പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഭാസ്‌കരി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുരേഷ്‌. ഡി.എസ്‌.കാപ്പിൽ

ഒരു കാലത്തും അവൾ എന്റെ പ്രണയകാമുകി ആയിരുന്നില്ല. ഒരു പക്ഷേ ആയതുകൊണ്ടാവാം ഞാനവളെ ഏറെക്കുറെ സ്‌നേഹിച്ചു പോയതും. മറവിയുടെ മാറാല മാറ്റിത്തുടച്ചാൽ മനസ്സിൽ എപ്പോഴും മിഴിവേറി നില്‌ക്കുന്ന മുഖചിത്രം. എന്റെ സ്വപ്‌നങ്ങൾക്കുമേൽ, സ്വകാര്യ സങ്കടങ്ങൾക്കു മേൽ വിവസ്‌ത്രയായ്‌ മലച്ചുകിടക്കുന്ന സൈത്രണത. ആത്‌മാവിനെ എന്നെന്നും അലോസരപ്പെടുത്തുന്ന അസ്വാസ്‌ഥ്യം അന്തിമമായ ആലക്തികാനുഭൂതി.

കയ്‌പവല്ലരി പൂവിന്റെ കാതര കാന്തിയായിരുന്നു അവളുടേത്‌. നേർത്ത്‌ മഞ്ഞളിച്ച ഒരു തരം വശ്യവർണ്ണം നന്നെ ഉയരം കൂടി. അധികം മെലിഞ്ഞിട്ടില്ലാത്ത ശരീര പ്രകൃതി. തീക്ഷണ താപമേറ്റ്‌ ഉരുകിയുറഞ്ഞ അവളുടെ കൺമദ കൺകളിൽ എല്ലായ്‌പ്പോഴും പ്രതിഫലനങ്ങളുടെ വർണ്ണക്കൊഴുപ്പുണ്ടായിരുന്നു. പ്രലോഭനങ്ങളുടേയും.

എപ്പോഴാണാവോ ഞാനവളെ ആദ്യമായി കണ്ടു മുട്ടിയത്‌?

അന്നൊരിക്കൽ ആർട്ട്‌സ്‌ ക്ലബിന്റെ വാർഷികാഘോഷവേളയിൽ സമ്മേളന വേദിയുടെ മുൻനിരയിൽ മുഖ്യ പ്രാസംഗികനായി ചെന്നുപെട്ടതാണ്‌ ഞാൻ. പഞ്ചായത്ത്‌ പ്രസിഡന്റ്‌, പൗരമുഖ്യർ തുടങ്ങി സ്‌ഥലത്തെ പല ദിവ്യന്മാരും എനിക്കൊപ്പം അന്നാവേദിയിൽ ഉണ്ടായിരിന്നിരിയ്‌ക്കണം. മത്സര ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ്‌ കരസ്‌ഥമാക്കി വിജയിച്ച കുമാരി ഭാസ്‌കരിയെ, പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങുവാൻ വേദിയിലേയ്‌ക്ക്‌ ക്ഷണിക്കുകയായിരുന്നു ഞാൻ. കരഘോഷങ്ങളുടെ താളാത്മകമായ പതിഞ്ഞ പശ്ചാത്തലത്തിലൂടെ കുനിച്ച ശിരസ്സുമായി. ഒരു കുരുന്നു ഹൃദയം വേദിയിലേയ്‌ക്ക്‌ കയറുവാൻ അമാന്തിച്ചു നില്‌ക്കുമ്പോൾ കൈയയച്ച്‌ സഹായിച്ചത്‌ മറ്റാരുമായിരുന്നില്ല. അന്നേ എന്റെ കൈപ്പിടിയിൽ അവൾ സുരക്ഷിതയായിരുന്നില്ലെ..... പിന്നീടെന്തേ.....!

പിന്നീട്‌ പല വേദികളിലും അതേ ചുറ്റുപാടിൽ ഞാനവളെ കണ്ടുമുട്ടിയിരുന്നു. ഘനീഭവിച്ച കണ്ണുനീർ പുഞ്ചിരിയോടെ അല്ലാതെ എനിക്കവളെ എതിരേല്‌ക്കുവാനോ, വിറബാധിച്ച കൂപ്പു കൈയ്യോടെ അല്ലാതെ അവൾക്കെന്നെ അഭിമുഖീകരിക്കുവാനോ കഴിഞ്ഞിട്ടില്ല കാലം ഓലപ്പാമ്പണിഞ്ഞ്‌ ഓടുകയയായിരുന്നു. ഒപ്പത്തിനൊപ്പം ഓടിയെത്താൻ പലപ്പോഴും അവൾ നിന്നെ വിഷമിച്ചിരിക്കണം. പത്താംതരം പാസ്സായ ഭാസ്‌കരി ഇല്ലായ്‌മകൊണ്ട്‌ പഠിത്തം ഉപേക്ഷിച്ചെന്ന്‌ കേട്ടു. അടുത്തുള്ള ഒരു ചാർച്ചക്കാരിക്കൊപ്പം തുന്നൽപണി പഠിക്കുന്നുണ്ടെന്നും വേദികളിൽ നിന്ന്‌ വേദികളിലേയ്‌ക്ക്‌ ഒരു പ്രാസംഗികനായി ഞാൻ ഉയരുമ്പോഴും കേഴ്‌വിക്കാരുടെ മുൻനിരയിൽ വീർപ്പടക്കി കാതോർത്തിരിയ്‌ക്കാൻ അവളുമുണ്ടായിരുന്നു.

എന്റെ നിശാന്ധതയ്‌ക്ക്‌ മുന്നിൽ എന്നെന്നും.........

പെങ്ങളുടെ കല്യാണത്തോട്‌ അനുബന്ധിച്ചാണ്‌ വീണ്ടും ഞങ്ങൾ തമ്മിൽ കണ്ടുമുട്ടിയത്‌. വഴിപ്പന്തലിന്റെ അങ്ങേത്തലയ്‌ക്കൽ, കുലവാഴകെട്ടി അലങ്കരിച്ച കമാനത്തിനരുകിൽ വന്നു പോകുന്ന വരെ അറിഞ്ഞാദരിച്ച്‌കൊണ്ട്‌ ഓടി നടക്കുകയായിരുന്നു ഞാൻ നന്നെ ക്ഷീണമുണ്ടായിരുന്നു. അല്‌പം മദ്യത്തിന്റെ പിൻബലമുള്ളത്‌ കൊണ്ട്‌ അതൊന്നും അത്രകണ്ട്‌ കാര്യമാക്കിയില്ല. മറിച്ച്‌ കാഴ്‌ചകൾക്ക്‌ കൗതുകം ഏറിയിരുന്നുതാനും ഭാസ്‌കാരിയ്‌ക്കൊപ്പം അവളുടെ അമ്മയും ഉണ്ടായിരുന്നു. വരുത്തി തീർത്ത ചിരിയുമായി രണ്ടാളേയും വീട്ടിനുള്ളിലേയ്‌ക്ക്‌ ആനയിച്ചിരുത്തി സല്‌ക്കരിച്ചു.

സ്വീകരണം പൊടിപൂരമായിരുന്നു. നാട്ടുകാർ ഒറ്റയ്‌ക്കും കൂട്ടായും വന്നുപൊയ്‌ക്കൊണ്ടിരുന്നു. മദ്യം ലേശം അധികമായോ എന്നൊരു സംശയം ഒന്നിലും അത്രകണ്ട്‌ ശ്രദ്ധകേന്ദ്രീകരിക്കുവാൻ കഴിയുന്നില്ല. ലൗഡ്‌ സ്‌പീക്കറിലൂടെ ഈണത്തിൽ മുഴങ്ങികേട്ട പ്രണയഗാനം പതിഞ്ഞ മട്ടിൽ പല്ലവി പാടി അവസാനിച്ചിരിക്കുന്നു. പ്രകാശത്തിന്റെ പ്രസരിപ്പടങ്ങിയ ട്യൂബ്‌ ലൈറ്റുകളിൽ പലതും മങ്ങിക്കെട്ടു. പട്ടുതൊങ്ങൽ വിതാനിച്ച വഴിപ്പന്തലിന്‌ കീഴെ ഒരു ചാരുകസേരയിൽ ഒറ്റപ്പെട്ടിരിക്കുകയായിരുന്നു ഞാൻ. ഉറക്കത്തിനും ഉണർവ്വിനുമിടയിൽ........ ഉന്മാദത്തിൽ ...........!

മനസ്സിനുള്ളിൽ മറ്റൊരു മഹോത്സവത്തിന്റെ കൊടിയേറ്റമായിരുന്നല്ലൊ.

വർഷങ്ങൾക്ക്‌ ശേഷം ഉള്ളുണർന്നപ്പോൾ അവശേഷിച്ചതോ പ്രണയത്തിന്റെ പ്രതികാരത്തിന്റെ പെരുവിരൽ പാടുകൾ മാത്രം ഇന്നെന്റെ ഏകാന്തധ്യാനത്തിന്റെ പരകൊടിയിൽ വാതിൽപുറ കാഴ്‌ചകളിലെ നിറനീലിമയിൽ നിഴൽ രൂപമായി മിന്നിപ്പൊലിയുന്നവൾക്ക്‌ - കുമാരി ഭാസ്‌കരിയ്‌ക്ക്‌.

ആത്‌മബന്ധങ്ങൾക്കിടയിലെ അദൃശ്യമായ നൂൽവലിവിലൂടെ വട്ടം ചുറ്റി. ചുഴറ്റി എറിയുന്ന നിന്റെ പരിഹാസത്തിന്റെ പൽചക്രങ്ങൾക്ക്‌ എന്റെ രക്തപുഷ്‌പാഞ്ജലി.

സുരേഷ്‌. ഡി.എസ്‌.കാപ്പിൽ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.