പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

നിറക്കൂട്ടുകളിലെ മരണം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ. എം. ഷാജഹാൻ

കഥ

വല്ലാത്ത ഉഷ്‌ണം.

അയാൾ ജനൽ തുറന്നിട്ടു.

വരണ്ടതെങ്കിലും ഒരു ചെറിയ കാറ്റ്‌ ഉളളിലേക്കു കയറി.

മരത്തണലിൽ ആ താടിക്കാരൊക്കെ അവിടെത്തന്നെയുണ്ട്‌. പുകയൂതി വിട്ടും, ചാരിനിന്നും ഇരുന്നുംകൊണ്ട്‌ അവർ ആകാംക്ഷയോടെയും അക്ഷമയോടെയും സമയം തളളിനീക്കുകയാണ്‌. അയാളും.

പുകയൊന്നും ഊതിവിടുന്നില്ലെങ്കിലും അയാളുടെ ഉളളവും അസ്വസ്ഥതകളാൽ പുകയുകയായിരുന്നു. ഉലഹന്നാനും വർമ്മസാറും എപ്പോഴാണോ വരിക? അവർ വരാതെ തനിക്കെന്തു ചെയ്യാൻ കഴിയും? സന്ധ്യയ്‌ക്കാണ്‌ പരിപാടി.

ഹാളിൽ സ്‌റ്റേജിന്റെ അവസാനമിനുക്കുപണികൾ നടക്കുന്നേയുളളൂ. ധാരാളം ഇലക്‌ട്രിക്‌ വയറുകൾ ഒരു വളയംപോലെ തോളിലും, കയറിനിൽക്കാനുളള സ്‌റ്റൂളുകൾ കയ്യിലുമായി മൂന്നുനാലു പണിക്കാർ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്‌. സീറ്റുകളിൽ മാറിമാറി ഇരുന്നു രസിക്കുന്ന കുട്ടികളെ ഗൗനിക്കാതെ, നേരത്തേയെത്തപ്പെട്ട രണ്ടുമൂന്നു പ്രമുഖർ സ്‌റ്റേജിലേക്കു നോക്കി ഗൗരവത്തിലിരിക്കുന്നു. സൗണ്ട്‌ സിസ്‌റ്റക്കാരൻ ചില അപശബ്‌ദങ്ങളിലൂടെ ഇടയ്‌ക്ക്‌ എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്നു. സ്‌റ്റേജിൽ കസേരകളൊക്കെ ഒതുക്കിയിടുന്നുണ്ട്‌.

ഈ ഉലഹന്നാനും വർമ്മസാറും എവിടെപ്പോയി? പോക്ക്‌ എവിടേക്കായിരിക്കുമെന്നൊക്കെ അയാൾ ഊഹിച്ചിട്ടുണ്ട്‌. അത്‌ അവരുടെ ഉത്സാഹം കണ്ടപ്പോഴേ തോന്നിയതാണ്‌. കുറച്ചുനേരത്തെ തിരിച്ചെത്തണേ എന്നും, വരുന്നത്‌ നല്ല ‘സെൻസി’ലായിരിക്കണേ എന്നും ആഗ്രഹിക്കാൻ മാത്രമേ അയാൾക്കു കഴിയുമായിരുന്നുളളൂ. അല്ലാതെ അവരെ തടയാനൊന്നും അയാൾ പ്രാപ്‌തനല്ല.

രണ്ടുപേരും പ്രശസ്ത കലാകാരൻമാരും പേരെടുത്ത ബുദ്ധിജീവികളും. ആര്‌ ആരെക്കാൾ കേമമെന്ന പ്രശ്‌നമേയുളളൂ. അത്‌ അവരുടെ ഇടയിൽ ഒരു പ്രശ്‌നമൊട്ടല്ല താനും. അതെല്ലാം കുത്തിപ്പൊക്കി വളർത്തുന്നത്‌ കൂടെ നടക്കുന്ന ശിങ്കിടികളും കൂടെ കൂട്ടിയിരിക്കുന്ന പ്രസ്ഥാനങ്ങളുമാണ്‌.

കഴിഞ്ഞ കുറേ മാസങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന ഒരു വിവാദപരമ്പരയ്‌ക്കൊടുവിൽ ഇന്നാണ്‌ രണ്ടുപേരും നേരിൽ കാണുന്നത്‌. പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു ചിത്രകാരന്റെ ചിത്രത്തിലെ ഒരു വിഷയത്തെപ്പറ്റി വർമ്മസാർ അഭിപ്രായം പറഞ്ഞതായിരുന്നു തുടക്കം. എതിർഗ്രൂപ്പുകാർ ഉലഹന്നാനെക്കൊണ്ടും എന്തൊക്കെയോ പറയിപ്പിച്ചു. കുറച്ചുകാലം മാധ്യമങ്ങൾ അതു കൊണ്ടാടി. അഭിമുഖങ്ങളിലൂടെ, തങ്ങൾക്ക്‌ വ്യക്തിവിരോധമില്ലെന്ന്‌ രണ്ടുപേരും ആവർത്തിച്ചു വ്യക്തമാക്കിയതുകൊണ്ടാവാം പിന്നീട്‌ ആ വിഷയം അധികം വളരാഞ്ഞതും ഇന്നത്തെ ഈ ചിത്രമൽസരത്തിന്‌ രണ്ടുപേരെയും വിധികർത്താക്കളാക്കാൻ അക്കാഡമി തീരുമാനിച്ചതും.

എന്നാൽ ഒരു കലാസ്വാദകൻ, സംഘാടകൻ എന്നതിലുപരി എന്തുമാനദണ്ഡം വച്ചായിരിക്കാം തന്നെ ഇതിൽ ഉൾപ്പെടുത്തിയതെന്ന്‌ അയാൾ അത്ഭുതപ്പെട്ടിരുന്നു. അതേസമയം വർമ്മസാറിന്റെയും ഉലഹന്നാന്റെയും കൂടെ ഒരു ദൗത്യത്തിൽ പങ്കാളിയാവുക എന്നത്‌ അയാൾക്ക്‌ തളളിക്കളയാൻ പറ്റാത്ത ഒരു പ്രചോദനവുമായി തോന്നി. അങ്ങനെയാണ്‌ മൽസരത്തിലെ മൂന്നാമത്തെ വിധികർത്താവായി അയാളുടെ പേര്‌ ഉറപ്പിക്കപ്പെട്ടത്‌.

വൈകുന്നേരത്തെ ചടങ്ങിൽ ഫലം പ്രഖ്യാപിക്കാനുളളതാണെന്നും, തനിയ്‌ക്ക്‌ ചിത്രകലയുടെ സാങ്കേതികവശങ്ങളെക്കുറിച്ച്‌ ഒരു ഗ്രാഹ്യവുമില്ലെന്നും അയാൾ രണ്ടുപേരോടുമായിട്ടും പിന്നെ ഉലഹന്നാനോടുമാത്രമായിട്ടും പറഞ്ഞുനോക്കിയതാണ്‌. പക്ഷേ അത്യാഹ്ലാദത്താൽ മതിമറന്നവനെപ്പോലെ ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ട്‌ വർമ്മസാർ അയാളുടെ എല്ലാ ശ്രമങ്ങളെയും നിഷ്‌ഫലമാക്കിക്കളഞ്ഞു.

‘നോക്കൂ യൂസഫ്‌, നിങ്ങൾക്ക്‌ കലയെ മനസ്സിലാക്കാൻ കഴിയുന്ന സാധാരണക്കാരന്റെ ശുദ്ധമായ ഒരു മനസ്സുണ്ട്‌. അതുതന്നെയാണ്‌ വേണ്ടതും. അല്ലാതെ സർ റിയലിസവും, ഇംപ്രഷണിസവും സാങ്കേതികതയും മണ്ണാങ്കട്ടയുമൊന്നുമല്ല. ധർമ്മപരമായി അതുതന്നെയാണ്‌ കലയുടെ ദൗത്യവും. ദുർഗ്രാഹ്യതകൊണ്ട്‌ ആർക്കെന്തു കാര്യം? സംവേദനം നടക്കണം. അതാണ്‌ ഇന്നത്തെ പരീക്ഷണവും. ഈ ചിത്രങ്ങളിൽ ആശയം ശരിയായ രീതിയിൽ പ്രകടിപ്പിക്കാൻ കഴിയുന്നത്‌ ഏതിനെന്ന്‌ നിങ്ങൾ തീരുമാനിച്ചാട്ടെ. ആ തീരുമാനത്തിന്റെ മേൽ നിയമങ്ങളുടെയും സാങ്കേതങ്ങളുടെയും മേമ്പൊടികൾ ഞങ്ങൾ വന്നു വിതറിക്കോളാം. ധൈര്യമായിരിക്ക്‌.’ എന്നും പറഞ്ഞ്‌ ഉലഹന്നാന്റെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചുകൊണ്ടും അയാളുടെ തോളിൽ മൃദുവായി ഒന്നു തട്ടിക്കൊണ്ടും വർമ്മസാർ പറഞ്ഞപ്പോൾ അയാൾക്ക്‌ സത്യത്തിൽ ധൈര്യം ചോർന്നുപോവുകയാണ്‌ ചെയ്തത്‌.

‘ഞങ്ങൾ ഉടനെ വന്നേക്കാം. അപ്പോഴേക്ക്‌ എല്ലാം ഒന്നു നോക്കി തീരുമാനിച്ചുവെയ്‌ക്ക്‌“ എന്നു പറഞ്ഞ്‌ കണ്ണിറുക്കിക്കൊണ്ട്‌ ഉലഹന്നാനും നടന്നു നീങ്ങിയപ്പോൾ അയാൾ ശരിക്കും ഒറ്റപ്പെട്ടു.

ഒറ്റയ്‌ക്കല്ല. കൂട്ടിന്‌ ഏഴുചിത്രങ്ങളുമുണ്ട്‌.

പുറത്ത്‌ അക്ഷമരായി ഏതാനും താടിക്കാരും. അയാൾ ഒന്നുകൂടി നോക്കി.

സ്ഥാനക്രമങ്ങൾക്ക്‌ വ്യത്യാസമുണ്ടെന്നേയുളളൂ. എല്ലാവരും അവിടെത്തന്നെയുണ്ട്‌.

ചിത്രങ്ങൾ മേശപ്പുറത്ത്‌ അടുക്കിവച്ചിരിക്കുകയാണ്‌. ഏറ്റവും മുകളിൽ ഒരു പച്ച പ്ലാസ്‌റ്റിക്‌ ഷീറ്റ്‌ വിരിച്ചിട്ടുണ്ട്‌. ഒരു ചെറിയ കുറിപ്പിൽ രചനാവിഷയം ഏറ്റവും മുകളിലായി ഇരിക്കുന്നു. അതു പാറിപ്പോവാതിരിക്കാൻ ഒരു കോളിംഗ്‌ബെൽ അതിനു മുകളിലും വച്ചിരിക്കുന്നു.

അയാൾ വിഷയത്തിന്റെ കുറിപ്പെടുത്തു.

’മരണത്തിന്റെ ചിത്രം വരയ്‌ക്കാമോ‘ അതാണ്‌ വിഷയം.

മരണത്തിന്റെ ചിത്രമോ?

എന്തൊരു കുഴപ്പം പിടിച്ച വിഷയം.

എന്നിട്ടാണ്‌ അതിന്റെ ആശയസംവേദനം സാധ്യമാകുന്നുണ്ടോ എന്ന്‌ പരിശോധിക്കാൻ തന്നെ ഏൽപ്പിച്ചിരിക്കുന്നത്‌. അയാൾക്ക്‌ തമാശതോന്നി. അവർ പോവുമ്പോൾ മൽസരം അവസാനിച്ചിരുന്നില്ലെങ്കിലും ഒരു വിജയസാധ്യത എങ്കിലും അറിഞ്ഞുവെക്കാതിരുന്നത്‌ മണ്ടത്തരമായിപ്പോയി. ഇനി രക്ഷയില്ല.

മരണത്തിന്റെ ചിത്രം വരച്ച ഏഴു മഹാൻമാർ പുറത്ത്‌ അക്ഷമരായി കാത്തുനിൽക്കുന്നു.

സമയം കളയാനില്ല.

അയാൾ പ്ലാസ്‌റ്റിക്‌ ഷീറ്റ്‌ മാറ്റി ആദ്യത്തെ ചിത്രം എടുത്തു.

വല്ലാതെ വിടർന്നിരിക്കുന്ന ഒരു കണ്ണ്‌. അതിന്റെ കൃഷ്‌ണമണിയിലൂടെയാണ്‌ ബാക്കി ചിത്രം കാണപ്പെടുന്നത്‌. ഒരു കൊലയാളി, കൃഷ്‌ണമണിയുടെ ഉടമയെ കുത്തിക്കൊല്ലാൻ വേണ്ടി കത്തി ഉയർത്തിയിരിക്കുന്നു. ആകപ്പാടെ അസ്വസ്ഥത ജനിപ്പിക്കുന്ന ഒരു ചിത്രം. കണ്ണിന്റെ ഉടമയെ സംബന്ധിച്ചിടത്തോളം അയാൾ മരണത്തെ നേരിൽ കാണുക തന്നെയാണ്‌. മരണസമയത്ത്‌ ഇത്രയും ക്രൂരനും തന്നോട്‌ വെറുപ്പുളളവനുമായ ഒരാളുടെ മുഖം കാണേണ്ടിവരുന്നത്‌ ദുര്യോഗം തന്നെ എന്നാണയാൾക്ക്‌ തോന്നിയത്‌.

പക്ഷേ, ഈ ചിത്രത്തിന്റെ അടുത്ത നിമിഷമല്ലേ മരണം? ഇത്‌ ഭീതിയുടെ നിമിഷമായേ പരിഗണിക്കാനാവൂ. ഒരുപക്ഷേ മരണം സംഭവിച്ചില്ല എന്നും വരാം. എന്നിരുന്നാലും മരണത്തിന്റെ ശക്തമായ സാന്നിദ്ധ്യം ഈ ചിത്രത്തിലുണ്ട്‌.

ആരായിരിക്കും ഇതു വരച്ചത്‌?

അയാൾ പുറത്തേക്ക്‌ നോക്കി.

അപ്പോഴാണ്‌ ചിത്രകാരൻമാരുടെ ഇടയിലെ പെൺകുട്ടിയെ അയാൾ ശ്രദ്ധിച്ചത്‌. ഹാളിൽ രചന നടന്നുകൊണ്ടിരിക്കുമ്പോഴും അയാൾ അവളെ കണ്ടിരുന്നു. അവളായിരിക്കുമോ ഇതു വരച്ചത്‌? എന്തായാലും നന്നായിട്ടുണ്ട്‌. അയാൾ അതുമാറ്റിവച്ച്‌ അടുത്തതെടുത്തു.

നന്നായി അദ്ധ്വാനിച്ച്‌ വരച്ച ഒരു ചിത്രം!

ഒരു മനുഷ്യന്റെ എല്ലാവിധ ജീവിതക്രിയകളും കാണിച്ചിട്ടുണ്ട്‌. അവസാനം മരിച്ചുകിടക്കുന്നിടത്താണ്‌ ചിത്രത്തിന്റെ ഊന്നൽ. പശ്ചാത്തലത്തിൽ ഒരു ചെടിയുടെ ജീവിതവും കാണിച്ചിരിക്കുന്നു. അവസാനത്തെ കരിയില എരിയുന്നതായി കാണപ്പെടുന്നു. അതിന്റെ തീയിലും, പുകയിലും, വെളിച്ചത്തിലും അലിഞ്ഞുചേർന്നുകൊണ്ട്‌ മനുഷ്യരൂപമുളള ഒരു പുകപടലം ശവശരീരത്തിൽ നിന്നും ഉയരുന്നുണ്ട്‌.

ആത്മാവിന്റെ നിത്യതയെയും ഊർജ്ജസംരക്ഷണ നിയമത്തെയും സമന്വയിപ്പിക്കുന്നതായിട്ടാണയാൾക്കു തോന്നിയത്‌. കായികപ്രവർത്തനങ്ങളിൽ പ്രകടിപ്പിക്കപ്പെട്ട ഊർജ്ജം മരണത്തോടുകൂടി ശരീരം വിട്ടുയരുന്നു. പിന്നീട്‌ പ്രപഞ്ചത്തിന്റെ നിഗൂഢഗഹ്വരങ്ങളിൽ ആത്മാവായി മറയുകയും ചെയ്യുന്നു. ശരിക്കും ചലനാത്മകമായൊരു ചിത്രം.

പക്ഷേ കുഴക്കുന്ന പ്രശ്‌നമതൊന്നുമല്ലല്ലോ. ഇത്‌ മരണത്തിന്റെ ചിത്രമാണോ? അതാണ്‌ തീരുമാനിക്കാനുളളത്‌. അയാൾക്ക്‌ വിയർക്കാൻ തുടങ്ങി.

ഉലഹന്നാനും വർമ്മസാറും ഒന്നു വന്നിരുന്നെങ്കിൽ...

മൂന്നാമത്തെ ചിത്രം ഒരു കറുത്ത കുഴിയിലേക്ക്‌- നിഗൂഢമായ അതിലെ ഇരുട്ടിലേക്ക്‌ ഭീതിയോടെ നോക്കിക്കൊണ്ടിരിക്കുന്ന ഒരു വൃദ്ധന്റേതായിരുന്നു.

ഇവരെല്ലാം മരണത്തെ ഇത്ര ഭീതിയോടെ ചിത്രീകരിക്കുന്നതെന്തുകൊണ്ടാണ്‌? ഇഹലോകത്തിലെ സർവ്വനിയമങ്ങളിൽനിന്നും, വിഷമങ്ങളിൽനിന്നും, വേദനകളിൽനിന്നും, ബുദ്ധിയുടെ ആവശ്യകതയിൽനിന്നും പൂർണ്ണമുക്തി നേടുന്ന ആ നിമിഷത്തെ, ഒത്തുവന്നാൽ സ്രഷ്‌ടാവിനെയും, മറ്റനേകം അത്ഭുതങ്ങളേയും ദർശിക്കാൻ അവസരം സൃഷ്‌ടിച്ചേക്കാവുന്ന ആ നിമിഷത്തെ മറ്റൊരു വിധത്തിലും കാണാൻ കഴിയില്ലേ. ദൈവവിശ്വാസികൾക്കു മാത്രമാണ്‌ മരണസമയത്ത്‌ ഭയം എന്നെവിടെയോ വായിച്ചത്‌ അയാൾ ഓർത്തു. ഈ താടിക്കാരെല്ലാം ദൈവഭക്തരാണോ? ആയിരിക്കാം.

ആ വൃദ്ധന്റെ മുഖത്തേക്ക്‌ നോക്കിയിരിക്കുന്തോറും അടുത്തകാലത്തെ ഒരു സംഭവം അയാൾക്കോർമ്മ വന്നു. വീട്ടിനടുത്ത്‌ സർക്കാർ നിർമ്മിച്ച ഒരു വൻകുഴി അപകടം സൃഷ്‌ടിച്ചേക്കാമെന്ന ഭീതിയിൽ നിരന്തരം പരാതികൾ അയച്ചുകൊണ്ടിരുന്ന ഒരു വൃദ്ധൻ. അയാളുടെ ആകുലതകൾക്കൊന്നും പരിഹാരം ചെയ്യാതെ, ഒടുക്കം അയാൾ ആ കുഴിയിൽ തന്നെ വീണുമരിച്ചതിന്‌ സമൂഹം നിസ്സംഗമായി സാക്ഷിനിന്നു. അയാളെ സംബന്ധിച്ചിടത്തോളം ആ കുഴി മരണം തന്നെയായിരുന്നു. അതിന്റെ ഇരുണ്ട നിഗൂഢതയ്‌ക്കും മരണത്തിന്റെ നിറമാണ്‌. ഈ രചന ഭീതിയേക്കാളും മരണത്തോടടുത്തു നിൽക്കുന്നതായി അയാൾക്കു തോന്നി.

കൂടുതൽ പരിശോധിക്കുന്തോറും അയാളിൽ അസ്വസ്ഥത വർദ്ധിച്ചു. വിരലുകളിൽ വിയർപ്പിന്റെ നനവ്‌. എണീറ്റ്‌ നാലുചാൽ നടന്നു.

ഹാളിൽ ആളുകൾ നിറഞ്ഞു തുടങ്ങിയിരിക്കുന്നു. സൗണ്ട്‌കാരൻ അപശബ്‌ദങ്ങൾ നിർത്തി ഒരു ഗാനം വച്ചിട്ടുണ്ട്‌.

’ഗഗനമേ... ഗഗനമേ...

ഗഹനഗഹനമാമേകാന്തതേ...‘

ഉലഹന്നാന്റെയും വർമ്മസാറിന്റെയും പൊടിപോലുമില്ല. കാത്തുനിൽക്കുന്നതിൽ കാര്യമുണ്ടെന്നു തോന്നുന്നില്ല.

വീണ്ടും കസേര വലിച്ചിട്ടിരുന്നു.

പിന്നെയെടുത്ത ചിത്രം അയാൾ പെട്ടെന്നൊഴിവാക്കി.

കുത്തിയൊലിച്ചൊഴുകുന്ന പുഴയിലേക്കു നോക്കി കരയ്‌ക്കുനിൽക്കുന്ന രണ്ടുപേർ. അവരുടെ ഇടയിലായി മണ്ണിൽ അമർന്നു പതിഞ്ഞിരിക്കുന്ന അവരുടേതല്ലാത്ത വലിയൊരു കാൽപാട്‌.

അയാൾക്കൊന്നും മനസ്സിലായില്ല.

കുത്തിയൊഴുകുന്ന ഈ നദി ജീവിതമല്ലേ. അതോ മരണമോ? അപ്രത്യക്ഷമാകലിന്റെ ലക്ഷണം വഹിക്കുന്ന ആ കാൽപാടാണോ ഇതിലെ മരണത്തിന്റെ സാക്ഷ്യം? അതുതീരെ അപര്യാപ്‌തമായിപ്പോയില്ലേ. ഈ രണ്ടുപേരുടെ പ്രസക്തിയെന്ത്‌?

ആകെയൊരു ദുരൂഹതയായിപ്പോയി. ഇതാ പെൺകുട്ടി വരച്ചതായിരിക്കുമോ? അയാൾ പുറത്തേക്കു നോക്കി. പെൺകുട്ടി കാഴ്‌ചയിൽ പെട്ടില്ല. അവൾ പൊയ്‌ക്കളഞ്ഞോ?

അടുത്ത ചിത്രം കയ്യിലെടുത്തപ്പോഴേ അയാൾക്ക്‌ ഒരു പരിചയം തോന്നി. ആഞ്ചലോയുടെ പിയെത്തയുടെ ഒരു ധൃതിപിടിച്ച അനുകരണം.

പിയെത്ത....

ക്രിസ്‌തുവിന്റെ മൃതദേഹം മടിയിലെടുത്തിരിക്കുന്ന കന്യാമറിയം.

ലോകചരിത്രത്തിലെ ഏറ്റവും വിശുദ്ധമായ മരണം.

പെട്ടെന്നയാൾക്കു തോന്നി. ഇതു മരണമല്ലല്ലോ. ക്രൂശിതയേശുവിന്റെ ചിത്രം വരയ്‌ക്കാമായിരുന്നില്ലേ ഇയാൾക്ക്‌. പിയെത്ത മരണത്തേക്കാൾ മാതൃദുഃഖത്തിന്റെ ചിത്രമല്ലേ. മരണത്തിന്റെ ഏറ്റവും വിലപിടിച്ച ഈ ഉപോൽപന്നം, മാതൃദുഃഖം, മരണത്തിനു പകരമാകുമോ? അതോ ദിവ്യത്വത്തിൽനിന്നു വിഭിന്നമായ ഒരു മാനുഷിക മരണമാണോ പിയെത്ത സൂചിപ്പിച്ചത്‌? അയാൾക്കു തല കറങ്ങുന്നതായി തോന്നിയതിനാൽ ഇരുന്നിടത്തുനിന്ന്‌ കൈനീട്ടി കൂജയിൽ നിന്നും അൽപം തണുത്ത ജലമെടുത്തു കുടിച്ചു.

ഹാളിൽ അവിടവിടെയായി വിളക്കുകൾ തെളിഞ്ഞു തുടങ്ങിയിരിക്കുന്നു.

ഇനി രണ്ടു ചിത്രം കൂടി നോക്കാനുണ്ട്‌.

എന്താണ്‌ തീരുമാനിക്കേണ്ടത്‌?

ഉലഹന്നാനും, വർമ്മസാറും.....?

അടുത്തതായി എടുത്ത ചിത്രം അയാൾക്ക്‌ വലിയൊരാശ്വാസം നൽകി. അതിഭാവുകത്വവും ദുർഗ്രാഹ്യതയുമൊന്നുമില്ലാത്ത, നേരിട്ടുളെളാരു ചിത്രം. ഒരു വീട്ടിലെ സ്വീകരണമുറിയിൽ ടെലിവിഷൻ കണ്ടുകൊണ്ടിരിക്കുന്ന കുടുംബാംഗങ്ങൾ. പ്രായമുളളവരും, ചെറുപ്പക്കാരും, മുലകുടിക്കുന്ന കുഞ്ഞും, സ്‌ത്രീകളും എല്ലാം ഉണ്ട്‌. കാഴ്‌ച കണ്ടുകൊണ്ടിരിക്കുന്നവരുടെ പിന്നിൽനിന്നാണ്‌ ചിത്രകാരൻ നോക്കുന്നത്‌. ടെലിവിഷൻ പ്രേക്ഷകരെ അഭിമുഖീകരിക്കുന്നു. ഒരു സ്തംഭനാവസ്ഥ ചിത്രത്തിൽ വളരെ പ്രകടമാണ്‌. സ്തംഭനത്തിന്റെ തൊട്ടടുത്ത ക്ഷണത്തിലാണ്‌ രംഗം വരയ്‌ക്കപ്പെട്ടിരിക്കുന്നത്‌. ടെലിവിഷൻ സ്‌ക്രീനിൽ ചിത്രം മറഞ്ഞിരിക്കുന്നു. അവിടം ശൂന്യമാണ്‌. മറ്റുളളവരുടെ വീക്ഷണത്തിൽ നിന്ന്‌ പെട്ടെന്ന്‌ അപ്രത്യക്ഷമാവുന്ന ഒരു നാടകരംഗംപോലെ, പൊടുന്നനെ നിലയ്‌ക്കുന്ന ഒരു പ്രവാഹംപോലെ...

മറ്റുളളവരിൽ നിമിഷങ്ങളുടെ വിമ്മിട്ടം സൃഷ്‌ടിച്ചേക്കാമെങ്കിലും പെട്ടെന്ന്‌ വിസ്‌മൃതിയിലായേക്കാവുന്ന ഒരു സംഭവം പോലെ...

മരണത്തെ ഇത്രയും ആക്ഷേപഹാസ്യഭംഗിയോടെ ലാളിത്യവൽക്കരിച്ച ആ ചിത്രം അയാൾക്ക്‌ വല്ലാതെ ഇഷ്‌ടപ്പെട്ടു. ഇത്‌ ആ പെൺകുട്ടി വരച്ചത്‌ തന്നെയായിരിക്കും. പുറത്ത്‌ ഇപ്പോഴും അവളെ കാണാനില്ല.

ആത്മാവിനെ ഒരു രസത്തുളളിപോലെ കയ്യിൽ വഹിച്ച്‌ പറന്നകലുന്ന ഒരു മരണമാലാഖയുടെ ചിത്രമായിരുന്നു അവസാനത്തേത്‌. അതു പരിശോധിക്കുമ്പോഴും ടെലിവിഷൻ കാഴ്‌ചക്കാരുടെ സ്‌തംഭനാവസ്ഥ തന്നെയായിരുന്നു അയാളുടെ മനസ്സിൽ.

പുറത്ത്‌ മരച്ചുവട്‌ ശൂന്യമായിരിക്കുന്നു. എല്ലാവരും ഹാളിലേക്ക്‌ കടന്നിരുന്നിട്ടുണ്ട്‌. പാട്ടൊക്കെ നിർത്തി സൗണ്ട്‌കാരൻ മൈക്ക്‌ സ്‌റ്റേജിലേക്കായി ഒരുക്കിയിരിക്കുന്നു. അദ്ധ്യക്ഷനും മറ്റു രണ്ടുമൂന്ന്‌ പ്രമുഖരും ഇരിപ്പിടങ്ങളിൽ ഉപവിഷ്‌ടരായിട്ടുണ്ട്‌. ഉലഹന്നാന്റെയും വർമ്മസാറിന്റെയും സീറ്റുകൾ ഒഴിഞ്ഞുതന്നെ കിടക്കുന്നു. ഇനി അവർ രണ്ടുപേരും തീരെ വരില്ലെന്നു വരുമോ.

അപ്പോൾ പിന്നെ എല്ലാ തീരുമാനങ്ങളുടെയും ഉത്തരവാദിത്തം അയാളുടെ തലയിലായിത്തീരും. ചതിതന്നെ. പക്ഷേ എന്തെങ്കിലുമൊന്നു തീരുമാനിക്കണം.

അയാൾ മടിച്ചുമടിച്ച്‌, ടെലിവിഷൻ കാഴ്‌ചക്കാരുടെ ചിത്രം ഏറ്റവും മുകളിൽ എടുത്തുവച്ച്‌ അതിൽ ചുവന്ന മഷികൊണ്ട്‌ ഒന്ന്‌ എന്നടയാളപ്പെടുത്തി. ’സംവേദനം പരിഗണിച്ച്‌‘ എന്നൊരു കുറിപ്പുകൂടി ചേർത്താലോ എന്നാലോചിച്ചെങ്കിലും വേണ്ടെന്നു വച്ചു. പിന്നെ സാവധാനം മുറി അടച്ച്‌ വരാന്തയിലേക്കിറങ്ങി.

ഉലഹന്നാനും വർമ്മസാറും എന്തുപറയുമോ ആവോ.

ഡോ. എം. ഷാജഹാൻ

8&316 എ വിംഗ്‌സ്‌, ചിറയമംഗലം, നെടുവ - പി.ഒ.- 676 303.


Phone: 04942413420
E-Mail: shahjahan_dr@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.