പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

മരിച്ചവരുടെ ചാനൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ധന്യാരാജ്‌

കഥ

“നിങ്ങളുടെ കാഴ്‌ചയ്‌ക്ക്‌ തകരാറുകളൊന്നുമില്ല.” കാഴ്‌ചശക്തി പരിശോധിക്കുന്ന ഉപകരണത്തിന്റെ സ്‌റ്റാൻഡിൽനിന്നും മുഖം മാറ്റി കൊളളാൻ ആംഗ്യം കാണിച്ചിട്ട്‌ ഡോ.ജയപ്രകാശ്‌ പറഞ്ഞു. അതിനുമുമ്പ്‌ ചുവരിൽ പതിപ്പിച്ചിരുന്ന സ്വർണ്ണനിറമുളള ബോർഡിലെ ആരോ ചിഹ്നങ്ങളുടെയും ഇംഗ്ലീഷ്‌ അക്ഷരങ്ങളുടെയുമെല്ലാം ഡയറക്ഷൻ അവൾ അനായാസം തിരിച്ചറിഞ്ഞിരുന്നു. അനിലിന്റെ മുഖത്ത്‌ ആശ്വാസത്തേക്കാളധികം പരിഭ്രമമാണെന്ന്‌ സുഷമയ്‌ക്കുതോന്നി.

“അപ്പോൾ ഡോക്‌ടർ ഈ കണ്ണുകളിലെ എരിച്ചിൽ...”

“ദാറ്റ്‌ ഈസ്‌ ട്യൂ റ്റു സം അൺസ്‌പെസിഫൈഡ്‌ റീസൺ. നതിംഗ്‌ ടു വറി.”

കണ്ണുകളുടെ എരിച്ചിൽ എന്തുകൊണ്ടാണെന്നു സ്‌പെസിഫൈ ചെയ്യാൻ തനിക്കുമാത്രമേ സാധിക്കുകയുളളൂവെന്നാലോചിച്ചപ്പോൾ തിരക്കു പിടിച്ച ഡോക്‌ടറുടെ ഞരമ്പുകളെ അകാരണമായി ഉപദ്രവിക്കേണ്ടി വരുന്നതിൽ സുഷമയ്‌ക്ക്‌ കുറ്റബോധം തോന്നി. എന്തുചെയ്യാനാണ്‌ രോഗത്തിന്റെ എരിച്ചിൽ എന്ന ആദ്യഭാഗം മാത്രമേ തനിക്കു പറയാൻ സാധിക്കുകയുളളൂ. അതിനെത്തുടർന്ന്‌, തലയുടെ ഇരുഭാഗത്തു നിന്നുമുണ്ടാകുന്ന പുകച്ചിലോടെ, തീനാളങ്ങൾ പോലെ എന്തോ ഒന്ന്‌ കൺമുന്നിൽ ചലിക്കുന്നതാണ്‌ രണ്ടാംഭാഗം അഥവാ പ്രധാനഭാഗം. അതുകൂടി പറഞ്ഞാൽ ഒരു മനഃശാസ്‌ത്രവിദഗ്‌ദ്ധന്റെ സേവനം തേടാൻ ഡോക്‌ടർ ആവശ്യപ്പെടുമോ എന്നു ഭയന്ന്‌ സുഷമ അതു വിഴുങ്ങുകയായിരുന്നു.

വീട്ടിലെത്തിയപ്പോൾ, ഡോക്‌ടർ പുതുതായി കുറിച്ചുകൊടുത്ത ഐഡ്രോപ്സ്‌ രണ്ടുതുളളിവീതം സുഷമയുടെ കണ്ണുകളിലിറ്റിച്ചിട്ട്‌, ഇതുകൊണ്ടും ഭേദമായില്ലെങ്കിൽ നഗരത്തിൽ പുതുതായി വന്ന ഐ സ്പെഷലിസ്‌റ്റ്‌ അരുൺ സ്‌കറിയയുടെ ക്ലിനിക്കിൽ പോകാമെന്ന്‌ അനിൽ സുഷമയെ സമാധാനിപ്പിച്ചു. ജയപ്രകാശിനു ഭേദമാക്കാൻ സാധിക്കാത്ത പല കേസുകളും അരുൺ സ്‌കറിയ നിഷ്‌പ്രയാസം ഭേദമാക്കിയ കാര്യം ഒന്നോ രണ്ടോ ഉദാഹരണങ്ങളുടെ സഹായത്തോടെ വിവരിച്ചിട്ട്‌, പതിവിലും പത്തുമിനിട്ടു വൈകി അനിൽ ഓഫീസിലേക്ക്‌ പുറപ്പെട്ടു.

മരുന്നൊഴിച്ചപ്പോഴുണ്ടായ നീറ്റൽ കുറയുന്നതുവരെ സുഷമ ഭ്രാന്തെടുത്തതുപോലെ മുറിയിലങ്ങോട്ടുമിങ്ങോട്ടും ചുറ്റി നടന്നു. ഇടയ്‌ക്കിടെ അവളുടെ നോട്ടം അടുത്ത വീട്ടിലേക്കു നീണ്ടു. അപ്പോഴെല്ലാം കനത്ത ഒരു ശബ്‌ദത്തോടെ സുഷമ ജനൽപ്പാളികൾ വലിച്ചടച്ചുകൊണ്ടിരുന്നു. എപ്പോൾ മുതലാണ്‌ കണ്ണുകളിലെ എരിച്ചിൽ തുടങ്ങിയതെന്ന്‌ സുഷമയ്‌ക്ക്‌ കൃത്യമായിട്ടറിയാം. നവംബർ ഏഴു മുതൽ. (ഡോക്‌ടറോട്‌ അവൾ അലസമായി നവംബർ മുതൽ എന്നാണു പറഞ്ഞത്‌.)

അശോകന്റെ സ്‌ക്കൂട്ടർ അയൽവീടിന്റെ ഗേറ്റ്‌ തുറക്കുന്ന ശബ്‌ദം കേട്ടാണ്‌ സുഷമ എഴുന്നേറ്റത്‌. ഇപ്പോൾ ആ ശബ്‌ദം തലയുടെ ഇരുവശങ്ങളിൽ നിന്നും വേദനയുടെ നേർത്ത കൈവഴികൾക്ക്‌ തുടക്കം കുറിച്ചുകഴിഞ്ഞു. അശോകന്റെ സ്‌ക്കൂട്ടർ ആദ്യമായി ആ ഗേറ്റു കടന്നപ്പോൾ തയ്യൽമെഷീനിൽ ഒരു തലയണക്കവർ തുന്നുകയായിരുന്നു സുഷമ. മഞ്ഞ ഇതളുകളുളള പൂവിന്റെ നടുവിൽ ഒരു ചുവന്ന പൊട്ടുകൂടി തുന്നിച്ചേർത്ത്‌ തല പൊന്തിച്ചപ്പോഴാണ്‌ അശോകനും ഗായത്രിയും സ്‌കൂട്ടിൽ വരുന്നത്‌ സുഷമ കാണുന്നത്‌. തിരമാലകൾ പോലെ ഇളകുന്ന ഗായത്രിയുടെ മഞ്ഞ സാരിയുടെ നടുവിലായി ചുവന്ന മഫ്‌ളർ ധരിച്ച ഒരു കുഞ്ഞുമുണ്ടായിരുന്നു. സ്‌ക്കൂട്ടറിനുപിന്നിൽ വീട്ടുപകരണങ്ങൾ കുത്തിനിറച്ച ഒരു മിനിലോറിയുമുണ്ടായിരുന്നു. അടുത്ത വീട്ടിൽ പുതിയ താമസക്കാർ വന്നുവെന്ന്‌ ആരോടെന്നില്ലാതെ വിളിച്ചു പറഞ്ഞതിനുശേഷം സുഷമ ഓടിച്ചെന്ന്‌ വടക്കുഭാഗത്തെ, ഒരിക്കലും തുറക്കാത്ത ജനൽ ഒറ്റവലിക്കുതുറന്ന്‌ അവിടേക്ക്‌ മികച്ച ഒരു ദർശനത്തിനുളള വഴിയൊരുക്കി. വൈകിട്ട്‌ അനിലുമൊത്ത്‌ ഗായത്രിയുടെ വീട്ടിലേക്ക്‌ നടത്തിയ ആദ്യസന്ദർശനത്തോടെ തന്നെ ഗായത്രിയുമായി ഹൃദയപരമായ ഒരടുപ്പം സ്ഥാപിക്കാൻ സുഷമയ്‌ക്കു കഴിഞ്ഞു. പിറ്റേദിവസം മുതൽ അനിൽ, അശോകന്റെ സ്‌ക്കൂട്ടറിന്റെ പിൻസീറ്റിൽ സ്ഥാനം പിടിച്ച്‌ ഓഫീസിലേക്ക്‌ സുഗമസഞ്ചാരത്തിനുളള വഴിയൊരുക്കി. ടെലികോമിൽ ജോലിയുളള അശോകന്റെ സമയത്തിന്‌ അനിലിന്റെ ടിഫിൻ റെഡിയാക്കിക്കൊടുക്കാൻ സുഷമയും ഉത്സാഹിച്ചു. ഗായത്രിയുമായുളള വർത്തമാനത്തിലൂടെയും ഗായത്രിയുടെ മകൻ മൂന്നു വയസ്സുകാരൻ അമലിന്റെ കുസൃതികളിലൂടെയും സുഷമയുടെ പകലുകൾ ഒഴുക്കോടെ സഞ്ചരിച്ചു തുടങ്ങി.

ഇപ്രകാരമുളള സന്തോഷകരമായ ദിവസങ്ങളുടെ ഒഴുക്ക്‌ മൂന്നുമാസത്തിലധികം നീണ്ടുനിന്നില്ല. ഗ്യാസ്‌ സ്‌റ്റൗ പൊട്ടിത്തെറിച്ച്‌ ഗായത്രി ആശുപത്രിയിലാണെന്ന്‌ ഒരു ദിവസം പുലർച്ചെ പേപ്പർ വില്പനക്കാരൻ വന്നു പറഞ്ഞപ്പോൾ ഉളളിൽ തീ പിടിപ്പിക്കുന്ന ഒരാന്തലോടെ, അനിലിനെ വിളിച്ചുണർത്തി സുഷമ ആശുപത്രിയിലേക്കു പുറപ്പെട്ടു. എന്നാൽ അതിനുമുമ്പുതന്നെ ആംബുലൻസിനുളളിൽ, ഗായത്രിയുടെ പൊളളിയടർന്ന ദേഹം വീട്ടിലേക്കുളള യാത്രയാരംഭിച്ചിരുന്നു. തുടർന്നുളള ഏതാനും ദിവസങ്ങളിൽ അയൽവീട്ടിലേക്കുളള ആളുകളുടെ വരവും പോക്കും അബോധത്തിലെന്നവണ്ണം അറിഞ്ഞുകൊണ്ട്‌ അകത്തെ മുറിയിലെ കട്ടിലിൽ സുഷമ മയങ്ങിക്കിടന്നു. തലയുടെ ഇരുവശങ്ങളിൽനിന്നും വേദനയുടെ തീനാമ്പുകൾ സുഷമയെ പൊളളിക്കുന്നുണ്ടായിരുന്നു.

കണ്ണുകളിലെ എരിച്ചിൽ ആരംഭിച്ചത്‌ ഒരാഴ്‌ചക്കു ശേഷമാണ്‌. ചുറ്റുവട്ടത്തെ ആളുകളുടെ അടക്കം പറച്ചിലിനിടയിലാണ്‌ പോലീസുകാർ അശോകനെ ചോദ്യം ചെയ്യുന്നത്‌. അപ്പോൾ കടുത്ത ആശയക്കുഴപ്പത്തിലാണ്ട സുഷമയുടെ ഓർമ്മകൾ ചുഴികളായി വട്ടംകറങ്ങി ഒരു സംഭവത്തിലെത്തിനിന്നു. മരണത്തിന്റെ രണ്ടുദിവസങ്ങൾക്കുമുമ്പ്‌ ഗായത്രി, അശോകനിൽ ഈയിടെയായി കാണപ്പെടുന്ന മാറ്റങ്ങളെപ്പറ്റി എന്തോ പറയാനാഞ്ഞെങ്കിലും അവളുടെ കണ്ണുകളുടെ ആഴത്തിൽ രൂപപ്പെട്ടുവന്ന നൊമ്പരം ഐലൈനറിന്റെ അതിരുകളെ മായിക്കുകയും വാക്കുകൾക്കു തടയിടുകയും ചെയ്‌തു. അമലിന്റെ ചുണ്ടുകളിലെ ഫാരക്‌സിന്റെ അവശിഷ്‌ടം തുടച്ചുകളഞ്ഞിട്ട്‌ ഗായത്രി തിടുക്കത്തിൽ നടന്നുപോകുന്നതു നോക്കി നിന്നപ്പോഴും തനിക്കന്ന്‌ യാതൊരു ദുഃസ്സൂചനയും തോന്നിയില്ലല്ലോ എന്നാലോചിച്ചപ്പോൾ കാര്യങ്ങൾ മനസ്സിലാക്കാനുളള തന്റെ കഴിവ്‌ പരിതാപകരമാണെന്ന്‌ സുഷമ മനസ്സിലുറപ്പിച്ചു. ചിന്ത ഇത്രയുമായപ്പോഴേക്കും അനിൽ അശോകന്റെ സ്‌ക്കൂട്ടറിന്റെ പിൻസീറ്റിൽ നിന്നിറങ്ങി വരുന്നത്‌ സുഷമ കണ്ടു.

അശോകനെക്കുറിച്ചുളള സുഷമയുടെ ചോദ്യങ്ങൾക്ക്‌ അതിൽ കൃത്യമായ മറുപടി പറയാത്തതും അശോകനെ ന്യായീകരിച്ചു സംസാരിക്കുന്നതും സുഷമയെ വിറളി പിടിപ്പിച്ചു. ഗായത്രിയുടെ മരണത്തിൽ അശോകന്‌ പങ്കുണ്ടാകണമെന്ന്‌ സുഷമ ഇതിനകം മനസ്സിലുറപ്പിച്ചു.

അനിലിന്‌ ഈയിടെയായി തന്നോടു പഴയ സ്‌നേഹമില്ല എന്നു സംശയിച്ചുകൊണ്ട്‌ രാത്രി മുഴുവൻ തിരിഞ്ഞുമറിഞ്ഞു കിടന്ന സുഷമയെ ‘സൂ’ എന്നുവിളിച്ചുകൊണ്ട്‌ അനിൽ തന്നോടടുപ്പിക്കാൻ ശ്രമിച്ചപ്പോൾ അയാളുടെ കൈച്ചുരുളുകൾ ഊരിയെറിഞ്ഞ്‌ സുഷമ നീങ്ങിക്കിടന്നു. അവളെ സുമേ എന്നോ സൂ എന്നോ സ്‌നേഹത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച്‌ അനിൽ വിളിക്കാറുണ്ടായിരുന്നു. ചിലപ്പോഴാകട്ടെ സ്‌സ്‌... എന്ന്‌ ചുണ്ടുകൾക്കിടയിലൂടെ പുറത്തേക്കു തെറിക്കുന്ന ഒരു ചീറ്റലായി സുഷമ മാറ്റപ്പെടാറുണ്ട്‌. അപ്പോഴെല്ലാം, കല്യാണം കഴിഞ്ഞ നാളുകളിൽ കട്ടിലിന്റെയടിയിൽ ചുരുണ്ടുകിടക്കുന്ന നിലയിൽ കാണപ്പെട്ട അണലിയെയാണ്‌ സുഷമ ഓർമ്മിക്കുന്നത്‌.

പിറ്റേദിവസം സുഷമയുടെ നെറ്റിയിൽ കടുത്തചൂട്‌ അനുഭവപ്പെട്ടപ്പോഴാണ്‌ അനിൽ അടുത്തുളള സർക്കാരാശുപത്രിയിലേക്ക്‌ അവളെ കൂട്ടിക്കൊണ്ടുപോയത്‌. നഴ്‌സ്‌ നാക്കിനടിയിലേക്കു തിരുകിയ തെർമോമീറ്ററും കടിച്ചുപിടിച്ചിരിക്കുമ്പോൾ സ്‌നേഹത്തിന്റെ രസനിരപ്പ്‌ കണക്കാക്കാനുളള ഉപകരണങ്ങളൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ലല്ലോ എന്ന്‌ സുഷമ വെറുതെ ആലോചിച്ചു. രാത്രിയിൽ അടുക്കളയിലെ ഗ്യാസ്‌ സ്‌റ്റൗ തുറന്നുവിട്ടിട്ട്‌ ഒന്നുമറിയാത്ത ഭാവത്തിൽ അരികിൽ വന്നുകിടക്കുന്ന അനിലിനെ സ്വപ്‌നംകണ്ട്‌ സുഷമ ഞെട്ടിയുണർന്നു. അനിലിന്റെ കൈകൾ വിടർത്തിയെറിഞ്ഞിട്ട്‌ അവൾ അടുക്കളയിലേക്കു കുതിച്ചു. സ്‌റ്റൗ ഓഫാണെന്നുറപ്പു വരുത്തി തിരിച്ചുവന്നു കിടന്നപ്പോഴാണ്‌ കണ്ണുകളിൽ എരിച്ചിൽ തുടങ്ങിയത്‌. പിറ്റേദിവസം അനിലിന്റെ നിർദ്ദേശമനുസരിച്ച്‌ അവർ ഡോ.ജയപ്രകാശിന്റെ ക്ലിനിക്കിലേക്കു പുറപ്പെടുകയായിരുന്നു.

കണ്ണുകളിൽ ഡ്രോപ്സ്‌ ഒഴിച്ചിട്ട്‌ അനിൽ പോയതിനുശേഷം സുഷമ കുറേസമയം കണ്ണടച്ചുകിടന്നു. കുറച്ചുസമയം കഴിഞ്ഞ്‌ കണ്ണുതുറന്നപ്പോഴാണ്‌ ടി.വി. പ്രവർത്തിക്കുകയാണെന്ന്‌ സുഷമ കണ്ടത്‌. അനിലിന്റെ അശ്രദ്ധയെ പഴിച്ചുകൊണ്ട്‌ ഓഫാക്കാനായി എഴുന്നേറ്റ സുഷമയെ ‘ദി ന്യൂസ്‌ ഫോളോസ്‌’ എന്ന അറിയിപ്പ്‌ തടഞ്ഞു. തിരികെ സോഫയിലിരുന്ന്‌ ന്യൂസിലേക്കു കൺതുറന്നപ്പോൾ നീറ്റലിനെ തോൽപ്പിച്ചുകൊണ്ട്‌ അവളുടെ കണ്ണുകൾ പുറത്തേക്കു തുറിച്ചുവന്നു. ‘ഓ.. എന്റീശ്വരാ..’ എന്നും ‘എന്താണിത്‌’ എന്നും മാറിമാറി ഉരുവിട്ടുകൊണ്ട്‌ ഏതാനും നിമിഷങ്ങൾക്കകം സുഷമ സമനില വീണ്ടെടുത്തു. ടി.വിയിൽ അപ്പോൾ ഹരിശങ്കറായിരുന്നു ന്യൂസ്‌ വായിച്ചുകൊണ്ടിരുന്നത്‌. “ന്യൂസ്‌ ആഫ്‌റ്റർ ദി ബ്രേക്ക്‌” എന്നു പറഞ്ഞുനിർത്തിയതിനുശേഷം ഹരിശങ്കർ പേന മടക്കി പോക്കറ്റിലിട്ടിട്ട്‌ സുഷമയെ നോക്കി പുഞ്ചിരിച്ചു. മൂന്നുമാസങ്ങൾക്കു മുമ്പായിരുന്നു.. ചാനലിൽ സ്ഥിരമായി ഇംഗ്ലീഷ്‌ ന്യൂസ്‌ റീഡറായിരുന്ന ഹരിശങ്കർ ഹൃദയാഘാതത്തെത്തുടർന്ന്‌ അന്തരിച്ച വാർത്ത ‘റീതുസിംഗ്‌’ ടി.വി വാർത്തയിലൂടെ അറിയിക്കുന്നത്‌. സുഷമയുടെ ഫേവറിറ്റ്‌ ന്യൂസ്‌ റീഡറായിരുന്നു ഹരിശങ്കർ എന്നതിനാൽ അവൾ രണ്ടുതുളളി കണ്ണീർ പൊഴിച്ചതിനുശേഷം പോയിക്കിടക്കുകയായിരുന്നു. “എന്തൊക്കെയുണ്ട്‌ സുഷമാ പുതിയ വിശേഷങ്ങൾ?” ഹരിശങ്കറിന്റെ മുഖത്ത്‌ ആകർഷകമായ ഒരു ചിരി നിറഞ്ഞു. വാർത്തകളുടെ അവസാനം ‘സ്‌പോർട്‌സ്‌ വേൾഡി’ലെ സംഭവങ്ങൾ വിവരിക്കുമ്പോൾ ഹരിശങ്കറിന്റെ കണ്ണുകളിൽ ഇതേ ഭാവമായിരുന്നു എന്ന്‌ സുഷമ ഓർത്തു.

“ഞാനങ്ങോട്ടിരിക്കട്ടെ സുഷമാ?” അടുത്തുകണ്ട കസേരയിലേക്കു വിരൽചൂണ്ടി ഹരിശങ്കർ ചോദിച്ചു. ടി.വി. സ്‌ക്രീനിൽ നിന്നുമിറങ്ങി കാലുകൾ നിലത്തുറപ്പിച്ചതിനുശേഷം ഹരിശങ്കർ പറഞ്ഞു.

“എന്തു ബുദ്ധിമുട്ടിയാണെന്നറിയാമോ ഇന്നു ഞാൻ വാർത്ത വായിക്കാനുളള അവസരം സംഘടിപ്പിച്ചത്‌. ന്യൂസ്‌ പ്രൊഡ്യൂസർക്ക്‌ എന്തൊരെതിർപ്പായിരുന്നു. മരിച്ചവരെ ന്യൂസ്‌ റീഡർമാരാക്കാനുളള റൂൾസും റെഗുലേഷൻസുമൊന്നും ഇല്ലത്രെ. മികച്ച ന്യൂസ്‌ റീഡർക്കുളള അവാർഡ്‌ കഴിഞ്ഞ രണ്ടു തവണയും എനിക്കാണു കിട്ടിയത്‌. പക്ഷേ മരിച്ചവരുടെ സ്‌മാർട്ട്‌നെസും പ്രിനൗൻസിയേഷനും ജീവിച്ചിരിക്കുന്നവരിൽ എന്തു പ്രതികരണമുണ്ടാക്കാനാണ്‌. വക്രിച്ച മുഖഭാവവും സഹതാപവുമല്ലാതെ. അയാൾ പറയുകയാണ്‌ ജീവിച്ചിരിക്കുന്നവർക്കുതന്നെ വേണ്ടത്ര തൊഴിലവസരങ്ങളില്ലല്ലോ. മരിച്ചുപോയവർക്ക്‌ ഒരു ജോലിയുടെ ആവശ്യമെന്താണ്‌ എന്ന്‌. സത്യത്തിൽ ജോലിക്കു വേണ്ടിയൊന്നുമല്ല, ഞാനുമായി കമ്മ്യൂണിക്കേറ്റ്‌ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്‌ അതിനുളള അവസരമൊരുക്കാനാണ്‌ ഈയൊരു ദിവസത്തേക്ക്‌ ഞാൻ വാർത്ത വായിക്കുന്നത്‌ എന്നു പറഞ്ഞപ്പോൾ അയാൾ മറ്റൊരു വിഡ്‌ഢിത്തം കൂടി പറഞ്ഞു. എന്താന്നറിയ്യോ മരിച്ചവരിൽ നിന്നും പുറപ്പെടുന്ന തരംഗങ്ങൾ പിടിച്ചെടുത്ത്‌ ടെലിക്കാസ്‌റ്റ്‌ ചെയ്യാൻ സഹായിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളെന്തെങ്കിലും ഇപ്പോൾ ഭ്രമണപഥത്തിലുണ്ടോ എന്ന്‌. ഈ കമ്മ്യൂണിക്കേഷൻ ടി.വി.സെറ്റിലെ ആന്റിന വഴിയല്ല മരിച്ചവരിൽനിന്നും പുറപ്പെടുന്ന തരംഗങ്ങൾ പിടിച്ചെടുത്ത്‌ ആശയവിനിമയത്തിന്റെ പുതിയ ചാനലുകൾ തുറക്കാൻ കഴിയുന്ന നാഡികൾ വഴിയാണ്‌ സാധ്യമാകുന്നതെന്ന്‌ അയാളെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ കുറേ ബുദ്ധിമുട്ടി. ഞാൻ ഇതിന്‌ സുഷമയെ തെരഞ്ഞെടുക്കാൻ കാരണമുണ്ട്‌. നിങ്ങളുടെ നാഡീവ്യൂഹം തീവ്രമായ സംവേദനക്ഷമത പുലർത്തുന്നതാണ്‌.” ഇതു കേട്ടപ്പോൾ ഒനിഡാ ടി.വി.യിലെ കുട്ടിച്ചാത്തനെപ്പോലെ തന്റെ തലയിലും ആന്റിന മുളച്ചിട്ടുണ്ടോ എന്ന പരിഭ്രമത്തോടെ സുഷമ ഷെൽഫിലെ നിലക്കണ്ണാടിയിലേക്ക്‌ എത്തിനോക്കി. ഈ മരിച്ചവരുടെ ഓരോ കഴിവുകൾ എന്ന്‌ സുഷമ അത്ഭുതപ്പെട്ടു.

“താങ്കളുടെ മരണം എല്ലാവരെയും വല്ലാതെ വേദനിപ്പിച്ചു.” ഹരിശങ്കറിന്റെ മൃതദേഹത്തിനുമുന്നിൽ തലതല്ലിക്കരയുന്ന ഭാര്യയെ പിറ്റേദിവസത്തെ വാർത്തയിൽ കാണിച്ചതോർത്തുകൊണ്ട്‌ സുഷമ പറഞ്ഞു.

“ഹൃദയാഘാതം വരാനുളള സാധ്യതകൾ താങ്കളുടെ മെലിഞ്ഞ ശരീരത്തിൽ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു ഞാൻ.”

“അതിന്‌ എനിക്ക്‌ ഹൃദയാഘാതമൊന്നും വന്നിട്ടില്ലല്ലോ സുഷമാ..എന്റെ മരണം ഒരു...” സുഷമയുടെ കണ്ണുകൾ പുറത്തേക്ക്‌ ഉന്തവേ ഹരിശങ്കർ പൂരിപ്പിച്ചു. “കൊലപാതകമായിരുന്നു. എന്റെ ഭാര്യ ശ്രീദേവി ഏറെ വിദഗ്‌ദ്ധമായി, അതേസമയം ഒരുപാടു പഴുതുകൾ ബാക്കിയാക്കി നിർവ്വഹിച്ച ഒരു കർമ്മം” ഹരിശങ്കർ തുടർന്നു.

“അഞ്ചുവർഷം നീണ്ട പ്രണയത്തിനുശേഷമാണ്‌ ഞങ്ങൾ വിവാഹിതരാകുന്നത്‌. ഞങ്ങൾ തമ്മിൽ ഒരിക്കലും പിണങ്ങിയിട്ടേയില്ല. എല്ലാ രാത്രികളിലും വൈകി വീട്ടിലെത്തുമ്പോൾ എന്റെ വാർത്ത വായനയിലെ ചെറിയ പിഴവുകളും മുഖഭാവവും കൃത്യമായി അനുകരിച്ചു കാണിക്കാറുണ്ടായിരുന്നു അവൾ. പിന്നെ എങ്ങനെയാണ്‌ ഞങ്ങളുടെയിടയിൽ ഇത്ര വലിയൊരു വിടവുണ്ടായതെന്ന്‌ എനിക്കറിയില്ല. ഒരു വാക്വം ക്ലീനർ വില്പനക്കാരന്‌ കയറാൻ മാത്രം വലിപ്പമുളള ഒരു വിടവ്‌. ഫ്ലാറ്റിനുളളിൽ ഒതുക്കപ്പെട്ട ഒരു വീട്ടമ്മയുടെ നീണ്ട പകലുകളിലേക്ക്‌ ഇത്തരമൊരാൾ ഒരു സാധ്യതയാണെന്ന്‌ ഞാനെവിടെയൊക്കെയോ കേട്ടിരുന്നതാണ്‌. എങ്കിലും ആദ്യത്തെ കാഴ്‌ചയിൽത്തന്നെ ഇത്രയേറെ അഴുക്കും പൊടിയും ശ്രീദേവിയുടെ മനസ്സിലേക്ക്‌ അയാൾ നിക്ഷേപിച്ചിരിക്കുമെന്ന്‌ അന്ന്‌, ഡ്രോയിംഗ്‌ റൂമിൽ ഒരു വാക്വം ക്ലീനർ സ്ഥാനം പിടിച്ച ദിവസം ഞാൻ മനസ്സിലാക്കിയില്ല. വേലക്കാരുടെ വാക്കുകളിൽനിന്ന്‌ അവ്യക്തമായ സൂചനകൾ എനിക്കു കിട്ടിയിരുന്നു. അതുകൊണ്ടുതന്നെ അന്നുരാത്രി അവൾ കൊണ്ടുവന്ന പാല്‌ വിഷമാണെന്നറിഞ്ഞുകൊണ്ടു തന്നെ ഞാൻ കുടിക്കുകയായിരുന്നു. അതിനുശേഷം മനുഷ്യമനസ്സിന്റെ സങ്കീർണ്ണതകളെപ്പറ്റി മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ ഞാൻ വെറുതെ ചിന്തിച്ചുകൊണ്ടിരുന്നു. പിന്നീട്‌ തലക്കറക്കം അനുഭവപ്പെട്ടപ്പോൾ ഞാൻ ബെഡ്‌ഡിലേക്ക്‌ തളർന്നുവീണു. അപ്പോൾ അവളുടെ വിരലുകൾ എന്റെ മുടിയിലൂടെ... പണ്ട്‌ ഞങ്ങളുടെ പ്രണയകാലത്ത്‌ ചെയ്‌തിരുന്നതുപോലെ.” ഹരിശങ്കറിന്റെ വാക്കുകൾ നേർത്തുനേർത്തുവന്നു.

അനിൽ ഓഫീസിൽ നിന്നു വന്നപ്പോൾ സുഷമ, ഓഫ്‌ചെയ്‌ത ടി.വിക്കു മുന്നിൽ വെറുതെ ഇരിക്കുന്നതാണ്‌ കണ്ടത്‌. ഗായത്രിയുടെ മരണവുമായി ഹരിശങ്കറിന്റെ കഥയെ എങ്ങനെ ബന്ധിപ്പിക്കാം എന്ന ഗാഢമായ ചിന്തയിൽ മുഴുകിപ്പോയതിനാൽ അനിൽ പറഞ്ഞതൊന്നും സുഷമ കേട്ടില്ല. ഹരിശങ്കർ പറഞ്ഞതിൽ നിന്നും ചില ഭാഗങ്ങൾ എടുത്തുമാറ്റിയും മറ്റു ചിലതു കൂട്ടിച്ചേർത്തും സുഷമ ബുദ്ധിമുട്ടുമ്പോഴാണ്‌ രാത്രിയിൽ ബെഡ്‌റൂമിന്റെ ജനലിനപ്പുറത്തുനിന്നും ഗായത്രിയുടെ കണ്ണുകൾ തിളങ്ങുന്നത്‌ സുഷമ കാണുന്നത്‌.

“സുഷമാ” ഗായത്രി മെല്ലെ വിളിച്ചു.

“എനിക്കു നിന്നോട്‌ ചിലതു പറയാനുണ്ട്‌. എന്റെ മരണത്തിനു കാരണമായ കാര്യങ്ങൾ.”

ധന്യാരാജ്‌

“ശ്രീധന്യ”

പുളിവിള,

പന്തപ്ലാവ്‌ പി.ഓ,

പട്ടാഴി (വഴി),

കൊല്ലം

691522




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.