പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

മൂന്ന്‌ മിനിക്കഥകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി.പി. ലിബീഷ്‌കുമാർ

മിനിക്കഥകൾ

1. പുലി

നിശ്ശബ്‌ദമായ സ്വീകരണമുറിയിലൊരു അരുവി. അരുവിയുടെ കരയിൽ മാൻകൂട്ടം.

പിറകിലെ പുൽപ്പടർപ്പിൽ....

പുലിയുടെ ശ്രദ്ധയത്രയും ഒറ്റയായ മാനിലാണ്‌.

ഒരൊറ്റച്ചാട്ടം മതി.

മാൻകൂട്ടം പക്ഷെ, ദാഹജലമുപേക്ഷിച്ച്‌ ഓടി.

പിറകെ ഓടിയിട്ടും കാര്യമില്ലെന്ന്‌ തോന്നിയതുകൊണ്ടാവാം പുലി പിൻവലിഞ്ഞു. പൊടുന്നനെയാണ്‌....

അവൾ അലറി വിളിച്ചു.

നാഷണൽ ജോഗ്രഫിക്‌ ചാനലിലെ ആ പുലി?

2. പൂവൻകോഴി

മാവിൻകൊമ്പിലിരുന്ന്‌ പൂവൻകോഴി കൂവി.

അയൽവീട്ടിലെ പിടകളുടെ ഉടലിൽ ഗൂഢമായ ലഹരി പതയുകയായിരുന്നു. തലയിലെ ചെമന്ന പൂവിൽ അവന്റെ തലയെടുപ്പൊന്ന്‌ കാണണം!

കാൽനഖങ്ങളിൽ ഇറുകിപ്പുണരാനുളള ഊർജ്ജം.

വേഗതയിൽ വായുവിനെക്കാൾ കേമനെന്ന ഭാവം.

പിറകിലെ ചന്തമുളള കളറിൽ, നിറങ്ങളുടെ കൊളാഷ്‌.

അടുക്കളയിൽ നിന്ന്‌ അവൾ കണ്ടു.

പക്ഷെ-

നാളെ?

ഒരു കണ്ണിൽ ആനന്ദവും മറുകണ്ണിൽ ഗദ്‌ഗദവും.

ഇറച്ചിമസാലയിൽ കോഴിയുടെ ഭംഗിയുളള ചിത്രം!

അവൾ തേങ്ങി.

തീൻമേശയിലെ ദുരന്തമാകുമെന്നറിയാതെ ആ പൂവൻകോഴി അപ്പോഴും വിലസികൊണ്ടിരിക്കുകയായിരുന്നു..

3. മഴ (പുരുഷനാണ്‌!)

സിംബോളിക്‌ സ്വപ്നമായിരുന്നില്ല അത്‌.

മഴ പൊടുന്നനെ ആർത്തലച്ച്‌ വന്നു.

സജ്ജമാകും മുമ്പ്‌, ഒരു ജ്യോമിതീയ ചെരിവ്‌ സൃഷ്‌ടിക്കുകയും ചെയ്‌തു. ഉത്തേജകമായി കാറ്റും.

മാനം തെളിഞ്ഞില്ല. മഴ പെട്ടെന്ന്‌ പിൻവലിഞ്ഞു.

ഭൂമി രോഷത്തോടെ പിറുപിറുത്തുകൊണ്ടിരുന്നു.

പലതവണ പറഞ്ഞതല്ലേ ഞാൻ നിങ്ങളോട്‌...

പി.പി. ലിബീഷ്‌കുമാർ

1977 മെയ്‌ 10ന്‌ ജനനം. യുവമാനസ കഥ അവാർഡ്‌, ഒ.ഖാലിദ്‌ സാരക അവാർഡ്‌, അരങ്ങ്‌ കലാസാഹിത്യവേദി കഥാ അവാർഡ്‌ (ജിദ്ദ), കേരളോത്സവം സംസ്ഥാന കഥാസമ്മാനം തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതുന്നു. ജനപത്രം ഡെയ്‌ലിയുടെ റിപ്പോർട്ടറായിരുന്നു. ബി.എ. മലയാളം വിദ്യാർത്ഥിയാണ്‌.

വിലാസംഃ

പി.പി. ലിബീഷ്‌കുമാർ

ഏച്ചിക്കൊവ്വൽ

(പി.ഒ.) പീലിക്കോട്‌

കാസർഗോഡ്‌ ജില്ല

671353
Phone: 0498 561575




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.