പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

സ്‌നേഹം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുനിൽ പടിഞ്ഞാക്കര

കഥ

അമ്മയ്‌ക്ക്‌ വല്ലാതെ ദാഹിക്കുന്നുണ്ടായിരുന്നു. ശരീരഭാഗത്തെ പല മുറിവുകളിൽനിന്നും ചോരയോടൊപ്പം പുഴുക്കളും അരിച്ചിറങ്ങുന്നുണ്ടായിരുന്നു. ചുട്ടുപ്പൊളളുന്ന പനിയിൽ ശരീരം വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. ഒരു പുതപ്പെടുത്ത്‌ ആരെങ്കിലും ഒന്നു പുതപ്പിച്ചെങ്കിൽ എന്ന്‌ അമ്മ വെറുതെ ആഗ്രഹിച്ചിരുന്നു. എല്ലിച്ചുന്തിയ ശരീരത്തിൽ ശ്വാസം പോലും കയറിയിറങ്ങാൻ പലപ്പോഴും മടിച്ചിരുന്നു. ദേഹാസ്വസ്ഥതയിലും, ഒറ്റപ്പെടലിലും പിന്നെ വിശപ്പിലും, ദാഹത്തിലും അമ്മയുടെ കണ്ണുകൾ തലക്കുളളിലോളം ആഴ്‌ന്നിറങ്ങിക്കഴിഞ്ഞിരുന്നു. ഇനിയും മറയാത്ത പ്രജ്ഞയിൽ അമ്മ തന്റെ മകനും കുടുംബവും ആ വീട്ടിൽ എവിടെയൊക്കെയോ ഉണ്ടെന്ന്‌ തിരിച്ചറിഞ്ഞിരുന്നു. കൂടാതെ ഒരു മനുഷ്യജന്മത്തിനു രണ്ട്‌ ദിവസത്തിലൊരിക്കലെങ്കിലും ദാഹിക്കുമെന്നും, ആഴ്‌ചയിൽ ഒരിക്കലെങ്കിലും വിശക്കുമെന്നും മനസ്സിലാക്കാനുളള കഴിവ്‌ അവർക്കുണ്ടെന്നു അമ്മയ്‌ക്ക്‌ അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അമ്മ ഒരിക്കൽപോലും ആരെയും ആവശ്യങ്ങൾക്കായി വിളിച്ചിരുന്നില്ല...

അമ്മയ്‌ക്കു വാശിയായിരുന്നു.

മദേർസ്‌ ഡേ എന്നു അക്കമിട്ട ഇംഗ്ലീഷ്‌ കലണ്ടറിനു താഴെ തീൻമേശയിൽ മകനും കുടുംബവും പിന്നെ കുറച്ചു ബന്ധുക്കളും. വീട്ടിൽ പുതിയ നായയെ വാങ്ങിയതിന്റെ പാർട്ടി ആഘോഷിക്കുകയാണ്‌. ഭക്ഷണത്തിനുമേൽ ഭക്ഷണം കുത്തിനിറക്കുന്നതുകൊണ്ടാവണം മകനും ബന്ധുക്കളും ഇടക്കിടയ്‌ക്ക്‌ ചുമച്ചുകൊണ്ടിരുന്നു.

മകന്റെ ഇടയ്‌ക്കിടെയുളള ചുമ കേട്ടിട്ടായിരിക്കണം, അമ്മയുടെ മനസ്സിൽ മകനെ കുറിച്ചുളള വേവലാതി ഉണ്ടായത്‌. പിന്നീടെപ്പോഴോ മകൻ നിറുത്താതെ കുത്തികുത്തി ചുമച്ചപ്പോൾ, ഉണങ്ങി വരണ്ട ശരീരത്തിൽ നിന്നും ഒരിക്കലും വറ്റാത്ത മാതൃത്വം ആകുലതയോടെ ഞെട്ടിപ്പിടഞ്ഞു...പണ്ടെങ്ങോ ആർക്കും വേണ്ടാത്തതായതുകൊണ്ട്‌ ഉപേക്ഷിച്ച ശബ്‌ദം ഒരു ആർത്തനാദമായി പിടഞ്ഞുവീണു.

“കണ്ണാ... പതുക്കെ കഴിക്കൂ, തൊണ്ടയിൽ കുടുങ്ങണ്ടാ...”

“ഞാൻ സൂക്ഷിച്ചോളാം അമ്മേ...” മറുപടി പറയുമ്പോൾ മകന്റെ തല അഭിമാനംകൊണ്ടു ഉയർന്നുനിന്നിരുന്നു.

ഇത്രയും പരിക്ഷീണിതയായിട്ടും മകനോടുളള അമ്മയുടെ സ്‌നേഹത്തിന്റെ തീവ്രതയിൽ...മകൻ അഹങ്കാരത്തോടെ നിവർന്നുനിന്നു. പിന്നീട്‌, ഫൈവ്‌ സ്‌റ്റാർ ഹോട്ടലിൽ നിന്നും വാങ്ങിച്ച വിലപിടിപ്പുളള ഭക്ഷണം അയാൾ പുതുതായി വാങ്ങിയ നായയുടെ വായിൽ കുത്തി തിരുകാൻ തുടങ്ങി.

സുനിൽ പടിഞ്ഞാക്കര

നെറ്റ്‌വർക്ക്‌ എഞ്ചിനീയർ, ബി-2, 302 പ്രമുഖ്‌ പാർക്ക്‌ അപ്പാർട്ട്‌മെന്റ്‌, സാദേശ്വർ, ബരൂച്ച്‌, ഗുജറാത്ത്‌.


Phone: 09426847043
E-Mail: sunilvvr@yahoo.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.