പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

കുചേലവൃത്തം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഹരിലാൽ.കെ.

കഥ

“ദേണ്ടേ”

“ങ്‌ർർ”

“ഒറങ്ങിയോ?”

“ങ്‌ർർർർ”

“ഒന്ന്‌ ഏറ്റേ”

“നാശം”

“എഴുന്നേക്ക്‌ മനുഷ്യാ”

“അമറാതെടീ”

“നിങ്ങളു മനുഷ്യനാന്നോ?”

“മോങ്ങാതെ കാര്യമ്പറ”

“എന്നെക്കുറിച്ചോർമ്മയുണ്ടോ?”

“ഹോ... തൊടങ്ങിയറുവാണി”

“നിങ്ങടെ കൂടെറങ്ങിവന്നവളാ”

“അതിനെന്താ?”

“പട്ടിണിക്കെടക്കാൻ വയ്യ”

“മാറുമെടീ”

“ഹോ​‍ാ.. മാറും”

“കരിനാക്കീ”

“നാക്ക്‌ ചൊറിഞ്ഞുവരുന്നു”

“എന്നാപ്പറയടീ”

“ഞാമ്പറയും”

“ചെളളക്ക്‌ നീരുകൊളളും”

“പിന്നേ.. ഞൊട്ടും”

“എടീ...”

“മൊത്തം കുടിച്ചുപെടുത്തു”

“എന്താടീ കുടിച്ചാല്‌”

“കുടിച്ചോ.. അണ്ണാക്കിലിടാൻ തന്നിട്ട്‌.”

“കുടി നിർത്തിയെടീ”

“എല്ലാം മുടിഞ്ഞപ്പം”

“നീ ഒളളടത്ത്‌ കൊണം പിടിക്കില്ല”

“പിളളാരെ ഓർത്തോ”

“എന്തിനാ”

“എല്ലാം പട്ടിണിയാ”

“പെറ്റുകൂട്ടിയതെന്തിനാ”

“പെറീപ്പിച്ചതെന്തിനാ”

“നിർത്താമെടീ”

“ഹോ! തോന്നിയല്ലോ”

“ഇപ്പഴെത്രൊണ്ടടീ”

“എന്തുവാ”

“സന്തതികള്‌”

“പത്തുപതിനാറ്‌ കാണും”

“നൊയമ്പില്ലാരുന്നേലോ!”

“കളിയാക്കല്ലേ”

“ചിരിക്കല്ലേടീ”

“ഞാനൊന്നു പറയട്ടേ”

“എന്തുവാ”

“കൂട്ടുകാരനെ ചെന്നു കണ്ടാലോ?”

“എന്തിനാ”

“നമ്മടെ ദാരിദ്ര്യം”

“ഞാനുമാലോചിച്ചതാ”

“സഹായിക്കാതിരിക്കില്ല”

“അതുവേണ്ടടീ”

“നമ്മടെ പിളളാര്‌..”

“കെഞ്ചാൻ വയ്യാ”

“നിങ്ങളുപോണം”

“ങ്‌ആ.. പോകാം”

“നാളെത്തന്നെ പോണം”

“വണ്ടിക്കൂലി....?”

“കുടുക്കപൊട്ടിക്കാം”

“കാഴ്‌ച കൊടുക്കണ്ടായോ?”

“നമ്മളെന്തോ കൊടുക്കാനാ”

“എന്നാലും...”

“എന്തോയിരുന്നിട്ടാ”

“അവലിടിക്കാം”

“നേരമൊത്തിരിയായി”

“നീ പായിട്ട്‌ കെടക്കടീ”

“പായ്‌ ചോരുന്നിടത്ത്‌ ചൊരുകി”

“എന്റെ കൂടെക്കിടന്നോ”

“നൊയമ്പുണ്ടോ?”

“ഇല്ല”

“വെളക്കണച്ചേര്‌”

“കെട്ടോളും”

“എണ്ണയില്ലേ?”

“വറ്റി”

“എന്നാലും കെടുത്തിയേര്‌”

“ങും”

“പെണ്ണേ...”

“ഇതിനാരുന്നോ?”

“പിന്നല്ലാതെ”

“കളളൻ”

“താലിയെന്തിയേ?”

“ഊരിവെച്ചു.”

“അതെന്തിനാ?”

“ചുമ്മാ”

“കുളിരുന്നോ?”

“ങും”

“അരഞ്ഞാണമെന്തിയേ?”

“അത്‌.. പിന്നെ...”

“നേരുപറ”

“രണ്ടും വിറ്റു”

“എന്തിനാ”

“കടം... പട്ടിണി”

“താലി വിക്കണ്ടാരുന്നു”

“സാരമില്ല, മാനം മതി”

“ദേ കോഴികൂവി”

“അതിനെന്തുവാടീ”

“മതി ഒറക്കം”

“വെളുപ്പിനെ പോണോ”

“മൊകം കഴുക്‌”

“തണുപ്പാ”

“കട്ടനിടാം”

“വെളളം കൊണ്ടാ”

“ദാ വരുന്നു”

“പിളേളരെണീറ്റോ?”

“ഇല്ല; ദേണ്ട്‌ വെളളം”

“മുണ്ടെട്‌”

“വഴി പരിചയമൊണ്ടോ?”

“കൊറച്ച്‌”

“മുണ്ടുകീറിയതാ”

“തിരിച്ചുടുക്കാം”

“കട്ടൻകുടിക്ക്‌”

“നിനക്കില്ലേ?”

“പൊടിയില്ലാരുന്നു”

“ഞാനാലോചിക്കുവാരുന്നു”

“എന്തുവാ”

“എന്നെ തിരിച്ചറിയുമോ?”

“അടുത്ത കൂട്ടല്ലേ”

“എന്നെ ജീവനാ”

“കെ.സി.റ്റി. അഞ്ചരയ്‌ക്കുവരും”

“എന്നാ എറങ്ങുവാ”

“ഈ പൊതികൂടെവച്ചോ”

“എന്തുവാ”

“അവൽ”

“അവനൊത്തിരിയിഷ്‌ടമാ”

“ഒരു ദ്വാരക”

“പതിനഞ്ചേ മുക്കാല്‌”

“എപ്പം ചെല്ലും സാറേ”

“പത്തുമണി”

“ബാക്കി ഇരുപത്തഞ്ചു പൈസ”

“ചില്ലറയില്ല”

“പിന്നെങ്ങനാ”

“ഇവിടെ കൊടുക്കാം”

“നിങ്ങളെങ്ങോട്ടാ”

“ദ്വാരകയ്‌ക്ക്‌”

“ഞാനുമങ്ങോട്ടാ”

“എന്താകാര്യം?”

“ഒരാളെ കാണാനാ”

“ആരെ”

“വേണുഗോപാൽ”

“എന്തിനാ”

“കോളേജിലൊന്നിച്ചാരുന്നു”

“പേരെന്താ”

“സുദാമാവ്‌”

“എന്താ പണി?”

“എം.എ., എം.ഫില്ലാ”

“എനിക്കു ബംഗ്ലാവിലാപണി.”

“അതേയോ! ഇന്നുകാണാമോ?”

“ടൂറിലാരുന്നു വന്നുകാണും”

“ഞങ്ങള്‌ വലിയ ദോസ്തുക്കളാ”

“എന്നുവച്ചാൽ...”

“സഖാവ്‌ സുദാമാവ്‌, സഖാവ്‌ വേണുഗോപാൽ”

“പിന്നെ...?”

“ഒന്നിച്ചുണ്ടു; ഒറങ്ങി”

“എന്തൊരു മുട്ടൻ വീട്‌!”

“കോടികളാ ചെലവ്‌”

“ഹോ! ഏഴാം മാളിക”

“കൂടെനിന്നാൽ ഗൂർഖാപിടിക്കില്ല”

“അങ്ങനാട്ട്‌”

“സാറ്‌ ഒണ്ട്‌”

“കൂടിരിക്കുന്നതാരാ”

“ജൂലി.. പുതിയ ഭാര്യയാ”

“രണ്ടാളും വൈകിട്ട്‌ താഴെവരും”

“അന്നേരം കാണാം.”

“ങും... എന്തുവേണം”

“ഞാൻ സാറിന്റെ കൂട്ടുകാരനാ”

“ഏതു കൂട്ടുകാരൻ”

“ഞാനാ... സുദാമാവ്‌”

“ബാറുനടത്തിയ സുദാമാവോ?”

“അല്ല; കുചേലൻ... എരട്ടപ്പേരാ”

“ഏതു കുചേലൻ?”

“പണ്ട്‌ വിറകൊടിക്കാൻ...”

“എവിടെവച്ചാ പരിചയം...”

“സാന്ദീപനി മാഷിന്റെ...”

“ഓർക്കുന്നില്ലല്ലോ”

“മൂലധനം ഒന്നിച്ചാ വായിച്ചത്‌”

“കുച.. ഏലൻ, ഓർക്കുന്നേയില്ല”

“രാധയെ ഓർക്കുന്നോ?”

“അതാരാ”

“അത്‌.. പിന്നെ..”

“തനിക്കെന്തോ വേണം?”

“വീട്‌ പോറ്റാൻ നിവർത്തിയില്ല”

“അതിന്‌”

“ചെറിയൊരു പണി....”

“വേക്കൻസിയില്ല”

“സ്‌കൂളിലോ ഫാക്‌ടറിയിലോ...”

“ഇല്ലന്നല്ലേ പറഞ്ഞത്‌”

“അങ്ങനെ പറയരുത്‌”

“താൻ വേറെ നോക്ക്‌”

“സാറാ അവസാന ആശ്രയം”

“എന്താ കക്ഷത്തില്‌”

“ഒരു പൊതി...”

“കാശാണോ?”

“അല്ല”

“എറങ്ങിപ്പോടോ... നാശം”

“നിങ്ങളുപോയകാര്യം”

“ശരിയായില്ലടീ”

“എന്താ”

“ജോലി ഒഴിവില്ല”

“വായ്‌പ ചോദിച്ചില്ലേ?”

“അദ്ദേഹം ഞെരുക്കത്തിലാ”

“എന്തോ പറഞ്ഞു”

“എല്ലാവരേം തിരക്കി”

“കാഴ്‌ചകൊടുത്തോ”

“സന്തോഷപൂർവ്വം സ്വീകരിച്ചു.”

“നമ്മളെന്തു ചെയ്യും”

“വഴിയൊണ്ടടീ”

“ദുശ്ശാസനൻ മൊതലാളീ വന്നാട്ട്‌”

“എങ്ങനാടോ റേറ്റ്‌”

“തളളക്കോ മോൾക്കോ?”

“കാണട്ടെ”

“എറങ്ങി നിക്കടീ പെണ്ണുങ്ങളേ”

“ഇതാണോ.... വേണ്ട”

“രണ്ടെടുത്താൽ എട്ടുവയസ്സുകാരി ഫ്രീ”

“മൊതലാവില്ല ഒണക്കക്കൊളളികള്‌”

“സാറേ....”

“ആരിത്‌ കുചേലനോ”

“എങ്ങോട്ടാ അക്രൂരരേ”

“ചന്തമുക്കുവരെ”

“എന്താ കാര്യം”

“ദ്രോണർസാറിനെ കാണണം”

“ശല്യരും സാറൂടെ സ്‌കൂൾ തുടങ്ങി”

“അതെ, മോന്റെ ഉദ്യോഗക്കാര്യമാ”

“എത്രാ?”

“പത്തുലക്ഷത്തിനൊറപ്പിച്ചു.”

“കല്ല്യാണത്തിനു മൊതലാക്കാം”

“തന്റെ വീടേതാ”

“ദാ ആ വളവുകഴിയണം”

“കുടിക്കുമോ?”

“നിർത്തി”

“പെണ്ണുമ്പുളേളം പിളളാരും?”

“സുഖമായിരിക്കുന്നു”

“വീട്ടിലേക്ക്‌ ക്ഷണിക്കുന്നില്ലേ?”

“അവളും പിളളാരുമില്ല”

“എന്തിയേ”

“അവടെ വീട്ടിൽ പോയതാ”

“എന്നാ പിന്നൊരിക്കലാട്ട്‌”

“ഇനി വിളിക്കില്ല; വന്നാമതി”

“ആരോടാ കാര്യം പറഞ്ഞത്‌”

“അക്രൂരനാടീ”

“പോയോ?”

“പോയി, പിളേളരൊറങ്ങിയോ”

“ഒറങ്ങി”

“അടുപ്പേലെന്താ”

“കഞ്ഞി..”

“അരി...”

“റേഷൻകട തൂത്തുവാരി”

“നീയീപ്പൊടി കഞ്ഞീലിട്‌”

“എന്തുവാ”

“നോക്ക്‌”

“അയ്യോ വേണ്ട”

“മര്യാദക്ക്‌ ചെയ്യ്‌”

“നിങ്ങളു മനുഷ്യനാന്നോ?”

“വേറെ വഴിയില്ല”

“വയ്യ; ഞാനൊരു തളളയാ”

“ഞാൻ തന്തയാ”

“എങ്ങനേലും കഴിയാം”

“എങ്ങനെ...?”

“. . . . . . .”

“ഈ വഴിയേ ഇനിയുളളൂ”

“താ”

“കൈവിറച്ചു കളയരുത്‌”

“ഇല്ല”

“ഇട്ടോ”

“ങ്‌ഉം”

“ഇങ്ങടത്തുനിക്ക്‌”

“. . . . . . . . .”

“നിനക്കൊന്നും തരാൻ കഴിഞ്ഞില്ല”

“. . . . . . . . .”

“ഇത്‌ അവസാന ഉമ്മ”

“. . . . . . . .”

“പിളളാരെ വിളി, ഞാൻ വിളമ്പാം”

ഹരിലാൽ.കെ.

വിലാസം

ഹരിലാൽ.കെ.

കൊളപ്പാട്ട്‌, ഇടമാലി,

പാറക്കര പി.ഒ., തട്ടയിൽ,

പത്തനംതിട്ട

691 525




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.