പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

മോർച്ചറി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പാർവ്വതി.എസ്‌.പിളള

കഥ

മരവിച്ച നിശ്ശബ്‌ദതയിൽ വാകമരച്ചില്ലയിലിരിക്കുന്ന കുയിൽ ആരെയാണ്‌ ഭയക്കുന്നത്‌, ഇരുവശവും ഇടതൂർന്ന്‌ വളർന്ന്‌ എന്നും മരണത്തിന്റെ പോക്കുവരവുകൾ വീക്ഷിക്കുന്ന വാകപ്പൂവിന്‌ ഇന്നെന്തേ ഇത്ര ചാഞ്ചാട്ടം. മുന്നിലെ താഴ്‌ന്ന കൊമ്പിൽ അപ്പൂപ്പൻതാടിയുടെ മൃദുലതയോടെ ഒരു പൂവ്‌ കൈനീട്ടിയെങ്കിലും എത്തിയില്ല. ജാള്യതയോടെ ചുറ്റും നോക്കി, ഇല്ല ആരുമില്ല. വലതുവശത്തെ ദ്രവിച്ചു തുടങ്ങിയ മോർച്ചറിയുടെ സൂക്ഷിപ്പുകാരൻ പോലും ഇന്നപ്രത്യക്ഷനായിരിക്കുന്നു. എന്നും മരണത്തിന്റെ നിലവിളികളോടെ ചുവന്ന ലൈറ്റുളള ശവവാഹനങ്ങളും പരിസരം നിറഞ്ഞ ആൾക്കാരുമാണ്‌. ഇന്നത്തേയ്‌ക്കായി മരണം ആരുടെയൊക്കെയോ കൈയ്യിൽ നിന്ന്‌ ലീവ്‌ ആപ്ലിക്കേഷൻ വാങ്ങിയോ, വല്ലാതെ ക്രൂരമാണീ ചിന്തയെന്നെനിക്കറിയാം. മരണം ഒരു വിടവാങ്ങലാണ്‌ ഒന്നിൽനിന്നും മറ്റൊന്നിലേക്ക്‌. സ്ഥൂലത്തിൽ നിന്നും സൂക്ഷ്‌മത്തിലേക്കുളള ഒരു നേർരേഖാപ്രവാഹം. എത്രയെത്ര ആത്മാക്കൾ വിധി ദിവസം കാത്ത്‌ ഇവിടെ.... മഹാനായ ലൂസിഫറിനെ ഞാനോർക്കുന്നു. ആത്മബലിക്കു പകരമായി ഇരുപത്തിനാലു വർഷത്തെ ധാർഷ്‌ട്യത കടം വാങ്ങിയ ഡോ.ഫോസ്‌റ്റസും എന്റെ മുന്നിലുണ്ട്‌. ഇവിടെ ഈ ഇടുങ്ങി നിശബ്‌ദമായ മോർച്ചറി പരിസരത്ത്‌ ലൂസിഫറിന്റെ കണ്ണുകൾ തിരഞ്ഞെത്തുകയില്ലേ? ആസ്വദിക്കാൻ വർഷങ്ങൾ സമ്മാനിച്ച്‌ ഒടുവിൽ രാത്രിയുടെ ഏകാന്തതയിൽ ആത്മാവിനെ കയറിൽ കെട്ടിക്കൊണ്ടുപോകാൻ ലൂസിഫറിന്‌ എത്തിയേ മതിയാകൂ.

-എന്റെ ചിന്തകൾ വല്ലാതെ അതിരു കടക്കുന്നു. ഓർമ്മകൾ കാലത്തെ ഛേദിച്ചു പോയതുകൊണ്ടാകണം മുന്നിൽവന്ന്‌ എന്തോ ചോദിച്ച സ്‌ത്രീയെ കാണാതെ പോയത്‌. ഇവരെവിടെ നിന്നുവന്നു, ആരുമില്ലാതെയിരുന്ന ഈ പാതയോരത്ത്‌.

ഭയം എന്ന വികാരത്തെ ഒട്ടും ഭയമില്ലാത്ത എന്റെ കാലിന്റെ വിരവിലൂടെ തികച്ചും തണുത്ത ഒരു തരിപ്പ്‌ നെഞ്ചിനുളളിൽവരെ വന്ന്‌ കലമ്പൽ കൂട്ടുന്നതറിയാൻ കഴിഞ്ഞു.

-‘എന്താ’, എന്നിൽനിന്ന്‌ ഞാനറിയാതെ പുറത്തുവന്ന ശബ്‌ദം.

-‘മോളേ, ഈ മോർച്ചറി എവിടെയാ’ - ആ വാക്യത്തിന്റെ അവസാനം അവരുടെ മെലിഞ്ഞു ശുഷ്‌കിച്ച ശബ്‌ദം കൂടുതൽ പതറിയതും കണ്ണുനിറഞ്ഞതും ഞാൻ തിരിച്ചറിഞ്ഞു.

-‘ദാ അവിടെ’ ഞാൻ കൈചൂണ്ടി

വേദന നിറഞ്ഞ ഒരു ചിരി, അതോ കോടിയ ചുണ്ടുകളോ അവർ എനിക്കു പകരം നൽകി.

നന്ദി പറയാതെ പോയ ആ വാക്കുകൾ കണ്ണുനീരായ്‌ പെയ്ത്‌ എവിടെയോ നനയിക്കുന്നു.

കുറച്ചു നടന്ന്‌ ഞാൻ തിരികെ നോക്കി, ആരും വരാൻ സാധ്യതയില്ലാത്ത മോർച്ചറി കെട്ടിടത്തിന്റെ തൂണിനരികിൽ ചേർന്നു നിൽക്കുന്ന മെല്ലിച്ച രൂപം.

ഹൃദയത്തിനു പ്രിയപ്പെട്ട ആരുടെയോ ആത്മാവ്‌ നഷ്‌ടപ്പെട്ട ശരീരം ഏറ്റുവാങ്ങാൻ ഞരമ്പുന്തിയ ആ കൈകൾക്ക്‌ കഴിവുണ്ടോ.

പിന്നെ തിരിഞ്ഞുനോക്കാൻ എനിക്കായില്ല. അവരുടെ മുഖം മനസ്സിൽ നിന്ന്‌ എടുത്തു കളയാനുളള ത്വരയോടെ മുന്നിലെ നിശ്ശബ്‌ദതയിലേയ്‌ക്ക്‌ ഞാനെന്റെ പാദങ്ങളൂന്നി നടന്നു. അല്‌പം വേഗത്തിൽ തന്നെ.

പാർവ്വതി.എസ്‌.പിളള

മെപ്പൊയിൽ വിരിപ്പുനിലം, മെഡിക്കൽ കോളേജ്‌ പി.ഒ., കാലിക്കറ്റ്‌ - 8.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.