പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

സമാന്തരപാതകളിലെ വ്യസനയാത്രകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുനിൽ പി. മതിലകം

ഓടിമറയുന്ന കാഴ്‌ചകളിലമർന്നിരിക്കുമ്പോഴാണ്‌ തനിക്ക്‌ ചിരപരിചിതനായ ആരോ തൊട്ടരികിലേയ്‌ക്ക്‌ വന്നതായി തോന്നിയത്‌. തിരിഞ്ഞു നോക്കിയപ്പോൾ ഒരു പതിനഞ്ചുകാരൻ. എതിർ സീറ്റിലെ ജാലകത്തിനോട്‌ ചേർന്ന്‌ അവൻ വന്നിരുന്നു. എപ്പോഴാണ്‌ തന്റെ ശ്രദ്ധ അവനിലേയ്‌ക്ക്‌ എത്തിയതെന്ന്‌ ആലോചിക്കുകയായിരുന്നു. പുറത്തേയ്‌ക്ക്‌ എത്രനേരമായി നോക്കിയിരുന്നതെന്ന്‌ അറിയുന്നുണ്ടായിരുന്നില്ല. വണ്ടിയിൽ കയറി, സൈഡ്‌ സീറ്റിലേയ്‌ക്ക്‌ ഇരുന്നപ്പോഴെ പുറം കാഴ്‌ചകളിലകപ്പെട്ടിരുന്നു. ബസ്സിലായാലും തനിക്കെന്നും സൈഡ്‌ സീറ്റിനോടാണ്‌ മമത.

ട്രെയിനിലെ ജാലകത്തിനോട്‌ ചേർന്നിരിക്കാൻ വാശിപിടിച്ചുകരഞ്ഞ കുട്ടിത്തത്തെ അന്നേരം ഓർത്തു. ഓരോ പുറം കാഴ്‌ചകളിലും കൗതുകം കണ്ടെടുത്ത ഇളം മനസ്സിന്റെ നൈർമല്യത്തെ ഓർത്തു. ഈ യാത്രാവേളകളാണ്‌ മനസ്സിനെ കുറച്ചെങ്കിലും ശാന്തമാക്കുന്നത്‌. വെളിയിൽ പിന്നിടുന്ന കാഴ്‌ചകളിൽ ഉള്ളുപിടച്ചുലയ്‌ക്കുന്നവയേറെയാണ്‌. എന്നിട്ടും കണ്ണെടുക്കാൻ തോന്നാറില്ല. വിളഞ്ഞ്‌ നടുവൊടിഞ്ഞ വയലുകൾ, ആടുമാടുകൾ മേയുന്ന തരിശ്‌ കണ്ടങ്ങൾ, വരണ്ട പുഴയിലെ തെളിഞ്ഞ മണൽപ്പരപ്പിന്‌ മേലെ ഒഴുക്ക്‌ നിലച്ച നീർച്ചാലുകൾ, കവുങ്ങിൻ തോട്ടങ്ങൾ, പച്ചതിങ്ങിയ വാഴത്തോപ്പുകൾ, തലപോയ തെങ്ങുകൾ, ഇടിച്ച്‌ നിരത്തിക്കൊണ്ടുപോയ കുന്നുകൾ, ചിമ്മിണി പുകകുഴൽ, അടഞ്ഞ്‌ കിടക്കുന്ന നിരപ്പലകയിട്ട പീടികനിരകൾ, നിർജ്ജീവമായ പാർട്ടി ഓഫീസ്‌ വരാന്തകൾ, ഉപേക്ഷിക്കപ്പെട്ട പള്ളിക്കൂടങ്ങളുടെ വിജനമായ കളിമുറ്റങ്ങൾ.....

അഭ്രപാളിയിലെന്നപോലെ അവയെല്ലാം തെളിഞ്ഞും മങ്ങിയും മുന്നിൽ നിറഞ്ഞു. സ്വയം കണ്ടെത്തുന്ന ചോദ്യങ്ങളും ഉത്തരങ്ങളും തേടികൊണ്ടിരിക്കുമ്പോഴാണ്‌, അവഗണിക്കാൻ കഴിയാത്ത ഒരു സാന്നിദ്ധ്യമായി ആ പതിനഞ്ചുകാരൻ കടന്ന്‌ വന്നത്‌.

അരികിലുള്ളവർക്കുനേരെ വെറുമൊരു നോട്ടത്തിന്‌ പോലും മുഖമുയർത്താതെ പുറം ദൃശ്യങ്ങളിലേയ്‌ക്ക്‌ ഒന്ന്‌ കണ്ണോടിക്കുകപോലും ചെയ്യാതെ കൈയിലെ മൊബൈൽ ഫോണിൽ മാത്രമാണ്‌ അവന്റെ എല്ലാ ശ്രദ്ധയും. അവൻ തന്നിലൊരു നിറസാന്നിദ്ധ്യമാകുന്നത്‌ ചാരുവിന്റെ സമപ്രായക്കാരനായതിലാകാം. കയ്യിൽ കൂട്ടിപിടിച്ച മൊബൈൽ ഹാൻഡ്‌ സെറ്റിലെ കീബോർഡിൽ അവന്റെ വെളുത്ത കൊലുന്നനെയുള്ള വിരലുകൾ നൃത്തം ചെയ്യുന്നു. കിപേഡ്‌ ടോൺ ഒരു താളക്രമത്തിൽ ഉയർന്നും താഴ്‌ന്നും ചലിച്ചുക്കൊണ്ടിരുന്നു. എന്തൊക്കെയോ പറിച്ചെടുക്കുന്ന ആർത്തിപൂണ്ട ഭാവവുമായി അവനിരുന്നു. എന്താ പേരെന്നും ഏത്‌ ക്ലാസ്സിലാണ്‌ പഠിക്കുന്നതെന്നും എവിടെനിന്നാണ്‌ വരുന്നതെന്നും എങ്ങോട്ടാണ്‌ പോകുന്നതെന്നുമെല്ലാം വെറുതേ തിരക്കണമെന്നുണ്ടായിരുന്നെങ്കിലും ഒന്നും ചോദിക്കാൻ തോന്നിയില്ല. ചാരുവിന്റെ ഓർമ്മകളിലേയ്‌ക്ക്‌ ആരോ കൂട്ടികൊണ്ടുപോകുന്നത്‌ പോലെ..... എന്താണോ മറക്കാൻ ശ്രമിക്കുന്നത്‌, അതെല്ലാം പൂർവ്വാധികം വേഗമോടെ ഇടയ്‌ക്കിടയ്‌ക്ക്‌ പൊള്ളിച്ചുകൊണ്ടിരിക്കുന്നു.

‘മോൻ പറയണതെല്ലാം വാങ്ങികൊടുത്ത്‌ വഷളാക്കരുത്‌. എല്ലായിപ്പോഴും ഇതെല്ലാം ചെയ്‌തുകൊടുക്കാൻ കഴിഞ്ഞെന്ന്‌ വരില്ല്യ. കുറച്ചൊക്കെ പ്രയാസങ്ങൾ അറിഞ്ഞ്‌ വളരണതാ കുട്ടികൾക്ക്‌ നല്ലത്‌...“ പലപ്പോഴും കേൾക്കാറുള്ള ഓർമ്മപ്പെടുത്തലുമായി ചാരുവിന്റെ അമ്മ. ’നീയെന്താ പറയ്‌ണ്‌. നമുക്ക്‌ ഒന്നല്ലെയുള്ളു. എന്റെ കുട്ടിക്കാലത്ത്‌ എന്തെല്ലാം ആശിച്ചിരിക്കണ്‌... കൊതിച്ചിരിക്കണ്‌. ഒന്നും നടന്നില്ല. ഒന്നും കിട്ടിയിരുന്നില്ല. അങ്ങനെ തന്നെ എന്റെ കുട്ടിയും വളരണമെന്ന്‌ വാശിപിടിക്കേണ്ടതുണ്ടോ?”

എന്നോട്‌ തർക്കത്തിനൊന്നും നില്‌ക്കാതെ അവൾ പുറം തിരിഞ്ഞ്‌ പോകും. തർക്കിച്ചിട്ട്‌ കാര്യമില്ലെന്നും അറിയാം. എന്തിനും ഏതിനും തന്റേതായ ഒരു ന്യായീകരണം ഉണ്ടാകുമെന്ന്‌ ചാരുവിന്റെ അമ്മയ്‌ക്കറിയാം.

കഴിഞ്ഞ ആഗസ്‌റ്റിലെ ഒരു വൈകുന്നേരം. തന്നെ ആകെ പിടിച്ചുലച്ച ഒരു പ്രശ്‌നവുമായാണ്‌ ചാരുകടന്ന്‌ വന്നത്‌.

‘അച്ഛാ....“

”ഉം, എന്താടാ.....“

”കൂട്ടാർക്കൊക്കെ മൊബൈൽ ഹാൻഡ്‌ സെറ്റുണ്ട്‌.“

’അതിന്‌ നിനക്കെന്താ...”

“എനിക്ക്‌ മാത്രം ഇല്ല്യ. എനിക്ക്‌ ക്യാമറയുള്ള നല്ലൊരു മൊബൈൽ വാങ്ങിതരണം.”

കേട്ടപാടെ പൊട്ടിതെറിയ്‌ക്കുകയായിരുന്നു. ഇത്തരമൊരു ആവശ്യവുമായി അവൻ എന്റെ മുന്നിലേയ്‌ക്ക്‌ വരുമെന്ന്‌ നിനച്ചിരുന്നില്ല. അവൻ ഒരിക്കലും കാണാത്ത ഒരച്ഛന്റെ രോഷത്തിൽ വെന്തുരുകുകയായിരുന്നു. അന്നേരം എന്റെ കുട്ടിയെ എന്തെല്ലാം പറഞ്ഞുകൂട്ടിയെന്ന്‌ ഇപ്പോഴും ഓർത്തെടുക്കാൻ കഴിയുന്നില്ല. അവളും എന്തൊക്കെയോ പറഞ്ഞ്‌ ചാരുവിനെ ശാസിക്കുന്നുണ്ടായിരുന്നു.

മൊബൈൽ ജ്വരത്തിലകപ്പെട്ട കുട്ടികളുടെ വിഭ്രാന്തികൾ കാണാറുണ്ട്‌. അതിന്റെ ചതിക്കുഴികളിലകപ്പെട്ട ദുരിതങ്ങൾ പത്രത്തിൽ വായിക്കാറുണ്ട്‌.

ഇതെല്ലാമായിരുന്നു ചാരുവിനോട്‌ കയർക്കുമ്പോൾ ഉള്ളിലുണ്ടായിരുന്നത്‌. അവന്റെ കരച്ചിലിന്‌ മുന്നിൽ ആദ്യമായി പിടിച്ചുനില്‌ക്കുകയായിരുന്നു.

പിറ്റേന്ന്‌, ചാരുവിന്റെ മുറിയിൽ നിന്നുള്ള അവളുടെ നിലവിളികേട്ട്‌ ഓടിച്ചെല്ലുമ്പോഴേയ്‌ക്കും എല്ലാം നിശ്ചലമായിരുന്നു. മുറിച്ചെടുത്ത ഒരു കയറിൽ തീർത്തുകളഞ്ഞ ആ ഇളം ജീവിതത്തിന്റെ പൊള്ളലേറ്റ്‌ ഞങ്ങൾ കിടന്ന്‌ പിടഞ്ഞു.

തപിക്കുന്ന ഓർമ്മകളിൽ നിന്ന്‌ പിടഞ്ഞെഴുന്നേറ്റപ്പോഴും ആ പതിനഞ്ചുകാരൻ മുന്നിലെ സീറ്റിൽ തന്നെയുണ്ട്‌. കൈയിലെ മൊബൈലിൽ തന്നെയാണിപ്പോഴും മുഴുകിയിരിക്കുന്നത്‌. റെയിൽവേ സ്‌റ്റേഷനുകളിൽ ഇറങ്ങിപോകുന്നവരേയും കയറിവരുന്നവരേയും അവൻ കാണുന്നില്ല.

ഹാർമോണിയത്തിൽ വിരലുകൾ താളമിട്ട്‌ പരുപരുത്ത ശബ്‌ദത്തിന്റെ ഇടർച്ചയിൽ പാടിതളർന്ന അമ്മയേയും കുരുന്നിനേയും കേട്ടമട്ടേയില്ല.

അവന്റെ ചെയ്‌തികളിൽ കൗതുകം പൂണ്ടിരിക്കുകയായിരുന്ന തനിക്കുപ്പിന്നെ പുറത്തേയ്‌ക്ക്‌ നോക്കിയിരിക്കാൻ കഴിഞ്ഞില്ല.

ട്രെയിൻ അവസാന സ്‌റ്റേഷനിലെത്തി. ഇറങ്ങാൻ തയ്യാറായി ബാഗും കുടയുമെല്ലാം എടുത്തുവച്ചു. കമ്പാർട്ട്‌മെന്റിൽ അവശേഷിക്കുന്നവർ തട്ടിപിടഞ്ഞെണീറ്റ്‌ ഇറങ്ങാനുള്ള തന്ത്രപാടില്ലായിരുന്നു. അവൻ മാത്രം നഷ്‌ടപ്പെട്ടത്‌ എന്തോ പരതിക്കൊണ്ടിരിക്കുന്നതുപോലെ മൊബൈലിൽ തന്നെയാണ്‌.

മറ്റുള്ളവർ എല്ലാവരും ഇറങ്ങിക്കഴിഞ്ഞു.

അവനും താനും തനിച്ചായി.

‘മോൻ, ഇറങ്ങുന്നില്ലേ?!“

എന്റെ ശബ്‌ദംകേട്ട്‌ മുഖം ഉയർത്തിയ അവൻ തിരിച്ചൊരു ചോദ്യം!

”ഇരിഞ്ഞാലക്കുട കഴിഞ്ഞോ?“

ആ സ്‌ഥലം പിന്നിട്ടിട്ട്‌ മണിക്കൂറുകൾ കഴിഞ്ഞല്ലോയെന്ന്‌ പറഞ്ഞ്‌ ഭയപ്പെടുത്താൻ തനിക്കപ്പോൾ തോന്നിയില്ല. ഇറങ്ങേണ്ട സ്‌ഥലം പോലും വിസ്‌മരിച്ച്‌ മൊബൈൽ ഫോണിൽ ലയിച്ചിരുന്ന അവനെ വേണമെങ്കിൽ ഈ സന്ദർഭത്തിൽ കുറ്റപ്പെടുത്തി സംസാരിക്കാം. അതുമല്ലെങ്കിൽ ഇങ്ങനെ ഒരു കുട്ടിയെ കണ്ടതായി ഭാവിക്കാതെ അവഗണിച്ച്‌ കടന്നുപോകാം. അതിനൊന്നും തനിക്കാവില്ലെന്നറിയാം. പരിഭ്രമിച്ചുള്ള ആ നില്‌പ്‌ കണ്ടപ്പോൾ തന്നിലെ ഒരച്ഛൻ ഉണർന്നു.

”നീ പേടിക്കൊന്നും വേണ്ട. ദേ അപ്പുറത്ത്‌ കിടക്കണ വണ്ടിയിൽ പോയാൽ, നീ പറഞ്ഞ സ്‌ഥലത്തിറങ്ങാം.“ അവൻ, അയാളുടെ അടുക്കലേയ്‌ക്ക്‌ നീങ്ങിനിന്നു.

’ടിക്കറ്റിനുള്ള പണം ഉണ്ടോ?”

അവൻ പോക്കറ്റിൽ നിന്ന്‌ ഒരമ്പതിന്റെ നോട്ടെടുത്ത്‌ കാണിച്ചു.

“വാ, നമുക്ക്‌ കൗണ്ടറിൽ ചെന്ന്‌ ടിക്കെറ്റെടുക്കാം.” അവനെയുംകൂട്ടി ടിക്കറ്റ്‌ കൗണ്ടറിന്റെ അരികിലേക്ക്‌ നടന്നു. തിരക്കില്ലായിരുന്നു. ടിക്കറ്റെടുത്ത്‌ അവനെ ഏല്‌പിച്ചു.

“ഇനി, വണ്ടിയിൽ കയറി ഇരുന്നോളൂ.... ദേ, പിന്നെ ഇനി ഈ മൊബൈലിൽ തന്നെ ലയിച്ചിരിക്കല്ലെ; ഇറങ്ങേണ്ട സ്‌ഥലം ഓർമ്മവേണം.”

അവനെ യാത്രയാക്കി പാളങ്ങൾ മുറിച്ച്‌ കടന്ന്‌ വീട്ടിലേയ്‌ക്ക്‌ നടക്കാൻ തുടങ്ങി..... അടഞ്ഞാ കിടന്ന ഗെയിറ്റ്‌ തുറന്നപ്പോൾ‘ അച്ഛാ....’ എന്നു വിളിച്ച്‌ ചാരു ഓടി വരുന്നുണ്ടോയെന്ന്‌ വെറുതെ മോഹിച്ചു.... സമാന്തരപാതകളിലെ വ്യസനയാത്രകൾ.

സുനിൽ പി. മതിലകം

ജൂബൽ പ്രിന്റേഴ്‌സ്‌,

മതിലകം പി.ഒ,

തൃശൂർ - 680 685.


Phone: 0480-2859440, 9645593084
E-Mail: sunilpmathilakam@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.