പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ജലനാണയങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അമ്പഴക്കാട്ട്‌ ശങ്കരൻ

ഇന്ന്‌ കാർമന്റെ പിറന്നാളാണ്‌. മാളുവിന്റെ പഴയ ഡേകെയർ കൂട്ടുകാരി. നാട്ടിൽ പോയി വന്നിട്ട്‌ മാസങ്ങളയെങ്കിലും അവരുടെ വീട്ടിൽ ഇതുവരെ പോയില്ല. പോകണമെന്ന്‌ പറയുമ്പോഴൊക്കെ ലക്ഷ്മി തടയും.

“വിളിച്ചില്ലെങ്കിലും ഒന്നു പോയിവരുന്നതാണ്‌ മര്യാദ” ലക്ഷ്മിയോട്‌ പറഞ്ഞു.

“അവർ വിളിച്ചു കാണും. ആ ടേപ്പ്‌ ഒന്ന്‌ തിരിച്ചിടാൻ പറഞ്ഞിട്ട്‌ എത്ര നാളായി”

നിനക്കത്‌ ചെയ്തുകൂടെ എന്ന്‌ ചോദിക്കുന്നതിന്‌ മുമ്പേ രണ്ടു വട്ടം ആലോചിക്കുന്നത്‌ നല്ലതാണ്‌. സ്വൈരവും സുസ്ഥിരവുമായ വിവാഹബന്ധത്തിന്‌ ഓർക്കേണ്ട ചില സംഗതികളുണ്ട.​‍്‌ അതൊന്നും മറക്കാൻ പടില്ല. അതിലാദ്യത്തേത്‌ ഹോർമോണുകളുടെ ഗതിവിഗതികളാണ്‌.

“നിനക്കറിയാലോ, അവരിതൊക്കെ വളരെ സീരിയസായി എടുക്കുന്നവരാണ്‌. കഴിഞ്ഞ അഞ്ചാറ്‌ വർഷത്തിനിടക്ക്‌ അവരെന്തെങ്കിലൂം നമ്മളോട്‌ ആവശ്യപ്പെട്ടിട്ടുണ്ടോ”

“അത്‌ പറയാൻ വേണ്ടി അങ്ങട്ട്‌ പോണ്ട. അവരതൊക്കെ മറന്നുകാണും. പിന്നെ ഇതൊക്കെ പറയാൻ പറ്റിയ കാര്യല്ലെ. നാടിനെക്കുറിച്ച്‌ മതിപ്പ്‌ കളയാൻ”

ഇന്ത്യയെക്കുറിച്ച്‌ മതിപ്പും ആദരവും ഉള്ളവരാണ്‌ ലിൻഡയും ഭർത്താവ്‌ മൈക്കും. അതുപോലെ നല്ല ചരിത്രബോധമുള്ളവരും. അമേരിക്കൻ ജനതയുടെ അമിത ദേശീയബോധത്തെക്കുറിച്ച്‌ നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ കുടിയേറിപാർത്ത കുടുംബമായിട്ടും ലിൻഡ പറയുന്നത്‌ കേട്ടിട്ടുണ്ട്‌.

“അവർ നല്ല വിവരം ഉള്ളവരാണ്‌. എല്ലാ നാട്ടിലും നല്ലതും ചീത്തയും ഉണ്ടെന്ന്‌ അവർക്കറിയാം.”

“ഒന്ന്‌ വിളിച്ചിട്ട്‌ പോവ്വാ നല്ലത്‌.”

“ഞാൻ ട്രൈ ചെയ്തു. നമ്പറ്‌ മാറീന്നാ തോന്നണെ.”

“എന്തെങ്കിലും ഗിഫ്‌റ്റ്‌ കൊടുക്കണ്ടെ?”

ഷോപ്പിങ്ങിനുള്ള ഒരവസരവും പാഴാക്കരുതെന്ന്‌ നിർബ്ബന്ധമുള്ളവൾ. കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. വർണാഭമായ വലിയ മാളുകൾ ഏതു സ്ര്തീയുടെയും ദൗർബല്ല്യമാണ്‌. മാത്രമല്ല മനൂഷ്യചരിത്രത്തിൽ ഒരിക്കലും ചൊവ്വക്ക്‌ ശുക്രനെയും മറിച്ചും പൂർണ്ണമായൂം മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലല്ലോ.

- മഹിക്ക്‌ അമേരിക്കയിൽ ഏറ്റവും ഇഷമുള്ളത്‌ എന്താണ്‌?

കമ്പനിയുടെ ഹൈദരാബാദ്‌ ഓഫീസിൽ നിന്നും ഹരീഷും നവീനും വന്നപ്പോൾ ശ്യാമിന്റെ വീട്ടിൽ കൂടിയതാണ്‌.

- ഇൻഡിവിഡ്യുൽ പ്രൈവസി

- അപ്പൊ ലിബർട്ടി, ഓപ്പർച്ച്യൂനിറ്റി....

നവീൻ ചോദിച്ചു. പൊട്ടിച്ചിരിക്കാനാണ്‌ തോന്നിയത്‌. അതിഥി നിഷ്‌കളങ്കനായതുകൊണ്ട്‌ ഒന്ന്‌ ചിരിച്ചതേയുള്ളൂ.

- ഏറ്റവും വെറുക്കുന്നത്‌....?

- ഷോപ്പിങ്ങ്‌ മാളുകൾ.

- മാളുകളെ അങ്ങനെ കുറ്റം പറയേണ്ട. നടക്കാത്ത ഒരു സമൂഹത്തിന്‌ ദൈവം അനുഗ്രഹിച്ച്‌ നല്‌കിയതാണ്‌ മാളുകൾ.

മുപ്പത്‌ ശതമാനത്തിലധികം ആളുകൾ അധികഭാരത്താൽ വലയുന്ന ഒരു രാജ്യത്തെക്കുറിച്ച്‌ ലഹരിയിലാണെങ്കിലൂം ശ്യാം പറഞ്ഞതിൽ കാര്യമുണ്ടെന്ന്‌ തോന്നുന്നു.

“അച്ഛന്റെ പെറന്നാള്‌ എന്നാണമ്മേ”

ഈ വർഷമാണ്‌ ആദ്യമായി മാളു അത്‌ ശ്രദ്ധിച്ചതെന്ന്‌ തോന്നുന്നു. മറ്റു മൂന്ന്‌ പിറന്നാളും കഴിഞ്ഞിരിക്കുന്നു.

“അച്ഛനോടുതന്നെ ചോദിക്ക്‌. പിറന്നാള്‌ എന്ന്‌ പറയുമ്പോ ചതുർത്ഥിയല്ലെ നിന്റെ അച്ഛന്‌”

കുട്ടിക്കാലത്തും, കൗമാരത്തിന്റെ ആദ്യനാളുകളിലും മാത്രമെ പിറന്നാളാഘോഷിച്ചത്‌ ഓർമ്മയിലുള്ളൂ. നിലവിളക്കിന്‌ മുമ്പിൽ നീളമുള്ള വാഴയില മുറിച്ച്‌ രണ്ടായി കീറി, കടഭാഗം തിരിച്ച്‌ വെച്ച്‌ അതിന്‌ മുകളിലെ നാക്കിലയിൽ നെയ്യും പരിപ്പും മുതൽ എല്ലാം വിളമ്പുന്ന അമ്മയുടെ അനുഷ്‌ഠാനത്തിന്റെ നാളുകൾ. വലത്തും ഇടത്തും ഇരിക്കാൻ വാശി കാട്ടുന്ന കുട്ടികൾ.

ഇപ്പോൾ വ്യത്യസ്തമായ രീതികളാണെന്നേയുള്ളൂ. മധുരമായ ഇംഗ്ലീഷ്‌ പാട്ടിനൊത്ത്‌ നൃത്തം വെക്കുന്ന കുട്ടികൾ. ഹാപ്പി ബർത്‌ ഡേ പാടുമ്പോഴുള്ള ആഹ്ലാദം. പിന്നെ ബെർത്‌ ഡെ വിഷ്‌. അവസാനം പോപ്‌ ദ ബലൂൺ.

- ബ്ലോ ദ കാൻഡിൽ വിത്‌ എ വിഷ്‌

കഴിഞ്ഞ വർഷത്തെ ജിത്തുവിന്റെ പിറന്നാളാഘോഷത്തിന്‌ കേക്ക്‌ മുറിക്കുന്ന സമയം. അക്ഷമയോടെ മാളു ജിത്തുവിനോട്‌ പറയുന്നു.

- ഐ വിഷ്‌ എവരിബഡി ബിക്കം റിച്ച്‌

ജിത്തുവിന്റെ കൂസലില്ലാത്ത വർത്തമാനം കേട്ട്‌ ചുറ്റും കൂടി നിന്നവർ പൊട്ടിച്ചിരിച്ചു. പിന്നീട്‌ ഒരൊറ്റ ഊതിന്‌ എല്ലാ മെഴുകുതിരികളും അണഞ്ഞു.

“ആർ യു ഡ്രീമിങ്ങ്‌ ഡാഡി”

വേനലിൽ മുറിഞ്ഞ്‌ ഒഴുക്ക്‌ നിന്ന പുഴ പോലെ ഗൃഹാതുരത്വത്തിന്റെ അലകൾ മുറിഞ്ഞുപോയി.

അച്ഛന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള കഥകൾ കേട്ട്‌ മാളുവിന്‌ മടുത്തതാണ്‌. കാടിവെള്ളം കുടിക്കുന്ന തള്ളപശുവിന്റെ അമ്മിഞ്ഞ നുണയുന്ന കിടാവിന്റെ കഥ ഇനി ജിത്തുവിന്‌ പറഞ്ഞു കൊടുക്കാം.

“ക്യാൻ ഐ ഹാവെ പെറ്റ്‌ ഡാഡ്‌.... പ്ലീ....സ്‌. ചെറിയ ഡോഗ്‌ മതി. അല്ലെങ്കിൽ ക്യാറ്റ്‌”

“നിങ്ങളെ മേക്കാൻ തന്നെ സമയില്ല്യ. പിന്നല്ലെ പട്ടീം പൂച്ചേം” ലക്ഷ്മി ദേഷ്യത്താടെ പറഞ്ഞു.

“നെക്സ്‌റ്റ്‌ ബെർത്തഡെക്ക്‌ എന്റെ വിഷ്‌ അതാണ്‌” മാളു ഉറപ്പിച്ചു.

എന്തെങ്കിലൂം മറുപടി കേൾക്കുമെന്നോർത്ത്‌ കുറച്ചുനേരം നിന്നശേഷം ഇവിടെ ആരോടും ഒന്നും പറഞ്ഞിട്ട്‌ കാര്യമില്ലെന്ന മട്ടിൽ അമ്മയെ ചാനലുകളിലേക്കും അച്ഛനെ പകൽ സ്വപ്നങ്ങളിലേക്കും വെറുതെ വിട്ട്‌ മാളു മുകളിലേക്ക്‌ പോയി.

അഭിലാഷങ്ങൾ പൂവണിയുന്നതിന്‌ പിറന്നാൾ ദിനത്തിൽ പ്രാർത്ഥിക്കുന്നു. സാന്റയോട്‌ കുട്ടികൾ ക്രിസ്തുമസ്‌ സീസണിൽ ആഗ്രഹിക്കുന്ന സമ്മാനങ്ങൾ പറഞ്ഞാൽ അത്‌ കിട്ടുമെന്ന വിശ്വാസം. വിശേഷങ്ങളൊന്നും ഇല്ലാത്ത ദിവസങ്ങളിൽ ആഗ്രഹസഫലീകരണത്തിന്‌ ജലത്തിലേക്ക്‌ നാണയങ്ങൾ എറിയൂം.

കന്നി വിദേശ യാത്രയുടെ ലഹരിയിൽ ഡിറ്റ്രോയിറ്റിൽ വന്നിറങ്ങിയത്‌ ഇപ്പോഴും ഓർക്കുന്നു. ഇമിഗ്രേഷൻ ക്ലിയറൻസ്‌ കഴിഞ്ഞ്‌ ഡൊമസ്‌റ്റിക്‌ ടെർമിനലിൽ ഇരിക്കുമ്പോഴാണ്‌ ആദ്യമായി അത്‌ ശ്രദ്ധിക്കുന്നത്‌. ചെറുതും വലതുമായ വാട്ടർ ഫൗണ്ടനുകളുടെ ജലത്തിനടിയിലെ നാണയങ്ങൾ. തീർത്ഥയാത്രക്കിടയിലെവിടെയോ പുഴയിലേക്കെറിഞ്ഞ നാണയങ്ങൾ തപ്പിയെടുക്കാൻ മുങ്ങാംകുളിയിടുന്ന വയറുന്തിയ കുട്ടികളുടെ നനുത്ത ഓർമ്മ. ജലത്തിലേക്കെറിയുന്ന നാണയങ്ങളെക്കുറിച്ച്‌ ഇവിടെയുള്ളവരുടെ വിശ്വാസങ്ങളെന്തെന്ന്‌ അന്ന്‌ അറിയില്ലായിരുന്നു.

രണ്ട്‌ നാണയങ്ങളെറിഞ്ഞാൽ വിവാഹം നടക്കും. മൂന്നെറിഞ്ഞാൽ വിവാഹമോചനം. വാട്ടർ ഫൗണ്ടന്‌ മുഖം തിരിഞ്ഞ്‌ നിന്ന്‌ വലത്‌ കൈകൊണ്ട്‌ ഇടത്‌ തോളിലൂടെ എറിഞ്ഞാൽ ഉദ്ദിഷ്‌ടകാര്യം സാധിക്കും.

ലോകത്തിലെല്ലായിടത്തും ഇത്‌ കാണുന്നുണ്ട്‌. മനസ്സിലെ ആശ നിറവേറുന്നതിന്‌ നുറ്റാണ്ടുകളായി മനുഷ്യൻ അനുവർത്തിക്കുന്ന ഒരു വഴി. ചരിത്രത്തിന്റെ താളുകൾ ക്രിസ്തുവിന്‌ മുമ്പ്‌ അഞ്ഞൂറ്‌ വർഷം വരെ പിന്നോട്ട്‌ മറിച്ച്‌ വേണമെങ്കിൽ ഗ്രീസിലേക്കോ റോമിലേക്കോ പോകാം.

അസ്വസ്ഥത നിറഞ്ഞ മനസ്സിന്റെ അടയാളമാണ്‌ ജലത്തിലേക്കെറിയുന്ന നാണയങ്ങൾ.

ലിൻഡയിലേക്കും അവരുടെ കുടുംബത്തിലേക്കും മനസ്സിനെ മടക്കി അയക്കുന്നതാണ്‌ നല്ലത്‌.

വർഷങ്ങൾക്ക്‌ മുമ്പാണ്‌ ലിൻഡയെ ആദ്യമായി പരിചയപ്പെടുന്നത്‌. മാളുവിന്റെ ഡേകെയറിൽ വെച്ച്‌. നിറഞ്ഞ യൗവനം വിട്ടെങ്കിലും മദ്ധ്യവയസ്സിന്റെ നിരാശ ബാധിക്കാത്ത മുഖം. വെളുത്ത സുന്ദരിയായ ഒരു ബ്ലോൺഡ്‌.

മാളുവിന്‌ അന്ന്‌ ഒരു വയസ്‌ കഴിഞ്ഞിരുന്നു. ഇനിയും വീട്ടിലിരുന്നാൽ മോർഗേജ്‌, കാർലോൺ, ക്രെഡിറ്റ്‌ കാർഡ്‌ എന്നിവയുടെ കടം വന്ന്‌ മുടിഞ്ഞുപോകുമെന്നറിഞ്ഞ്‌ അവളും ജോലിക്ക്‌ പോയിതുടങ്ങിയപ്പോഴാണ്‌ മാളുവിനെ ഡേകെയറിൽ ആക്കിയത്‌. ഒരർത്ഥത്തിൽ മാളു ഭാഗ്യവതിയാണ്‌. ഒരുവയസുവരെയങ്കിലും മുഴുവൻ സമയവും അമ്മയോടൊപ്പമായിരുന്നുവല്ലോ. കരഞ്ഞ്‌ കരഞ്ഞ്‌ കണ്ണീരിൽ ഉപ്പുവറ്റിയ ആറുമാസം പോലുമാകാത്ത കുഞ്ഞുങ്ങൾ ഇവിടെയുള്ള എല്ലാ ഡേകെയറുകളിലും ഉണ്ട്‌.

- മഹിയെ ഞാൻ അറിയൂം.

പേരു പറഞ്ഞ്‌ പരിചയപ്പെടുത്തിയപ്പോൾ അവർ പറഞ്ഞു. മഹാദേവനെ മഹിയെന്ന്‌ വിളിക്കാനൂള്ള അടുപ്പം എങ്ങിനെ കിട്ടിയെന്ന്‌ ആശ്ചര്യപ്പെട്ടപ്പോൾ അവൾ തുടർന്നു.

- ലക്ഷ്മിയെ ഞാൻ നല്ലവണ്ണം അറിയും. അവരാണല്ലോ എന്നും വരാറൂള്ളത്‌.

ഇവളുടെ മകൾ കാർമനെങ്ങിനെ ഒരു ഗോതമ്പു നിറവും കറുത്തമുടിയൂം എന്നാലോചിച്ച്‌ നിന്നപ്പോൾ അവൾ ശുദ്ധമായ ഇംഗ്ലീഷിൽ പറഞ്ഞു.

- എന്റെ ഭർത്താവ്‌ വെനിസൂലക്കാരനാണ്‌. ഒരു ദിവസം ലക്ഷ്മിയെയും കൂട്ടി വീട്ടിലേക്ക്‌ വരു. പുതിയ കുടിയേറ്റക്കാരുടെ ഇടയിലെ ട്രേഡ്‌ യൂണിയൻ പ്രവർത്തകനാണദ്ദേഹം.

ഉച്ചനീചത്തങ്ങളുടെ ഉണങ്ങാത്ത മുറിവുകൾ കുറച്ചെങ്കിലൂം അവശേഷിക്കുന്ന ഒരു ചെറിയ പട്ടണമാണിത്‌. ഗ്രാമഭാഷക്കും ഗ്രാമസംഗീതത്തിനും പേരുകേട്ട പട്ടണം. വെളുപ്പൂം കറുപ്പും ചുവപ്പും മഞ്ഞയും നിറമുള്ള പട്ടം പറപ്പിക്കാൻ കുഞ്ഞുങ്ങൾക്കോ കുഞ്ഞുങ്ങളുടെ മനസ്സുള്ളവർക്കെ കഴിയൂ.

വലിയവർക്ക്‌ ഈ നിറമെല്ലാം തൊലിയുടെ നിറം തന്നെയാണ്‌. ഇന്ത്യയിൽനിന്നും വന്ന നല്ല കറുത്ത നിറമുള്ളവർ പോലും സ്വകാര്യമായി കറുത്തവർഗ്‌ഗക്കാരെ നിന്ദിക്കുന്നത്‌ കേട്ടിട്ടുണ്ട്‌. ഡൗൺ ടൗണിനടുത്ത്‌ കറുത്തവരും ചുവന്നവരും താമസിക്കുന്നവരുടെ അരികെയാണ്‌ വീടുവാങ്ങിയതെന്നറിഞ്ഞ്‌ അവിടെയുള്ള നിലവാരം കുറഞ്ഞ സ്‌കൂളുകളെക്കുറിച്ച്‌ ഓർമിപ്പിച്ചതും ഓർക്കുന്നു. ഇതിനിടയിൽ തെക്കെ അമേരിക്കയിൽനിന്നും ഇണയെ കണ്ടെത്തുകയൂം ഇന്ത്യയെക്കുറിച്ച്‌ അറിവും ആദരവും ഉള്ള, സോഷ്യലിസം സംസാരിക്കുന്ന ഒരു മദാമ്മയെ കണ്ടുമുട്ടിയപ്പോൾ അതിശയം തോന്നി.

വളരെ ചെറിയ സൗഹൃദവലയത്തിലേക്ക്‌ ലിൻഡയും കുടുംബത്തെയും കൊണ്ടുവരണമെന്ന്‌ തോന്നിയത്‌ അങ്ങിനെയണ്‌. ലിൻഡയുടെ വീട്‌ ഡൗൺ ടൗണിന്‌ തൊട്ടപ്പുറത്ത്‌ ഏറെ മദ്ധ്യവർഗ്‌ഗക്കാർ താമസിക്കുന്ന പ്രദേശത്താണ്‌​‍്‌. നിറങ്ങളുടെ ചേരിതിരുവകൾ പോലെ വർഗപരമായ ചേരിതിരുവുകളും ഏറെയുള്ള നഗരമാണിത്‌. നഗരത്തിലും, നഗരത്തിനുചുറ്റും ദരിദ്രർ. പ്രത്യേകിച്ച്‌ കറുത്ത വർഗക്കാർ. അതിന്‌ ചുറ്റും മദ്ധ്യവർഗം. തൊട്ടടുത്ത കൗണ്ടികളിൽ വിശാലമായ പുൽത്തകിടുകളും ഗോൾഫ്‌ കോഴ്സും കുതിരപന്തികളും നിറഞ്ഞ രണ്ടും മൂന്നും മില്ല്യൻ ഡോളർ വിലമതിക്കുന്ന വീടുകളിൽ താമസിക്കുന്നവർ.

കുട്ടികളുടെ പിറന്നാളുകൾ സൗഹൃദവലയങ്ങളുടെ ആഴവും വ്യാപ്തിയും വർദ്ധിപ്പിക്കും. അങ്ങിനെ മാളുവിന്റെ പിറന്നാളിനും പിന്നീട്‌ ജിത്തു ജനിച്ചപ്പോൾ രണ്ടുപേരുടെ പിറന്നാളിനും അവരെ ക്ഷണിക്കാൻ തുടങ്ങി. കാർമന്റയും പിന്നീട്‌ പിറന്ന ജേക്കബിന്റെയും പിറന്നാളുകൾക്ക്‌ അവരും ക്ഷണിച്ചുകൊണ്ടിരുന്നു.

- ഈ വീക്കെന്റിൽ കാർമന്റെ ബെർത്‌ഡെയാണ്‌. ലിൻഡ വിളിച്ചിട്ടുണ്ട്‌.

കഴിഞ്ഞ വർഷത്തെ കാർമന്റെ പിറന്നാളിന്‌ വളരെ മുമ്പ്‌ തന്നെ അവർ വിളിച്ചിരുന്നു.

രണ്ട്‌ മാസം കഴിഞ്ഞാൽ മാളുവിന്‌ അഞ്ച്‌ വയസ്‌ തികയും. കാർമനും മാളുവും തമ്മിൽ രണ്ട്‌ മാസത്തെ വ്യത്യാസമെ ഉള്ളു. ഒരേ ഡേകെയറിലാണ്‌ പോയിരുന്നതെങ്കിലും അവർക്ക്‌ ഒരേ സ്‌കൂളിൽ പോകാൻ കഴിയുമെന്ന്‌ തോന്നുന്നില്ല.

ഇവിടെ എല്ലാ പിറന്നാളുകളും ഒഴിവുദിവസങ്ങളിലാണ്‌ ആഘോഷിക്കുക. യഥാർത്ഥ പിറന്നാൾ ദിനത്തിന്റെ മുമ്പോ പിമ്പോ ഉള്ള ആഴ്‌ചയുടെ അവസാനം. ഭാഗ്യമുള്ളവർക്ക്‌ പിറന്നാളും ആഴ്‌ചയുടെ അവസാനം ഒന്നായിത്തീരുന്നു.

കഴിഞ്ഞ വർഷം കാർമന്റെ പിറന്നാൾ ദിനവും ശനിയാഴ്‌ചയും ഒന്നായിരുന്നു. നാല്‌ വിമാനം കയറി നാട്ടിലെത്തേണ്ട നീണ്ട യാത്രകൾക്ക്‌ പോലും സമയനിഷ്‌ഠ പാലിക്കാത്ത ലക്ഷ്മിക്ക്‌ പാർട്ടികൾക്ക്‌ ആദ്യമായോ അവസാനമായോ എത്തരുതെന്ന്‌ നിർബന്ധമുണ്ട്‌.

ഇരുളുന്നുതിന്‌ മുമ്പെ ലിൻഡയുടെ വീട്ടിലെത്തിയിരുന്നു. ശ്രദ്ധയോടെ പരിചരിക്കുന്ന ലോണിലേക്കൊന്ന്‌ വെറുതെ നോക്കി. പുൽത്തകിടിക്ക്‌ ചുറ്റും നല്ല ആകൃതിയിൽ വെട്ടി വൃത്തിയാക്കിയ കുറ്റിച്ചെടികൾ. ഭംഗിയുള്ള പൂക്കളെ നോക്കി ലക്ഷ്മി നെടുവീർപ്പിടുന്നത്‌ കേട്ടു. ഇന്ത്യക്കാരുടെ വിടുകൾ തിരിച്ചറിയാൻ അവരുടെ പുൽത്തകിടികൾ നോക്കിയാൽ മതിയെന്ന്‌ ആരോ പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌. കളകൾ നിറഞ്ഞിരിക്കും.

നേരത്തെ എത്തിയ അധികം പേരും മൈക്കിന്റെയും ലിൻഡയുടെയൂം അടുത്ത ബന്ധുക്കളാണ്‌. ആളുകൾ വന്നുകൊണ്ടിരിക്കുകയും വർത്തമാനങ്ങളുടെ ഇരമ്പൽ കൂടികൊണ്ടിരിക്കുകയും ചെയ്തു. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ്‌ വർത്തമാനം പറയുന്നവരിൽ രാഷ്ര്ടീയം പറയുന്നവരുടെ ഇടയിലേക്ക്‌ ചേക്കേറി. ലക്ഷ്മി, സ്വന്തം കുട്ടികളെക്കുറിച്ചും വസ്ര്തങ്ങളെക്കുറിച്ചും പറയുന്നവരുടെ ഇടയിലേക്കും.

- തെക്കുനിന്ന്‌ പൊളിഞ്ഞ വേലിക്കിടയിലുടെ വരുന്നവരെക്കുറിച്ച്‌ മാത്രമെ പരാതിയുള്ളൂ. അത്‌ ഏറി വന്നാൽ മുപ്പതു ശതമാനം. വടക്കുനിന്നും, ആകാശത്തിലൂടെയൂം, കടലിലൂടെയൂം വന്ന്‌ സ്ഥിരതാമസമാക്കിയവരെക്കുറിച്ച്‌ ആർക്കും ഒരു പരാതിയുമില്ല.

പ്രസിഡൻഷ്യൽ ഇലക്ഷൻ, ക്ലൈമറ്റ്‌ ചെയൻജ്‌, അൽ ഗോർ, മൈക്കിൾ മോർ തുടങ്ങി സകലമാന വിഷയങ്ങളും കഴിഞ്ഞ്‌ കുടിയേറ്റത്തിൽ എത്തി നില്‌ക്കുകയാണ്‌. വൈനും വിസ്‌ക്കിയും ക്യൂബൻ സിഗാറും ചർച്ചകൾക്ക്‌ എരിവും പുളിയും പകർന്നു.

ഇഷ്ടമുള്ള വിഷയങ്ങളായതുകൊണ്ടും മൈക്കിന്റെ ആവേശം കണ്ടും ചർച്ചകളിൽ പങ്കെടുക്കാതെ തരമില്ലെന്നായി. ഇത്തരം പാർട്ടികളിൽ സിനിമയും സ്പോർട്സുമാണ്‌ വിഷയങ്ങളാവാറ്‌. മൈക്കിന്റെ പാർട്ടികൾ വ്യത്യസ്തമാവുമെന്നുള്ളതുകൊണ്ട്‌ കാർമന്റെ പിറന്നാളാഘോഷം എന്നും ഇഷ്ടമായിരുന്നു.

- ഞങ്ങൾ വെനിസുലയിലേക്ക്‌ തിരിച്ച്‌ പോയാലൊ എന്ന്‌ ആലോചിക്കുകയാണ്‌. മഹി നാട്ടിലേക്ക്‌ തിരിച്ച്‌ പോകുന്ന കാര്യം ഇപ്പോഴും ആലോചിക്കുന്നുണ്ടോ.

മൈക്കിന്‌ നല്ല ഓർമ്മ ശക്തിയാണ്‌. കാർമന്റെ രണ്ടാം പിറന്നാളിന്റെ പാർട്ടിയ്‌ക്ക്‌ പറഞ്ഞതാണ്‌.

- അതിന്‌ വെനിസൂലയും ഇന്ത്യയും ഒരു പോലെയാണോ. അവിടെ ജനാധിപത്യമുണ്ടോ.

ലിൻഡയുടെ ഒഫീസിൽ നിന്നും വന്നവരിൽ ആരോ ഒരാൾ ചോദിച്ചു.

- ഞാൻ വിചാരിച്ചത്‌ ഷവേസ്‌ തെരഞ്ഞെടുപ്പിൽ ജയിച്ചാണ്‌ പ്രസിഡണ്ടായത്‌ എന്നാണ്‌.

മൈക്ക്‌ അയാളെ കളിയാക്കികൊണ്ട്‌ പറഞ്ഞു. ജനാധിപത്യ കാർഡ്‌ അധികം ചെലവാകാത്ത സമയമാണ്‌.

ജീവസുറ്റ ചർച്ചകൾ സമയം അപഹരിച്ചുകൊണ്ടിരുന്നു.

- മഹി ഒന്ന്‌ എന്റെ കുടെ വരാമോ

പുറത്ത്‌ തട്ടി വിളിക്കുന്ന ലിൻഡയെ എന്തിനാണെന്നറിയാതെ കുഴങ്ങുന്ന മുഖവുമായി നോക്കി. ലക്ഷ്മി അവരുടെ പിന്നിലുണ്ട്‌.

- വരു പറയാം.

അവരുടെ പിന്നാലെ നടന്ന്‌ കിടപ്പുമുറിയിലെത്തി. അരണ്ടവെളിച്ചത്തിൽ ഒരു കെട്ട്‌ എഴുത്തുകളും കുറച്ച്‌ ഫോട്ടാകളും അവരെടുത്തു. പിന്നെ ലൈറ്റ്‌ ഓൺ ചെയ്തു.

- ഇറ്റ്‌ ഈസ്‌ ഒകെ. ഇരിക്കു.

ഇരുവരും മടിച്ചു നിന്നപ്പോൾ അവർ പറഞ്ഞു. പിന്നെ സാവധാനം പറഞ്ഞുതുടങ്ങി.

- കഴിഞ്ഞ മുന്നാലുവർഷമായി ഈ കുട്ടിയുടെ വിദ്യാഭ്യാസത്തിനായി എല്ലാ മാസവും ഞാൻ അമ്പതു ഡോളർ അയയ്‌ക്കുമായിരുന്നു. നാലുമാസം മുമ്പ്‌ അയച്ചത്‌ തിരിച്ചു വന്നു. പിന്നെ ഒരിക്കൽ കൂടി ഞാൻ അയച്ചു. അതും തിരിച്ചു വന്നു. പിന്നീട്‌ ഞാൻ അയച്ചിട്ടില്ല.

ഫോട്ടോകൾ കൈമാറിക്കൊണ്ട്‌ ലിൻഡ പറഞ്ഞു

- നല്ല ഐശ്വര്യമുള്ള കുട്ടി. മാളുവിനേക്കാളും കുറച്ചുകൂടി പ്രായമുണ്ടെന്ന്‌ തോന്നുന്നു. എന്താ ഈ കുട്ടീടെ പേര്‌..

ലക്ഷ്മി ചോദിച്ചു..

- ചാന്ദ്‌നി. അവൾക്കിപ്പോ എട്ടു വയസായി. വടക്കെ ഇന്ത്യയിലെ ഈ അഡ്രസ്സിലേക്കാണ്‌ ഞാൻ പണമയക്കാറ്‌.

അഡ്രസ്സ്‌ കൈമാറിക്കൊണ്ട്‌ അവർ തുടർന്നു.

- ഇതൊരു നോൺ പ്രോഫിറ്റ്‌ ഏജൻസിയുടെ അഡ്രസ്സാണ്‌. അവളുടെ കത്തുകൾ വായിച്ചാൽ കരച്ചിൽ വരും. എപ്പോഴെങ്കിലും ഇന്ത്യയിലേക്ക്‌ പോകുമ്പോൾ അവളെ കാണണമെന്നുള്ളത്‌ എന്റെ ആഗ്രഹമാണ്‌. രണ്ടാഴ്‌ച കഴിഞ്ഞാൽ മഹി ഇന്ത്യയിലേക്ക്‌ പോകുന്നുണ്ടല്ലോ.

വർത്തമാനങ്ങൾക്കിടക്ക്‌ ഹൈദരാബാദ്‌ യാത്രയെക്കൂറിച്ച്‌ ലക്ഷ്മി പറഞ്ഞിരിക്കുന്നു. അഡ്രസ്സ്‌ നോക്കിയപ്പോൾ ദില്ലിക്കും മീററ്റിനും ഇടക്കുള്ള ഒരു സ്ഥലമാണെന്ന്‌ മനസിലായി.

- ബുദ്ധിമുട്ടിക്കുകയാണെന്നറിയാം. ഇന്ത്യയിൽനിന്നുള്ളവരിൽ നിങ്ങളുമായി മാത്രമെ ഞങ്ങൾക്ക്‌ ഇത്ര അടുപ്പമുള്ളൂ എന്നറിയാലോ. ഈ യാത്രയിൽ അവിടെ പോയി ഒന്ന്‌ അന്വേഷിക്കണം.

ആകെ രണ്ടാഴ്‌ചയാണുള്ളത്‌. ആദ്യത്തെയും അവസാനത്തെയും വീക്കെന്റുകൾ അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രക്ക്‌ വേണം. പിന്നെ ഇടയിലെ വീക്കെന്റിൽ നാട്ടിലേക്ക്‌ പോകണമെന്ന്‌ കരുതിയതാണ്‌. അമ്മയോട്‌ എന്തെങ്കിലും തൊടുന്യായം പറയേണ്ടിവരും.

- ഇപ്പ്‌ ഒന്നും പറയണ്ട. ആലോചിച്ച്‌ പറഞ്ഞാ മതി.

- അതിനെന്താ. മഹി പോയി അന്വേഷിക്കും.

അവളുടെ മനസ്സിൽ യഥാർത്ഥത്തിലെന്താണെന്ന്‌ ഇപ്പോൾ ഉറപ്പിക്കാൻ കഴിയില്ല.

- എന്താ വേണ്ടത്‌ ലക്ഷ്മി ?

തിരിച്ചുവരുമ്പോൽ കാറിൽ കയറിയ ഉടനെ ചോദിച്ചു. മഹിക്കെന്താ ഭ്രാന്തുണ്ടോ, വെറുതെ കാശും സമയവും കളയമെന്നല്ലാതെ എന്ന്‌ പറയുമെന്നാണ്‌ കരുതിയത്‌.

- ഒന്ന്‌ പോയിവന്നോളു. ആ കുട്ടീടെ ഫോട്ടോ കണ്ടപ്പോ ഞാൻ മാളൂനെ ഓർത്തു.

സ്നേഹത്തിന്റെ ആഴം അളക്കാൻ കഴിയില്ലെന്ന അറിവിന്‌ തെളിമ കൂടിവരികയാണ്‌. അങ്ങിനെയാണ്‌ യാത്രയ്‌ക്കിടയിൽ ഒരു ദിവസം ദില്ലിയിൽ പോകാൻ തീരുമാനിക്കുന്നത്‌.

“പോകണമന്ന്‌ തന്നെയാണോ തീരുമാനം?”

കനവുകളിൽനിന്നും ഞെട്ടിയുണർന്നു.

“പിറന്നാൾ ആഘോഷം കഴിഞ്ഞ ആഴ്‌ച്ച കഴിഞ്ഞുവോ അതോ ഈ ആഴ്‌ചയാണൊ എന്നറിയില്ല. അവരുടെ വീടായതുകൊണ്ട്‌ വിളിക്കാതെ പോയാലും കുഴപ്പമില്ല. എന്തായാലും ഒന്നു പോയിനോക്കാം.”

“ഇത്തിരി നേരത്തെ ഇറങ്ങണം. എന്തെങ്കിലും വാങ്ങണ്ടെ”

ടിവിയിൽ സിനിമക്കിടയിലെ ന്യൂസിനുള്ള ഇന്റർവെൽ ആണ്‌. കുട്ടികൾക്ക്‌ ഭക്ഷണം റെഡിയാക്കാൻ ലക്ഷ്മി അടുക്കളയിലേക്ക്‌ പോയി. പകൽവെളിച്ചത്തിൽ കണ്ണുകളടച്ച്‌ സ്വപ്നങ്ങളിൽ മനസ്സുറപ്പിച്ചു.

ദില്ലിയിൽ ധാരാളം ബന്ധുക്കളും സുഹൃത്തുക്കളുമുണ്ട്‌. അവരെയെല്ലാം ഒന്ന്‌ കണ്ട്‌ ചായ കുടിച്ച്‌ പിരിഞ്ഞാൽ ഒരു മാസം കടന്നുപോകുന്നതറിയില്ല. അതുകൊണ്ട്‌ അവിടെ ഒപ്പം പഠിച്ചവരുടെ അഡ്രസ്സ്‌ തപ്പിയെടുത്തു. ക്ലാസിൽ പതിനാറ്‌ പേർ ഉണ്ടായിരുന്നുവെങ്കിലൂം ഏറ്റവും അടുപ്പമുള്ളവർ മൂന്ന്‌ പേരാണ്‌. മധുരമായി ഗസൽ പാടുന്ന ഉദയ്‌​‍്‌ ശർമ്മ. മഞ്ഞുകാലം ഏറെ ഇഷപ്പെടുന്ന വിവേക്‌ ചതുർവേദി. രാത്രിക്ക്‌ ദൈർഘ്യം കുടുമ്പോൾ മനഃസുഖം കൂടുമത്രെ. മനുഷ്യന്‌ സ്വസ്ഥമായി ഉറക്കം കിട്ടുകയും ശരീരം അല്പം തടിക്കുന്ന കാലം. യൗവനത്തിൽനിന്നും മദ്ധ്യവയസ്സിലേക്ക്‌ കടന്ന വിവേകിന്റെ ഇപ്പോഴത്തെ അഭിപ്രായം എന്തായിരിക്കുമെന്ന്‌ ഊഹിക്കാൻ കൗതുകം തോന്നി. പിന്നെ ഇന്ദിരാഗന്ധിയുടെ വധത്തിന്റെ നാളുകളിൽ ഉന്മൂലനം ചെയ്യപ്പെട്ട ഒരു കുടുംബത്തിലെ ഹോസ്‌റ്റലിൽ താമസിക്കുന്നതുകൊണ്ട്‌ മാത്രം അവശേഷിച്ച നെഞ്ചിൽ നെരിപ്പോട്‌ കത്തുന്ന കുൽദീപ്‌ സിങ്ങും.

മൂന്നു പേരെയൂം എയർപ്പോർട്ടിൽ കണ്ടപ്പോൾ ആഹ്ലാദം തോന്നി. ലിൻഡ തന്ന അഡ്രസ്സ്‌ വിവേകിന്റെ വീടിനടുത്താണ്‌. അച്ഛന്‌ റെയിൽവേയിൽ ആയിരുന്നു ജോലി. മകനും റെയിൽവെയിൽ തന്നെ. ഈ കൊച്ചുനഗരത്തിന്‌ വലിയ മാറ്റമൊന്നുമില്ല. അങ്ങിങ്ങ്‌ കുറച്ച്‌ പുതിയ കെട്ടിടങ്ങൾ വന്നുവെന്നല്ലതെ. ഐടിയുടെ ഭൂതം ഒന്ന്‌ ആവേശിച്ചാൽ മതി. എല്ലാം പെട്ടെന്ന്‌ മാറും. പക്ഷെ അതിന്‌ അല്പം ഭാഗ്യവും കൂടി വേണമെന്ന്‌ മാത്രം.

കോളേജും റെയിൽവെ സ്‌റ്റേഷനും തട്ടുകടളും ചൂടുള്ള ചായയും സമോസയും പക്കുവടയും പുളിവെള്ളവും. പിന്നെ കനലിൽ ചുട്ടെടുത്ത റൊട്ടിയും, സബ്‌ജിയും, നീളമുള്ള അധികം എരിവില്ലാത്ത പച്ചമുളകും. ഹൈദരാബദ്‌ ഓഫീസിലെ ടെൻഷനിൽ നിന്നും മനസ്സിന്‌ ഉണർവ്‌ നല്‌കിയ രണ്ടു ദിവസമായിരുന്നു അവ.

- ആരാം കരോ ദോസ്ത്‌. ഡോണ്ട്‌ വറി. നമുക്ക്‌ അന്വേഷിക്കാം. എന്റെ ഒരു കസിൻ ഇവിടെ പൊലീസ്‌ സ്‌റ്റേഷനിലൂണ്ട്‌.

വിവരങ്ങൾ പറഞ്ഞപ്പോൾ വിവേക്‌ പറഞ്ഞു. ഇവിടെ പഠിക്കുന്ന കാലത്ത്‌ ഒരിക്കൽ ആ സ്‌റ്റേഷനിൽ പോയത്‌ ഇപ്പോഴും ഓർമ്മയുണ്ട്‌. ഉദയിന്റെ റെയിൽവെ സീസൺ ടിക്കറ്റ്‌ നഷ്ടപ്പെട്ട്‌ റിപ്പോർട്ട്‌ ചെയ്യാൻ പോയതായിരുന്നു. ബാല്യവും കൗമാരവും സന്ധിക്കുന്ന പ്രായത്തിൽ നാട്ടിലുള്ള പൊലീസ്‌ സ്‌റ്റേഷനടുത്തുകൂടെ നടന്നുപോകുമ്പോൾ കേട്ട അലറി കരച്ചിലിന്റെ ദുഃസ്വപ്നങ്ങൾ വിട്ടു മാറിയിരുന്നില്ല. ആദ്യമായി പോലീസ്‌ മർദ്ദനം നേരിട്ട്‌ കണ്ടത്‌ ഇവിടെവെച്ചാണ്‌. പോക്കറ്റടിച്ച്‌ പിടിക്കപ്പെട്ട നിർഭാഗ്യവാനായ ഒരു ചെറുപ്പക്കാരൻ. അന്ന്‌ ദേഹമാകെ ദുഃഖവും രോഷവും പെരുത്തുകയറി. മനുഷ്യവകാശക്കാർ ഇത്രയേറെ സജീവമല്ലാത്ത കാലം. ഇനി ഉണ്ടായാലും വലിയ കാര്യമൊന്നും ഉണ്ടെന്ന്‌ തോന്നുന്നില്ല.

വേണ്ടപ്പെട്ടവർ ഉണ്ടെങ്കിൽ പോലിസ്‌ സ്‌റ്റേഷനുകൾ മാതൃക കേന്ദ്രങ്ങളാണ്‌.

- ദെയറിസ്‌ ഗുഡ്‌ ന്യൂസ്‌ ആൻഡ്‌ ബാഡ്‌ ന്യൂസ്‌. ആക്‌ച്യലി ദെയറിസ്‌ നൊ ഗുഡ്‌ ന്യൂസ്‌, ഓൺലി ബാഡ്‌ ന്യൂസ്‌.

ധാരാളം ഇംഗ്ലീഷ്‌ സിനിമകൾ കണ്ടതിന്റെ ഹാങ്ങോവറിൽ പകുതി തമാശയായൂം പകുതി കാര്യമായൂം വിവേകിന്റെ കസിൻ പറഞ്ഞു തുടങ്ങി.

- നാലഞ്ച്‌ മാസം മുമ്പാണ്‌ അവരുടെ ഓഫിസ്‌ പൂട്ടിച്ചത്‌. ഇപ്പൊ എല്ലാവരും അകത്താണ്‌. അതിന്റെ ലീഡർ മാത്രം വിദേശത്തേക്ക്‌ കടന്നു കളഞ്ഞു. അവര്‌ നോൺ പ്രോഫിറ്റ്‌ ഒന്നും അല്ല. ടെറിബിൾ ഹൈ പ്രോഫിറ്റ്‌ ആണ്‌.

ദില്ലിയിൽ കേൾക്കുന്ന ഹിന്ദിയൂം ഈ നാടൻ ഹിന്ദിയും തമ്മിൽ വ്യത്യാസമുണ്ട്‌. എങ്കിലും മനസിലാവും.

- കുട്ടികളെ പഠിപ്പിക്കുന്നതിനെന്ന്‌ പറഞ്ഞ്‌ സായ്പമ്മാരെ പറ്റിച്ചാണ്‌ തുടക്കം. നമ്മളെയൊക്കെ പറ്റിച്ച്‌ അവരും കൂറെ കുന്നുകൂട്ടിയിട്ടുണ്ടല്ലൊ.

ലിൻഡയെ ഓർത്തപ്പോൾ എല്ലാവരും അങ്ങിനെയല്ലെന്ന്‌ പറയണമെന്ന്‌ തോന്നി. അയാളുടെ കഥ പറയുന്ന രസചരട്‌ അപ്പോൾ മുറിക്കണമെന്ന്‌ തോന്നിയില്ല.

- പിന്നിട്‌ കള്ളപ്പണം, കുഴൾ പണം അങ്ങിനെ പലതും. അതീ സ്‌റ്റേഷനിലെ എല്ലാവർക്കും അറിയാമായിരുന്നു. ഇവിടെ പലർക്കും ധാരാളം കിമ്പളവും കിട്ടുമായിരുന്നു. അടുത്തകാലത്തായി അവർ ഡ്രഗ്സും കൊച്ചു പെൺകുട്ടികളെ വിദേശത്തേക്ക്‌ കടത്തലും തുടങ്ങി. നോർത്ത്‌ ഈസ്‌റ്റേൺ സ്‌റ്റേർസും ബംഗ്ലാദേശും ആണ്‌ അവരുടെ മെയിൻ റൂട്ട്‌.

അമ്പരന്ന മുഖവുമായി നില്‌ക്കുന്ന വിവേകിനെ നോക്കിയപ്പോൾ ഈ നാട്ടുകാരനായ അയാൾക്കു പോലൂം സംഗതിയുടെ ആഴവും പരപ്പും അപ്പോഴാണ്‌ പൂർണ്ണമായും മനസ്സിലാകുന്നതെന്ന്‌ തോന്നി.

- കൊച്ചുപെൺകുട്ടികളെ കാണാതായി തുടങ്ങിയപ്പോൾ നാട്ടുകാർ ഇളകി. എന്റെ ജീവിതത്തിൽ ആദ്യമായൂം അവസാനമായൂം മനഃസുഖത്തോടെ ടോർച്ചർ ചെയ്തിട്ടുള്ളത്‌ ഇവരെയാണ്‌.

പ്രതികളുടെ ഫോട്ടോ കാണിച്ച്‌ കൊണ്ട്‌ അയാൾ പറഞ്ഞു.

- ഇവരെ പിടിക്കുന്ന സമയത്ത്‌ ഉണ്ടായിരുന്ന കുട്ടികളെ അടുത്തുള്ള ഓർഫനേജിൽ കൊണ്ടാക്കി. മൂന്നാല്‌ കൊല്ലമായി പണമയക്കുന്നു എന്നല്ലെ പറഞ്ഞത്‌. ഈ കുട്ടി അവിടെ ഉണ്ടാകാൻ വഴിയില്ല. ഈ കുട്ടിയെ കണ്ടതായി ഓർക്കുന്നുമില്ല.

ചാന്ദ്‌നിയുടെ ഫോട്ടോ നോക്കിക്കൊണ്ട്‌ അയാൾ പറഞ്ഞു. ഒന്നോ രണ്ടോ വെടിയൂണ്ടകൾ കൊണ്ടോ പെട്ടെന്നുള്ള ഹൃദയാഘാതം കൊണ്ടോ നിമിഷങ്ങൾക്കകം ജീവിതം വെടിയുന്നവർ ഭാഗ്യവന്മാരാണ്‌. എന്നാൽ ചാന്ദ്‌നി ഇപ്പോൾ എവിടെയായിരിക്കുമെന്നൂം എങ്ങിനെയായിരിക്കുമെന്നൂം ഓർക്കാൻ ഭയം തോന്നി.

മാളുവിനെയൂം ചാന്ദ്‌നിയേയും താരതമ്യം ചെയ്യുന്ന വിഹ്വലമയ മനസ്സിനെ നിയന്ത്രിക്കാനാകാതെ, മൈക്കിനോടും ലിൻഡയോടും എന്ത്‌ പറയണമെന്നറിയാതെ ഉഴറിയ നരകയാത്രയായിരുന്നു തിരിച്ചുള്ള യാത്ര. തിരച്ചെത്തിയാൽ ഹാങ്ങോവറും ജെറ്റ്‌ലാഗും ഒരാഴ്‌ച കളയുമെന്നുള്ളതുകൊണ്ട്‌ ലൈറ്റ്‌ ബീർ മാത്രമെ വിമാനയാത്രയിൽ കഴിക്കാറുള്ള. എന്നാൽ ഈ യാത്രയിൽ സുന്ദരിയായ എയർ ഹോസ്‌റ്റസ്‌ മുഖം കറുപ്പിച്ചിട്ടും തുടരെ തുടരെ വിസ്‌കി കഴിച്ചുകൊണ്ടിരുന്നു.

“എന്തൊരു ഇരിപ്പാണത്‌. മണി രണ്ട്‌ കഴിഞ്ഞു. ഇന്ന്‌ പല്ലും കൂടി തേച്ചട്ടില്ലാ അല്ലെ”

ലക്ഷ്മിയുടെ പരിഭവം കുട്ടികളുടെ ഭക്ഷണം കൊടുത്തതും ടിവിയിലെ സിനിമ കഴിഞ്ഞതും അറിയിച്ചു. ഇനി സിനിമ വൈകുന്നേരമെ ഉള്ളൂ.

ഇന്ന്‌ അലാസ്‌കയിൽ സൂര്യൻ അസ്തമിക്കാത്ത ദിവസമാണ്‌. എന്നാൽ ലിൻഡയുടെ സ്വപ്നങ്ങൾ അസ്തമിക്കുന്ന ദിവസവും. ഇരുളുന്നതിന്‌ മുമ്പ്‌ പുറപ്പെട്ടു. വഴിയിൽ ലോകത്തിലെ ഏറ്റവും വലിയ സൂപ്പർമാർട്ടിന്റെ സെന്ററിന്‌ മുമ്പിൽ എത്തിയപ്പോൾ ലക്ഷ്മി മാത്രമെ ഇറങ്ങിയുള്ളൂ.

ബാക്‌ സീറ്റിലെ ഡിവിഡി പ്ലേയറിൽ നിന്നും സ്പൻജ്‌ ബാബിന്റെയും സ്‌ക്വിഡ്‌വാഡിന്റയും അലർച്ച തുടർച്ചയായി കേട്ടുകൊണ്ടിരുന്നു. അമ്മ ഇറങ്ങി പോയത്‌ കുട്ടികൾ അറിഞ്ഞിട്ടില്ല.

ഷോപ്പിങ്ങ്‌ അവസാനിപ്പിച്ച്‌ ലക്ഷ്മി വേഗം പുറത്തുവന്നപ്പോൾ അത്ഭുതം തോന്നി. വാതിൽ മുട്ടി വിളിച്ചപ്പോൾ ലിൻഡയുടെ അനുജത്തിയാണ്‌ തുറന്നത്‌. ഡിന്നർ ടൈമിലെ സെയിൽസ്‌ കാളും, പ്രതിക്ഷിക്കാത്ത അതിഥികളും ഇവിടെ മര്യാദയുടെ ഭാഗമല്ല.

“വരു അകത്തിരിക്കാം”

“മൈക്കും ലിൻഡയൂം.....?”

“അവർ വെനിസുലയിലേക്ക്‌ തിരിച്ചു പോയല്ലോ. മൈക്കിന്റെ ഡാഡ്‌ മരിച്ചു. അതിന്റെ ആവശ്യത്തിനാണ്‌ പോയത്‌. മൈക്കിന്റെ വയസ്‌സായ അമ്മ മാത്രമെ അവിടെ ഉള്ളൂ. അവരവിടെ സെറ്റിൽ ചെയ്യാൻ തീരുമാനിച്ചു. കാർമനെ അവിടെ സ്‌കൂളിൽ ചേർത്തു.”

ഒരു നിമിഷം സന്തോഷിക്കണോ ദുഃഖിക്കണമോ എന്നറിയതെ മനസ്‌ തുടിച്ചു.

“ഇനിയെപ്പഴാ തിരിച്ചു വർവാ”

“ഈ വീട്‌ ഞങ്ങള്‌ വാങ്ങിച്ചു. അതിന്റെ രജിസ്‌റ്റ്രേഷന്‌ രണ്ടാഴ്‌ച്ച കഴിഞ്ഞാൽ മൈക്ക്‌ വരുന്നുണ്ട്‌. മൈക്കിനോട്‌ എന്തെങ്കിലും പറയണോ. ലിൻഡയും കുട്ടികളും വരുന്നുണ്ടാകില്ല. കയറിയിരിക്കു,”

മൈക്കിനോട്‌ പറയണമെന്നോ വേണ്ടെന്നോ പറഞ്ഞില്ല. ചാന്ദ്‌നിയെക്കുറിച്ച്‌ അവർ അറിയാതെയിരിക്കുന്നതാണ്‌ നല്ലത്‌.

“നിങ്ങളുടെ ഡിന്നർ ടൈമിൽ ബുദ്ധിമുട്ടിക്കുന്നില്ല. ഞങ്ങള്‌ പോട്ടെ”

തിരിച്ചിറങ്ങുമ്പോൽ ബാക്കിയുണ്ടായിരുന്ന പകൽ വെളിച്ചവും മറഞ്ഞിരുന്നു.

“ഇവിടെ ഒന്ന്‌ നിർത്താമോ. അഞ്ചു മിനുറ്റ്‌ മതി.”

നീലയും വെള്ളയും നിറഞ്ഞ മാളിന്റെ വലിയ ബോർഡ്‌ കണ്ട്‌ ലക്ഷ്മി പറഞ്ഞു.

“നിനക്കെന്താണ്‌ ലക്ഷ്മി. ഇപ്പൊ തന്നെ ഇവിടെ കേറിയല്ലേയുള്ളൂ. നാളെ ഓഫീസിൽ പോണ്ടെ”

വെറുതെ പറയാമെന്നല്ലാതെ കാര്യമൊന്നുമില്ല. അഞ്ചു മിനിറ്റ്‌ മണിക്കൂറുകളാകുമെന്ന്‌ അറിയാഞ്ഞിട്ടല്ല. ഹോർമോണുകളുടെ രൗദ്രഭാവവും കിടപ്പുമുറിയിലെ പട്ടിണിയും ഓർത്ത്‌ വണ്ടി മാളിലേക്ക്‌ തിരിച്ചു. ഷോപ്പിങ്ങും ഫാസ്‌റ്റ്‌ ഫൂഡും കഴിഞ്ഞ്‌ ഇറങ്ങുമ്പോഴേക്കും അർദ്ധരാത്രിയോടടുത്തിരുന്നു. കാറിൽ കയറിയപ്പോഴെക്കും കുട്ടികൾ ഉറങ്ങി.

“നാട്ടില്‌ സ്മാർട്ട്‌ സിറ്റി വരുന്നുണ്ടത്രെ. നമുക്കൊന്ന്‌ ട്രൈ ചെയ്താലോ?”

മൗനത്തിന്റെ ദൈർഘ്യം മനസ്സ്‌ കലുഷമാക്കുന്നതറിഞ്ഞ്‌ ലക്ഷ്മിയോട്‌ ചോദിച്ചു.

“മഹിക്കെന്താ വട്ടുണ്ടോ”

പാതി മയക്കത്തിൽ നിന്നൂം ഉണർത്തിയതിന്റെ നീരസത്തിൽ അവൾ പുലമ്പി. ആകാശത്തിലിരുന്ന്‌ അപ്പോഴും ചൊവ്വയും ശുക്രനും ചിരിക്കുന്നുണ്ടായിരുന്നു.

അമ്പഴക്കാട്ട്‌ ശങ്കരൻ


E-Mail: ambazhakkattu@comcast.net




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.