പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഒഴുകിത്തീരാനൊമ്പരങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വന്ദന ശ്രീകുമാർ

ബോധമനസ്സിലേക്ക്‌ അനുവാദം പോലും വാങ്ങാതെ കടന്നുവരുന്ന സുന്ദരി, ആലിലകൾ ഇളക്കത്താലിയണിഞ്ഞു നിൽക്കുന്ന വിശാലമായ മണൽപ്പരപ്പ്‌. ഈ സുന്ദരി ഒരു നല്ല കഥാകാരിയാണ്‌. ആശ്വാസദായിനിയാണ്‌, സങ്കടക്കളിവള്ളം തുഴഞ്ഞുപോകാനുള്ള, യൗവനത്തിന്റെ ചവിട്ടുപടിയിൽ നിൽക്കുന്ന പതിനേഴുകാരിയാണ്‌. നീ എന്തെല്ലാമെടുത്തു, എന്തൊക്കെതന്നു. മറവിയുടെ മാറാല ഒരിക്കലും പിടിക്കാത്ത ഒരുപിടി ഓർമ്മകളെ, ചിലപ്പോൾ പടവുകളിറങ്ങിവന്ന്‌ നിന്നിൽ ലയിച്ചുചേരാനാഗ്രഹിച്ച കാമുകനാണെന്നു തോന്നി. ഞാൻ മാത്രമെന്തിന്‌ ഭൂതകാലകയ്‌പ്പ്‌ നുണഞ്ഞ്‌ കാലം കഴിക്കണം? ചോദ്യങ്ങളും ഞാനും ഉത്തരം കിട്ടാത്ത കുറേ സമസ്യകളുമായി കഴിയണോ, അതോ.....വരണോ?

എന്റെയും സുഹൃത്തുക്കളായ ഉദയന്റെയും ദീപുവിന്റെയും പതിനഞ്ചു വയസ്സുള്ള മുഖങ്ങൾ ഓർമ്മക്കണ്ണാടിയിൽ തെളിയുന്നു. ജീവിതത്തിനുനേരെ നോക്കി പകച്ച സുധാകരൻ എന്ന മീശ മുളച്ചുതുടങ്ങിയ പയ്യൻ ഞാൻ തന്നെയല്ലേ? ജീവിതം ഇടക്കൊക്കെ ഗതിമാറിയൊഴുകുന്ന പുഴയാണ്‌. മണൽപ്പുറത്തെ പുഴയിലേക്കുള്ള കൽപ്പടവുകളിലിരുന്ന്‌ അസ്‌തമയസൂര്യനോടൊപ്പം കടന്നു പോകുന്ന ട്രെയിൻ നോക്കി കൈവീശി. ചിലപ്പോഴൊക്കെ ഞാൻ ഇതിനുമുൻപും ഇതുപോലെ ഇതേ സ്‌ഥലത്തിരുന്ന്‌ ഇപ്പോൾ ചെയ്‌തത്‌പോലെ ചെയ്‌തിരുന്നത്‌ ഓർത്തെടുത്തു. അന്നു പക്ഷേ എന്റെ കൂടെ ഇടത്തും വലത്തും ഉദയനും ദീപുവുമുണ്ടായിരുന്നു.

അടുക്കും ചിട്ടയുമൊട്ടുമില്ലാതെ കയറിവരുന്നകുറേ മുഖങ്ങളും, സന്ദർഭങ്ങളും, പശ്ചാത്തലമൊരുക്കി. പെരിയാറെന്ന സുന്ദരിയും പാദസരം കിലുക്കുന്നു. അല്ല, തിരുത്തട്ടെ, ചോരയൊലിപ്പിച്ചുകൊണ്ട്‌ കടന്നു പോകുന്നു.

പുലിമുട്ടിനടുത്തായി ഒരു ബോർഡ്‌ പുഴയിലിറങ്ങുന്നവരെ ഓർമ്മപ്പെടുത്താനെന്നപോലെ നിന്നു പറയുന്നു. ‘എന്റെ മക്കളേ’..... ഇതിലും തെളിമയോടെ ഈ വരികൾ മുൻപ്‌ പലവട്ടം ഏറ്റു ചൊല്ലിയിരുന്നു. ഒറ്റക്കല്ല ഉദയനും ദീപുവിനുമൊപ്പം.

ഇന്ന്‌ കർക്കിടകവാവാണ്‌. മോക്ഷം തേടിയലയുന്ന ആത്‌മാക്കൾക്ക്‌ ഒരു പിടി അരിനനച്ചിടാൻ എവിടെനിന്നെല്ലാം വന്നെത്തിയവരാണ്‌? ഒരു കാഴ്‌ച ഏറെ പുതുമയുള്ളതായി തോന്നി. എള്ളും പൂവും ചന്ദനവും ഭസ്‌മവും പിന്നെ കുറേ ചുവന്ന പ്ലാസ്‌റ്റിക്‌ ഗ്ലാസുകൾ. കുറച്ചു പേരുള്ള സംഘമായി തിരിച്ച്‌ ബലിയിടുവിക്കുവാൻ തയ്യാറായി നില്‌ക്കുന്ന മൂത്തശ്ശൻ ഇളയതുമൂത്തശ്ശൻ, പ്രായം കണ്ണുകളിലെ തിളക്കം കെടുത്തിയെങ്കിലും ഇന്നും വരുന്നുണ്ടല്ലോ? വർഷങ്ങൾക്കുമുൻപ്‌ ഇതുപോലൊരു കർക്കിടകവാവിന്റെ തലേന്ന്‌ പൂക്കളും ഇലകളും മറ്റും ബലിച്ചടങ്ങുകൾക്കായി ശേഖരിക്കുവാൻ പോയ ഇളയതിന്റെ മകൻ മരിച്ചുപോയതും, പതിനെട്ടുകാരിയായ ഭാര്യയും, അമ്മയും ദുഃഖത്തിൽ നിന്നും ഒരു വിധം കരക്കേറിയിട്ടുണ്ടാവും എന്ന പ്രാർത്ഥനയും എന്നിൽ നിറഞ്ഞപാടെ ഇളയതിന്റെ ചോദ്യം വന്നു. ആർക്കൊക്കെ വേണ്ടിയാണ്‌? എടുത്തു പറയാൻ ഒരുപാടുപേരുകളുള്ളതുകൊണ്ട്‌ പിന്നീടാവാം എന്നുറപ്പിച്ച്‌ മിണ്ടാതിരുന്നു. ബലിച്ചോറുമായി പുഴയിൽ മുങ്ങിത്താണപ്പോൾ കണ്ണുനനഞ്ഞുവോ? പാടില്ല...

എന്റെ ദീപുവിനും ഉദയനും എന്നും പതിനഞ്ചുകാരന്റെ മുഖമാണ്‌. അവരുടെ അനിയത്തി മീനുവിന്‌ പക്ഷേ പതിനെട്ടിന്റെ ചേലാണ്‌. അതെന്താണെന്നല്ലേ? പറയാം ഞാനിനി ഒന്നും ഒളിക്കുന്നില്ല. പുഴയിലേക്കുനോക്കിസ്വസ്‌ഥമായി ഇരുന്ന്‌ ഞാനെല്ലാവരെയും പരിചയപ്പെടുത്താം.

സ്‌കൂളിൽ പഠിക്കുമ്പോൾ ടൈംടേബിൾ തെറ്റിക്കാതെ എന്നപോലെ ഞങ്ങൾ ചെയ്‌തിരുന്ന ഒരു കാര്യമുണ്ട്‌ പെരിയാറിന്റെ മാറിലൂടെ ഒരു നീന്തൽ. തളർച്ച തോന്നുമ്പോഴായിരുന്നു തിരികെക്കയറിയിരുന്നത്‌. ഞങ്ങളുടെ വീടുകൾ അടുത്തടുത്തായതുകൊണ്ട്‌ കൊണ്ട്‌ കുടുംബങ്ങൾ തമ്മിലും സൗഹൃദം സൂക്ഷിച്ചിരുന്നു. ഒരു നേരം പോലും ഒരുതരി ഉപ്പുപോലുമില്ലാതെ ഇരിക്കേണ്ടി വന്നിട്ടില്ല രണ്ടു കുടുംബത്തിലും. എന്തുവാങ്ങുമ്പോഴും ഒരെണ്ണം കൂടുതൽ കരുതാൻ രണ്ടു വീട്ടുകാരും മറന്നില്ല. ഇന്നു ഞാൻ താമസിക്കുന്ന ഫ്ലാറ്റിന്റെ തൊട്ടടുത്ത മുറിപോലും എനിക്കന്യമാണ്‌.

പത്താം ക്ലസിൽ പഠിക്കുമ്പോഴുള്ള തിരുവോണ ദിവസം ഒരിക്കലും സംഭവിക്കാതിരുന്നെങ്കിലെന്ന്‌ വൃഥാ ഇന്നു ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. അറുപതിന്റെ വാതിൽപ്പടിയിൽ ചാരിനിൽക്കുമ്പോഴും കായുപ്പേരി വറുത്തുവച്ചിട്ടുണ്ടെന്ന്‌ മീരമ്മായി പറഞ്ഞപ്പോഴെ താൻ ഓണാവധിയുടെ ആദ്യദിവസം തന്നെ അവിടെ ഹാജരായി. ദീപുവും ഉദയനും തോർത്തും തലയിൽ കെട്ടി ഇറങ്ങിവന്നു. പിന്നാലെ മീനുവും വാശിപിടിച്ചുകരയുന്നുണ്ടായിരുന്നു. സുധേട്ടന്റെ കൂടെ ഞാനുവരും. വാശിപിടിച്ചുകരയുന്ന മീനുവിനോട്‌ എന്തു പറയണമെന്നറിയില്ലായിരുന്നു. അവളെന്നും ആഗ്രഹിച്ചതൊക്കെ നേടിയെടുത്ത വാശിക്കാരിയായിരുന്നു. വേഗം കുളിച്ചുവന്നാൽ കിട്ടാൻ പോകുന്ന ഉപ്പേരിയുടെ രുചി. കൊതിപിടിപ്പിച്ചു. നാൽവർ സംഘം പുഴയിലേക്ക്‌ ഓടുകയായിരുന്നു.

മീനുവിന്‌ കരയിലിരുന്ന്‌ കളിക്കുവാൻ കൈയ്യിൽ ഒരു കപ്പങ്ങതണ്ടും മച്ചിങ്ങവണ്ടിയും കരുതാൻ മറന്നില്ല. ഞാൻ ഒരു വല്യേട്ടന്റെ പോലെയാണ്‌ അവരോട്‌ പെരുമാറിയിരുന്നത്‌ പലപ്പോഴും. മീനുമോളെ കൽപ്പടവിലിരുത്തി പുഴയിലേക്ക്‌ എടുത്തുചാടി. പുലർച്ചെ പെയ്‌ത മഴയിൽ പുഴയിലെ വെള്ളം വല്ലാതെ കൂടിയിട്ടുണ്ട്‌. മഴക്കാറ്‌ വീണ്ടും ആകാശത്ത്‌ കാണുന്നുണ്ട്‌. ചിങ്ങമാസത്തിന്റേതായ യാ​‍ൊതാരു ലക്ഷണവും കാലാവസ്‌ഥ കാണിക്കുന്നില്ല. മണൽപ്പുറത്തെ മഹാദേവ ക്ഷേത്രം മഞ്ഞുമൂടിക്കിടക്കുന്നത്‌ നീന്തുന്നതിനിടയിൽ കണ്ടു. പെട്ടന്ന്‌ തന്റെ മുന്നിൽ നീന്തിയിരുന്ന ഉദയനും ദീപുവും താണുപോകുന്നതുപോലെ, ദൈവമേ അവരെവിടെ പുലിമൂട്ടിൽ നിന്നും തുടങ്ങി അധികമാഴമില്ലാത്ത ഭാഗത്ത്‌ നീന്തി വേഗം കരക്കുകയറുകയായിരുന്നല്ലോ പതിവ്‌? ഇല്ല ഉദയനും ദീപുവും തനിക്കു മുൻപേ തോൽപ്പിച്ചുകൊണ്ട്‌ എവിടേക്കാവും പോയിരിക്കുക? മീനുമോളെ വെറുതെ ഒന്നു തിരിഞ്ഞു നോക്കിയതേയുള്ളു. വെള്ളത്തിൽ വീണ മച്ചിങ്ങ വണ്ടിക്കായി അവൾ പടവുകളൊന്നാന്നായിറങ്ങുന്നു. ദൈവമേ.... മോളേ നില്‌ക്കവിടെ.... സർവ്വശക്തിയുമെടുത്ത്‌ തിരിച്ചു നീന്തിയ താൻ കിതപ്പോടെ തന്നെ അവൾക്കൊരടിവച്ചുകൊടുത്തു. ഉറക്കെ കരഞ്ഞുപോയ മീനു എന്റെ കൈയ്യിൽ ആഞ്ഞുകടിച്ചതിന്റെ പാട്‌ ഇന്നുമുണ്ട്‌. ഓർമ്മയുടെ അടയാളമായി.

വേഗത്തിലോടുന്നതിനിടെ ഷർട്ടിൽ കുതിർന്നുകിടന്നഉപ്പേരിക്കഷ്‌ണങ്ങൾ നിലത്തു വീണുചിതറി. മീരമ്മാ​‍ായിയുടെ വീട്ടിലെത്തി മീനുവിനെ ഏല്‌പ്പിച്ച്‌ വിവരം പറഞ്ഞതും മനുമാമൻ തന്നെയും കൂട്ടി ധൃതിയിൽ ഷർട്ടിട്ട്‌ ഏതൊക്കെയോ നമ്പറുകളിൽ മാറിമാറിക്കുത്തി സംസാരിക്കുന്നതു കണ്ടു. മനുമാമൻ വല്ലപ്പോഴും വരുന്ന അതിഥിയായിരുന്നു ഞങ്ങൾക്കും അവർക്കും. മണൽപ്പുറത്ത്‌ ഫയർഫോഴ്‌സിന്റെയും പോലീസിന്റെയും മറ്റു ബഹളം തിരച്ചിലിനായി ഇറങ്ങിയ സംഘം തന്നോടു ചോദിച്ച ചോദ്യങ്ങൾക്ക്‌ എങ്ങനെ ഉത്തരം നല്‌കി. കുറച്ചു കഴിഞ്ഞ്‌ മരവിച്ച രണ്ടു ശരീരങ്ങളുമായി കയറി വന്ന യൂണിഫോംധാരികൾ പ്രതീക്ഷകളെ നിഷ്‌കരുണം കശക്കിയെറിഞ്ഞു. പെരിയാറിനിപ്പോൾ ചോരയുടെ ഗന്ധമല്ലേ, അതെ രണ്ടു കുടുബങ്ങളുടെ പ്രതീക്ഷകൾ ഇഴപാകിയിരുന്നത്‌ ഞങ്ങളിലൂടെയായിരുന്നല്ലോ? ഇനി അതൊക്കെ.....

കാലം നല്‌കിയ കൈത്താങ്ങിലൂന്നി ഞാൻ പഠിച്ചു വാശിയോടെ വർഷങ്ങൾക്കുശേഷം കൂട്ടുകാരുടെ കുടുംബത്തോടുള്ള കടം തീർക്കുവാൻ മീനുവിനെ വിവാഹം ചെയ്‌തു തരണമെന്നാവശ്യപ്പെട്ടു ചെന്നപ്പോൾ അവൾ സമ്മതം മൂളിയത്‌ അച്ഛനമ്മമാർക്ക്‌ ഒരു ഞെട്ടലായിരുന്നു. കൽക്കത്തക്കുതാമസം മാറിയ മീനു ആലുവായിൽ പോയി കുറച്ചു ദിവസം താമസിക്കണമെന്ന്‌ പറഞ്ഞപ്പോൾ അസ്വഭാവികമായി ഒന്നും തോന്നിയില്ല. ആലുവായിൽ ചെന്നതിന്റെ പിറ്റേന്നുതന്നെ പുഴകാണുവാൻ പോകണമെന്ന്‌ മീനുപറഞ്ഞപ്പോൾ വിലക്കിയില്ല. താനും പോയി, ഓർമ്മകൾക്കു കൂട്ടായിരിക്കാൻ. കാലുകഴുകുവാനെന്ന മട്ടിൽ പുഴയിലേക്കിറങ്ങിയ മീനു താഴ്‌ന്നു താഴ്‌ന്നു പോകുന്നതു കണ്ട്‌ ദൂരെ നിന്ന്‌ ഒന്നും മനസ്സിലാവാതെ തരിച്ചു നിന്നു. എല്ലാവരും തന്നെ തോല്‌പിക്കുകയാണല്ലോ? എനിക്കും സാധിക്കും നിലയില്ലാകയത്തിലൂടെ നിങ്ങളുടെയൊക്കെ അടുത്തെത്താൻ. പക്ഷേ........ എന്റെ പ്രിയപ്പെട്ടവരെ നിങ്ങൾ മോഷം കിട്ടാതലഞ്ഞുകൂടാ. ഞാൻ നിങ്ങൾക്കുവേണ്ടി ശേഷക്രിയകൾ ചെയ്യട്ടെ. കാക്കകളേ നിങ്ങളെ ഞാൻ ഏതൊക്കെ പേരുചൊല്ലി വിളിക്കണം?.... ഇല്ല നിങ്ങളാരും അലയരുത്‌..... മോക്ഷം നല്‌കുവാൻ ഞാൻ കർമ്മം ചെയ്യും.... അതു കഴിഞ്ഞ്‌ ഈ പുഴയുടെ കൈയ്യിലേക്ക്‌.... എല്ലാം നിശ്ചയിച്ചുറപ്പിച്ചിരുന്നു.

വന്ദന ശ്രീകുമാർ

ശ്രീനികേതൻ,

എൽ.പി സ്‌കൂളിനുസമീപം,

കിഴക്കേ കടുങ്ങല്ലൂർ,

ആലുവ - 683102.


Phone: 0484-2604625, 9387314771
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.