പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ചതുരജീവിതം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അശോക്‌ എ. ഡിക്രൂസ്‌

(പുഴ ചെറുകഥാമത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട പതിനേഴ്‌ കഥകളിൽ ഇത്‌ ഉൾപ്പെടുന്നു.)

അക്കാലത്ത്‌ രാജശേഖരൻതമ്പി ഇനി എന്താണ്‌ ചെയ്യാൻ പോകുന്നതെന്ന്‌ ആർക്കുവേണമെങ്കിലും പ്രവചിക്കാമായിരുന്നു. കുപ്പായത്തിനുപിന്നിൽ ഒരു ഫോൾഡറിലെന്നപോലെ സദാസമയം നീണ്ടുകിടക്കുന്ന കാലൻകുടയുമായി, ശരീരത്തിന്റെ പകുതിയിലധികം ആലസ്യം നിറച്ച്‌ ഒരു ഉത്തരാധുനിക കവിതപോലെ, യൂണിവേഴ്‌സിറ്റി ലൈബ്രറിയിൽനിന്നും 122-​‍ാം നമ്പർ ഹോസ്‌റ്റർ മുറിയിലേക്കുളള ദൂരവും, റൂമിൽ നിന്ന്‌ ഡിപ്പാർട്ട്‌മെന്റിലേക്കുളള ദൂരവും അയാൾ അളന്നിരുന്നത്‌ സിഗരറ്റിന്റെ ഇടയ്‌ക്കിടെ അടർന്നുവീഴുന്ന ചാരത്തിലും അലിഞ്ഞില്ലാതാവുന്ന പുകച്ചുരുളിന്റെ അനുഭവങ്ങളിലുമായിരുന്നു.

ഇപ്പോൾ ഗോഡ്‌സേ റോഡിന്റെ ഓരം ചേർന്ന്‌ നിലകൊളളുന്ന ഇന്ത്യൻ ലോഡ്‌ജിന്റെ 111-​‍ാം നമ്പർ മുറിയിൽ നിന്നും ഗാന്ധിപ്രതിമയ്‌ക്ക്‌ സമീപമുളള പത്രമാഫീസിലേക്കുളള ദൂരം അളക്കുന്നതും സിഗരറ്റിന്റെ അലിഞ്ഞില്ലാതാവലുകളിലൂടെയും പുകച്ചുരുളുകളുടെ അനുഭവങ്ങളിൽകൂടിയും തന്നെയാണ്‌. ഇപ്പോഴുളള അയാളുടെ ജീവിതം ഒരു സമചതുരത്തിനുളളിലാണ്‌; ഒരിക്കലും പുറത്തുകളിക്കാനാവാത്ത ഒരു സമചതുരത്തിനുളളിൽ. ഗോഡ്‌സേ റോഡും ഗാന്ധിപ്രതിമയും ഒരേ വശങ്ങളിലും, ഇന്ത്യൻ ലോഡ്‌ജും അതിന്റെ ഭാഗം ചേരുന്ന ശ്മശാനവും ചേർന്നു നിർമ്മിക്കുന്ന വിശിഷ്‌ടമായ ഒരു ചതുരക്കൂടിനുളളിലെ ജീവിതം.

ശവങ്ങളുടെ മനംമടുപ്പിക്കുന്ന സ്‌ഫടികഗന്ധം രാജശേഖരൻ തമ്പിയുടെ നാസികാദ്വാരങ്ങളിലൂടെ ആമാശയത്തിലേക്കുളള ദൂരം അളക്കുന്നതിനിടയിൽ എപ്പോഴെങ്കിലുമാവും അയാളുടെ പ്രഭാതഭക്ഷണം അവസാനിക്കുന്നതും പത്രമോഫീസിലേക്കുളള നടത്തം ആരംഭിക്കുന്നതും.

സ്‌കാൻ ചെയ്യാനുളള ഫോട്ടോകൾ ഡസ്‌കിൽ നിരത്തി, അവസാന പുകയും അനുഭവിച്ച്‌ കമ്പ്യൂട്ടറിന്റെ ചതുരവലിപ്പത്തിലേക്ക്‌ ഒതുങ്ങുന്നതോടെ അയാളുടെ ഔദ്യോഗിക ജീവിതം തുടങ്ങുന്നു.

ഫോട്ടോകളുടെ ചതുരക്കളികൾക്കുളളിൽ ഒരേ വിഷയമായിരുന്നു. എല്ലാറ്റിലും രക്തവും മാംസവും ചിതറിക്കിടക്കുന്നുണ്ട്‌. അവയ്‌ക്കിടയിൽ അലമുറയിടുന്ന സ്‌ത്രീകളും. കഴിഞ്ഞ കുറെ ദിവസങ്ങളായി എല്ലാ ചിത്രങ്ങൾക്കും ഒരേ സ്വഭാവമായിരുന്നു. ഒറ്റ സ്നാപ്പിൽ ഒതുങ്ങാൻ വിധിക്കപ്പെട്ട കുറെ ജീവിതങ്ങൾ.

“മനുഷ്യർ കഷ്‌ടപ്പെട്ട്‌ ജീവിതത്തിൽ കർമ്മങ്ങൾ ചെയ്യുന്നു, കർമ്മത്തിന്റെ ചതുരങ്ങൾ നിർമ്മിക്കുന്നു. കർമ്മമാകുന്ന ചതുരം അഥവാ ചതുരത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന കർമ്മങ്ങൾ. മനുഷ്യർ കർമ്മചതുരങ്ങളും ആസക്തിപൂണ്ട ചതുരങ്ങളും കൂട്ടിയിണക്കുന്നു.”

“തമ്പിച്ചാ, നിങ്ങൾ വല്ലാതെ ബോറടിപ്പിക്കുന്നു. ഇസങ്ങൾ പഠിക്കാനും മാർക്കു വാങ്ങാനുമുളളതാണ്‌. ജീവിതത്തിൽ പകർത്താനുളളതല്ല.” യൂണിവേഴ്‌സിറ്റി ജീവിതത്തിനിടയിൽ, ചെക്ക്‌ ഡാമിനടുത്തുളള, ടാപ്പിംഗ്‌ നിർത്തിയ റബ്ബർ മരങ്ങൾക്കു താഴെ തമ്പിയുടെ ചിന്തകൾക്ക്‌ കടിഞ്ഞാണിടാൻ പ്രിയയുടെ പ്രണയത്തിന്‌ കഴിഞ്ഞിരുന്നു.

“രാജശേഖരൻ തമ്പി എന്തുകൊണ്ട്‌ താടി വളർത്തുന്നില്ല.” എന്നും “ഷർട്ടിനു പിന്നിൽ തൂങ്ങുന്ന കാലൻകുട വീഴാത്തതെന്ത്‌?” എന്നും വ്യാകുലപ്പെടാനായിരുന്നു എന്നും പ്രിയയ്‌ക്ക്‌ താല്‌പര്യം.

യൂണിവേഴ്‌സിറ്റി ലൈബ്രറിയില ‘നിശ്ശബ്‌ദത പാലിക്കുക’ എന്ന ബോർഡ്‌ കണക്കാക്കാത്ത ഇസങ്ങളെക്കുറിച്ച്‌ കസറിയിരുന്ന തമ്പിയിൽനിന്ന്‌, തമ്പി എന്ന പത്രപ്രവർത്തകനിലേക്കുളള ദൂരം ഒരു സിഗരറ്റുപോലെ എരിഞ്ഞില്ലാതായിക്കഴിഞ്ഞിരുന്നു.

ജീവിതത്തിന്റെ സമചതുരത്തിനുളളിലായതിൽ പിന്നെ അയാൾ ഒന്നും അറിയാറില്ല. താല്പര്യമില്ലാഞ്ഞിട്ടല്ല, അറിയുന്നതിനുശേഷമുളള ആകാംക്ഷയുടെ തുടർ നടപടികൾ ഭയന്നിട്ടാണ്‌.

ചരമക്കോളം സ്ഥിരമായി ചെയ്‌തിരുന്ന ശേഖരപൊതുവാൾ ചരമക്കോളത്തിലെ തന്നെ വാർത്തയായപ്പോഴാണ്‌ ആ പേജിന്റെ ചുമതല രാജശേഖരൻ തമ്പിയിൽ നിക്ഷിപ്‌തമായത്‌.

പത്രമോഫീസിന്റെ നീല വിരിപ്പിട്ട ചില്ലു ജാലകത്തിലൂടെ കടന്നുവന്ന കാറ്റിനൊപ്പം, വയറുവീർത്തതും കത്തിക്കരിഞ്ഞതുമായ ശവങ്ങളുടെ ചോരയുടെ രൂക്ഷഗന്ധം അയാളിൽ മടുപ്പുണ്ടാക്കി. ടി വി ചാനലുകളുടെ ചതുരക്കാഴ്‌ചകളിലേക്ക്‌ അയാൾ മുഖം പൂഴ്‌ത്താൻ നിർബന്ധിതനായി.

എന്നാൽ മലയാളം ചാനലുകളിലെ മിമിക്രികൾക്കും വിദേശ ചാനലുകളിലെ വെളുത്ത നഗ്നതയുടെ ധൂർത്തിനും അയാളെ സ്പർശിക്കാനായില്ല. അയാൾ റിമോട്ടിന്റെ ബട്ടണിൽ മാറിമാറി വിരലമർത്തിക്കൊണ്ടിരുന്നു. ഒരു ചതുരത്തിലെ ജീവിതം കാണുമ്പോൾ അവസാനിപ്പിച്ച്‌ മറ്റൊന്നു കാണാൻ തോന്നും. ആ ചതുരവും മടുക്കുമ്പോൾ മറ്റൊരു ജീവിതത്തിലേക്ക്‌. ഓരോ ചാനലുകൾ മാറ്റുമ്പോഴും ഓരോ ആത്മഹത്യകൾ സംഭവിക്കുന്നു. അഥവാ ഓരോ കൊലപാതകത്തിന്‌ ബട്ടണമർത്തുന്നു. പുറംകാഴ്‌ചകളിൽ കാണുന്ന ദുരന്തമുഖം ടെലിവിഷന്റെ ചതുരക്കാഴ്‌ചകളിൽ ഇല്ലാതെ പോകുന്നു. അഥവാ ദുരന്തം ആക്ഷേപഹാസ്യ പരമ്പരയാക്കി അവതരിപ്പിക്കപ്പെടുന്നു.

ലഭ്യമായ ദുരന്ത-ലഹള വാർത്തകളിൽ നിന്ന്‌ ഏറ്റവും സ്തോഭജനകമായതു മാത്രം പ്രത്യേകം തിരഞ്ഞെടുത്ത്‌, പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നതിലാണ്‌ സബ്‌ എഡിറ്ററുടെ മികവെന്ന്‌ ന്യൂസ്‌ എഡിറ്റർ കൂടെക്കൂടെ അയാളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കും.

‘വർഗ്ഗീയ ലഹളഃ എട്ടുപേരെ വെട്ടിക്കൊന്നു’, ‘കടബാധ്യതഃ അഞ്ചംഗ കർഷക കുടുംബം ആത്മഹത്യ ചെയ്‌തു’, ‘അമ്മയുടെ മുന്നിൽ മകളെ ബലാത്സംഗം ചെയ്‌തു കൊന്നു’, ‘ഭർത്തൃമതിയെ മാനഭംഗം ചെയ്‌തശേഷം ചുട്ടുകൊന്നു’, ‘മധ്യവയസ്‌ക യുവകാമുകനൊപ്പം വിഷം കഴിച്ചു മരിച്ച നിലയിൽ’, ‘ലോഡ്‌ജുമുറിയിൽ കമിതാക്കൾ മരിച്ച നിലയിൽ’ തുടങ്ങിയ രക്തക്കറ പുരണ്ട ‘സ്‌റ്റോറി’കളാണ്‌ രാവിലെ ചായയ്‌ക്കൊപ്പം വായനക്കാർക്ക്‌ നുണഞ്ഞിറക്കേണ്ടതെന്നും, താൻ അക്കാര്യത്തിൽ ശ്രദ്ധാലുവാണെന്നും രാജശേഖരൻ തമ്പിക്ക്‌ സംതൃപ്തിയുണ്ടായിരുന്നു..

ഫോട്ടോ സ്‌കാനിംഗിനൊപ്പം ചരമക്കോളത്തിന്റെ ചുമതല കൂടി അയാൾ ഏറ്റെടുത്തതോടെയാണ്‌ പത്രത്താളുകളിൽ സമചതുരങ്ങൾ പെരുകി തുടങ്ങിയത്‌. അക്ഷരങ്ങൾക്കും ചിത്രങ്ങൾക്കും മീതെ താളുകളിൽ നിറഞ്ഞു നില്‌ക്കുന്നത്‌ സമചതുരക്കട്ടകളാണ്‌. സമചതുരങ്ങൾ കടലാസു വലിപ്പത്തിൽ വക്കുകൾ കറുപ്പിച്ച്‌ നിസ്സംഗതയോടെ പ്രത്യക്ഷപ്പെടാൻ തുടങ്ങി.

ആവി തട്ടിയ ചില്ലിലൂടെയുളള കാഴ്‌ചപോലെ, മങ്ങിയ അയാളുടെ കണ്ണുകളെ, സ്‌കാൻ ചെയ്‌ത ഫോട്ടോകൾക്കിടയിൽ ഒരെണ്ണം പിടിച്ചെടുത്തു. പ്രിയയുടെ മുഖഛായയുളള ഒരമ്മയുടെയും കുട്ടിയുടെയും ജീർണ്ണിച്ച ശവശരീരങ്ങളുടെ ചിത്രം. മൂന്നുദിവസം മുമ്പ്‌ മരണപ്പെട്ട അവരുടെ ശരീരം ആരോ അഴുക്കുചാലിൽനിന്ന്‌ കണ്ടെടുത്തതായിരുന്നു.

ക്രൂരമായി ഭോഗിക്കപ്പെട്ട്‌, ചുണ്ടുകളും മുലകളും പിഴുതെറിയപ്പെട്ട അമ്മയുടെ അരികിൽ, ഒരു വിലാപഗീതം പോലെ കിടക്കുന്ന കുഞ്ഞ്‌, എന്തെല്ലാമോ ചിന്തകൾ ചിലന്തിവലകൾ പോലെ തൂങ്ങി, അയാളുടെ തലച്ചോറിൽ ചില നിഴൽ ചിത്രങ്ങൾക്ക്‌ ജീവൻ നൽകി. അത്‌ അയാളുടെ യൗവനകാലത്തെ പ്രണയപാപങ്ങളെ ഓർമ്മിപ്പിച്ചു. അന്നേരം അസ്വസ്ഥത അനുസരണയില്ലാത്ത കുഞ്ഞിനെപ്പോലെ അലമുറയിട്ടു. അയാളുടെ വലതു കൈവെളളയിലെ മൗസിന്‌ ഇപ്പോൾ ഒരു കുഞ്ഞിന്റെ മുഖമാണുളളത്‌; മോണിട്ടറിന്‌ അമ്മയുടെയും.

മൂന്നുവർഷം മുമ്പ്‌ സ്തനാർബുദം വന്ന്‌ മുറിച്ചു മാറ്റിയ മുലകളുടെ അഭാവത്തിൽ ഒരു വർഷത്തോളം ജീവിച്ച അയാളുടെ അമ്മ, മോണിട്ടറിന്റെ ചതുരവടിവും കടന്ന്‌ അയാളെ വാത്സല്യത്തോടെ സ്‌നേഹിക്കാൻ തുടങ്ങി.

സ്‌നേഹത്തിന്‌ ആഴം കൂടി, പിന്നീടത്‌ ഒരു കൂറ്റൻ തിരമാലപോലെ ഉയർന്നു പൊങ്ങി. ചോരയുടെ മണമുളള കാറ്റ്‌ നേർത്തുനേർത്ത്‌ മുലപ്പാലിന്റെ ആർദ്രമായ ഗന്ധത്തിലേക്ക്‌. ഒരു ചതുരത്തിന്റെ പാതിയിൽ രണ്ടാമതൊന്നുകൂടി വരഞ്ഞ്‌, വശങ്ങൾ കൂട്ടിച്ചേർത്ത്‌ ഒരു ക്യൂബിന്റെ ആകൃതി കൈവരുത്തുന്നതോടെ ചതുരങ്ങളുടെ എണ്ണം കൂടുന്നു. വരയും ജീവിതവും എല്ലാം ചതുരത്തിലേക്ക്‌ ചുരുങ്ങുന്നു. അഥവാ ആവാഹിക്കപ്പെടുന്നു.

മോണിട്ടറിന്റെ ചതുരവഴിയിൽ നിന്നും പിൻവലിഞ്ഞ്‌ കമ്പ്യൂട്ടർ റൂമിന്‌ പുറത്തുകടന്ന്‌ പുതിയ സിഗരറ്റിന്‌ തീ കൊളുത്തി. താഴെ നിരത്തിലേക്കുളള നീളം അളന്നു തുടങ്ങി. വാഹനങ്ങളില്ലാത്ത വഴികൾ, അയാൾക്കത്‌ പരിചയമായിട്ട്‌ ഒരു മാസത്തോളമായി. പുകയുന്ന മനസ്സും എരിയുന്ന സിഗരറ്റും തമ്മിലുളള ദൂരം ഒരുതരം സ്‌നേഹമായി രൂപാന്തരപ്പെട്ടു. അസ്വസ്ഥമായ പകലിന്റെ പീഡകളിൽ നിന്ന്‌ ഒളിച്ചോടാൻ അയാൾ മരച്ചില്ലകളിലൂടെ കിനിഞ്ഞിറങ്ങാൻ തുനിയുന്ന വർഷബിന്ദുക്കളിലേക്ക്‌ നോട്ടം പായിച്ചു.

ദൂരം എന്നത്‌ അയാൾക്ക്‌ ഭൂതകാലത്തിന്റെ കപടതയിൽ ഒളിച്ചിരിക്കാനുളള ഒരു ഗുഹാചിത്രമായി ചുരുങ്ങി. റോഡിലൂടെ മുന്നോട്ട്‌ നീങ്ങി. ഇവിടെ വഴി രണ്ടായി പിരിയുന്നു. വലത്ത്‌ ഗാന്ധി പാർക്ക്‌ ഉണ്ടായിരുന്നു. ഇപ്പോൾ... അറിയില്ല. ഇടത്ത്‌ തീയും ചോരയും തിളച്ചുമറിയുന്ന തെരുവ്‌.

‘പത്രത്തിന്റെ തലക്കെട്ടുകൾ ഇനി ആർക്കുവേണ്ടിയാണ്‌?’ ഒരു നിമിഷം അയാൾ തരിച്ചുനിന്നു. ‘ഏതു വായനക്കാരനാണ്‌ ഇനി വാർത്തകൾക്കായി അവശേഷിച്ചിരിക്കുന്നത്‌?’

നിരത്തിൽ നിന്ന്‌ ബാഷ്‌പീകരിക്കപ്പെടുന്ന രക്തം ബാക്കിയാക്കി വയ്‌ക്കുന്ന കടുംചുവപ്പു കലർന്ന ശൈത്യത്തിലാണ്‌ ഇനി അയാളുടെ പ്രതീക്ഷ. എരിഞ്ഞൊടുങ്ങാറായ പകലിനോടുളള വിശ്വാസം നഷ്‌ടമായി പുതിയ തീ കൊളുത്തി ഉത്തരങ്ങൾക്കും സ്‌നേഹത്തിനുമിടയിലുളള ദൂരം തിരഞ്ഞ്‌, കരയിലേക്കു വലിച്ചെറിയപ്പെട്ട, ഏത്‌ ഭാഗത്തേക്കും നീങ്ങാവുന്ന ഞണ്ടിനെപ്പോലെ അയാൾ നടന്നു തുടങ്ങി.

ക്രമേണ അയാളുടെ ചുറ്റിലും ആയിരക്കണക്കിന്‌ സമചതുരങ്ങൾ പെരുകിപ്പെരുകി വളരാൻ തുടങ്ങി. പൊടുന്നനെ, തന്റെ ശരീരവും ചതുരാകൃതിയിൽ ചലിക്കുന്നത്‌ അയാൾ നിസ്സംഗതയോടെ നോക്കിക്കണ്ടു.

---------

അശോക്‌ എ. ഡിക്രൂസ്‌

അശോക്‌ എ.ഡിക്രൂസ്‌, ‘മണപ്പൊയ്‌ക’, മുണ്ടയ്‌ക്കൽ, കൊല്ലം - 691 001. ഫോൺഃ 0474-2767189, 9447060757
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.