പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

അഴിമതി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബാബുരാജ്‌ ടി.വി.

രാജ്യത്തിന്‍റെ സമ്പത്തു മുഴുവനും നേതാവിന്‍റെ സ്വിസ് ബാങ്ക് അക്കൗണ്ടിലും മറ്റു സ്ഥാവരജംഗമ വസ്തുക്കളിലുമായി കുമിഞ്ഞുകൂടിയപ്പോള്‍ ദരിദ്രമായ രാജ്യത്തെ, സഹികെട്ട ജനങ്ങള്‍, എല്ലാ എതിര്‍പ്പുകളേയും , വിലക്കുകളേയും, ശക്തികളേയും മറികടന്ന് പല തവണ മന്ത്രിപദം അലങ്കരിച്ച നേതാവിനെ പിടിച്ച് ഒരുമരത്തില്‍ കെട്ടിയിട്ടു. "ഇയാള്‍ക്കുള്ള ശിക്ഷ എന്താണ്?", അവിടെ കൂടിനിന്ന പലരിലും ന്യായമായ സംശയം ഉടലെടുത്തപ്പോള്‍ ഒരു പൊതു അഭിപ്രായം രൂപപ്പെട്ടു. " ഇയാളെ നമുക്കു മന്ത്രവാദിയുടെ അടുത്തേയ്ക്ക് കൊണ്ടുപോകാം. അയാള്‍ക്കേ ഇതിനൊരു തീര്‍പ്പുണ്ടാക്കനാകൂ." ആ അഭിപ്രായത്തോട് എല്ലാവരും ഒറ്റക്കെട്ടായി യോജിച്ചു. മരത്തില്‍ നിന്നു കെട്ടഴിച്ച നേതാവിന്‍റെ കൈകള്‍ കൂട്ടിക്കെട്ടി, ജനം അയാളെ വഴിയിലൂടെ വലിച്ചിഴച്ച് മന്ത്രവാദിയുടെ അടുത്തേയ്ക്കു യാത്രയായി.

എല്ലാം അകക്കണ്ണില്‍ ദര്‍ശിച്ച മന്ത്രവാദി ഒരെതിരേല്‍ പ്പോടെയാണ് ജനത്തെ വരവേറ്റത്. മന്ത്രവാദിയുടെ ആജ്ഞാനുസരണം മന്ത്രക്കളത്തിനു മുന്നില്‍ നാട്ടിയിരുന്ന രണ്ടു മരക്കുറ്റികള്‍ക്കിടയില്‍ നേതാവിനെ നിര്‍ത്തി കൈകാലുകള്‍ മരക്കുറ്റികളില്‍ ബന്ധിച്ചു. മന്ത്രവാദി നേതാവിന്‍റെ ചുറ്റും ഒന്നു നടന്ന് അയാളെ സൂക്ഷ്മാവലോകനം ചെയ്തിട്ട്, തന്‍റെ കയ്യിലിരുന്ന പിടികെട്ടിച്ച ചൂരല്‍ വടി കൊണ്ട് നേതാവിന്‍റെ ചന്തിയില്‍ ഒന്നാഞ്ഞടിച്ചു. വേദനകൊണ്ടു പുളഞ്ഞ നേതാവ് പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖനെപ്പോലെ ഒന്നു ചീറി. "കൊടിയ ദുരാത്മാക്കളാണ് നിന്നെ പിടികൂടിയിരിക്കുന്നത്! വരാന്‍ പോകുന്ന ക്രിയകള്‍ ഇതിലും കഠിനമാകും!” നേതാവിനു താക്കീതു നല്‍കിക്കൊണ്ട്, മന്ത്രവാദി തുടര്‍ന്നു, “ഇനി പൂജാസാമഗ്രികളും പതിനൊന്നു കലശങ്ങളും എത്രയും വേഗം തയ്യാറാക്കണം. ” മന്ത്രവാദിയുടെ ദുര്‍ഗ്രാഹ്യമായിരുന്ന വഴികളെ ചോദ്യം ചെയ്യാന്‍ മുതിരാതെ അയാളില്‍ വിശ്വാസമര്‍പ്പിച്ച ജനം ഉടന്‍തന്നെ എല്ലാ സാമഗ്രികളും ഒരുക്കി കഴിഞ്ഞപ്പോള്‍ അവരോടായി മന്ത്രവാദി തന്‍റെ മനോഗതം വെളിപ്പെടുത്തി, " ആറേഴു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കടുത്ത ക്രിയകളാണു ഞാന്‍ ഇവിടെ അനുഷ്ഠിക്കാന്‍ പോകുന്നത്. അതിന്‍റെ അവസാനം നിങ്ങള്‍ ഇച്ഛിക്കുന്നതെന്തോ അതു ലഭിക്കും. അതുകൊണ്ട് ക്ഷമയോടെ കാത്തിരിക്കുക....."

തന്‍റെ ശിങ്കിടികളെ വിളിച്ചുകൂട്ടി പൂജാവിധികള്‍ വിസ്തരിക്കുകയും, അതിനുവേണ്ട സകലനിര്‍ദ്ദേശങ്ങ ള്‍ നല്‍കിയ ശേഷം മന്ത്രവാദി പ്രശ്നം വയ്ക്കാനിരുന്നു.. ഇതിനകം അത്യാവശ്യം വേണ്ട താല്‍ക്കാലിക സര്‍വീസുകള്‍ ഏര്‍പ്പെടുത്താന്‍ ജാതിമതഭേദമന്യേ ജനം മുന്‍ കൈയെടുത്തു. അതില്‍ പ്രധാനമായും മൂത്രപ്പുര, ടെലിഫോണ്‍ ബൂത്ത്, ചായക്കട, വൈദ്യശാല, പൊതുപ്രാര്‍ത്ഥനാലയം എന്നിവ എടുത്തുപറയേണ്ടതാണ് .

പ്രശ്നത്തില്‍ തെളിഞ്ഞ കാര്യങ്ങളുടെ വിശദാംശങ്ങളറിയാനായി പുരുഷാരം വീര്‍പ്പടക്കി നിന്നു. പ്രശ്നത്തിന്‍റെ പരിസമാപ്തിയെന്നോണം ഒരു നിമിഷം ധ്യാനനിമഗ്നനായ മന്ത്രവാദി മെല്ലെ കണ്ണുകള്‍ തുറന്നു. ചുറ്റും കൂടിനിന്നവരെ ഒന്നു കണ്ണോടിച്ചിട്ട് കനത്ത ശബ്ദത്തില്‍ അയാള്‍ പറഞ്ഞു, " ഒന്നും രണ്ടുമല്ല പതിനൊന്നു ദുരാത്മാക്കളാണു ഈ നേതാവിനെ പിടികൂടിയിരിക്കുന്നത്! അതുകൊണ്ടുതന്നെ ഇയാള്‍ ചെയ്തിരിക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണവും കൂടും...അതില്‍ പ്രധാനമായി പറയേണ്ടത് രാജ്യത്തെ സമ്പത്തിന്‍റെ സിംഹഭാഗവും ഇയാളുടെ കൈപ്പിടിയിലാണെന്നുള്ളതാണ്...... അതു വീണ്ടെടുക്കാനുള്ള ശ്രമത്തില്‍ എത്തേണ്ടിടത്തു തന്നെയാണ് നിങ്ങള്‍ എത്തിയിരിക്കുന്നത്. ഇയാള്‍ ചെയ്തുകൂട്ടിയിരിക്കുന്ന കൊടുംപാതകങ്ങള്‍ക്കു പ്രതിവിധിയായി ആഭിചാരക്കര്‍മ്മങ്ങള്‍ക്കാണു ഇവിടെ മുന്‍തൂക്കം! അതുകൊണ്ട് യഥാവിധി അവരവരുടെ ദൈവങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് പൂജാകര്‍മ്മങ്ങളില്‍ എല്ലാവരും സഹകരിക്കുക... ഇനിയിപ്പൊ സന്ധ്യാവന്ദനത്തിനുള്ള സമയമായി... സന്ധ്യാവന്ദനം കഴിഞ്ഞ് ദുരാത്മാക്കളെ ഒഴിപ്പിക്കാനുള്ള പൂജാകര്‍മ്മങ്ങള്‍ തുടങ്ങാം....." സന്ധ്യാവന്ദനത്തിനു മുന്‍പ് ദേഹശുദ്ധി വരുത്താനായി മന്ത്രവാദി എഴുന്നേറ്റ് നടന്നു നീങ്ങി.

വൈദ്യുതിയുടെ അപര്യാപ്തത പരിഹരിക്കാനായി അതാതിടങ്ങളില്‍ കത്തിച്ചുവെച്ചിരുന്ന ഗൃഹാതുരത്വമുണര്‍ത്തുന്ന പെട്രോമാക്സുകളുടേയും അരിക്കലാമ്പു കളുടേയും ദീപ്തിയില്‍ പൊതുപ്രാര്‍ത്ഥനാലയത്തിനു മുന്നില്‍ വിശ്വാസികളുടെ ഒരു നീണ്ട നിരതന്നെ കാണപ്പെട്ടു. മൂത്രപ്പുരയിലും, ടെലിഫോണ്‍ ബൂത്തിലും, ചായക്കടയിലും, വൈദ്യശാലയിലും പൊതുവേ തിരക്കനുഭവപ്പെട്ടു. വാര്‍ത്താമാധ്യമക്കാരുടെ ചുറ്റും ജനം ഈച്ചകളെപ്പോലെ പൊതിഞ്ഞിരുന്നുവെങ്കിലും ജനങ്ങളുടെ തന്നെ പൂര്‍ണ്ണസമ്മതത്തോടും അറിവോടും കൂടി തല്‍സമയ സംപ്രേക്ഷണങ്ങളെല്ലാം മുറപോലെ നടന്നു കൊണ്ടിരുന്നു.

കുളിച്ച് ഈറനണിഞ്ഞു വന്ന മന്ത്രവാദി മന്ത്രക്കളത്തിനു ചുറ്റും മൂന്നുവട്ടം പ്രദിക്ഷണം വെച്ച് ഒരുവശത്തു തയ്യാറാക്കിയിരുന്ന ഹോമകുണ്ഡത്തിനു മുന്നില്‍ ഇരുന്ന് തിരിയിട്ടു വെച്ചിരുന്ന നിലവിളക്ക് കൊളുത്തി പരദൈവങ്ങളെ പ്രാര്‍ത്ഥിച്ചു . കര്‍പ്പൂരദീപങ്ങള്‍ തെളിഞ്ഞു. ചന്ദനത്തിരിയുടെ സുഗന്ധം പരന്നു. നേതാവിന്‍റെ കടുത്ത ചെറുത്തുനില്‍പ്പിനെ വിഫലമാക്കി, അയാളെ വിവസ്ത്രനാക്കി ചുവന്ന പട്ടുകോണാനുടുപ്പിച്ചു. എണ്ണയില്‍ പഴുപ്പിച്ച വള്ളിചൂരലുകളും പുളിവാറലുകളുമായി ശിങ്കിടികള്‍ നേതാവിനരികില്‍ നിലയുറപ്പിച്ചു. കടുംതുടിയുടെ ഉയര്‍ന്നു പൊങ്ങിയ താളലയത്തില്‍ മന്ത്രവാദി ഉറഞ്ഞുതുള്ളി. പതിനൊന്നു കലശങ്ങളില്‍ ഒന്നാം കലശത്തിന്‍റെ മൂടിയഴിച്ച് ഹോമകുണ്ഡത്തിനരികെ വെച്ചു. മഞ്ഞള്‍ പ്പൊടിയും പൂവും വാരിയെറിഞ്ഞ് മന്ത്രവാദി മന്ത്രങ്ങള്‍ ഉരുക്കഴിച്ചു. കുത്തിനിര്‍ത്തിയ പന്തങ്ങള്‍ അഗ്നിഫണങ്ങള്‍ വിടര്‍ത്തി. വള്ളി ചൂരലേന്തി അക്ഷമനായി കാത്തുനിന്ന ആജാനുബാഹുവായ ശിങ്കിടിയ്ക്ക് മണിയൊച്ചയോടൊപ്പം മന്ത്രവാദി മൗനാനുവാദം കൊടുത്തപ്പോള്‍, അയാളുടെ കയ്യിലെ വള്ളി ചൂരല്‍ വെള്ളിടികളായി നേതാവിന്‍റെ ചന്തിയില്‍ വീഴാന്‍ തുടങ്ങി. ജീവിതത്തിലാദ്യമായി വേദനയെന്തന്നറിഞ്ഞ നേതാവിന്‍റെ കണ്ണുകളില്‍ പൊന്നീച്ചകള്‍ പാറി, വായില്‍ നുരയും പതയും വന്നു. നീണ്ട ഇരുപത്തഞ്ചു വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ താന്‍ പറഞ്ഞു കൂട്ടിയ നുണകളെല്ലാം കുത്തിയൊഴുകുന്ന ഒരു പുഴപോലെ നേതാവിന്‍റെ സ്മൃതിപഥ ത്തില്‍ ഓടിയെത്തി, പിച്ചുംപേയും പോലെ പുറത്തേയ്ക്കൊഴുകി. ശരീരം ഭയങ്കരമായി വിറകൊണ്ട നേതാവ് മോഹാലസ്യത്തിലേയ്ക്കു ആണ്ടുപോയി. നേതാവിന്‍റെ ശരീരം വിട്ടൊഴിഞ്ഞ ഒരു നുണയന്‍റെ ദുരാത്മാവിനെ വളരെ ചടുലതയോടെ മന്ത്രവാദി ഒന്നാം കലശത്തില്‍ ബന്ധിച്ച്, ഭദ്രമായി ചുവന്ന ഒരു പട്ടില്‍ പൊതിഞ്ഞ് മാറ്റി വെച്ചിട്ട്, രണ്ടും മൂന്നും കലശങ്ങളുടെ മൂടികള്‍ തുറന്നു. തിണര്‍പ്പകറ്റുന്നതും എന്നാല്‍ വേദന നിലനിര്‍ത്തുന്നതുമായ ഒരു വിശേഷ ലേപനം നേതാവിന്‍റെ ചന്തിയില്‍ തേച്ചുപിടിപ്പിച്ചു. മന്ത്രോച്ചാരണങ്ങളുടെ പ്രതിധ്വനി നേതാവിനെ മോഹാലസ്യത്തില്‍ നിന്നുണര്‍ത്തി. പൂജാകര്‍മ്മങ്ങള്‍ക്കൊപ്പം ത്വരിതഗതി പ്രാപിച്ച ചൂരല്‍ പ്രയോഗത്തിന്‍റെ അതികാഠിന്യം നേതാവിന്‍റെ ശരീരത്തില്‍ കുടികൊണ്ടിരുന്ന പരേതാത്മാക്കളില്‍ വിഹ്വലത പടര്‍ത്തി. വള്ളിചൂരലേല്‍പ്പിച്ചുകൊണ്ടിരുന്ന ആഘാതം നേതാവില്‍ വേദനയുടെ പേമാരി ചൊരിഞ്ഞു. രാഷ്ട്രീയ ജീവിതം തുടങ്ങുന്നതിനു തൊട്ടു മുന്‍പ് അല്ലറ ചില്ലറ മോഷണങ്ങളും പിടിച്ചുപറിയും നടത്തി കാലക്ഷേപം കഴിച്ചിരുന്ന തന്‍റെ ആ ഭൂതകാലം അയാളുടെ ബോധമണ്ഡ ലത്തില്‍ അപഥസഞ്ചാരം നടത്തി. കൊടുമ്പിരിക്കൊണ്ട മന്ത്രധ്വനികളില്‍ ജ്വരബാധിതനെപ്പോലെ വിറയ്ക്കാന്‍ തുടങ്ങിയ നേതാവിനെ ബോധക്ഷയത്തിലേയ്ക്കു തള്ളിവിട്ട് അയാളുടെ ശരീരത്തില്‍ നിന്നു ഒരുമിച്ചു പുറത്തു ചാടിയ ഒരു പിടിച്ചുപറിക്കാരന്‍റെയും, ഒരു മോഷ്ടാവിന്‍റെയും പരേതാത്മാക്കളെ തല്‍ക്ഷണം ആവാഹിച്ച് മന്ത്രവാദി രണ്ടും മൂന്നും കലശങ്ങളിലായി ബന്ധിച്ച് ചുവന്ന പട്ടില്‍ പൊതിഞ്ഞ് മാറ്റിവെച്ചു. അനന്തരം അരങ്ങേറിയ കഠിന ക്രിയകളിലൂടെ നേതാവിന്‍റെ ശരീരത്തില്‍ നിന്നു മന്ത്രവാദി ഒഴിപ്പിച്ചെടുത്ത ഗുണ്ടയുടേയും, മദ്യപന്‍േറയും , ജനവഞ്ചകന്‍േറയും, കൈക്കൂലിക്കാരന്‍േറയും, അവസരവാദിയുടേയും ദുരാത്മാക്കളെ ഓരോരോ കലശങ്ങളിലായി അടക്കം ചെയ്ത് ചുവന്ന പട്ടില്‍ പൊതിഞ്ഞ് സൂക്ഷിച്ചുവെച്ചു.

എണ്ണ വറ്റി തുടങ്ങിയ നിലവിളക്കുകളിലെല്ലാം ശിങ്കിടികള്‍ എണ്ണ നിറച്ചു. ബോധക്ഷയത്തില്‍ നിന്നുണര്‍ന്ന നേതാവ് മുരളാന്‍ തുടങ്ങിയപ്പോള്‍, അയാളുടെ ചന്തിയിലെ പൊട്ടിയ വടുക്കളില്‍ വെണ്ണപോല്‍ അരച്ചെടുത്ത ഉപ്പും മുളകും തേച്ചുപിടിപ്പിച്ചു. അസഹനീയമായ നീറ്റല്‍ കൊണ്ടു പുളഞ്ഞ നേതാവ് രാഷ്ട്രീയ പ്രസംഗത്തിലെന്നപോലെ അപശബ്ദങ്ങള്‍ പുറപ്പെടുവിക്കാന്‍ തുടങ്ങി. ദ്രുതഗതിയിലായ കടും തുടിയുടെ കൊടും താളത്തില്‍ മന്ത്രങ്ങള്‍ ഉരുവിട്ട് മന്ത്രവാദി വീണ്ടും ഉറഞ്ഞു തുള്ളി. വള്ളിചൂരലേന്തിയവനെ പിന്‍തള്ളി പുളിവാറലുകാരന്‍ സ്ഥാനമേറ്റു. പുളിവാറല്‍ കൊണ്ടുള്ള മാംസം ഭേദിക്കുന്ന മര്‍ദ്ദനം അസ്ഥികളില്‍ വേദനയുടെ രക്താഭിഷേകം നടത്തി നേതാവിന്‍റെ ഓര്‍മ്മയുടെ ശവക്കല്ലറ തുറപ്പിച്ചു. . മയക്കുമരുന്നു ചേര്‍ത്ത ഐസ് ക്രീം കൊടുത്തു മയക്കി, ബലാല്‍സംഗം ചെയ്തു കൊന്ന ഒരു സ്ത്രീയുടെ കരിനീലിച്ച മുഖം നേതാവിന്‍റെ മനസ്സിനെ വിഭ്രാന്തിയിലേയ്ക്കാഴ്ത്തി . അപസ്മാര ബാധയേറ്റവനെപ്പോലെ വായില്‍ നിന്നു നുരയും പതയും പുറ ത്തേയ് ക്കൊഴുകിയ നേതാവിന്‍റെ ശരീരം വിട്ടൊഴിഞ്ഞ വ്യഭിചാരിയുടെയും ഘാതകന്‍റെയും കൊടിയ ദുരാത്മാക്കളെ വളരെ പണിപ്പെട്ടു ബന്ധനത്തിലാക്കി, രണ്ടുകലശങ്ങളിലായി അടക്കം ചെയ്തിട്ട്, മന്ത്രവാദി എഴുന്നേറ്റ് പൂജാകര്‍മ്മങ്ങളില്‍ പങ്കെടുത്തുനിന്നവരെ അഭിസംബോധന ചെയ്തു, " ഇനി ഈ നേതാവിന്‍റെ ശരീരത്തില്‍ അവശേഷിക്കുന്നത് രാഷ്ട്രീയ രക്തസാക്ഷിയായ വെറുമൊരു സത്യസന്ധന്‍റെ ദുരാത്മാവു മാത്രമായതിനാല്‍ ഇയാളുടെ ശരീരത്തില്‍ നിന്ന് അതിനെ ഞാന്‍ ഒഴിപ്പിക്കുന്നില്ല...."

"എന്തുകൊണ്ടു മഹാത്മാവേ..." ഒറ്റശബ്ദത്തില്‍ ഒരു രോദനം പോലെ ജനത്തിന്‍റെ തൊണ്ടയിടറി.

" അല്പം അപകടം പിടിച്ച പണിയാണെങ്കിലും, സത്യസന്ധന്‍റെ പരേതാത്മാവിനെ കുടിയൊഴിപ്പിക്കുന്നതിനു പകരം നേതാവിന്‍റെ സ്വന്തം ആത്മാവിനെ തന്നെയാണ് അയാളുടെ ശരീരത്തില്‍ നിന്നും ആട്ടിപ്പായിക്കാന്‍ പോകുന്നത്!! അത്രയ്ക്കു ജനദ്രോഹമാണ് ഈ ആത്മാവു ചെയ്തുകൂട്ടിയിരിക്കുന്നത്!!! ദുഷിച്ച രാഷ്ട്രീയക്കാരന്‍റെ ആത്മാവിനു പകരം സത്യസന്ധനായ ഒരു പരേതാത്മാവായിരിക്കും എപ്പോഴും എല്ലാവര്‍ക്കും എന്തുകൊണ്ടും ഉചിതം. എന്നാല്‍ ഈ ക്രിയ പൊതുജനമദ്ധ്യത്തില്‍ വെച്ച് അനുഷ്ടിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ നിങ്ങളുടെ അനുവാദത്തോടെ ഇയാളെ അതിനായി അകത്തെ പൂജാമുറിയിലേയ്ക്കു കൊണ്ടുപോകുന്നു.എല്ലാം കലങ്ങി തെളിയുന്നതിനായി അല്‍പനേരം കൂടി നിങ്ങള്‍ കാത്തിരിക്കുക.. ”

ശിങ്കിടികള്‍ നേതാവിനെ എഴുന്നള്ളിച്ച് അകത്തെ പൂജാമുറിയിലേയ്ക്കെടുത്തു. മന്ത്രവാദി അകത്തുകടന്നയുട്നെ പൂജാമുറിയുടെ വാതായനം കൊട്ടിയടച്ചു. പുറമേ ജനം അക്ഷമരായി കാത്തുനിന്നു. മന്ത്രധ്വനികളും മണിയൊച്ചയും പുളിവാറലിന്‍റെ മുരള്‍ച്ചയോടൊപ്പം മുഴങ്ങി കേട്ടു. നേതാവില്‍ നിന്നുയര്‍ന്ന രാഷ്ട്രീയ രോദനം ഇടയ്ക്കിടെ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചപ്പോള്‍, പലപ്പൊഴും ഞടുക്കത്തോടെ ജനത്തിനു സ്വന്തം കാതുകള്‍ പൊത്തേണ്ടി വന്നു! ഗതകാല രാഷ്ട്രീയ അപഹാസ്യനാടകത്തിന്‍റെ ശബ്ദരേഖ ശ്രവിച്ച് എല്ലാം മറന്ന ജനം മൂക്കത്തു വിരല്‍ വെച്ചു നിന്നുപോയി !! ജനങ്ങളെ കിടുക്കിക്കൊണ്ട്, നേതാവിന്‍റെ തൊണ്ടകീറി പുറത്തേയ്ക്കൊഴുകിയ തുളച്ചു കയറുന്ന ഒരു വിലാപം പൂജാമുറിയുടെ വാതുയ്ക്കല്‍ തൂക്കിയിരുന്ന അരിക്കലാമ്പുകളുടെ ചിമ്മിനികളെ ചിന്നിച്ചിതറിച്ച് പുറത്തലയടിച്ചിരുന്ന കാറ്റില്‍ വിലയിച്ചു. പിന്നെ എല്ലാം നിശ്ശബ്ദം!

പൊടുന്നനെ പൂജാമുറിയുടെ വാതില്‍ തുറക്കപ്പെട്ടു! ജീവന്‍മരണ പോരാട്ടത്തില്‍ വിജയിച്ച ഒരു ദ്വന്ദയുദ്ധക്കാരന്‍റെ മുഖഭാവത്തോടെ, നേതാവിന്‍റെ ആത്മാവിനെ ബന്ധിച്ചടക്കിയ പതിനൊന്നാം കലശവുമായി മന്ത്രവാദി ഇറങ്ങി വന്നു. ബന്ധന വിമുക്തനാക്കിയ നേതാവിനെയും കൊണ്ട് ശിങ്കിടികള്‍ പുറകെയുണ്ടായിരുന്നു. “തല്‍ക്കാലം മറ്റുകലശങ്ങളുടെ കൂടെ ഇതുംകൂടി ഭദ്രമായി സൂക്ഷിച്ചു വെയ്ക്കുക," മന്ത്രവാദി ഒരു ശിങ്കിടിക്കു നിര്‍ദ്ദേശം കൊടുത്തിട്ട് കൈയുയര്‍ത്തി ജനങ്ങളെ തൊഴുതുകൊണ്ട് മന്ത്രിച്ചു. " ബഹുമാന്യരായ നാട്ടുകാരെ...," മന്ത്രവാദിയുടെ വാക്കുകള്‍ ശ്രവിക്കാനായി ജനം തിക്കും തിരക്കും കൂട്ടി. മന്ത്രവാദി ശബ്ദമുയര്‍ത്തി, " ബഹുമാന്യരായ നാട്ടുകാരെ…. കാര്യങ്ങള്‍ നൂറുശതമാനവും നിങ്ങള്‍ക്കനുകൂലമായി ഭവിച്ചിരിക്കുകയാണെന്നു ആദ്യമായി സന്തോഷത്തോടെ ഞാന്‍ അറിയിയ്ക്കട്ടെ....." ജനങ്ങളില്‍ നിന്നുയര്‍ന്ന ആനന്ദത്തിന്‍റെ . ആര്‍പ്പു വിളികള്‍ അന്തരീക്ഷത്തെ ശബ്ദമുഖരിതമാക്കി. കൈയുയര്‍ത്തി ജനങ്ങളെ നിശ്ശബ്ദരാക്കിക്കൊണ്ടു നേതാവിനെ ചൂണ്ടികാട്ടി മന്ത്രവാദി തുടര്‍ന്നു, " ഇപ്പോള്‍ ഈ മാന്യന്‍ ഒരു നേതാവേ അല്ല, വെറും ഒരു സത്യസന്ധന്‍ മാത്രം! അതുകൊണ്ട് ഇയാള്‍ കൈവശം വച്ചിരിക്കുന്ന രാജ്യത്തിന്‍റെ സമ്പത്തു മുഴുവനും ഒരു മടിയുമില്ലാതെ ഇയാള്‍ തിരിച്ചു തരുമെന്നു ഇതിനാല്‍ ഞാന്‍ നിങ്ങള്‍ ക്കു ഉറപ്പു തരുന്നു. വളരെ പ്രാധാനമായിട്ടുള്ള മറ്റൊരു കാര്യം, ഭാവി കാര്യങ്ങളിലേയ്ക്കായി മൂന്നു പ്രവര്‍ത്തന സംഘങ്ങളായി നിങ്ങള്‍ തിരിയേണ്ടതുണ്ട് എന്നതാണ്. എന്താ...നിങ്ങള്‍ തയ്യാറല്ലേ.....?" അതിനുള്ള മറുപടിയായി ആര്‍പ്പുവിളികളോടെ മൂന്നു വിഭാഗമായി അപ്പോള്‍ത്തന്നെ ജനം വേര്‍തിരിഞ്ഞു നിന്നു. " ഒന്നാം സംഘവും രണ്ടാം സംഘവും അവരവരുടെ കടമകള്‍ നിറവേറ്റിക്കഴിഞ്ഞാല്‍ മുന്നാം സംഘത്തില്‍ ലയിക്കുക....., " നേതാവിനെ പിടിച്ച് ഒന്നാം സംഘത്തിന്‍റെ മുന്നില്‍ നിര്‍ത്തിയിട്ട് മന്ത്രവാദി തുടര്‍ന്നു, " അനധികൃതമായി ഇയാള്‍ കയ്യടക്കി വെച്ചിരിക്കുന്ന രാജ്യത്തിന്‍റെ സമ്പത്തു മുഴുവനും സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് കണ്ടുകെട്ടിക്കൊണ്ടുള്ള നിയമനടപടികള്‍ ഉടനടി പ്രാവര്‍ത്തികമാക്കിയിട്ട് നിങ്ങള്‍ മുന്നാം സംഘത്തില്‍ ലയിച്ചുകൊള്ളുക. അതിനാല്‍ ഇനി സമയം കളയാതെ ഇയാളെയും കൊണ്ട് എത്രയും വേഗം ഇവിടെ നിന്നും സ്ഥലം വിടുക.

മന്ത്രവാദിയുടെ വചനങ്ങള്‍ നടപ്പാക്കാനായി നേതാവിനേയും (സത്യസന്ധനേയും ) നയിച്ചുകൊണ്ട് അവിടെ നിന്നും പിന്‍വാങ്ങിയ ഒന്നാം സംഘത്തിനു മറ്റുള്ളവര്‍ ഉത്സാഹത്തിമര്‍ പ്പോടെ യാത്രവെയ്പ്പു നല്‍കി.

ഒന്നാം സംഘം പോയ്മറഞ്ഞതിനു ശേഷം മന്ത്രവാദി രണ്ടാം സംഘത്തെ അഭിസംബോധന ചെയ്തു, "ഇനി നിങ്ങള്‍ ചെയ്യേണ്ടതെന്താണെന്നുവെച്ചാല്‍ ഈ പതിനൊന്നുകലശങ്ങളും കൊണ്ടുപോയി വളരെ ശ്രദ്ധാപൂര്‍വ്വം പുറം കടലില്‍ മുക്കിത്താഴ്ത്തുക, പിന്നെ ദേഹശുദ്ധി വരുത്തി മൂന്നാം സംഘത്തില്‍ലയിക്കുക." ശിങ്കിടികള്‍ പതിനൊന്നു കലശങ്ങള്‍ രണ്ടാം സംഘത്തിനു കൈമാറിയശേഷം അവരെ ആഘോഷപൂര്‍വ്വം യാത്രയാക്കി.

രണ്ടാം സംഘം സ്ഥലം വിട്ടുകഴിഞ്ഞപ്പോള്‍ മൂന്നാം സംഘം മുന്നോട്ടു വന്ന് മന്ത്രവാദിയുടെ മനസ്സിലിരുപ്പറിയാനായി കാത്തുനിന്നു. മന്ത്രവാദി അവിടെ കൂടിയിരുന്ന ജനങ്ങളെ നോക്കി ഉദ് ഘോഷിച്ചു . രാജ്യം അന്യാധീനപ്പെട്ടു പോകാതിരിക്കാന്‍, അഴിമതിക്കാരുടെയും ബ്യൂറോ ക്രാറ്റുകളുടെയും കൈപ്പിടിയിലമര്‍ന്നിരിക്കുന്ന രാജ്യത്തിന്‍റെ സമ്പത്ത്‌ വീണ്ടെടുക്കാന്‍ അത്തരക്കാരെ തിരഞ്ഞുപിടിച്ച് അവരില്‍ കുടികൊള്ളുന്ന ദുരാത്മാക്കളെ ഒഴിപ്പിക്കുക എന്ന മഹത്തായ ഉത്തരവാദിത്വമാണ് നിങ്ങള്‍ ഏറ്റെടുക്കേണ്ടത്! ഒരു അഴിമതിക്കാരന്‍റെ ദേഹത്തുനിന്നും ദുഷിച്ച ആത്മാക്കളെ എങ്ങനെയാണ് ഒഴിപ്പിക്കേണ്ടതെന്നു ഇതിനകം നിങ്ങള്‍ കണ്ടുകഴിഞ്ഞു. അതിന് പ്രത്യേകിച്ചൊരു മന്ത്രവാദിയുടെയോ ഇടനിലക്കാരന്‍റെയോ ആവശ്യമില്ല എന്നുതന്നെയാണ് എന്‍റെ അഭിപ്രായം. രാജ്യത്തിന്‍റെ സമ്പത്തു കാര്‍ന്നു തിന്നുന്ന ദുഷിച്ച ആത്മാക്കളെ നിങ്ങള്‍ക്കു തന്നെ പിടിച്ചു കെട്ടാവുന്നതേയുള്ളൂ. യഥാര്‍ത്ഥത്തില്‍ ഞാനൊരു മന്ത്രവാദിയേ അല്ല എങ്കിലും നിങ്ങള്‍ക്കു വെളിച്ചമായി എന്നും ഞാനുണ്ടാകും! കാറ്റും മഴയും വരുന്നുണ്ട്...ഇതൊരു ശുഭലക്ഷണമായെടുത്ത് മുന്നോട്ടുള്ള യാത്ര ഇനി വൈകിക്കേണ്ടാ.” മഴയുടെ പ്രാരംഭമെന്നോണം വീണ മിന്നല്‍ക്കൊടിയില്‍ പൊലിഞ്ഞു ചേര്‍ന്ന മന്ത്രവാദി പരത്തിയ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തില്‍ അഴിമതിക്കാരെ തിരഞ്ഞുപിടിക്കാന്‍ ഒരു ഉത്സവത്തിമര്‍പ്പിന്‍റെ ലഹരിയോടെ മുന്നാം സംഘം യാത്ര ആരംഭിച്ചു.

ബാബുരാജ്‌ ടി.വി.

BABURAJ.T.V[ 1113, MARUTI VIHAR,[CHAKKARPUR, [GURGAON,[HARYANA


Phone: 09871014697
E-Mail: bauraj@europe.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.