പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

പുഴക്കരയിലൊരു വീട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഹാസിം മുഹമ്മദ്‌

തെരുവിലൂടെ ഒഴുകുന്ന മുഖമില്ലാത്ത മനുഷ്യപ്രവാഹം രൗദ്രഭാവത്തിൽ തലയുയർത്തി നില്‌ക്കുന്ന അട്ടിയട്ടിയായ ബഹുനില കെട്ടിടങ്ങൾ തിരക്കും പ്രയത്‌നവും ആവർത്തനവിരസതയും കൊണ്ട്‌ കഥയില്ലാതെയാവുന്ന അസംബന്ധ ജീവിതം താമസിച്ച നഗരങ്ങളോടെല്ലാം ഇങ്ങനെ പൊതുവായ അകൽച്ച മാത്രമായിരുന്നു അയാൾക്കുണ്ടായിരുന്നത്‌.

ഓർമ്മകളിൽ പച്ചപ്പ്‌ പടർത്തി ഒഴുകുന്ന നാട്ടിൻപുറത്തെ പുഴയുടെ തണുപ്പ്‌ ഇടക്കിടെ തികട്ടി വരും തന്റെ കുഞ്ഞു കാലിലെ വൃണങ്ങളിൽ കടിച്ച്‌ ഇക്കിളിപ്പെടുത്തിയ പരൽ മീനുകൾ വെള്ളത്തിനടിയിലൂടെ തെറിച്ച്‌ നീങ്ങുന്നത്‌ അക്വേറിയത്തിലെ മത്സ്യങ്ങളെ കാണുമ്പോഴൊക്കെ കൊതിയോടെ സ്‌മരിക്കും. വഴുവഴുക്കുള്ള പാറയിൽ തെന്നാതെ, ഒഴുക്കിനൊത്ത്‌ നൃത്തമാടുന്ന പായലുകൾ വന്നടിയാതെ ഒരു ചിത്രവും മനസിൽ അപൂർണമായി അവസാനിക്കാറില്ല. ആ പുഴക്കരയിൽ ഒരു വീട്‌ വച്ച്‌ ഒരു വിധ നാഗരിക സങ്കീർണതകളുടെ സാന്നിധ്യവുമില്ലാത്ത പ്രകൃതിയുടെ മടിത്തട്ടിലെ ജീവിതം വരിക്കാൻ എപ്പോഴും കൊതിയാവാറുണ്ട്‌ രാവിലെയും വൈകിട്ടും വെള്ളത്തിൽ പോത്തുകളെ പോലെ കിടന്ന്‌ നീന്തി തിമിർത്ത്‌ ഉല്ലസിച്ചും മീൻപിടിച്ച്‌ തിന്നും കഴിയുന്നത്‌ മോഹിപ്പിക്കുന്ന വിധം ഭാവനയിൽ തെളിയുന്നു.

എന്നാൽ അയാൾക്കറിയാം ഗൃഹാതുരത്വം ഭൂതകാലത്തിന്റെ ശാന്തതയിൽ നിമഗ്നനായി തീരാൻ കൊതിക്കുന്ന ഒരു അലസ വികാരമാണ്‌. അത്‌ തന്നെ എവിടെയും എത്തിക്കുന്നില്ല. ഈ നഗരത്തിരക്കിൽ ഭ്രാന്തമായി പോരാടാനുള്ള വീര്യമാണ്‌ വേണ്ടത്‌. ഒരു പടക്കുതിരയുടെ കരുത്തോടെ പായുന്ന ഭാവം ആവശ്യമുണ്ട്‌ എന്നാൽ തളർന്ന്‌ വീഴാൻ തുടങ്ങിയ ഒരു കുതിരയുടെ ജീവിതമാണ്‌ താൻ നയിക്കുന്നത്‌ എന്ന ഭയപ്പാടാണ്‌ നിറയെ വൈക്കോൽ കൂനകളുള്ള ഒരു ലായത്തിൽ തളർന്നുറങ്ങാൻ അത്‌ കൊതിക്കുന്ന പോലയാവും തന്റെ മോഹങ്ങൾ.

ഈയിടെ കമ്പനി എം.ഡി. എല്ലാവരേയും വിളിപ്പിച്ചു പ്രചോദനമേകാനെന്ന പേരിൽ സുദീർഘമായ ഒരു ഉപദേശ പ്രഭാഷണം അതോ ഭീഷണിയോ?“ സാമ്പത്തിക പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിൽ ഒരു യുദ്ധമുന്നണിയിലാണ്‌ നിങ്ങളോരോരുത്തരും നില്‌ക്കുന്നത്‌ എന്നുള്ള ജാഗ്രതയാണ്‌ വേണ്ടത്‌ അവിടെ മുറിവേറ്റ്‌ വീഴുന്നവരെ നോക്കാനോ സംരക്ഷിക്കാനോ ആരും സമയം കളയാറില്ല. ഉപമകളുടെ യുക്തിരാഹിത്യത്തെ കുറിച്ച്‌ ചിന്തിച്ച്‌ ചിന്തിച്ച്‌ അയാൾക്ക്‌ തമാശ തോന്നി പിന്നെയത്‌ ഭീതികൾക്ക്‌ വഴി മാറി. നിലനില്‌പ്പ്‌ നിങ്ങളുടെ കഠിനാധ്വാനത്തെ ആശ്രയിച്ചിരിക്കുന്നു. മറിച്ചാണെങ്കിൽ അതും ബാധിക്കുക നിങ്ങളെ തന്നെ.‘

തന്നെപോലെ തളർന്ന്‌ വീഴുന്ന കുതിരകളെ പറ്റിയാണോ അദ്ദേഹം പറഞ്ഞത്‌? തൊഴിൽ നഷ്‌ടത്തിന്റെ കദന കഥകൾ ഈ നഗരത്തിൽ അങ്ങുമിങ്ങും അലയടിച്ച്‌കൊണ്ടിരിക്കുന്നു. തനിക്കൊന്നും അത്തരമൊരു അവസ്‌ഥ താങ്ങാൻ പറ്റുന്നതല്ല! ദൈനം ദിന ജീവിതത്തിൽ നിന്നും അത്രയധികം ബാധ്യതകൾ തലയിൽ കുന്നുകൂടിയിട്ടുണ്ട്‌. സുധാകരന്റെ വാക്കുകൾ കേട്ടപ്പോഴും ഇതൊക്കെയാണ്‌ ആദ്യം മനസിൽ വന്നത്‌. അതുകൊണ്ടാണ്‌ ഒന്നു മടിച്ച്‌ നിന്നത്‌.

എത്രയോ വർഷങ്ങൾക്ക്‌ ശേഷമാണ്‌ അവനെ കാണുന്നത്‌. നാട്‌ വിട്ടതിനു ശേഷം അങ്ങനെ ബന്ധമൊന്നുമില്ലായിരുന്നു. ഇടയ്‌ക്കുള്ള ഹ്രസ്വസന്ദർശന വേളകളിലും കണ്ടുമുട്ടാൻ സാധിച്ചിട്ടില്ല. ബാല്യത്തിൽ വല്യ സുഹൃത്തുക്കളായിരുന്നു അവർ. അന്ന്‌ ഒന്നിച്ചായിരുന്നു സ്‌കൂളിൽ പോയിരുന്നത്‌. ഞാനിതാ ഈ നഗരത്തിലുണ്ട്‌ എന്ന്‌ പറഞ്ഞവൻ വിളിച്ചപ്പോൾ ആ കാലമൊക്കെ അയാളുടെ ഉള്ളിൽ വന്നെത്തി നോക്കി. സന്തോഷം തോന്നി. തന്നെ ഒന്ന്‌ ഓർത്ത്‌ വിളിക്കാൻ അവനു തോന്നിയല്ലോ. താമസിക്കുന്ന ഹോട്ടലിന്റെ വിവരങ്ങൾ എഴുതിയെടുത്തു. തൊട്ടടുത്ത അവധി ദിനത്തിൽ തന്നെ ചെന്ന്‌ കാണാമെന്ന്‌ ഉറപ്പും കൊടുത്തു.

പുഴയുടെ കുറുകെ മരപ്പലകകൾ കൊണ്ട്‌ കെട്ടിയ ഒരു മേൽപ്പാലമുണ്ടായിരുന്നു. അതു കടന്നാണ്‌ അന്നവർ അക്കരെയുള്ള സ്‌കൂളിൽ പോയിരുന്നത്‌. താഴെ നീലക്കഴം ഏറ്റവും ആഴമുള്ള ഭാഗം മുകളിൽ നിന്നും നോക്കുമ്പോൾ ജലോപരിതലത്തിനു ഇളം നീല നിറമാണ്‌. നാട്ടിലെ പേരെടുത്ത നീന്തൽക്കാർക്ക്‌ പോലും അവിടുത്തെ നിലയില്ലാത്ത വെള്ളത്തിലിറങ്ങാൻ കുറച്ച്‌ പേടിയുണ്ടായിരുന്നു.

നീലക്കയത്തെകുറിച്ചുള്ള ഒരു പാട്‌ പഴങ്കഥകൾ അന്നവനു പറഞ്ഞു കൊടുത്തിട്ടുള്ളതും സുധാകരനാണ്‌. ഈ നീലക്കയത്തിനു എത്ര ആഴമുണ്ടെന്നറിയാമോ? തനിക്ക്‌ മാത്രമേ അറിയുകയുള്ളൂ എന്ന്‌ ആത്മവിശ്വാസം ഉള്ളത്‌ പോലെ മറുപടിയും അവൻ കൂടെ തന്നെ പറയും. പതിനഞ്ചാൾപൊക്കം അവനീ വിവരങ്ങളൊക്കെ എവിടുന്നു കിട്ടുന്നു എന്നാലോചിച്ച്‌ അയാളുടെ കുഞ്ഞ്‌ മനസ്‌ അതിശയിക്കും. പാലത്തിൽ നില്‌ക്കുമ്പോൾ ആ ആഴമോർത്ത്‌ കാലിനടിയിൽ ഒരു തരിപ്പ്‌ കയറും. ഇവിടെ എത്ര പേർ മുങ്ങി മരിച്ചിട്ടുണ്ടെന്നോ? അടിത്തട്ടിൽ ഒരു ഭൂതത്താൻ കോട്ട ഉണ്ട്‌ അവിടുത്തെ ഭൂതങ്ങൾ താഴേക്ക്‌ ആളുകളെ വലിച്ച്‌കൊണ്ട്‌ പോവും. എത്ര വലിയ നീന്തൽക്കാരാണെങ്കിലും രക്ഷയില്ല. തോണി വരെ ആ ഭൂതങ്ങൾ മറിച്ച്‌ കളയും അതുകൊണ്ടാണല്ലോ ഈ മേല്‌പ്പാലം കെട്ടിയത്‌.’

ഓർക്കുവാൻ രസമുള്ള ആ കഥകളുടെ നിറവിൽ സുധാകരനെ കണ്ടപ്പോൾ ചോദിച്ചു. ‘ആ മേൽപ്പാലമൊക്കെ ഇപ്പോഴുണ്ടോ?’

‘അതൊക്കെ ഏതു കാലത്ത്‌ പൊളിച്ചതാണ്‌. ഇപ്പോൾ കോൺഗ്രീറ്റ്‌ പാലമല്ലേ? അതു കഴിഞ്ഞിട്ടൊക്കെ നീ നാട്ടിൽ പോയിട്ടുണ്ടാവുമല്ലോ? ഉണ്ടാവും. യാഥാർഥ്യങ്ങൾക്കപ്പുറം ഭൂതകാലത്തിന്റെ ഭാവനകളിൽ ജീവിക്കുന്ന എന്റെ മനസ്‌ അതൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ലേ?

സുധാകരൻ ആളാകെ മാറിയിരിക്കുന്നു. അല്ലെങ്കിൽ അയാൾ വിചാരിച്ചിരുന്ന ഒരു രൂപമേ ആയിരുന്നില്ല എന്ന്‌ പറയുന്നതാവും ശരി. തടിച്ച ശരീരം, ബൂൾഗാൻ താടി, കയ്യിൽ സ്വർണ ചെയിൻ, ധരിച്ചിരുന്നത്‌ വിലയേറിയ സ്യൂട്ട്‌ ഇവിടെ ഈ വൻനഗരത്തിലെ നക്ഷത്ര ഹോട്ടലിൽ താമസിച്ച്‌ ഇവൻ എന്ത്‌ ചെയ്യുന്നു.?

തങ്ങളുടെ സംഭാഷണം എവിടെയോ കൃതൃമമായി തീരുന്നുവെന്നും പഴയ സൗഹൃതത്തിന്റെ ഊഷ്‌മളത അവശേഷിക്കുന്നില്ലെന്നും അയാൾ ഭയപ്പെട്ട്‌ തുടങ്ങിയ വേളയിലാണ്‌ സുധാകരൻ വിഷയത്തിലേക്ക്‌ കടന്നത്‌.’ നിങ്ങളെയൊക്കെ പോലെ നമ്മുടെ നാടിനേയും പുഴയേയും സ്‌നേഹിക്കുന്ന, ആവേശമായി കൊണ്ട്‌ നടക്കുന്ന കുറെ മനുഷ്യരെ മുന്നിൽ കണ്ട്‌ മാത്രമാണ്‌ ഞങ്ങളുടെ പുതിയ പ്രോജക്‌റ്റ്‌ ‘റിവർ സൈഡ്‌ ജ്യൂവൽസ്‌’ വില്ല പദ്ധതി ആരംഭിച്ചത്‌. നമ്മുടെ മനോഹരമായ ഗ്രാമത്തിൽ തന്നെ പുഴക്കരയിൽ കെട്ടിയുയർത്തുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ ടൗൺഷിപ്പനുള്ളിലാണ്‌ വില്ലകൾ സ്‌ഥിതി ചെയ്യുന്നത്‌. എത്ര കാലമാണ്‌ ഈ വിദേശത്ത്‌ കഴിയുക? എന്നെങ്കിലും ഒരിക്കൽ ജന്മനാട്ടിൽ തിരിച്ച്‌ വരാൻ തോന്നുകയാണെങ്കിൽ താമസിക്കാൻ പറ്റിയ ഇടം ഇല്ലെങ്കിൽപോലും നല്ല ഒരു ഇൻവെസ്‌റ്റമെന്റല്ലേ ഇത്‌.

കൂടി കാഴ്‌ചയിലെ അത്തരമൊരു വഴിത്തിരിവ്‌ അയാൾക്ക്‌ അപ്രതീക്ഷിതമായിരുന്നു. അതു കൊണ്ട്‌ തന്നെ പെട്ടെന്ന്‌ എന്താണ്‌ പറയേണ്ടതെന്ന്‌ ധാരണയില്ലാതെയിരുന്നു. ‘ഞാൻ ഒന്നാലോചിക്കട്ടെ’ എന്ന്‌ പറഞ്ഞ്‌ ഒഴിയാൻ ഭാവിക്കുമ്പോഴും സുധാകരൻ മോഹനമായ വാക്കുകളോടെ പിന്തുടർന്നു ‘ഫൈനാൻസിന്റെ കാര്യമാണെങ്കിൽ ആലോചിച്ച്‌ ബുദ്ധിമുട്ടേണ്ട. കുറഞ്ഞ തവണ വ്യവസ്‌ഥയിൽ ലോൺ ഒപ്പിച്ച്‌ തരുന്ന പാർട്ടിയൊക്കെ നമ്മുടെ കയ്യിലുണ്ട്‌. നീ ഒന്നും അറിയേണ്ട.

മടക്ക യാത്രയിൽ ’റിവർ സൈഡ്‌ ജ്യൂവൽസിന്റെ ബ്രോഷറുകൾ പുഴക്കരയിലെ മനോഹരമായ വീടുകളുടെ ചിത്രങ്ങളുമായി അയാളെ ഒറ്റു നോക്കി. നഗരത്തിന്റെ പരിഭ്രമങ്ങളിൽ നിന്നും അത്‌ തന്നെ ഭാവനയുടെ സ്വപ്നലോകത്തേക്ക്‌ ആനയിക്കുന്നു. അത്തരമൊരു വീട്‌ വളരെക്കാലമായി തന്റെ മോഹങ്ങളിലുണ്ട്‌. തീർച്ചയായും ഇത്‌ തന്നെയാണ്‌ പറ്റിയ അവസരം ഇപ്പോൾ വാങ്ങിച്ചിട്ടാൽ ഒരിക്കലെങ്കിലും അതെല്ലാം പൂവണിയും എന്നു കരുതാം. തീരുമാനത്തിലേക്ക്‌ എത്തിപ്പെട്ടത്‌ എത്ര വേഗമാണ്‌!

ഭാര്യക്ക്‌ എതിർപ്പായിരുന്നു.‘ ഈ പൈസക്ക്‌ എന്തിനു നാട്ടിൽപുറത്ത്‌ ഒരു വീട്‌ വാങ്ങുന്നു? പകരം എറണാകുളമോ ബാംഗ്ലൂരോ പോലെയുള്ള നഗരങ്ങളിലായാൽ വാടകയെങ്കിലും നന്നായി കിട്ടും. വയസ്‌ കാലത്ത്‌ പോയി താമസിക്കുകയും ചെയ്യാം ’തന്റെ ഗ്രാമത്തോടുള്ള അവജ്ഞയും അവിടെ പോയി താമസിക്കാൻ സാധ്യമല്ല എന്ന ധ്വനിയും ആ വാക്കുകളിൽ ഉണ്ടായിരുന്നു എന്നയാൾക്ക്‌ തോന്നി. അതുകൊണ്ട്‌ വീട്‌ വാങ്ങണം എന്ന തീരുമാനം വാശിയോടെ അരക്കിട്ടുറപ്പിക്കുകയാണ്‌ ചെയ്‌തത്‌. ബാംഗ്ലൂരിൽ പഠിക്കുന്ന മക്കൾക്ക്‌ വേണ്ടി വരുന്ന ചിലവുകൾ, ഇവിടുത്തെ ഭീമമായ വാടകത്തുക, വണ്ടിയുടേയും ക്രഡിറ്റ്‌ കാർഡിന്റെയുമൊക്കെ അടവുകൾ എല്ലാം കഴിച്ച്‌ മാസം എത്ര തുക ലോണിനു മിച്ചം പിടിക്കാൻ കഴിയും എന്നത്‌ കൂട്ടിക്കിഴിച്ച്‌ കണക്കാക്കി എന്നാൽ ആവേശം കൊണ്ടുള്ള ഒരു എടുത്തുചാട്ടമായിരുന്നോ തന്റേത്‌ എന്ന ആശങ്ക ലോണിന്റെ അടവ്‌ തുടങ്ങുമ്പോഴും അവസാനിച്ചിരുന്നില്ല.

സ്വപ്‌നങ്ങൾക്കെല്ലാം പക്ഷെ പുതു വർണങ്ങൾ കൈവരുന്നു. ജീവിതത്തെ സംബന്ധിച്ച സുന്ദരമായ ചിത്രങ്ങളുടെ ആയാസരഹിതമായ പ്രവാഹങ്ങളാണ്‌ നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിളിച്ചറിയിക്കുന്ന ഓരോ ഇ-മെയിലുകളും കൊണ്ട്‌വന്നത്‌. ഹാ ഇതാ പുഴക്കരയിലെ തന്റെ സ്വന്തം ഭവനം സ്വപ്‌നങ്ങൾക്കൊത്ത വസ്‌തുക്കൾ വിപണനം ചെയ്യുന്നവൻ തന്നെയാണ്‌. ഇന്ന്‌ അതിജീവിക്കാനറിയുന്ന വ്യാപാരി സുധാകരന്റെയൊക്കെ ബുദ്ധിസാമർത്ഥ്യം സമ്മതിക്കണം. കാരണം സാമ്പത്തിക സമ്മർദങ്ങളും പ്രയാസങ്ങളും അടിച്ചേല്‌പ്പിച്ച അവന്റെ വിപണനതന്ത്രത്തെ പോലും അയാളിന്ന്‌ സ്‌നേഹിക്കുകയാണല്ലോ?

സുന്ദരമായ ചിത്രങ്ങൾ പുഴയുടെ അടിത്തട്ടിൽ നിന്നും ഞാൻ മുങ്ങിയെടുത്ത്‌ കൊടുത്ത വെള്ളാരം കല്ലിനെ അദ്‌ഭുതാതിക്യത്തോടെ നോക്കുന്ന പേരക്കുട്ടികൾ. ‘സൂക്ഷിച്ച്‌.. സൂക്ഷിച്ച്‌’ എന്ന്‌ ഉരുവിട്ടു കൊണ്ടിരിക്കുന്ന തന്റെ പരിഭ്രമത്തെ തെല്ലും കൂസാതെ പുഴക്കരയിലെ പാറക്കെട്ടിനു പിന്നിലായി അവരുടെ ഉത്സാഹം നിറയുന്ന കളിചിരികൾ വീണ്ടും പിന്നിലായി ആ മനോഹരമായ വീട്‌ ജീവിതത്തിന്റെ സൗന്ദര്യത്തിനും സമാധാനത്തിനും മീതെ ഒഴുകുന്ന പുഴയുടെ പശ്ചാത്തല സംഗീതം നാലുപാട്‌ നിന്നും കിനിഞ്ഞിറങ്ങുന്ന പച്ചപ്പ്‌ !

‘ഒരു ഹോളിഡേ മൂഡിനൊക്കെ പറ്റിയ സ്‌ഥലം തന്നെ പണിയൊക്കെ തകൃതിയിൽ നടക്കുന്നു. സുധാകരനങ്കിളിനെ മീറ്റ്‌ ചെയ്‌തു. ’ബാംഗ്ലൂരിൽ പഠിക്കുന്ന മകൻ നാട്ടിൽ പോയി അന്വേഷിച്ച്‌ വന്നിട്ട്‌ ഫോണിൽ പറഞ്ഞു. ഒരു പക്ഷെ താനും ഭാര്യയും ഒറ്റയ്‌ക്കാവും വാർധക്യത്തിൽ അവിടെ താമസിക്കുക എന്നയാൾക്ക്‌ അപ്പോൾ തോന്നി. മക്കളൊക്കെ അവരവരുടെ തിരക്കുകളിൽ വ്യാപൃതരാവില്ലേ? ഭാവി പൊടുന്നനെ എങ്ങനെയൊക്കെയാണ്‌ രൂപപ്പെടുകയെന്ന്‌ ആർക്കറിയാം?

നഗരത്തിലെ പ്രമുഖമായ ഒരു സാമ്പത്തിക ഭീമന്റെ തകർച്ചയെ കുറിച്ചുള്ള വാർത്തകൾ എങ്ങും ചർച്ചാവിഷയമായ സമയത്താണ്‌ സുഹൃത്ത്‌ പറഞ്ഞത്‌. ലോക സാമ്പത്തിക പ്രതിസന്ധിയുടെ ഉത്ഭവകാരണം തന്നെ വീടിനായുള്ള ലോണുകൾ അമേരിക്കയിൽ വ്യാപകമായി തിരിച്ചടക്കാൻ കഴിയാതിരിക്കുക മൂലമായിരുന്നുവത്രെ മനുഷ്യരുടെ വീട്‌ സ്വപ്‌നങ്ങളിലും അതിന്റെ വില്‌പനയിലും ഇത്രയധികം ആഗോള പ്രശ്‌നങ്ങൾ നിലനില്‌ക്കുന്നു എന്നറിയുമ്പോൾ മനസിലെവിടെയോ ഒരു മൂകത പുഴക്കരയിലെ തന്റെ വീട്‌......

നിർമ്മാണ പുരോഗതിയുടെ ഈമെയിൽ അറിയിപ്പുകൾ മുടങ്ങി തുടങ്ങിയതോടെയാണ്‌ അത്‌ വർദ്ധിച്ചത്‌. സുധാകരനെ വിളിച്ച്‌ നോക്കിയിട്ട്‌ കിട്ടുന്നുമില്ല എന്തോ പ്രശ്‌നങ്ങൾ ഉണ്ട്‌ എന്നുറപ്പിച്ചു ഇതിലൊന്നും പണം മുടക്കേണ്ടെന്ന്‌ ഞാൻ അന്നേ പറഞ്ഞിരുന്നതല്ലേ എന്ന ശാഠ്യത്തിൽ ഭാര്യയുടെ ശല്യം ഒടുവിൽ സുധാകരനെ കിട്ടി.

”ഒന്നും പറയണ്ടാ തിരക്കു കൊണ്ട്‌ നില്‌ക്കാൻ പറ്റാത്ത അവസ്‌ഥയായിരുന്നു. നമ്മുടെ പ്രൊജക്‌റ്റിനു ഒരു സ്‌റ്റേ കിട്ടിയിരിക്കുന്നു. ഒന്നും പേടിയ്‌ക്കേണ്ടതില്ല. കാരണം സാമ്പത്തിക പ്രശ്‌നങ്ങളോ അങ്ങനെയൊന്നുമില്ല. ഇത്‌, അറിയാമല്ലോ നാട്ടുകാരുടെ ഒരു സ്വഭാവം നല്ലത്‌ എന്തെങ്കിലും വരുന്നത്‌ ആർക്കും സഹിക്കില്ലല്ലോ? പരിസ്‌ഥിതിയുടെ പേരും പറഞ്ഞാണ്‌ ചിലർ ഇറങ്ങിയേക്കുന്നത്‌. നമ്മൾ പുഴയുടെ അരികിൽ മണ്ണടിക്കുന്നെന്നോ പുഴേന്ന്‌ മണൽ വാരുന്നെന്നോ ഒക്കെ പറഞ്ഞ്‌ പുഴയേ രക്ഷിക്കാൻ കുറേ എണ്ണം.! ഓ ഇവമ്മാരു രക്ഷിച്ചിട്ട്‌ വേണ്ട!! ‘സുധാകരന്റെ ശബ്‌ദത്തിൽ അമർഷം പതഞ്ഞുയരുന്നു. “ഒന്നും പേടിക്കേണ്ട എല്ലാം എനിക്ക്‌ വിട്ട്‌ തന്നേക്ക്‌. കൃത്യ സമയത്ത്‌ പ്രൊജക്‌റ്റ്‌ കംപ്ലീറ്റാക്കി കയ്യിൽ തന്നിരിക്കും..... പോരെ?”

മതിയോ? ശരിക്കും എന്താണ്‌ സംഭവിക്കുന്നത്‌? മുടക്കിയ പണത്തിന്‌ തനിക്കാ വില്ലയുടെ പണി പൂർത്തിയായി കിട്ടിയാൽ മതി. പക്ഷെ ഈ മണലു വാരലിന്റെയും അടിക്കലിന്റെയുമൊക്കെ കഥയെന്താണ്‌? മരിക്കുന്ന പുഴകൾ എന്ന പേരിലോ മറ്റോ ടിവിയിൽ ഒരു ഡോക്യുമെന്ററി കണ്ടിരുന്നു. ഉണങ്ങി വരണ്ട പെരുമ്പാതകൾ പോലെ നഷ്‌ടബോധത്തോടെ നീണ്ട്‌ കിടക്കുന്ന പുഴകളുടെ അസ്‌ഥികൂടങ്ങൾ തന്റെ പുഴയും രക്ഷക്കായി കേഴുന്നുണ്ടോ? ഈ ചോദ്യങ്ങൾക്കപ്പുറം ലോണിന്റെയും സാമ്പത്തിക കഷ്‌ടപ്പാടുകളുടേയും സമ്മർദ്ദം വില്ലയുടെ നിർമാണത്തെ സംബന്ധിച്ച ആശങ്കകളിൽ അഭിരമിക്കുന്നതിനാണ്‌ തീർച്ചയായും ഇഷ്‌ടപ്പെട്ടത്‌. അതാണ്‌ സത്യം.

അപ്പോഴും ഭാവനയുടെ അടിത്തട്ടിൽ നിന്നും അതൃപ്‌തിജനകമായ ഒരു രേഖാചിത്രം തിരിതെളിക്കുന്നുണ്ടായിരുന്നു. വറ്റി വരണ്ട്‌ വീണ്ടുകീറിയ ഭൂമിക്ക്‌ അരികിലായി വെയിലിൽ നിറം മങ്ങി നില്‌ക്കുന്ന ഒരു വീടിനു മുന്നിൽ സ്വപ്‌നഭംഗത്തിന്റെ, ഏകാന്തതയുടെ താഢനമേറ്റ്‌ നില്‌ക്കുന്ന ഒരു മനുഷ്യൻ.

പക്ഷെ താൻ ഞെരുക്കം സഹിച്ച്‌ എത്ര കഷ്‌ടപ്പെട്ടാണ്‌, ഈ ലോൺ അടച്ച്‌ തീർക്കുന്നത്‌! ആ പണം മുഴുവൻ....? ഈ നശിച്ച പ്രകൃതി സ്‌നേഹികൾ!!

ഹാസിം മുഹമ്മദ്‌


E-Mail: hasimvn@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.