പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

പിമ്പ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കീഴില്ലം ഉണ്ണികൃഷ്‌ണൻ

സപ്ന മരിയ എന്ന ഭാര്യ

സപ്ന മരിയ മാത്യൂസ്‌ ഇപ്പോൾ കാത്തിരിയ്‌ക്കുന്നത്‌ അവളുടെ ഭർത്താവിനെയല്ല.

അയാൾ ഷാർപ്പ്‌ എയിറ്റ്‌ തേർട്ടിയ്‌ക്ക്‌ തന്നെ ഓഫീസിലേയ്‌ക്ക്‌ തിരിച്ചിരുന്നു. അയാളെ സപ്ന ഓഫീസിലേയ്‌ക്ക്‌ അയച്ചിരുന്നു. കൃത്യസമയത്ത്‌ അങ്ങേരെ ഓഫീസിലേയ്‌ക്ക്‌ അയക്കാൻ സപ്ന പെടുന്ന പാട്‌ ചെറുതല്ല.

എട്ടരയ്‌ക്ക്‌ ഓഫീസിലേയ്‌ക്ക്‌ പോകേണ്ട അയാൾ ഏഴുമണിവരെ ബോധംകെട്ടു തന്നെയാണ്‌ ഉറങ്ങുന്നത്‌. അടുക്കളയിൽ നിന്ന്‌ ഓരോ പത്തുമിനിട്ടിടവിട്ട്‌ അവൾ വന്ന്‌ അയാളെ വിളിച്ചുകൊണ്ടിരിയ്‌ക്കണം. ഒരു സാധാരണ ഗുമസ്തന്റെ ആലസ്യത്തോടെ അയാൾ പിന്നെയും ആ കിടപ്പ്‌ തുടരും.

തലേന്ന്‌ എന്തു മലമറിച്ചിട്ടാണ്‌ ഇങ്ങേർക്കിത്ര ക്ഷീണം എന്ന ക്രോധത്തോടെ ഒടുവിൽ സപ്ന അയാളെ കട്ടിലിൽ നിന്ന്‌ അടർത്തി മാറ്റുന്നു. ന്യൂസ്‌പേപ്പർ കയ്യിൽപിടിപ്പിച്ച്‌ കക്കൂസിലേയ്‌ക്ക്‌ തള്ളുന്നു. അടുക്കളയിൽ നിന്ന്‌ ഓരോ അഞ്ചുമിനിറ്റിടവിട്ട്‌ വന്ന്‌ ബാത്ത്‌റൂമിന്റെ കതകിൽ ഇടിയ്‌ക്കുന്നു.

ഇത്രയൊക്കെ ബുദ്ധിമുട്ടിയാണ്‌ സപ്ന തന്റെ ഭർത്താവിനെ കൃത്യസമയത്ത്‌ ഓഫീസിൽ അയയ്‌ക്കുന്നത്‌. എല്ലാം കഴിഞ്ഞ്‌ പോകാൻ നേരം തന്റെ പഴയ സ്‌കൂട്ടർ സ്‌റ്റാന്റിൽ നിന്നിറക്കി പതിവുപോലെ, പെട്രോളിറങ്ങാൻ അയാളത്‌ ചെരിച്ചുപിടിയ്‌ക്കും. അതു കാണുമ്പോൾ സപ്നയ്‌ക്ക്‌ വല്ലാത്തൊരു അശ്ലീലം തോന്നും.

(സപ്ന മരിയ മാത്യൂസ്‌ സാറാ ജോസഫിന്റെ സ്‌കൂട്ടർ എന്ന കഥ വായിച്ചിട്ടില്ല, കെട്ടോ. അവൾ ഒരു ഫെമിനിസ്‌റ്റുമല്ല).

ആയാസപ്പെട്ട്‌ അയാൾ കിക്കറടിയ്‌ക്കുന്നു. സ്‌റ്റാർട്ടാവില്ല. പിന്നെയും വണ്ടി ചെരിച്ചുപിടിയ്‌ക്കുന്നു. ഇതൊക്കെ എത്ര അസഹ്യമായാലും അയാൾ ഗേറ്റു കടന്നു പോകവെ, കൈവീശി യാത്രാമംഗളം നേർന്നിട്ടേ അവൾ വീടിന്നകത്തേയ്‌ക്ക്‌ പോകൂ...

ഇനി അടുക്കള ജോലികളൊക്കെ ഒതുക്കി, കുളിച്ചൊരുങ്ങി സപ്ന മരിയ മാത്യൂസ്‌ കാത്തിരിയ്‌ക്കുകയാണ്‌.

സപ്ന മരിയ മാത്യൂസ്‌ കാത്തിരിയ്‌ക്കുന്നത്‌ അവളുടെ ഭർത്താവിനെയല്ല. കൃത്യം പത്തുമണിയ്‌ക്ക്‌, ഒരു കള്ളനെപ്പോലെ പതുങ്ങി നൗഷാദ്‌ റാഫിയുടെ ഗ്രേ കളർ മാരുതി വരും.

സപ്ന കൂടുതൽ ഉത്സാഹവതിയായി.

മാത്യൂസ്‌ വർഗീസ്‌ എന്ന ഭർത്താവ്‌

കൃത്യം ഒമ്പത്‌ മുപ്പതിന്‌ ഓഫീസിലെത്തി ചേർന്ന മാത്യൂസ്‌ വർഗീസ്‌ സ്‌കൂട്ടർ ഓഫീസിനു മുന്നിൽ പാർക്കു ചെയ്തു. ഇന്നും പതിവുപോലെ അയാൾ നേരത്തെ തന്നെ ഓഫീസിലെത്തിയിരിക്കുകയാണ്‌. ഒരു സിഗരറ്റ്‌ വലിച്ച്‌ ഫ്രഷായി പതുക്കെ ചെയറിലേയ്‌ക്ക്‌ ചെന്നാൽ മതി. ഇനിയും അരമണിക്കൂർ കൂടി സമയമുണ്ട്‌.

വിവാഹം കഴിഞ്ഞ്‌ ഒരിയ്‌ക്കൽ പോലും അയാൾ ഓഫീസിൽ കൃത്യസമയം പാലിയ്‌ക്കാതിരുന്നിട്ടില്ല. അത്‌ തീർച്ചയായും അയാളുടെ മിടുക്കൊന്നുമല്ലെന്ന്‌ അയാൾക്ക്‌ തന്നെ ബോദ്ധ്യമുണ്ട്‌.

അയാളുടെ ഭാര്യ അത്ര സമർത്ഥയാണ്‌.

തലേന്നത്തെ കമ്പനി എത്ര ഏറിയാലും പിറ്റേന്ന്‌ കിടക്കയിൽ കിടന്നുപോകാതെ സപ്ന തന്നെ രക്ഷിയ്‌ക്കുന്നു.

രാവിലെ എട്ടരയോടെ കൊള്ളാവുന്ന ഒരു മനുഷ്യനാക്കി അവൾ തന്നെ ഓഫീസിലേയ്‌ക്കയക്കുന്നു.

സത്യത്തിൽ ജീവിയ്‌ക്കാൻ പഠിപ്പിച്ചതുതന്നെ ഭാര്യയാണ്‌.

നോക്ക്‌ - ദിനേശ്‌ ബീഡിയിലോ ഏറിയാൽ സിസറിലോ ഒതുങ്ങിനിന്ന ഒരു ശീലം. അത്‌ വിൽസിലേയ്‌ക്ക്‌ വളർത്തിയതുപോലും അവളാണ്‌.

ഭാര്യയെപറ്റിയുള്ള ഓരോ ഓർമ്മയും മാത്യൂസിന്‌ അഭിമാനമുളവാക്കി.

ഒരു നല്ല ഭാര്യയെ ലഭിയ്‌ക്കുകയെന്നത്‌ ചില്ലറക്കാര്യമല്ല.

നൗഷാദ്‌ റാഫിയെന്ന...

ഉറക്കത്തിന്റെ അവസാന അടരിൽ കൈകൾ കാലിന്നിടയിൽ തിരുകി ഒരു ലൈംഗികകേളിയുടെ സ്വപ്നത്തിൽ അഭിരമിയ്‌ക്കുകയായിരുന്നു നൗഷാദ്‌ റാഫി.

മുഖം വലിഞ്ഞുമുറുകിയും, പുതപ്പിന്നടിയിൽ നിന്ന്‌ പുറത്തുപോയ കാലിന്റെ വിരലുകൾ പരസ്പരം ഇണചേർത്തും, വളഞ്ഞുകൂടി തന്നിലേയ്‌ക്ക്‌ ചൂഴുന്ന നൗഷാദ്‌റാഫിയെ, പുറത്തുനിന്ന്‌ കാണുന്ന നമ്മെപ്പോലൊരാൾക്ക്‌ അയാൾ ഇത്തരമൊരു സ്വപ്നമാണ്‌ കണ്ടുകൊണ്ടിരിയ്‌ക്കുന്നത്‌ എന്നേ ഊഹിയ്‌ക്കാനാവൂ.

ഭാര്യയും ഭർത്താവും തമ്മിലുള്ള അനുഷ്‌ഠാനം പോലുള്ള ഒരു ലൈംഗികത, ഒരു ജാരകഥയിൽ സങ്കല്പിയ്‌ക്കുക വയ്യ. അത്‌ അത്യന്തം സംഘർഷഭരിതവും ആർജ്ജവ പൂർണ്ണവുമായിരിക്കണം.

അത്തരം ഒരാനന്ദത്തിലേയ്‌ക്ക്‌ ആഴ്‌ന്നുപോവുകയാണ്‌ അയാൾ. ഈ സമയം അയാളെ കൂടുതൽ ആനന്ദിപ്പിച്ചുകൊണ്ട്‌ ഒരു പല്ലി ചിലച്ചു.

സത്യം... ഇതു മുഴുവൻ സത്യം തന്നെ.

അയാൾ ഗൗളിശാസ്ര്ത പ്രകാരമുള്ള പല്ലിചിലപ്പിന്റെ സ്ഥാനനിർണ്ണയത്തിനായി ജിജ്ഞാസുവായി.

പല്ലി പിന്നെയും ചിലയ്‌ക്കുന്നു.

ഗൗളിയുടെ സ്ഥാനം അന്വേഷിച്ചന്വേഷിച്ച്‌ നൗഷാദ്‌ റാഫി ഉണർവ്വിലേയ്‌ക്ക്‌ വന്നു.

കിടന്ന കിടപ്പിൽ കയ്യെത്തിച്ച്‌ അയാൾ റസീവറെടുത്തു.

ഈ ആണുങ്ങളൊക്കെ ഒരുപോലാ....

ഉറക്കത്തിനും ഉണർവ്വിനുമിടയിൽ വായിൽ സ്വരൂക്കൂടിയ വൃത്തികെട്ട ഉമിനീരിറക്കി, നൗഷാദ്‌ റാഫി.

ഇവിടൊരാളെ കുത്തിപ്പൊക്കി കക്കൂസിലേയ്‌ക്ക്‌ വിട്ടതേയൊള്ളു ഞാൻ. കട്ടിലീന്ന്‌ വലിച്ചുപറിയ്‌ക്കേണ്ടിവന്നു. ഇയാളെ എങ്ങനാ ഞാനിനിയൊന്ന്‌ എണീപ്പിച്ചെടുക്കുന്നേ...?

ഓ.കെ, സപ്ന ഞാനെഴുന്നേറ്റു കഴിഞ്ഞു. ഉറക്കത്തീന്ന്‌ വിട്ടുകിട്ടാനെ പാടൊള്ളൂ. ഞാനിതാ റെഡി.

നല്ല കുട്ടി. സപ്ന മരിയ മാത്യൂസ്‌ ഓർമ്മിപ്പിച്ചു.

സമയം തെറ്റരുത്‌ ഷാർപ്‌ ടെന്നോക്ലോക്ക്‌.

ഇപ്പോൾ സപ്ന റെഡിയാണ്‌.

അവളുടെ ജോലികൾ ഒക്കെ ഒതുങ്ങി. കണ്ണെഴുതി പൊട്ടുതൊട്ട്‌, ചുണ്ടുകൾ വല്ലാത്തൊരു വശ്യതയോടെ അവൾ കാത്തു നിൽക്കുകയാണ്‌.

മാത്യൂസ്‌ വർഗീസാകട്ടെ, താൻ വലിച്ചുകൊണ്ടിരുന്ന വിൽസിന്റെ പുക ഹൃദയത്തിലേയ്‌ക്ക്‌ ചേർത്തുവച്ചുകൊണ്ട്‌ ഓഫീസിലേയ്‌ക്ക്‌ കയറാൻ തുടങ്ങുന്നു.

നൗഷാദ്‌ റാഫി സപ്നയ്‌ക്ക്‌ നൽകിയ വാഗ്ദാനം പാലിച്ചുകൊണ്ട്‌ കൃത്യം പത്തുമണിയ്‌ക്ക്‌ എത്തത്തക്കവിധം തന്റെ മാരുതിയുടെ ഡ്രൈവിംഗ്‌ സീറ്റിലിരിയ്‌ക്കുന്നു. പതിവുപോലെ, അയാൾ ആദ്യം തന്നെ സ്‌റ്റീരിയോ ഓണാക്കി. അതേസമയം വലതുവശത്ത്‌ അനാഥമായി കിടന്ന മൊബൈൽ ഫോൺ ചിലയ്‌ക്കുകയും ചെയ്തു. സ്‌റ്റീരിയോയുടെ വോള്യം കുറച്ചശേഷം അയാൾ മൊബൈൽ ചെവിയോടു ചേർത്തു. ഓഫീസിനോടു ചേർന്നുള്ള എസ്‌.ടി.ഡി. ബൂത്തിലെ ചില്ലുകൂട്ടിലെ സ്വകാര്യതയിൽ പതുങ്ങി നിന്നുകൊണ്ട്‌ മാത്യൂസ്‌ വർഗ്ഗീസ്‌ പറഞ്ഞു.

അളിയാ... ഇത്‌ ഞാനാ... മാത്യൂസ്‌.

അതിരാവിലെ ഭാര്യ ദേ... ഇപ്പം ഭർത്താവും. ഞാൻ മറന്നിട്ടൊന്നൂല്ലാ... ന്റെ മാഷേ.. ദാണ്ടേ പുറപ്പെടുവാ...

നിന്നെ ഞങ്ങൾക്കറീല്ലേ മോനേ... നിങ്ങടെ ടൈംടേബിളൊക്കെ മാറിപ്പോവാൻ എത്ര നേരം വേണം?

ഒന്നാം ഗിയറിലേയ്‌ക്കിട്ട മാരുതി നിശബ്ദമായി മുന്നോട്ടു കുതിയ്‌ക്കുമ്പോൾ നൗഷാദ്‌ റാഫി ചോദിച്ചു.

അതെന്താ മാഷെ, അങ്ങനെ പറയണെ... നമ്മ്‌ടെ ചോറല്ലേ മാഷേ ഇത്‌?

ശരിശരി. താൻ വേഗം ചെല്ല്‌... എനിയ്‌ക്ക്‌ സമയമായി.

ഇന്ന്‌ എന്തിനാ മാഷേ, സമയനിഷ്‌ഠ? സമയത്തിൽ കടുംപിടുത്തമുള്ള തന്റെ എം.ഡി. രമണിശ്രീവാസ്തവയുടെ എല്ലാ കടുംപിടുത്തങ്ങളും നമ്മളിന്ന്‌ പൊളിയ്‌ക്കില്ലേ...ഹാ ഹാ ഹാ

ഹാ ഹാ ഹാ... മാത്യൂസും ചിരിച്ചു.

ശ്രീവാസ്തവയുടെ കൂടെ കെടന്ന്‌, അയാളുടെ പെണ്ണുംപിള്ളേടെ വീക്‌നെസ്‌ ചോർത്തിയ നിങ്ങടെ ഭാര്യയെ സമ്മതിയ്‌ക്കണെന്റെ മാഷേ...

ചോർത്തിയതൊന്നുമല്ലെടോ... അയാള്‌ പറഞ്ഞതാണ്‌... കൊറേക്കാലമായി പറയണൂ... തന്നോടയാൾക്ക്‌ പറയാൻ ഒരു... ഒരു.... ഹാ ഹാ ഹാ...

നൗഷാദ്‌ റാഫിയുടെ മാരുതി ഗേറ്റുകടന്നുവരുമ്പോൾ സപ്ന ആലോചിച്ചുകൊണ്ടിരുന്നത്‌, പ്രീഡിഗ്രിയ്‌ക്ക്‌ പഠിയ്‌ക്കുമ്പോൾ ഹോസ്‌റ്റൽ മുറിയിലെ ഒരു രാത്രിയെപ്പറ്റിയാണ്‌. അന്ന്‌ ബി.കോമിലെ ശ്രീജാമേനോന്റെ സ്വർണ്ണവളകൊണ്ട്‌ മുറിഞ്ഞപാട്‌, ഇപ്പോഴും സപ്ന മരിയാ മാത്യൂസിന്റെ മുലക്കണ്ണിലുണ്ട്‌. ശ്രീവാസ്തവയായാലെന്ത്‌, രമണി ശ്രീവാസ്തവയായാലെന്ത്‌?

കീഴില്ലം ഉണ്ണികൃഷ്‌ണൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.