പുഴ.കോം > പുഴ മാഗസിന്‍ > കഥാമത്സരം > കൃതി

ഗംഗ ഒഴുകുന്നു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.എസ്‌. രാധിക

കർക്കിടകമാസത്തിലെ മഴയാണ്‌. പെയ്‌തു തോരാതെ തുടരുന്നു. ഉച്ചകഴിഞ്ഞ്‌ രണ്ടരമണിയേ ആയിട്ടുള്ളൂ. സന്ധ്യയായ പ്രതീതി. വായിച്ചുകൊണ്ടിരുന്ന പുസ്‌തകം കിടക്കമേൽ തന്നെ കമഴ്‌ത്തിവച്ചു മധുബാല തുറന്നിട്ട ജാലകത്തിലൂടെ പുറത്തേക്കുനോക്കിക്കിടന്നു. ഉറങ്ങിയതറിഞ്ഞില്ല.

ഫോൺബെൽ കേട്ടുണർന്നു. സുമിത്രയാണ്‌. എല്ലാപേർക്കും അവധിക്കാലം മുഷിപ്പായിരിക്കുന്നു. കോളേജു തുറക്കാൻ ഒരാഴ്‌ച കൂടിയുണ്ട്‌.

ഇരമ്പിവന്ന മഴയെത്തടഞ്ഞുവന്ന കാറ്റ്‌ ധാരാളം ഇലകൾ പൊഴിച്ചിട്ടു. മുകളിലത്തെ മുറിയുടെ ജാലകത്തിനരികെ നിന്ന്‌ അങ്ങു ദൂരെ ജോസിന്റെ കയർ പുരവരെ കാണാം. പറമ്പിന്റെ ഏതോ കോണിൽ നിന്ന്‌ കറുത്ത ഈയാംപാറ്റകൾ കൂട്ടമായി പറന്നുയരുന്നു. അമ്മമ്മ പറഞ്ഞുകേട്ടിട്ടുണ്ട്‌ ഈയാംപാറ്റകൾ കറുത്തിട്ടാണെങ്കിൽ മഴ കനക്കുമെന്ന്‌.

ഗേയ്‌റ്റ്‌തുറക്കുന്ന ശബ്‌ദം. സുമലത വരുമെന്ന്‌ പറഞ്ഞിരുന്നു. അവൾക്ക്‌ ഇവിടെ വരാൻ വലിയ ഇഷ്‌ടമാണ്‌. മധുബാലയെക്കൂടാതെ അമ്മമാത്രമേ ഉള്ളൂ. ശല്ല്യമില്ലാതെ കൂടുതൽ സമയം വർത്തമാനം പറഞ്ഞിരിക്കാം. അവൾ താഴത്തെ നിലയിലെ വാതിൽ തുറന്നു. പുറത്തു തൂക്കിയിട്ട തുണിയിൽ കുട്ടിയുമായി ഒരു സ്‌ത്രീ. പിറകെ എല്ലിച്ച രണ്ട്‌ ആൺകുട്ടികൾ. ‘കല്ലുകൊത്തണോ അമ്മാ’ അതിനു പിറകെ പതിനഞ്ചിനടുത്തു പ്രായമുള്ള ഒരു വെളുത്ത പെൺകുട്ടി. മറ്റുള്ളവർ മുമ്പോട്ടു നടന്നുനീങ്ങി. അവൾ മാത്രം മുറ്റത്തേക്കു കടന്നുവന്നു. പാവാടയും ബ്ലൗസുമിട്ട്‌ ഒരു സാരിയുടെ തുണ്ട്‌ ദാവണിപോലെയുടുത്ത ചെമ്പിച്ച മുടിയുള്ള പെൺകുട്ടി. വസ്‌ത്രങ്ങളിൽ അഴുക്കുപുരണ്ട്‌ പലയിടത്തും പിഞ്ഞിയിരിക്കുന്നു.

‘ആരും വേലതരണില്ലമ്മാ, വിശക്കുന്നു അമ്മാ’.....

അരപ്പിനും പൊടിപ്പിനും എല്ലാമിന്ന്‌ വൈദ്യുതോപകരണങ്ങളാണ്‌. ആട്ടുകല്ലും അരകല്ലുമെല്ലാം ചളിപുരണ്ട്‌ പറമ്പിൽ വിശ്രമിക്കുന്നു. അത്‌ കൊത്താൻ വരുന്ന നാടോടിപ്പെണ്ണിനെ ആരു വിളിക്കാൻ?

അവളുടെ മുഖത്തെ ദൈന്യത മധുബാലയ്‌ക്ക്‌ അസഹനീയമായിരുന്നു. രണ്ടുനാണയങ്ങൾ അവൾക്കു നേരെ നീട്ടി.

എന്താ നിന്റെ പേര്‌?

‘ഗംഗ’...

വിശന്നുവലഞ്ഞ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

അവളുടെ കണ്ണുകളിൽ നിറഞ്ഞൊഴുകുന്നത്‌ ഗംഗ തന്നെയല്ലെ. അല്ല അതിലൊരു സാഗരം തന്നെയുണ്ട്‌. വിശപ്പിന്റെ, വേദനയുടെ, ഇല്ലായ്‌മയുടെ സാഗരം...

അടുക്കളയിൽ ബാക്കിയായിരുന്നു ഭക്ഷണം ഒരു ഇലയിലാക്കി മധുബാല അവൾക്കു കൊടുത്തു. അതുവാങ്ങി അവൾ ധൃതിയിൽ നടന്നു. കൂടെയുള്ളവർക്കുകൂടി പങ്കിടാനായിരിക്കണം അവരുടെ അടുത്തേക്ക്‌ ഓടിയടുത്തു.

മധുബാലയുടെ ചിന്തകൾ അവളെക്കുറിച്ചായി. മനസ്സിൽ ഒരു മുറിവുണ്ടാക്കി അവൾ കടന്നു പോയി. അവളുടെ സൗന്ദര്യമോ? ദൈന്യതയോ? എന്താണ്‌ തന്നിൽ അവളൊരു നൊമ്പരമായിത്തീരാൻ കാരണം? രണ്ടും നാടോടികളുടെ കൂട്ടത്തിൽ ഇങ്ങനെയൊരു കുട്ടിയെ മുമ്പ്‌ കണ്ടിട്ടില്ല പിന്നീട്‌ ഇതുവരേയും.

ടൗണിൽ അലഞ്ഞുതിരിയുന്ന ഇങ്ങനെയുള്ള കൂട്ടരെ പലതവണ കാണാനിടയായി. കണ്ണുകൾ അവരിലെല്ലാം അവളെത്തിരയുകയായിരുന്നു.

ഒരിക്കൽ ഗംഗയെന്ന നാടോടിപ്പെണ്ണ്‌ മധുബാലയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടാക്കുന്നു. അവളെ കേന്ദ്രകഥാപാത്രമാക്കി മധുബാല എഴുതിയ ചെറുകഥയ്‌ക്ക്‌ ആ വർഷത്തെ പുരസ്‌കാരം ലഭിക്കുകയുണ്ടായി. അങ്ങനെ മധുബാലയെന്ന കഥാകാരി വായനക്കാരുടെ ഇടയിൽ ശ്രദ്ധിക്കപെട്ടു.

കാലം ധാരാളം മാറ്റങ്ങൾക്ക്‌ സാക്ഷിയായികടന്നുപോകുന്നു. അമ്മയുടെ മരണശേഷം മധുബാല കൂടുതൽ സമയം എഴുത്തിനും വായനയ്‌ക്കുമായി മാറ്റിവച്ചു. ഇതോടൊപ്പം സർക്കാർ ജോലി വല്ലാത്തഭാരമായിതോന്നി. ഉപേക്ഷിക്കാൻ നിവൃത്തിയില്ല. ജീവിക്കണമെങ്കിൽ പണം അത്യാവശ്യമാണല്ലോ. കിട്ടാവുന്ന അവധികൾ യാത്രകളുടേതായി. അനുഭവങ്ങൾ, അന്വേഷണങ്ങൾ, കണ്ടെത്തലുകൾ അങ്ങനെ യാത്രകൾ അനുഭൂതിയായി. കൂടുതൽ കൂടുതൽ എഴുതുവാൻ യാത്രകൾ സഹായിച്ചു, അഥവാ പ്രേരിപ്പിച്ചു. സഹപാഠികൾ അമ്മമാരായി അച്ഛൻമാരായി. മധുബാല കഥകൾക്കും ലേഖനങ്ങൾക്കും ജന്മം നല്‌കി തുടരുന്നു.

എന്നെ ഞാനാക്കിയ എന്റെ കഥാപാത്രം ഇന്നു ജീവിച്ചിരിപ്പുണ്ടോ? ദാരിദ്ര്യത്തിന്റെ വേദന നിറഞ്ഞ യാത്രയിൽ രോഗിയായിത്തിർന്നിരിക്കുമോ? അതോ അവളുടെ അമ്മയെപ്പോലെ പല ജനുസ്സിൽപ്പെട്ട കുട്ടികൾക്ക്‌ ജന്മം നല്‌കി അലയുകയായിരിക്കുമോ? അല്ല, അവളെ ആരെങ്കിലും രക്ഷിച്ചിട്ടുണ്ടാകുമെന്ന്‌ ആശ്വസിക്കട്ടെ. വെറുതെയെങ്കിലും!

ഈ ഭൂമിയിൽ ജനിച്ചുവെങ്കിലും ഒരു തുണ്ട്‌ ഭൂമിക്ക്‌ അവകാശമില്ലാതെപോയ അവളെപ്പോലെയുള്ളവരെ ആരാണ്‌ രക്ഷിക്കുക? ബാഗിലെ മൊബൈൽ ഫോൺ ശബ്‌ദിക്കുന്നു. വിമൽമിത്രയാണ്‌.

‘ഹലോ’

‘ഹലോ മധുബാല നീയിപ്പൊ എവിടെയാണ്‌?

മധുഃ ഞാനിപ്പൊ കന്യകുമാരിയിലാണ്‌. പഞ്ചാരമണലിൽ, തനിച്ചാണ്‌. അസ്‌തമയം കണ്ടു കഴിഞ്ഞാൽ മടങ്ങും. മിഥിലയുടെ വീട്ടിലാണ്‌ താമസം.

മിത്രഃ മിഥിലയെക്കൂടെ കൂട്ടാമായിരുന്നു....

മധുഃ ഇല്ല മിത്രാ അവൾ ഓഫീസിൽ പോയിരിക്കുന്നു. അതുമല്ല ഞാനിപ്പൊ ഒരു പുതിയ വർക്കിലാണ്‌.

മിത്രഃ എന്താണ്‌, കഥയോ? നോവലോ?

മധുഃ നോവലാണ്‌ എന്റെ ആദ്യത്തെ നോവൽ മിഥിലകൂടെയുണ്ടെങ്കിൽ വെറുതെ സമയം നഷ്‌ടമാകും. ഡിസംബറിൽ തന്നെ തീർക്കേണ്ടതുണ്ട്‌. ഇന്ന്‌ നാലാണ്‌ തീയതി.

മിത്രഃ മധൂ, നീ പറഞ്ഞചിത്രം പൂർത്തിയായിരിക്കുന്നു. കഴിവതും വേഗമെത്തണം. ജനുവരിയിൽ ഫ്ലോറിഡയിൽ ഒരു ചിത്രപ്രദർശനത്തിൽ പങ്കെടുക്കണം. എനിക്ക്‌ അവിടുത്തെ മലയാളി അസ്സോസിയേഷന്റെ ക്ഷണമുണ്ട്‌. ചിത്രങ്ങൾ സെലക്‌ടു ചെയ്യുവാൻ നിന്റെ സഹായം വേണം.

മധുഃ എനിക്കു പന്ത്രണ്ടുദിവസത്തെ അവധി കൂടിയുണ്ട്‌. ഒരാഴ്‌ച കഴിഞ്ഞാൽ എന്റെ വർക്കുതിരും. അതു കഴിഞ്ഞാൽ നിനക്കെന്നെ പ്രതീക്ഷിക്കാം. ബൈ.

അങ്ങു ദൂരെ ജലപ്പരപ്പിനു മുകളിൽ സൂര്യൻ മറയാൻ തുടങ്ങുന്നു. മേഘക്കീറുകൾക്കിടയിലൂടെ.... അങ്ങനെ ഒരു പകൽകൂടി അവസാനിച്ചിരിക്കുന്നു.

പേനമടക്കി ബാഗിലിട്ടു. പേപ്പറുകൾ ഫയലിൽ തിരുകിവച്ചു. മിഥില ഓഫിസ്‌വിട്ട്‌ വന്നിട്ടുണ്ടാകും. ദിനങ്ങൾ കടന്നു പോകുന്നത്‌ അറിയുന്നേയില്ല, ഇലകൾ പഴുത്തു കൊഴിയുന്നത്‌ വൃക്ഷങ്ങൾ അറിയാത്തപോലെ.

അങ്ങനെ ആദ്യനോവൽ പൂർത്തിയാക്കിയിരിക്കുന്നു. വീണ്ടും യാത്രയിലാണ്‌. മിത്രയുടെ കാറിൽ റെയിൽവേ സ്‌റ്റേഷനിൽ നിന്നുള്ളയാത്ര. നേരം സന്ധ്യയോടടുത്തിരിക്കുന്നു. കോടമഞ്ഞിൽ കുളിരണിഞ്ഞ കുന്നുകൾ മരത്തലപ്പുകളിൽ, വള്ളികളിൽ പുഞ്ചിരിതൂകി ബഹുവർണ്ണപുഷ്‌പങ്ങൾ. കമ്പിളി പുതച്ചുനടക്കുന്നവർ, പുകവലിക്കുന്നവർ, ഉന്തുവണ്ടിയിലെ ചൂടുകാപ്പി ആർത്തിയോടെ മോന്തുന്നവർ.... എല്ലാം ഒരുതരം സുഖമുള്ള കാഴ്‌ചകൾ.

സംഭാഷണത്തിന്‌ തുടക്കമിട്ടത്‌ വിമൽ മിത്രയാണ്‌.

മിത്ര ഃ സത്യം പറഞ്ഞാൽ മധുബാല...... നീയിങ്ങനെ ഏകയായി...... എനിക്കുവിഷമമുണ്ട്‌.

മധു ഃ എന്നോടുസഹതപിക്കുന്നതെനിക്കിഷ്‌ടമല്ല മിത്ര. ഞാൻ സുഖമായിരിക്കുന്നു.

മിത്ര ഃ ഹിന്ദുവിൽ നീയെഴുതിയ ആ ലേഖനമുണ്ടല്ലോ, സദാചാരത്തെപ്പറ്റി, നീയൊരു നോട്ടപ്പുള്ളിയായിരിക്കുന്നു.

മധു ഃ വളരെ നന്ന്‌. നിങ്ങൾ പുരുഷൻമാർ അത്ര ധൈര്യപ്പെടില്ല. എനിക്കറിയാം.

മിത്ര ഃ മധൂ ഞാനൊരു പ്രധാനപ്പെട്ട കാര്യം പറയണമെന്നു വിചാരിക്കുന്നു.

മധു ഃ നിനക്കതിനൊരു മുഖവുരയുടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല മിത്രാ.

മിത്ര ഃ നിന്നെ ഞാൻ വിവാഹം കഴിച്ചോട്ടെ?

മധു ഃ വിവാഹം.... പലപ്പോഴും പലരും എന്നെ ഓർമ്മപ്പെടുത്തിയതാണ്‌. സമയമായിട്ടില്ലെന്ന്‌ എനിക്കു തോന്നുന്നു.

മിത്ര ഃ എനിക്കു മുപ്പത്തിയേഴുകഴിഞ്ഞു. നീയൊരു വർഷം സീനിയറാണ്‌. ഇനി എപ്പോഴാ സമയമാകുക?

മധു ഃ വയസ്സ്‌, സമയം ഇതൊക്കെ എന്റെ പ്രശ്‌നങ്ങളേയല്ല.

മിത്രയുടെ വീടെത്തിയിരിക്കുന്നു. അയാൾ കാർ നിർത്തി, പുറത്തിറങ്ങി ഗേയ്‌റ്റു തുറന്നു. വീണ്ടും കാർ സ്‌റ്റാർട്ടാക്കി പോർച്ചിൽ നിർത്തിയിട്ടു.

മിത്ര ഃ എന്റെ സ്വപ്‌നകൂടിലേക്ക്‌ സ്വാഗതം.

മധു ഃ സമ്മതിച്ചിരിക്കുന്നു. എനിക്കിഷ്‌ടമായി.

പച്ചപ്പുകൾക്കിടയിൽ അല്‌പം പഴക്കമുള്ള വീട്‌. അയാളെ കൂടാതെ വീട്ടുജോലിക്കാരി രത്തമ്മാൾ കൂടിയുണ്ട്‌. മുറികളിൽ മിത്രയുടേതും അല്ലാത്തതുമായ ധാരാളം ചിത്രങ്ങൾ ചുമരിൽ തൂക്കിയിരിക്കുന്നു.

മധു ഃ ആർട്ട്‌ ഗ്യാലറിപോലെയുണ്ടല്ലോ.

മിത്ര ഃ മധുബാല, ഇതാണ്‌ നീ ആവശ്യപ്പെട്ട ചിത്രം. നാടോടിസംഘത്തിലെ ഒരു വേറിട്ട സൗന്ദര്യം ഗംഗ. നീ വിചാരിച്ചത്ര ശരിയായിട്ടുണ്ടോ?

മധു ഃ മുഖമിങ്ങനെയല്ല, പക്ഷേ നന്നായിരിക്കുന്നു. എന്റെ കഥാപാത്രത്തെ നീ മനസ്സിലാക്കിയിട്ടുണ്ട്‌.

മധുബാലസ്വയം മറന്നപോലെ മിത്രയുടെ കൈത്തണ്ടയിൽ ചുംബിച്ചു. അടുത്തനിമിഷം തന്നെ സ്‌ഥലംമാറ്റത്തെപ്പറ്റിയും, അവധിയെപ്പറ്റിയും വാചാലയായി.

മിത്രയുടെ സുഹൃത്തുക്കൾക്കായി പ്രത്യേകമൊരുക്കിയ മുറിയാണ്‌ മധുബാല ഉപയോഗിച്ചത്‌. സുഖമായുറങ്ങി. പുറത്ത്‌ പുകമറപോലെ ഹിമസാന്ദ്രമായ അന്തരീഷം അയാൾ കമ്പളി പുതച്ചിരുന്നു. മുറിക്കുപുറത്തിറങ്ങി നീണ്ട ഇടനാഴിയിലൂടെ വെറുതെ നടന്നു. മധുബാല വാതിൽ ചാരിയിട്ടേയുള്ളൂ. പതുക്കെഅകത്തേക്കു നോക്കി. ഒരു നിമിഷം നിന്നു. ഒച്ചയുണ്ടാക്കാതെ തിരികെ നടന്നു. അപാരാധങ്ങൾ അവൾ പൊറുക്കില്ല. തന്റെ സുഹൃത്‌ബന്ധം തന്നെ ഉപേക്ഷിക്കും.

മിത്രയ്‌ക്ക്‌ അവൾ എന്നും ഒരു പ്രചോദനമായിരുന്നു. വല്ലാത്തൊരു മനഃശക്തിയുണ്ടവൾക്ക്‌. അവളെ നഷ്‌ടപ്പെടാൻ വയ്യ.

നേരം പുലർന്നിരിക്കുന്നു. മധുബാലയുടെ ഒച്ച കേട്ടാണ്‌ അയാൾ ഉണർന്നത്‌.

മധു ഃ മിത്ര, രാവിലെ ഒരു നീണ്ടനടത്തം എനിക്കു വാഗ്‌ദാനം ചെയ്‌തിരുന്നു.

മിത്ര ഃ ക്ഷമിക്കണം മധൂ. ഞാനിപ്പൊ റെഡിയാകാം.

രത്തമ്മാൾ നല്‌കിയ ഇഡ്‌ഡലികഴിച്ച്‌ നടക്കാനിറങ്ങി. പുകമഞ്ഞിനെത്തുളച്ച്‌ കടന്നുവരുന്ന സൂര്യകിരണങ്ങൾ. വഴിയുടെ ഇരുവശവും ധാരാളം ചെറുകിട കച്ചവടക്കാർ. കൂടുതലും പൂക്കച്ചവടക്കാരാണ്‌. ചൂടാനുള്ളവ. അലങ്കാരത്തിനുള്ളവ, കോവിലിലെ ദേവിക്കുചാർത്താനുള്ളവ അങ്ങനെ പലതരം.

ഒരു ചെറിയ പുല്ലുമേഞ്ഞ പൂക്കടയ്‌ക്കു മുമ്പിൽ കറുത്ത്‌ കുറുകിയ ഒരാൺകുട്ടിയും വെളുത്തു മെലിഞ്ഞ ഒരു പെൺകുട്ടിയുമിരുന്ന്‌ കളിക്കുന്നു.

മധു ഃ മിത്ര, ഇവരെനോക്കൂ, വ്യത്യസ്‌തരായ കുട്ടികൾ.

മിത്ര ഃ അത്‌ പൂക്കച്ചവടക്കാരൻ ശിവയുടെ കുട്ടികളാണ്‌.

മധുബാല കടയ്‌ക്കരികിലേക്ക്‌ നടന്നു. അല്‌പം മഞ്ഞച്ച പല്ലുകൾ കാട്ടി ശിവ ചിരിച്ചു. താഴെയിരുന്ന്‌ മാലകെട്ടുന്ന അവന്റെ പെണ്ണിനെ നോക്കിപ്പറഞ്ഞു.

’ഗംഗാ അമ്മാവുക്ക്‌ പൂകൊട്‌.‘

തലയിൽ ചൂടാനെന്നു കരുതിയാണ്‌ ശിവ അങ്ങിനെപറഞ്ഞത്‌.

ഗംഗയെന്ന പേരു കേട്ടപാടെ മധുബാല അത്‌ഭുതപ്പെട്ടു. കെട്ടിക്കൊണ്ടിരുന്ന മാലയുമായി അവൾ എഴുന്നേറ്റു.

’എത്ര മുഴമമ്മാ..“

അതെ അവൾ തന്നെ. ഗംഗയുടെ ചോദ്യം മധുബാല കേട്ടില്ല. അവൾ ഗംഗയെക്കാണുകയായിരുന്നു. നീണ്ട പതിനാലുവർഷങ്ങൾ അവളിൽ ഒരുപാടു മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. അവളൊരു സ്‌ത്രീയായി.... അവളുടെ മെലിഞ്ഞിരുന്ന ഉടലാകെ തുടുത്തിരിക്കുന്നു.

മധു ഃ ‘ഗംഗാ.... നീയിവിടെ.....

അവൾക്കാന്നും മനസ്സിലായില്ല. ഇവർക്കെന്താണ്‌ സംഭവിച്ചത്‌? എന്ന മട്ടിൽ അവൾ മധുബാലയെനോക്കി മിഴിച്ചുനിന്നു.

ശിവയുടെ പിറകിലായി പഴകിയ ഇരുമ്പു കസേരയിൽ മുറക്കിച്ചുവപ്പിച്ചിരുന്ന പ്രായം ചെന്ന സ്‌ത്രീ ശിവയുടെ അമ്മയാണ്‌ - അവർക്ക്‌ മനസ്സിലായെന്ന്‌ തോന്നുന്നു മധുബാല മുമ്പ്‌ ഗംഗയെ കണ്ടിട്ടുണ്ടെന്ന്‌ അവർ എന്തൊക്കെയോ സംസാരിക്കുവാൻ തുടങ്ങി.

അവരുടെ മകൻ പൂക്കച്ചവടം തുടങ്ങിയ കാലത്ത്‌ ഒരു ദിവസം ചന്തയിൽ പൂവെടുക്കാൻ പോയി തിരികെ വന്നപ്പോൾ അവനോടൊപ്പം അവളും ഉണ്ടായിരുന്നു എന്നും ശിവയ്‌ക്ക്‌ അവൾ ജീവനാണെന്നും അവർ പറഞ്ഞതിൽ നിന്നും മനസ്സിലായി.

പക്ഷേ മറ്റു പുരുഷന്മാർ അവളെ നോക്കിയാൽ അവനു മോന്ത കോടിവരും. അതുപറഞ്ഞ്‌ അവർ പൊട്ടിച്ചിരിച്ചു.

ശിവ അപ്പോഴും മധുബാലയെ നോക്കി, ഒരു കുട്ടിയെപ്പോലെ, ചിരിക്കുകയായിരുന്നു. കണ്ടത്‌ ഒരു ദിവാസ്വപ്‌നമാണോ എന്ന്‌ പോലും മധുബാലയ്‌ക്ക്‌ തോന്നി. രണ്ടു മുഴം മുല്ലപ്പൂ വാങ്ങി അവർ തിരികെ നടന്നു.

മധുബാല അത്യന്തം ആഹ്ലാദത്തിലായിരുന്നു. അയാളെ ചേർത്തു പിടിച്ചു. കണ്ണുകളിലേക്ക്‌ നോക്കി നിന്നു. ’മിത്രാ, ഞാനിപ്പോ സ്വപ്‌നം കാണുകയാണ്‌ - നിന്റെ കണ്ണുകളിൽ.

കെ.എസ്‌. രാധിക




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.