പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

മൈന

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഷെരീഫ എം.

നോമ്പുകാലത്ത്‌ വീടിന്‌ ഉച്ചവരെ ഉറക്കമാണ്‌. ഒച്ചയില്ല ആളനക്കമില്ല. കുപ്പക്കുഴിയിലൊന്നും ഇറച്ചിപ്പൊട്ടോ മീൻമുള്ളോ ഇല്ല. ഒത്താലൊരണ്ണാൻ കുഞ്ഞ്‌, അല്ലേലൊരു കിളിക്കുട്ടി,ചിലപ്പോ അതുമില്ല. വിശപ്പ്‌ ചുരമാന്തുമ്പോൾ വെറുതെ കറുകപ്പുല്ലിന്റെ ഇളംനാമ്പ്‌ കടിച്ചു ചവക്കും. ആളുകൾ പഴമൊഴി ഒന്നൂടെ മനസ്സിലുറപ്പിക്കും - ഗതികെട്ടാൽ പുലി പുല്ലും നിന്നും. ഒരു കറുമ്പിയായതോണ്ടാവും പൊടുന്നനെ കാണുമ്പോൾ ആളുകൾക്കൊരു ഞെട്ടലാണ്‌. ‘കുറുകെ കരിമ്പൂച്ച ചാടിയാൽ.... എന്ന ദൂർഭയമൊക്കെ ആളുകൾ മറന്നെന്ന്‌ തോന്നുന്നു. ചുറ്റുവട്ടത്തുള്ള നായകൾക്കും പൂച്ചകൾക്കുമെല്ലാം ഒരു നിശ്ചിത കോമ്പൗണ്ടുണ്ട്‌. ആരെങ്കിലും അതിരുഭേദിച്ചാൽ കാണാം തൽസ്വരൂപം. വാൽ വെഞ്ചാമരം പോലെ വിടർത്തി മീശവിറപ്പിച്ച്‌ ഞങ്ങൾ കടിപിടികൂടും. നഖം നീട്ടി പരസ്‌പരം മാന്തിപ്പൊളിക്കും. എന്നാലും മനുഷ്യരുടെ യാത്രയൊന്നും ചോരപ്രിയരല്ല ഞങ്ങൾ. അവർ രക്‌തം ചിന്താൻ പുതിയ പുതിയ ആയുധങ്ങൾ കണ്ടുപിടിച്ചുകൊണ്ടേയിരിക്കയാണെന്നാണ്‌ ദിവസവും ടി.വി.കാണുന്ന കൂട്ടുകാരൻ പറയുന്നത്‌. ടി.വി.യിൽ യുദ്ധങ്ങളുടെ പരമ്പരകണ്ട്‌ അവന്‌ ഉറക്കത്തിലൊരുഞ്ഞെട്ടിച്ചാടലാണ്‌.

ഇന്നലെ കുശാലായിരുന്നു. കോഴിയിറച്ചിത്തുണ്ടുകൾ എമ്പാടും കടിച്ചുപറിച്ചു. പത്തിരിത്തുണ്ടുകൾ വേറെയും. കുറുക്കൻമാരുമുണ്ട്‌ രാത്രിയായാൽ കുപ്പക്കുഴിക്കുചുറ്റും. അവർക്കും സമൃദ്ധിയായി. മൈനയെവിടാവോ പോയത്‌? അവളാണ്‌ ബീവിത്താന്റെ പണിക്കാരത്തി. ദൂരെന്നെവിടുന്നോ അഞ്ചാറു മാസം മുമ്പ്‌ കൊണ്ടു വന്നതാണ്‌. ഇപ്പോഴൊരു തമിഴത്തിക്കുട്ടിയെയാണ്‌ കാണുന്നത്‌. നല്ലമൊഞ്ച്‌ള്ളോരെ മാത്രം പണിക്കു നിർത്തണതെന്താണാവോ. കോയക്കയും മോനും നോമ്പൊന്നും എടുക്കില്ല. രാത്രി ഇരുണ്ടാലേ രണ്ടാളുടേയും വണ്ടികൾ വീട്ടിലെത്തൂ. കൂടെയന്നും ഏതൊക്കെയോ പെണ്ണാങ്ങളുണ്ടാവും. നോമ്പുകാലത്തും കുടിക്കല്ലേ മക്കളേയെന്ന്‌ ബീവിത്തനെലാളിക്ക്‌ണത്‌ കേൾക്കാം. ’തള്ളേ, മുണ്ടാണ്ടിര്‌ന്നോ, ഇബടെ കാണ്‌ണ വല്ലതും പുത്തെറങ്ങ്യാ തുണ്ടം തുണ്ടമാക്കി കുപ്പക്കീഴിൽക്കിടും.. ങാ.... ‘ കള്ളിൽ കുഴമറിഞ്ഞ കോയക്കാന്റെ ആക്രോശം അടുക്കളയിലിരുന്നാൽ തന്നെ കേൾക്കാം. മൈന എപ്പോഴും വാടിയ പൂവ്‌ പോലെ ചിരിമറന്ന്‌ നടന്നു. വലിയ കണ്ണിൽ പെരുത്ത സങ്കടങ്ങൾ ഒരുപാട്‌ കാണും. പാവം! കുപ്പക്കുഴിയിലേക്ക്‌ വേസ്‌റ്റ്‌ തട്ടുമ്പോ ഒരിക്കൽ അവളും കുഴിയിലേക്ക്‌ വീണു. കുറേ നേരത്തേക്ക്‌ ആരും വന്നത്‌ തന്നെയില്ല. പിന്നെ ബീവിത്ത ശപിച്ചോണ്ട്‌ പ്രാഞ്ചിപ്രാഞ്ചി വന്നു. ഒരു വിധം പുറത്തെത്തിയപ്പോൾ അവളാകെ നാറുന്ന കറുപ്പിൽ മുങ്ങിപ്പോയിരുന്നു.

എന്താണാവോ ഇന്ന്‌ കുറുക്കൻമാരുടെ ഒരു പെരുമ്പട. വീട്ടുകാര്‌ ഒലക്കയെടുത്ത്‌ എറങ്ങോ ആവോ. രണ്ട്‌ ദിവസമായയി ചൊവ്വല്ലാത്തൊരു ചീത്ത മണം ഇവിടാകെ. റബ്ബർകാട്ടിൽ എന്തോ ഉണ്ട്‌. എന്തായാലും കുറുക്കന്മാർ മാന്തി പുറത്തിട്ടിരിക്കും. ആളുകൾ എന്തൊക്കെയാ പറയുന്നത്‌. വെട്ടിമുറിച്ചിട്ടുണ്ടെന്നോ, ചീഞ്ഞളിഞ്ഞന്നോ, ഇത്രേം ചെറ്യോരു വാല്യക്കാരത്തീനെ ഇങ്ങനെ കാട്ടാൻ ഓനെങ്ങനെ ധൈര്യം വന്നൂന്നോ, ഓനും ഉമ്മേം പെങ്ങളും ഇല്ലെന്നോ, പാവം ആ കുട്ടീടെ തന്തേംതള്ളീംതെങ്ങനെ സഹിക്കുന്നോ..... പോലീസുകാരും ഇടക്ക്‌ വരുന്നുണ്ട്‌. കുറെ പൈസ പൊടിച്ചൂന്നാ കൂട്ടുകാരൻ പറയ്‌ണ്‌. ബീവിത്താ മാത്രം നെഞ്ച്‌പൊട്ടിക്കരയ്‌ണ്‌ണ്ട്‌. ’ഇശ്ശെയ്‌ത്താന്റെ തള്ളാക്‌ണേന്‌ പകരംന്നെങ്ങട്ട്‌ കൊണ്ടെയ്‌ക്കൂടെ പടച്ചോനേ, അവന്റെ മോളെ പ്രായംള്ള ആ കുട്ടീനെ... അന്റെ മനസ്സ്‌ കരിങ്കല്ലാണോ ഇബലീസേ.... കോയക്കാ ബീവിത്താനെ ഒരു റൂമിലിട്ട്‌ പൂട്ടിയിരിക്കാണ്‌. പോലീസുകാരനോട്‌ പറയുന്നത്‌ കേട്ടു; ഭ്രാന്താ, കൊറെ ആയി തൊടങ്ങീട്ട്‌. മുറിതൊറന്നാങ്ങളെ മാന്തിപ്പറിക്കും‘. ആളുകൾ ചുളിഞ്ഞ കണ്ണോടെ, ചുണ്ടുകൾകൂർപ്പിച്ച്‌ മതിലിനപ്പുറം കുശ്യകുശുക്കുന്നുണ്ട്‌. പാവം മൈന! അവളെയാണാവോ തുണ്ടം തുണ്ടമാക്കിയത്‌. പൂച്ചക്കല്ലെങ്കിലെന്താണീ മനുഷ്യരുടെ പൊന്നുരുക്കുന്നേടത്ത്‌ കാര്യം!

ഷെരീഫ എം.

ജി.എൽ.പി. സ്‌കൂൾ അരിമ്പ്ര, അരിമ്പ്ര പി.ഒ., മലപ്പുറം - 673 638.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.