പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ചൈത്രൻ V/s മൈത്രൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബി. ജോസുകുട്ടി.

ഒരു സർക്കാർ വിദ്യാലയത്തിൽ ചൈത്രനും മൈത്രനും എന്നു പേരുള്ള രണ്ടാൺകുട്ടികൾ പഠിച്ചിരുന്നു. പാഠങ്ങൾ പഠിക്കാൻ സമർത്ഥനും അദ്ധ്യാപകരുടെ കണ്ണിലുണ്ണിയും, സഹവിദ്യാർത്ഥികളുടെ ഉറ്റതോഴനുമായിരുന്നു ചൈത്രൻ. മൈത്രനാകട്ടെ അഹങ്കാരിയും പഠനത്തിൽ ഉഴപ്പുന്നവനുമായിരുന്നു. രണ്ടു പേരുടേയും സ്വഭാവഗുണങ്ങൾ ഒന്ന്‌ വിലയിരുത്താൻ ഒരു അദ്ധ്യാപകൻ മുന്നോട്ടുവന്നു. രണ്ടുപേർക്കും ഓരോ ശൂന്യമായ മുറി കാണിച്ചുകൊടുത്ത്‌ ഈ മുറികൾ നിറയ്‌ക്കണമെന്നും അതിന്‌ മൂന്ന്‌ ദിവസത്തെ സാവകാശവും പത്തുരൂപാ വീതവും കൊടുത്തു. ചൈത്രനും മൈത്രനും ആലോചന തുടങ്ങി. അദ്ധ്യാപകരും സഹപാഠികളും മൂന്നു ദിവസങ്ങൾ കഴിഞ്ഞ്‌ പരിശോധനയ്‌ക്ക്‌ വരും അപ്പോൾ മുറി നിറഞ്ഞിരിക്കണം. മൈത്രൻ തന്നെ ഏൽപ്പിച്ച ശൂന്യമായ മുറിയുടെ വാതിലിൽ ഇരിക്കുമ്പോൾ കൊച്ചിൻ കോർപ്പറേഷന്റെ ചവറ്‌ നിറച്ച വണ്ടി അതിലേ പോകുന്നതുകണ്ടു. മൈത്രന്‌ പെട്ടെന്നൊരുപായം തോന്നി. അവൻ കോർപ്പറേഷനിലെ ജോലിക്കാരെ വിളിച്ച്‌ ചവർ ശൂന്യമായ മുറിയിൽ നിറച്ചുതരാൻ ആവശ്യപ്പെട്ടു. കോർപ്പറേഷൻകാരാകട്ടെ ഇതെല്ലാം എവിടെ കളയണമെന്നറിയാതെ പരക്കം പായുകയായിരുന്നു. അവർ അത്യധികം ആഹ്ലാദത്തോടെ മൈത്രൻ കാണിച്ചുകൊടുത്ത മുറിയിൽ ചവർ നിറച്ചു. അതിനു പ്രതിഫലമായി പത്തുരൂപാ അവൻ അവർക്കു കൊടുക്കുകയും ചെയ്‌തു. ചവർ ഉപേക്ഷിക്കാൻ സ്‌ഥലം ലഭിച്ചതിൽ കോർപ്പറേഷൻകാരും ഒന്നാം ദിവസം തന്നെ മുറിനിറയ്‌ക്കൻ സാധിച്ചതിൽ മൈത്രനും ആഹ്ലാദിച്ചു.

രണ്ടാം ദിവസം മൈത്രൻ ചൈത്രന്റെ മുറിയിൽ ചെന്നു നോക്കി ചൈത്രൻ ഇതികർത്തവ്യതാമൂഢനായി മുറിയുടെ വാതിൽക്കൽ നിൽക്കുന്നു. നാളെ കഴിഞ്ഞ്‌ അദ്ധ്യാപകനും വിദ്യാർത്ഥികളും വരും. ചൈത്രന്റെ ശൂന്യമായ മുറിയും തന്റെ നിറഞ്ഞിരിക്കുന്ന മുറിയും കാണും അപ്പോഴെങ്കിലും അറിയും ആരാണ്‌ സമർത്ഥനെന്ന്‌. മൂന്നാം ദിവസം കഴിഞ്ഞ്‌ പ്രഭാതമായി ചൈത്രൻ പത്തുരൂപയുംകൊണ്ട്‌ കടയിൽ ചെന്ന്‌ ഒരു ദേവന്റെ പടം, സാമ്പ്രാണിത്തിരി, കർപ്പൂരം, പൂമാല എന്നിവ വാങ്ങി. പിന്നെ അവൻ മുറി നന്നായി അടിച്ചു വൃത്തിയാക്കി. ദേവന്റെ പടം വെച്ച്‌ അതിൽ പൂമാല എന്നിവ ചാർത്തി. കർപ്പൂരവും, സാമ്പ്രാണിയും കത്തിച്ചുവെച്ച്‌ മുറിനിറയെ വെളിച്ചവും പരിമളവും നിറഞ്ഞു. അദ്ധ്യാപകനും വിദ്യാർത്ഥികളും ആദ്യം പരിശോധിക്കാനെത്തിയത്‌ മൈത്രന്റെ മുറിയായിരുന്നു. മുറിയുടെ അടുത്തു ചെന്നപാടെ ദുർഗന്ധത്താൽ മൂക്കു പൊത്തി എല്ലാവരും അവിടെ നിന്നുകടന്നു. അടുത്ത ലക്ഷ്യം ചൈത്രന്റെ മുറിയായിരുന്നു. അവിടുത്തെ ഹൃദ്യമായ സുഗന്ധവും ശോഭയും എല്ലാവരിലും ഭക്തിയും ഉത്സാഹവും ഉളവാക്കി. അദ്ധ്യാപകൻ പറഞ്ഞു.

“ഒരിക്കൽ കൂടി ചൈത്രന്റെ സ്വഭാവമഹിമയും, ജീവിതവിശുദ്ധിയും തെളിഞ്ഞിരിക്കുന്നു. ഈ പരീക്ഷണത്തിൽ ചൈത്രൻ വിജയിച്ചിരിക്കുന്നു. നിങ്ങൾക്കെല്ലാം ചൈത്രൻ ഒരു പാഠമാണ്‌.”

തലയിൽ കൈവെച്ച്‌ ചൈത്രനെ അനുഗ്രഹിച്ച്‌ അദ്ധ്യാപകനും വിദ്ധ്യാർത്ഥികളും യാത്രയായി. ഇതുകണ്ട്‌ ദുർഗന്ധം വമിക്കുന്ന തന്റെ മുറിയുടെ വാതിലിൽ മൂക്കുപൊത്താതെ പല്ലിറുമ്മികൊണ്ട്‌ മൈത്രൻ നിൽക്കുന്നുണ്ടായിരുന്നു.

തുടർന്ന്‌ വായിക്കുക.

മികച്ച അദ്ധ്യാപകനുള്ള ദേശീയ ബഹുമതി ലഭിച്ച അദ്ധ്യാപകൻ അഖിലേന്ത്യതലത്തിലുള്ള അദ്ധ്യാപക സംഘടനയുടെ ദേശീയ പ്രസിഡന്റായി പ്രവർത്തിക്കുന്ന കാലം. തലസ്‌ഥാനത്തെ ഹയർ സെക്കന്ററി സ്‌കൂളിൽ പ്രിൻസിപ്പാൾ ആയിരുന്നെങ്കിലും, സംഘടനാപരമായി ഇന്ത്യയൊട്ടാകെ സഞ്ചരിക്കേണ്ട ബാധ്യതകൂടി അദ്ദേഹത്തിനുണ്ടായിരുന്നു. ഇങ്ങനെ മൂന്നുനേരം ഭക്ഷണം കഴിക്കാൻ കൂടി സമയമില്ലാത്ത അവസ്‌ഥ. ഈ തിരക്കിനിടയിലാണ്‌ മൈത്രൻ അദ്ദേഹത്തെ കാണാൻ എത്തിയത്‌. പഴയ പരിചയംവെച്ച്‌ നമസ്‌തേ പറഞ്ഞ്‌ മുഖവുരയില്ലാതെ മൈത്രൻ കാര്യത്തിലേക്കു കടന്നു.

“സർ എന്നും ഞാൻ തോൽക്കാൻ വിധിക്കപ്പെട്ടവൻ. ഒരിക്കലെങ്കിലും ചൈത്രന്റെ മുമ്പിൽ എനിക്കു ജയിക്കണം. എനിക്കു പുറത്തിറങ്ങാൻ പറ്റാത്ത അവസ്‌ഥയാണ്‌. എല്ലാം ഞാൻ നേടി പക്ഷേ അവന്റെ മുമ്പിലെത്തുമ്പോൾ എനിക്കു തലകുനിക്കേണ്ടിവരുന്നു. എന്തൊരു നാണക്കേടാണിത്‌ ഇതിൽ നിന്ന്‌ സാറെന്നെ രക്ഷിക്കണം. സാറിനു മാത്രമേ കഴിയൂ.”

മൈത്രൻ താണുവീണപേക്ഷിച്ചു. അദ്ധ്യാപകൻ ഒരു നിമിഷം ആലോചിച്ചു.

രണ്ടുപേരും തന്റെ ശിഷ്യർ. അവരെ ഒരേപോലെ കാണണം. ചൈത്രനും മൈത്രനും തനിക്കൊരുപോലെയാകണം, ശരിയാണ്‌ താൻ കൊടുത്ത പരീക്ഷണങ്ങളിൽ എന്നും ചൈത്രൻ മാത്രമേ വിജയിച്ചിട്ടുള്ളു. അതുപാടില്ല ഒരു വിജയമെങ്കിലും മൈത്രനുണ്ടാകണം. ആലോചനയിൽ നിന്നുണർന്ന്‌ അദ്ധ്യാപകൻ പറഞ്ഞു.

“ആയ്‌ക്കോട്ടെ.... ഒരു പരീക്ഷണം കൂടി നടത്താം എന്താ....”

“ശരി സാർ വിജയം എനിക്കുതന്നെ വേണം അതെന്റെ വാശിയാ....”

“അതൊക്കെ വിധി പോലെ നടക്കട്ടെ മൈത്രാ....ഞാൻ അവിഹിതമായി ഇടപെടലൊന്നും നടത്തില്ല. അദ്ധ്യാപകൻ നയം വ്യക്തമാക്കി.

”ഇല്ല സാർ, എന്റെ വിജയത്തിനുവേണ്ടി ഒരു ഉപജാപവും നടത്തേണ്ട, എന്റെ ഇപ്പോഴത്തെ കഴിവിൽ എനിക്ക്‌ വിശ്വാസമുണ്ട്‌.“

മൈത്രൻ ആത്‌മവിശ്വാസത്തോടെ പറഞ്ഞു.

”ശരി.... എന്നാൽ ഉടൻ തന്നെ ഒരു പരീക്ഷണം നടത്താം, ആട്ടെ എന്തു മത്സരം വേണം?“

അദ്ധ്യാപകൻ മൈത്രനോട്‌ ചോദിച്ചു.

”പഴയ മുറി നിറയ്‌ക്കൽ തന്നെ മതി സാർ.....

“അതുമതിയോ.........?

അദ്ധ്യാപകൻ സംശയം പ്രകടിപ്പിച്ചു.

”മതി സാർ ആ മത്സരത്തിൽ തന്നെ ചൈത്രനെ പരാജയപ്പെടുത്തണമെന്നാണ്‌ എന്റെ വാശി“.

”എന്നാലതു തന്നെ മതി..... നീ പൊയ്‌ക്കോ ചൈത്രനെ ഞാനറിയിച്ചോളാം.“

അദ്ധ്യാപകൻ മൈത്രനെ യാത്രയാക്കി. അപ്പോൾ തന്നെ ചൈത്രനെ വിളിച്ചു മത്സരത്തിന്റെ സ്വഭാവവും മറ്റ്‌ വിശദാംശങ്ങളും പറഞ്ഞു. മൂന്നുദിവസത്തെ സമയം തരും. പിന്നെ, പഴയപോലെ മുറി നറിയ്‌ക്കാനുള്ള സാധനങ്ങളുടെ പണം അവരവർ തന്നെ ഉണ്ടാക്കണം. സമ്മതിച്ചോ.....

”ഓകെ സർ ഞാൻ റെഡി“

ചൈത്രനും എല്ലാം സമ്മതിച്ച്‌ മത്സരത്തിനൊരുങ്ങി.

ഡിഗ്രി സമ്പാദനത്തിനു ശേഷം ഒരു സ്വകാര്യ കമ്പനിയിൽ അഡ്‌മിനിസ്‌ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്‌തു ബാച്ചിലറായി ജീവിച്ചുവരുകയായിരുന്നു ചൈത്രൻ. മൈത്രനാകട്ടെ റിയൽ എസ്‌റ്റേറ്റ്‌ ബിസിനസ്സും സിനിമാപിടുത്തവുമൊക്കെയായി കഴിയുകയും അക്ഷരാർത്ഥത്തിൽ ഒരു ബാച്ചിലർ ലൈഫ്‌ ആസ്വദിക്കുകയായിരുന്നു മൈത്രനും. അദ്ധ്യാപകൻ നിർദ്ദേശിച്ച മൂന്നു ദിവസങ്ങളിൽ ആദ്യത്തെ ദിവസം കഴിഞ്ഞു.

രണ്ടാം ദിവസം.

മൈത്രൻ ആദ്യം അറേയ്‌ഞ്ച്‌ ചെയ്‌തത്‌ ഫൈവ്‌ സ്‌റ്റാർ സൗകര്യമുള്ള മുറിയായിരുന്നു. എയർ കണ്ടീഷണറും പ്ലാസ്‌മാ ടെലിവിഷനും, ഹോംതിയറ്ററും ഘടിപ്പിച്ച മുറി. തറയിൽ വിലകൂടിയ ഇംപോർട്ട്‌ ചെയ്‌ത ചുവന്ന കാർപ്പറ്റ്‌. തേക്കിലും, ഈട്ടിയിലും തീർത്ത ബ്രാൻഡ്‌ ഫർണിച്ചറുകൾ. നീലപ്പട്ടുതുണി വിരിച്ച വാട്ടർബെഡ്‌ ആകെ പോഷ്‌മയം.

മൂന്നാമത്തെ ദിവസം അവൻ തന്റെ സാറ്റ്‌ലൈറ്റ്‌ സെൽഫോണിന്റെ ഡിജിറ്റൽ ബട്ടനുകളിൽ വിരലമർത്തി. ഓരോരുത്തരേയും വിളിച്ചുകൊണ്ടിരുന്നു. കോവളം ബീച്ച്‌ റിസോർട്ടിലെ ഡയാന, തിരുവനന്തപുരം മസ്‌കറ്റ്‌ഹോട്ടലിൽ വെച്ച്‌ തന്റെ നെഞ്ചിലെ ചൂടിലലിഞ്ഞ അമീഷ, ആലപ്പുഴയിലെ ഹൗസ്‌ ബോട്ടിൽ തന്റെ കൂടെ ചുറ്റിത്തിരിഞ്ഞ റെയ്‌സ, പിന്നെ കൊച്ചിയിലും, കോഴിക്കോട്ടും, തേക്കടിയിലും, മൂന്നാറിലും കണ്ണൂരിലും, മംഗലാപുരത്തും വെച്ച്‌ അവന്റെ രാത്രികളെ സമ്പന്നമാക്കിയ അപ്‌സര സുന്ദരികളും എല്ലാവരും മൈത്രനൊരുക്കിയ മുറിയിൽ ഒത്തുചേർന്നു. ഇപ്പോൾ തന്റെ മുറി നിറഞ്ഞിരിക്കുന്നു. മൈത്രൻ അഭിമാനപൂർവ്വം ചിരിച്ചു. ഇതിനിടയിൽ ചൈത്രന്റെ ഒരുക്കങ്ങളെന്തൊക്കെയാണെന്നു മൈത്രൻ ശ്രദ്ധിക്കാതിരുന്നില്ല. മൂന്നാം ദിവസവും മൈത്രൻ തന്റെ മുറിയിൽ ഒരുക്കങ്ങളൊന്നും തുടങ്ങിയിരുന്നില്ല. മൈത്രൻ അത്യാഹ്ലാദത്തിലായിരുന്നു. ഇത്തവണ താൻ ജയിച്ചതുതന്നെ. ഒരു പ്രാവശ്യമെങ്കിലും ചൈത്രന്റെ മുമ്പിൽ തനിക്ക്‌ തലയുയർത്തി നടക്കണം. ചൈത്രന്‌ ഈ ജന്മം സാധിക്കാത്ത കാര്യമാണ്‌ താനിപ്പോൾ സാധിച്ചിരിക്കുന്നത്‌.

എന്നാൽ ചൈത്രനാകട്ടെ അദ്ധ്യാപകൻ വരുന്ന ദിവസം രാവിലെ എഴുന്നേറ്റ്‌ ശുദ്ധിയായി ക്ഷേത്രത്തിൽ പോയി. തന്റെ സഹപ്രവർത്തകയായിരുന്ന, സ്‌ത്രീധനം കൊടുക്കാൻ നിർവ്വാഹമില്ലാതെ നിന്ന ജയന്തിയെ വിളിച്ച്‌ സബ്‌രജിസ്‌റ്റർ ആഫീസിൽ കൊണ്ടുപോയി രജിസ്‌റ്റർ ചെയ്‌ത്‌ താലികെട്ടി കൊണ്ടു പോന്ന്‌ തന്റെ മുറിയിലെത്തിച്ചു. അവൾ വലതുകാൽ വെച്ച്‌ കയറി, മുറി ശുദ്ധിയാക്കി, ആഹാരം പാകം ചെയ്‌ത്‌ മുറിനിറയെ ഐശ്വര്യം നിറച്ച്‌ കാത്തു നിന്നു.

അദ്ധ്യാപകനും കൂട്ടരും ആദ്യമെത്തിയത്‌ മൈത്രന്റെ മുറിയിലായിരുന്നു. മനം മയക്കുന്ന മാദകസുന്ദരിമാരുടെ രതികടാക്ഷങ്ങൾ കൊണ്ട്‌ അദ്ധ്യാപകരും സഹവിദ്യാർത്ഥികളും കോൾമയിൽ കൊണ്ടു. എങ്കിലും അനിഷ്‌ടം പ്രകടിപ്പിച്ച്‌ അദ്ധ്യാപകൻ ഒന്നു കേറിയിറങ്ങി പോയതേയുള്ളു. അന്ന്‌ ചവറുകൊണ്ട്‌ നിറച്ച മുറിയിൽ നിന്നിറങ്ങി പോയതു പോലെ. മൈത്രൻ ആകെ തളർന്നു പോയിരുന്നു.

അദ്ധ്യാപകനും കൂട്ടരും പിന്നീടെത്തിയത്‌ ചൈത്രന്റെ വീട്ടിലായിരുന്നു. മുറിയിലേയ്‌ക്ക്‌ അവർ പ്രവേശിച്ചയുടനെ ചൈത്രനും ഭാര്യ ജയന്തിയും നിലവിളക്കു കൊളുത്തി അവരെ വരവേറ്റു അദ്ധ്യാപകനും സഹപാഠികളും ആനന്ദാഭിഷിക്തരായി. എന്താണ്‌ ഇവിടെ നടക്കുന്നതറിയാൻ മൈത്രനും എത്തിയിരുന്നു.

ചൈത്രനും, മൈത്രനും തമ്മിൽ നടക്കുന്ന ആരോഗ്യകരമായ മത്സരം കൗതുകത്തോടെ കാണാനെത്തിയ നാട്ടുകാരുടെ മുമ്പിൽ വെച്ച്‌ അദ്ധ്യാപകൻ ഇങ്ങനെ പ്രസ്‌താവിച്ചു.

”ഇതാ ഒരിക്കൽ കൂടി ചൈത്രൻ വിജയിച്ചിരിക്കുന്നു. ഇവന്റെ വിനയവും, ലാളിത്യവും ഒരു മാതൃകയായി സ്വീകരിക്കാൻ ഞാൻ എന്റെ ശിഷ്യഗണങ്ങളോടും, നാട്ടുകാരോടും അഭ്യർത്ഥിക്കുന്നു.“

അദ്ധ്യാപകൻ ചൈത്രനേയും ജയന്തിയേയും മൂർദ്ധാവിൽ കൈവെച്ചനുഗ്രഹിച്ചു.

”നന്നായി കുട്ടികളേ നന്നായി.....“

രാത്രിയായി മൈത്രൻ അതീവനിരാശയിലായിരുന്നു എല്ലാം രാജകീയമായി ഒരുക്കിയിട്ട്‌..... അവന്‌ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. ബട്ടർ സ്‌കോച്ച്‌ ഒരു ലാർജ്‌ എടുത്തു വിഴുങ്ങാൻ ഭാവിക്കവേ.... ആരോ കാളിംഗ്‌ബെൽ അടിച്ചു. മൈത്രൻ ചെന്നു വാതിൽ തുറന്നു.

അദ്ധ്യാപകൻ ഒറ്റയ്‌ക്ക്‌........

”സർ അങ്ങ്‌..........മൈത്രൻ അത്ഭുതപ്പെട്ടുപോയി.

“മൈത്രാ നീയാണ്‌ യഥാർത്ഥശിഷ്യൻ ഗുരുവിന്റെ മനസറിഞ്ഞ്‌ പ്രവർത്തിക്കുന്നവൻ. പക്ഷേ ചില കാര്യങ്ങൾക്ക്‌ അതിന്റേതായ അച്ചടക്കവും, സ്വകാര്യതയും ഉണ്ടാവണം മകനേ..... നീയെനിക്ക്‌ ശിഷ്യൻ മാത്രമല്ല മറ്റെന്തെക്കെയോ ആണ്‌.”

അനന്തരം, മൈത്രൻ കുടിക്കാനെടുത്ത വിസ്‌കി വാങ്ങികുടിച്ച്‌ അദ്ധ്യാപകൻ മുന്നിൽ കണ്ട മദാലസയോടൊപ്പം ജലശയ്യയിലേയ്‌ക്ക്‌ മറിഞ്ഞു.

മൈത്രൻ സന്തോഷംകൊണ്ട്‌ കരഞ്ഞു പോയി.

ബി. ജോസുകുട്ടി.

അമ്പതോളം കഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ചില കഥാസമാഹാരങ്ങളിലും കഥ ഉൾപ്പെടുത്തിയിട്ടുണ്ട്‌. കവിതകളും എഴുതുന്നു. മേരിവിജയം മാസിക (തൃശ്ശൂർ) കഥാ അവാർഡുകൾ. ആലപ്പുഴയിലെ പ്രമുഖ ലൈബ്രറിയായ ഔവ്വർ ലൈബ്രറി കഥാ അവാർഡുകൾ, തിരുവനന്തപുരം ‘രചന’യുടെ കവിതാ അവാർഡ്‌, ബാംഗ്ലൂർ മലയാളി സമാജം അവാർഡ്‌, തൃശ്ശൂർ ‘തൂലിക’യുടെ അവാർഡ്‌ എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌.

വിലാസംഃ പന്തലിൽ പറമ്പ്‌ തോണ്ടൻ കുളങ്ങര ആലപ്പുഴ - 688006.


Phone: 9497221722
E-Mail: bjosekutty13@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.