷീണവും പാരവശ്യവും കാൺകെ അവന്റെ ഉള്ളം വിങ്ങി.

”കണ്ണേ നീ ഏതനാൽ കളൈപ്പാ ഇരിയ്‌ക്ക്‌റതേ. ഉടമ്പ്‌ സരി താനാ...?“

”ഒണ്ണുമില്ലൈ“.

അവൾ നിഷേധിച്ചു.

”നീ കാലയിലേ എന്ന സാപ്പിട്ടായ്‌“? അവൾ രാവിലെ എന്താണ്‌ തിന്നത്‌ എന്ന്‌. അവൾക്ക്‌ കരച്ചിൽ വന്നു. സന്തോഷം കൊണ്ട്‌. ആദ്യമായിട്ടാണ്‌ ഒരാൾ അവളോട്‌ അങ്ങിനെ ഒരു ചോദ്യം ചോദിയ്‌ക്കുന്നത്‌. ഇത്രയും കാലമായി മുരുകൻ അങ്ങിനെ ഒരു ചോദ്യം ചോദിച്ചിട്ടില്ല. മുരുകനു മുമ്പ്‌ കുറുപ്പയ്യൻ. അവനു മുമ്പ്‌ പഴനിമല. അവനു മുമ്പ്‌....

നീ എന്തു കഴിച്ചു....?

അങ്ങിനെ ഒരു ചോദ്യം പെണ്ണിനോട്‌ ചോദിയ്‌ക്കേണ്ട ഒരു കടമ തനിയ്‌ക്കുണ്ടെന്ന്‌ അവർക്കാർക്കും തോന്നിയിട്ടില്ല. പെണ്ണ്‌ എന്നു വച്ചാൽ വായും വയറും ഇല്ലാത്ത. ആണിന്‌ വച്ച്‌ വിളമ്പാനും അവന്റെ വിഴുപ്പുകൾ അലക്കാനും അവന്റെ കുട്ടികളെ പെറ്റു വളർത്താനും മാത്രമായി ദൈവം സൃഷ്‌ടിയ്‌ക്കുന്ന യന്ത്രങ്ങളാണ്‌ എന്നാണ്‌ എല്ലാവരേയും പോലെ അവരുടേയും ധാരണ...

രാധമ്മയുടെ മുഖത്തെ വിശപ്പൂം ദാഹവും കണ്ണയ്യന്‌ ഒറ്റനോട്ടത്തിൽ മനസ്സിലായി. പെൺ മനസ്സിന്റെ (വപുസ്സിന്റെയും) ക്ഷീണവും വൈവശ്യവും അറിയുന്നവനാണല്ലോ കണ്ണൻ. പാണ്ഡവകുലത്തിന്റെ മാത്രമല്ല അതിഥികളായി വരുന്ന സകലരുടേയും വിശപ്പും ദാഹവും മാറ്റാൻ ദ്രൗപതിയ്‌ക്ക്‌ അക്‌ഷയപാത്രം ദാനം ചെയ്‌തവൻ. കണ്ണയ്യൻ തന്റെ ഓടക്കുഴൽ അന്തരീക്ഷത്തിൽ ഒന്നു വീശി. നൊടിനേരം കൊണ്ട്‌ രാധമ്മയുടെ മുന്നിൽ താലങ്ങളിൽ വിശിഷ്‌ട ഭോജ്യങ്ങൾ നിരന്നു. അവൾ ആർത്തിയോടെ രണ്ടുമൂന്നുരുള ചോർ അകത്താക്കി കുഴന്തൈകളുടെ ചിന്ത വന്നതും ചവച്ചു കൊണ്ടിരുന്ന ചോർ വായ്‌ക്കകത്ത്‌ ചാലിച്ച കോൺക്രീറ്റ്‌ പോലെ ‘സെറ്റായി’.

”കടുവളേ നാൻ ഏൻ കൊളന്തകളെ മറന്താ പോയാച്ച്‌...തപ്പ്‌...തപ്പ്‌.“ അവൾ എച്ചിൽക്കൈ കൊണ്ട്‌ തലയ്‌ക്കിട്ടടിച്ചു. ”നീങ്ക കവലപ്പെടാതെ കണ്ണേ ഉന്നുടെ കുഴന്തൈകളെ പശി അടുങ്ങൂവതർക്ക്‌ എന്നുടെ കയ്യിൽ വിത്ത ഇരിക്കറ്‌ത്‌“ അവൻ വീണ്ടും ഓടക്കുഴൽ വീണ്ടും അന്തരീക്ഷത്തിൽ വീശി. അവൻ കണ്ണനാണല്ലോ. കണ്ണൻ എന്നാൽ കള്ളകൃഷ്‌ണൻ എന്നർത്ഥം. തന്റെ കള്ളത്തരങ്ങൾ അവൻ വിദഗ്‌ദമായി പ്രയോഗിച്ചു. മുലക്കുഞ്ഞടക്കമുള്ള തന്റെ കുഞ്ഞുങ്ങളുടെ നാലിന്റേയും വയർ നിഞ്ഞ്‌ ഏമ്പക്കം വരുന്ന ശബ്‌ദം അവളുടെ കർണ്ണങ്ങളിൽ അമൃത മഴയായി......

അവളുടെ മനസ്സ്‌ കാറൊഴിഞ്ഞ മാനം പോലെ സ്വച്ഛമായി. നാളുകൾക്കു ശേഷം വിശപ്പു മാറി നിറഞ്ഞ വയർ. സന്തോഷവും സംതൃപ്‌തിയും കണ്ണുകളെ പ്രകാശിപ്പിച്ചു. തിളങ്ങുന്ന കണ്ണുകളിൽ പ്രത്യുപകാര വിചാരം പ്രേമത്തിന്‌ തിരയിളക്കി.. കശുമാവിൻ തോപ്പ്‌ വൃന്ദാവനമായി കൈത്തോട്‌ യമുനയായി. തോട്ടുവക്കത്തെ പുന്നമരം നീലക്കടമ്പായി. അവിടെ മേഞ്ഞ്‌ നടന്നിരുന്ന കന്നുകൾ അമ്പാടിയിലെ ഗോക്കളായി. നട്ടുച്ച വെയിൽ കുളിർ ചന്ദ്രികയായി ചിക്കിചികഞ്ഞ നടന്നിരുന്ന കോഴികൾ ദൃക്‌സാക്ഷികളായി. രാസലീല തുടങ്ങി. സ്‌ഥലകാല ബോധം തിരികെ വന്നപ്പോൾ താൻ കശുമാവിൽ തോപ്പിൽ മണ്ണിൽ കിടക്കുകയാണെന്ന്‌ രാധമ്മ കണ്ടു അവളുടെ ഒരേയൊരു ചേല സ്‌ഥാനം തെറ്റി കണങ്കാലിനെ മൂടി കിടക്കുന്നുണ്ടായിരുന്നു. നീളത്തിൽ കിറിയ ആ ചേല തുന്നിക്കൂട്ടാൻ തന്റെ പക്കൽ നൂലും തൂശിയും ഇല്ലല്ലോ എന്നവൾ പരിതപിച്ചു. കണ്ണയ്യനെ അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല.

പൊളിഞ്ഞ ഒരോടക്കുഴൽ കഴിഞ്ഞ നിമിഷങ്ങളുടെ ഓർമ്മക്കുറിപ്പായി മണലിൽ പുതഞ്ഞ്‌ കിടന്നിരുന്നു ഒരിലക്കീറിൽ ഉണ്ടായിരുന്ന പുട്ടിന്റെ തരികൾക്കും മീൻ മുള്ളിനും വേണ്ടി രണ്ട്‌ പൂച്ചകൾ കടിപിടി കൂടിയിരുന്നു. എന്താണ്‌ സംഭവിച്ചത്‌ എന്ന്‌ ഇപ്പോൾ അവൾക്ക്‌ മനസ്സിലായി. മറ്റുള്ളവരെപ്പോലെ കണ്ണയ്യനും തന്നെ ഭയങ്കരമായി പറ്റിയ്‌ക്കുകയായിരുന്നു. ഈ ലോകത്തിൽ വച്ച്‌ കണ്ണനെ കണ്ടു മുട്ടാം എന്ന പ്രതീക്ഷ അസ്‌ഥാനത്താണ്‌ എന്ന്‌ അവൾ തിരിച്ചറിഞ്ഞു. കണ്ണന്‌ ബദൽ കണ്ണൻ മാത്രം. ഈ ലോകത്തിലെ ആർക്കും കണ്ണന്‌ ബദൽ ആവാൻ കഴിയില്ല. ദൂരെ നിന്നും അതിദുർബലമായ ഒരു കരച്ചിൽ അവളുടെ ചെവിയിൽ പതിച്ചു. മറ്റൊന്നും ചെയ്യാൻ ഇല്ലാതിരുന്നതുകൊണ്ട്‌ ഉച്ചത്തിൽ അലമുറയിട്ട്‌ ആ കരച്ചിലിന്റെ ഉറവിടത്തിലേയ്‌ക്ക്‌ അവൾ ഓടി.

ശ്രീലത

ആകാശ്‌,

കോലഴി.പി.ഒ,

തൃശ്ശൂർ 10.


Phone: 9446454802
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.