പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

മാലാഖമാർ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുരളി നായർ

“കണ്ണുകൾക്ക്‌ മീതെ ഒരു കറുത്ത ആവരണം വന്നാൽ എന്താവുമെന്ന്‌ നിനക്ക്‌ ഊഹിക്കാമോ.... ഇതുവരെ കണ്ടുകൊണ്ടിരിക്കുന്ന കാഴ്‌ചകളെല്ലാം പെട്ടെന്ന്‌ മാഞ്ഞുപോയാൽ.....?”

“അതിനല്ലേ അന്ധത എന്നു പറയുന്നത്‌.... നീ കൂടുതൽ സംസാരിക്കരുത്‌..... ഒരു പക്ഷേ ഈ ചിന്തകളാവും നിന്നെ വീണ്ടും ഉള്ളിലേക്ക്‌ വലിക്കുന്നത്‌....”

“സാധാരണ ചിന്തകളിൽ കടന്നു വരാത്ത എന്തോ ഒന്നു ഈയിടെ മനസ്സിനെ വിഷമിപ്പിക്കുന്നുണ്ട്‌..... ഇന്നലെ കണ്ട ഒരു സ്വപ്‌നം.... ഒരു തുലാസ്‌.... അതിന്റെ ഒരു തട്ട്‌ എപ്പോഴും താഴ്‌ന്നിരിക്കുന്നു..... അതിൽ ഒരു ശവപ്പെട്ടി വച്ചിട്ടുണ്ട്‌..... എന്റെ ശവശരീരം മറ്റേ തട്ടിലേക്ക്‌ ആരോ എടുത്തിട്ടു.... എന്നിട്ടും ആ തട്ട്‌ താഴുന്നില്ല.... കുറേ പേർ ചുറ്റും ഇരുന്നു ലേലം വിളിക്കുന്നു..... പക്ഷേ....”

“നിർത്തൂ.....!!! ”

അസഹ്യമായപ്പോൾ എലിസബത്തിന്റെ ശബ്‌ദം ഉയർന്നു.....

“ലോകത്ത്‌ എല്ലാ കൊലപാതകികളും കടന്നു പോകുന്ന ഒരു വഴി തന്നെയാണിത്‌... ഇതാണ്‌ പോയിന്റ്‌.... ഇവിടെ വച്ചാണ്‌.....”

ഒരു നിമിഷം നിർത്തി എലിസബത്ത്‌ ആനിയുടെ കണ്ണുകളിലേക്ക്‌ സൂക്ഷിച്ചു നോക്കി....

“നിനക്ക്‌ പേടി തോന്നുന്നു അല്ലേ അതോ കുറ്റബോധമോ.....”

ആനി നോട്ടം മാറ്റി.....

“....രണ്ട്‌ കാര്യങ്ങൾ ഉണ്ട്‌...... ഒന്ന്‌ മനസ്സിലെ തീ കെട്ടു പോയ്‌ക്കഴിഞ്ഞാൽ പ്രതികാര ചിന്ത മാഞ്ഞു പോവുമോ എന്ന്‌.... പിന്നെ ഒരു വ്യക്തിയുടെ മരണം എന്ന്‌ പറയുന്നത്‌ അയാളുടെ മനസ്സിന്റെ മരണമല്ലേ.... ശരീരം ഭൗതികമായ ഒരു അവസ്‌ഥ മാത്രം.... അവിടെ ഏൽക്കുന്ന പോറലുകൾ മനസ്സ്‌ എങ്ങനെ എടുക്കുന്നുവോ എന്നതിനനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കുന്നു..... ഈവൻ മരണം പോലും.... ഇറ്റ്‌ ഈസ്‌ ജസ്‌റ്റ്‌ നാച്ചുറൽ ട്രൂത്ത്‌ ഓർ സോ കോൾഡ്‌ ഫേയ്‌റ്റ്‌.....”

വീൽ ചെയറിന്റെ റിമ്മിനുള്ളിൽ കുടുങ്ങിയ സ്‌ക്രൂ ഡ്രൈവർ ആയാസപ്പെട്ട്‌ പുറത്തെടുക്കുന്നതിനിടെ എലിസബത്ത്‌ ആനിയെ കഠിനമായി നോക്കി......

“... ഒരു പ്രോസ്‌റ്റിട്ട്യൂട്ട്‌ ചിന്തിക്കുന്നത്‌ പോലെ.... അല്ലേ.... നീ പറയുന്ന ഡിമെൻഷൻസ്‌ എനിക്ക്‌ അവിടെ വായിച്ചെടുക്കാം..... അവരുടെ ശരീരത്തിൽ ഏൽക്കുന്ന പോറലുകൾക്ക്‌ പണത്തിന്റെ തലോടലുകളുണ്ട്‌. നിന്റെയും എന്റെയും ദേഹത്തെ മുറിവുകൾ ഉണങ്ങിയത്‌ പകയുടെ ചൂടിലാണെന്ന്‌ പറഞ്ഞത്‌ നീ തന്നെയല്ലേ.... അയാളുടെ കുടൽമാല തെരുവുപട്ടികൾ കടിച്ചു വലിക്കുന്നത്‌ മനസ്സിൽ കണ്ടുകൊണ്ട്‌ തന്നെയല്ലേ നീയന്ന്‌ ഫുഡ്‌ കഴിച്ചത്‌ പോലും.... വെറും മുപ്പത്തിയേഴ്‌ ദിവസങ്ങൾ കടന്നു പോകുമ്പോഴേക്കും നിന്റെ മനസ്സിലെ കനൽ കെട്ടു പോയി അല്ലേ......

”ഇല്ല.... യു ആർ റോങ്ങ്‌.... ആ കനൽ ഒരിക്കലും കെടില്ല..... അയാളെ കൊന്നില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഞാൻ മാനസിക നില തെറ്റിയവളായി ഏതെങ്കിലും മെന്റൽ ഹോസ്‌​‍്‌പിറ്റലിൽ കിടക്കുന്നുണ്ടാവുമായിരുന്നു.... നിന്നെ അയാൾ വീൽ ചെയറിൽ നിന്നും വലിച്ചുകൊണ്ട്‌ പോവുന്നത്‌ മരിക്കുന്നത്‌ വരെ എന്റെ മനസ്സിലുണ്ടാവും..... ബട്ട്‌ അതിന്റെ ശമ്പളം അയാൾക്കു കിട്ടിക്കഴിഞ്ഞു..... ഇനിയൊരാൾ കൂടി ബാക്കി.... പക്ഷേ.....

“അറവുശാലയിൽ തീയതി വിധിക്കപ്പെട്ടു കിടക്കുന്ന മാടുകൾ അറിയുന്നില്ല അവർ തിന്നുന്ന പച്ചിലകൾ അയവിറക്കാൻ കഴിയാത്തതാണെന്ന്‌......”

മറ്റൊരു തീയതി കൂടി കുറിക്കപ്പെട്ടു കഴിഞ്ഞതാണ്‌. മൊബൈലിൽ വന്ന അവസാന മെസ്സേജിലെ അക്കൗണ്ട്‌ നമ്പറിലേക്ക്‌ മണി ട്രാൻസ്‌ഫർ ചെയ്‌തു കഴിഞ്ഞു. ഇനി ഒരു ഫോൺ കോളിന്റെ അകലത്തിനപ്പുറത്ത്‌ ഒരു കൊലപാതകം കൂടി ചാനലുകളിൽ വാർത്തയാകും.....

“ഞാൻ കുറേ ആലോചിച്ചു നോക്കി..... ഒരാളെ കൊല്ലുമ്പോൾ നമ്മൾ ആരെയാണ്‌ സത്യത്തിൽ വേദനിപ്പിക്കുന്നത്‌.... അയാളെയോ അതോ അയാളെ ആശ്രയിക്കുന്ന മറ്റു ചിലരെയോ..... ചിലപ്പോൾ നമ്മളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തേക്കും.... അപ്പോൾ ജയിലിൽ.... ഒരാളെ പിടിച്ച്‌ കുറേക്കാലം ഒരു മുറിയിൽ പൂട്ടിയിടുമ്പോൾ...?? എന്താണ്‌ അതുകൊണ്ട്‌ അർത്ഥമാക്കുന്നത്‌....?? പ്രതിയുടെ മനസ്‌താപം.... അല്ലെങ്കിൽ മനസ്സിന്റെ ശുദ്ധീകരണം അല്ലേ.... മരണം കൊണ്ട്‌ കുറ്റവാളിക്ക്‌ ലഭിക്കുന്നത്‌ മോചനമാണ്‌.

”നീയാണ്‌ നിയമം പഠിച്ചത്‌.... ഐ ആം ജസ്‌റ്റ്‌​‍്‌ ജസ്‌റ്റ്‌​‍്‌ എ ഫിസിക്‌സ്‌ ഗ്രാജ്വെറ്റ്‌....“

ആ സ്വരത്തിലെ പ്രകടമായ നീരസം ആനിക്ക്‌ മനസ്സിലാവുന്നുണ്ടായിരുന്നു.....ശുഷ്‌കിച്ച വലതുകാൽ വീൽ ചെയറിന്റെ കമ്പിയോട്‌ ചേർത്തു വെക്കാൻ പാടുപെട്ടുകൊണ്ട്‌ എലിസബത്ത്‌ മൊബൈൽ ഫോൺ കയ്യിലെടുത്തു.....

”നീ ഓർക്കുന്നുവോ എലിസബത്ത്‌.... പണ്ടൊരിക്കൽ നമ്മുടെ ഓർഫനെജിൽ വച്ച്‌ ഒരു സമ്മാനദാനം നടന്നത്‌..... പോളിയോ ബാധിച്ച കാലുകളുമായി വേദിയിൽ പകച്ചിരുന്ന ഒരു കൊച്ചുകുട്ടിയെ ചൂണ്ടി ഏതോ വിശിഷ്‌ടാഥിതി ഇവളൊരു മാലാഖയാണെന്ന്‌ പറഞ്ഞിരുന്നു.... എന്തോ എനിക്കിപ്പോൾ അതെല്ലാം ഓർമ വരുന്നു.....“

”മദർ പറയാറുള്ളതോർമയില്ലേ...... ഭൂമിയിൽ ഒരു പാട്‌ ത്യാഗങ്ങൾ സഹിക്കുന്നവരാണത്രെ മരിച്ചു കഴിഞ്ഞ്‌ മാലാഖമാരായിത്തീരുന്നത്‌.....!!“

”ഞാനോർക്കുന്നു... നമ്മുടെ ആദ്യത്തെ ക്രിസ്‌മസ്‌ നാടകം.....മാലാഖയുടെ കഥ.... കുഞ്ഞിച്ചിറകുകളുളള തൂവെളള ഉടുപ്പിട്ട മാലാഖ..... ഒരുപാടു ദുഃഖങ്ങളുളള കാലുവയ്യാത്ത ഒരു കൊച്ചു കുട്ടിയെ കർത്താവിന്റെ സ്‌നേഹത്തിലേക്കു കൂട്ടികൊണ്ടു പോകാൻ വന്ന കുഞ്ഞ്‌ മാലാഖയുടെ കഥ....“

എലിസബത്തിന്റെ മുഖത്തെ ചുവപ്പ്‌ മാഞ്ഞു തുടങ്ങിയിരുന്നു.... ആനി അടുത്തു ചെന്നിരുന്ന്‌ കണ്ണുകളിലേക്ക്‌ നോക്കി..... ഉണങ്ങിയിട്ടും മാഞ്ഞുപോകാത്ത നഖക്ഷതങ്ങൾ നിറഞ്ഞ ആനിയുടെ മുഖത്ത്‌ തലോടിക്കൊണ്ട്‌ എനിസബത്ത്‌ പതിയെ പറഞ്ഞു.

”നീയായിരുന്നു ആ മാലഖ.....“

”നാടകത്തിൽ ഞാൻ മാലാഖയായിരുന്നു..... പക്ഷേ ഓർഫനെജിൽ എല്ലാവരും നിന്നെയായിരുന്നു എയ്‌ഞ്ഞ്‌ജൽ എന്നു വിളിക്കാറ്‌.....“

”ആ നാടകത്തിലെ അവസാന ഡയലോഗ്‌ നിനക്കോർമയുണ്ടോ.....“

”.....എന്റെ പാവം അമ്മയെ കൊന്ന ദുഷ്‌ടനായ മനുഷ്യാ.... എന്നെ കൊണ്ടുപോകാൻ വന്ന ഈ മാലാഖയുടെ സ്‌നേഹത്തിനു മുന്നിൽ നിനക്ക്‌ വേണ്ടി തയ്യാറാക്കി വച്ചിരുന്ന വിഷപാത്രം ഞാൻ ദുരെക്കളയുകയാണ്‌.....“

പുറത്ത്‌ മഞ്ഞു വീണുതുടങ്ങിയിരുന്നു..... കുറേ നേരത്തേക്ക്‌ ഇരുവരും നിശബ്‌ദരായി..... ഒടുക്കം കയ്യിലെ മൊബൈൽ ഫോൺ ദൂരേക്ക്‌ വലിച്ചെറിയുമ്പോൾ എലിസബത്ത്‌ വല്ലാതെ കിതയ്‌ക്കുന്നുണ്ടായിരുന്നു....

മാലാഖമാർ ജന്മമെടുക്കുന്നതെങ്ങിനെയെന്ന്‌ ഓർഫനെജിലെ കൊച്ചുകുട്ടികൾക്ക്‌ പറഞ്ഞു കൊടുക്കുകയായിരുന്നു മദർ അപ്പോൾ.....

മുരളി നായർ


E-Mail: murali205@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.