പുഴ.കോം > പുഴ മാഗസിന്‍ > കഥാമത്സരം > കൃതി

ഉത്തരായണവും കാത്ത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സാംസി കൊടുമൺ

അമ്മാളു വീണ്ടും കണ്ണും തുറന്ന്‌ പ്രതീക്ഷയോടെ ചുറ്റും നില്‌ക്കുന്നവരെ മാറിമാറി നോക്കി. ഇല്ല.... ആ മുഖം തിരിച്ചറിയപ്പെടാതെ പോകുകയാണോ? ഒരുപാടു മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. ഇനി ഒരുപക്ഷേ വരില്ലായിരിക്കാം. കാത്തുകിടപ്പ്‌ ഇനി വേണോ?

എന്നെന്നേക്കുമായി ഉപേക്ഷിച്ചുപോയതല്ലേ. ഒന്നു വന്നിരുന്നെങ്കിൽ.... ഒരേ ഒരിക്കൽ, ഒന്നുകൂടി കണ്ട്‌.....

പ്രതീക്ഷകൾ അസ്‌തമിക്കുകയാണ്‌.

ആരോ ധൃതി കൂട്ടുന്നുവല്ലൊ. ചിത്രഗുപ്‌തൻ.... എന്തിനാണ്‌ എന്നെ നോക്കി മന്ദഹസിക്കുന്നത്‌? കണക്കുകളെല്ലാം പൂർത്തിയായെന്നോ..... എങ്കിൽ വായിക്കൂ.

‘ജനനം 1950. കുട്ടികൾ മൂന്ന്‌ ഭർത്താവ്‌... നിരന്തരമായ കലഹത്താൽ വീടു വിട്ടുപോയവൻ. ഇപ്പോൾ എവിടെയോ താമസിക്കുന്ന ഒരു സാധു.

ഒന്നു നിർത്തണേ.... അത്‌ എല്ലാം കൃത്യമായി എഴുതുന്നവനായിരിക്കാം. പക്ഷേ, ആ ’സാധു‘ പ്രയോഗംകൊണ്ട്‌ എന്താണാവോ ഉദ്ദേശിക്കുന്നത്‌? ഞാൻ ദുഷ്‌ടയായിരുന്നു എന്നല്ലേ? ആയിരുന്നുവോ?

അഞ്ചുവർഷത്തിൽ മൂന്നുകുട്ടികൾ. മദ്യത്തിന്റെ രൂക്ഷഗന്ധം. വിദ്യാഭ്യാസം ഉള്ളവളെങ്കിലും തൊഴിലില്ലാത്തവളുടെ അരക്ഷതാബോധം. അയാൾക്ക്‌ മദ്യവും എന്റെ ഉടലിന്റെ മാദളത്വവും ആയിരുന്നു വേണ്ടത്‌. എന്റെ ഹൃദയം അയാൾ കണ്ടില്ല. എന്റെ സ്വപ്‌നങ്ങളെന്തെന്ന്‌ അയാൾ ചോദിച്ചില്ല; എന്റെ ഇഷ്‌ടങ്ങളെ അയാൾ അറിഞ്ഞില്ല. ചിലപ്പോൾ ഞാൻ ഒച്ചയെടുത്തിട്ടുണ്ടാകാം. മിണ്ടാതെ നടന്നിട്ടുണ്ടാകാം. ദുർമുഖം കാണിച്ചിട്ടുണ്ടാകാം. അതെല്ലാം ഒരു ചോദ്യം പ്രതീക്ഷിച്ചായിരുന്നു. ’എന്റെ അമ്മാളൂ. നിനക്കു സുഖമാണോ..... പക്ഷേ, അയാൾ അതുമാത്രം ചോദിച്ചില്ല. എന്റെ ഉടുതുണി അഴിക്കുവാനായി മാത്രം എന്റെ അരികിലേക്കു വരും. കുട്ടികൾ എങ്ങനെ വളരുന്നു എന്നയാൾ അറിഞ്ഞില്ല. കമ്പനിപ്പണി കഴിഞ്ഞാൽ കൂട്ടുകാർ കൂടി ചീട്ടുകളിയും മദ്യസേവയും

എന്നിട്ടും ഞാൻ എല്ലാം സഹിച്ചില്ലേ, എല്ലാം ഉള്ളിൽ ഒതുക്കിയില്ലേ. മൂന്നാമത്തെ മോളുടെ മുഖം ആശുപത്രിക്കിടക്കയിൽ കണ്ട്‌ നടന്നകന്നതല്ലേ. ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷവും കാണാഞ്ഞപ്പോൾ, തണുപ്പുള്ള ആ രാത്രിയിൽ ഞാനനുഭവിച്ച വേദന, ചിത്രഗുപ്‌താ, നിനക്കറിയില്ല. നീ വെറും കണക്കപ്പിള്ളയല്ലേ. മരണമാണ്‌ നിന്റെ കണക്കുകളുടെ അവസാനം. ജനനത്തിലും മരണത്തിലും നീ അടുത്തുണ്ടാകും. പക്ഷേ, അവയെ കൂട്ടിയിണക്കുന്ന ഒരു വലിയ ജീവിതമില്ലേ. അപ്പോൾ നീ എവിടെയാണ്‌? നിന്റെ കണക്കുപുസ്‌തകം എന്തു പറയുന്നു? നീ ഒന്നും രേഖപ്പെടുത്തിയിട്ടില്ലേ? രേഖകളിലില്ലാത്ത അനേക ജന്മങ്ങളിൽ ഒന്നു മാത്രമാണ്‌ ഞാൻ. അമ്മാളുവിന്റെ ജീവിതത്തിന്‌ രേഖകളില്ല.. ആരും രേഖപ്പെടുത്തില്ല എന്നറിയാമായിരുന്നത്‌ കൊണ്ട്‌ ഞാൻ ചിലതെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്‌. ഒരു ദിവസം നീ കള്ളക്കണക്കുമായി എന്റെ മുന്നിൽ വരുമെന്ന്‌ എനിക്കറിയാമായിരുന്നു.

മൂത്തവൻ ചോദിച്ചു; “അമ്മേ അച്‌ഛനെവിടെ? ”അച്‌​‍്‌ഛനില്ല“ പറയുമ്പോൾ ഒരു പുകച്ചിൽ ഉണ്ടായിരുന്നുവോ? അവന്റെ മേൽചുണ്ടിൽ കറുത്ത രോമങ്ങൾ കിളിർത്തിരുന്നു. അവന്റെ കണ്ണുകളിൽ കുറ്റക്കാരിയായ അമ്മയെ വിചാരണ ചെയ്യാനുള്ള അഗ്നി ഞാൻ കണ്ടു. പക്ഷേ, കണ്ടില്ല എന്നു നടിച്ചു. വിചാരണ ചെയ്യാൻ അവനാര്‌? എന്റെ രഹസ്യങ്ങളിൽ ഞാനവനെ മെനയുമ്പോൾ അവനോടു കണക്കു പറയാം എന്നു ഞാൻ ഏറ്റിരുന്നില്ലല്ലൊ.

എന്റെ കൂസലില്ലായ്‌മയിൽ അവനിലെ അഗ്നി അണഞ്ഞു. പിന്നെ കുറെക്കാലം അവനൊന്നും ചോദിച്ചില്ല. എന്റെ മനസ്സിൽ ഒരു വിങ്ങൽ ഉണ്ടായിരുന്നു. അവനോടു പറയാമായിരുന്നു. വൃശ്ചികമാസത്തിലെ ഒരു രാത്രിയിൽ നിന്റെ അച്ഛൻ നമ്മളെ ഉപേക്ഷിച്ച്‌ എങ്ങോട്ടോ പോയെന്ന്‌. ച്ഛേ, അതു പറയാൻ പാടുണ്ടോ? അപ്പോൾ അവൻ ചോദിക്കില്ലേ, എന്തിനെന്ന്‌. ഞാൻ പറയേണ്ടിവരില്ലേ, അമ്മയ​‍്ട സൗന്ദര്യമില്ലായ്‌മ.... പിന്നെ ചടച്ച ശരീരം. അച്ഛന്റെ തിളയ്‌ക്കുന്ന യൗവ്വനത്തെ സ്വീകരിക്കുന്നത്‌ തണുപ്പൻ മട്ടിലാണെന്ന്‌. അതിന്റെകൂടെ, ഗർഭകാലത്തെ അരുതായ്‌മകൾ..... എല്ലാ കുറവുകളും സ്‌നേഹംകൊണ്ട്‌ മാറ്റാമായിരുന്നു. ഇല്ല, ഞാൻ അവനോട്‌ ഒന്നും പറഞ്ഞില്ല, ഓരോരുത്തരും അവരവരുടെ മനസ്സു നയിക്കുന്ന വഴികളിലൂടെ ചരിക്കുന്നവരാണല്ലോ.

എനിക്കുമാത്രം മനസ്സില്ലായിരുന്നുവോ? അതോ വഴികൾ ഇല്ലായിരുന്നുവോ? മനസ്സും വഴിയും ഉണ്ടായിരുന്നു. പക്ഷേ, മൂന്നു കുട്ടികൾ.

ചിത്രഗുപ്‌താ, ഞാനൊന്നു ചോദിക്കട്ടെ, നീ വല്യ കണക്കുപുസ്‌തകവുമായി ഇരിക്കുന്നവനല്ലെ. നിനക്കു കുട്ടികളുണ്ടോ? അവളുടെ വിശപ്പിന്റെ വിളി നീ കേട്ടിട്ടുണ്ടോ? കേട്ടുകാണാൻ വഴിയില്ല. നീ സിംഹാസനത്തിൽ ഇരിക്കുന്നവനല്ലെ നീ ചാരനല്ലെ? ഇത്തരം ചെറിയ കാര്യങ്ങൾക്കു നിനക്കു സമയം എവിടെ? നമ്മുടെ വഴികൾ വ്യത്യസ്‌തമല്ലേ? എന്നാലും ഇന്നു ഞാൻ നിന്നോട്‌ ചിലതെല്ലാം പറയാം. എന്റെ മകൻ എന്നോട്‌ കണക്കുകൾ ചോദിച്ചപ്പോൾ ഞാൻ പറയാതിരുന്നതും ഓർമ്മയിൽ ചിതൽ തിന്നുതീർത്തവയെ നീ കൂട്ടിച്ചേർത്തോ- ഓർമ്മയിൽ അമിട്ടുകൾ പോലെ പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുന്ന ചില കണക്കുകൾ.

മൂന്നാമത്തവൾ മിനി. പുറംലോകത്തേക്കുള്ള വഴി തേടി ഗർഭപാത്രത്തിന്റെ ഭിത്തികളിൽ തലയിട്ടിടിക്കാൻ തുടങ്ങിയിരുന്നു. നീണ്ട സമരത്തിനുശേഷം അവൾ കുഴഞ്ഞുതുടങ്ങിയിരുന്നു. ഞങ്ങൾ രണ്ടാളും കൂടിയുള്ള ആ

സമരത്തിൽ അവളെപ്പോലെ ഞാനും തളർന്നു. അവൾ തുറക്കാത്ത ഗർഭവാതിലിൽ മുട്ടിവിളിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ഡോക്‌ടർ പറഞ്ഞു; ഉദരം പിളർന്ന്‌ അവളെ പുറത്തെടുക്കണം. ചിത്രഗുപ്‌താ, അന്നു ഞങ്ങൾ രണ്ടാളും നിന്റെ ഈ ചിരിക്കുന്ന മുഖം കണ്ടവരാണ്‌. അന്നു നീ ഞങ്ങളെ ജീവിതത്തിലേക്ക്‌ തിരിച്ചയച്ചു. അതെന്തിനായിരുന്നു? അന്ന്‌ അച്ചുവേട്ടൻ മിനിയുടെ മുഖവും കണ്ടുപോയിട്ട്‌ എന്തേ ഇനിയും തിരിച്ചു വന്നില്ല? ഞാൻ വേണ്ടത്ര കാത്തിരുന്നില്ലെ....?

ഒരല്‌പം വെള്ളത്തിനായുള്ള കാത്തിരിപ്പ്‌ ഞാനിനിയും തുടരണമോ?

അനസ്‌തേഷ്യ തൊണ്ടയെ വറ്റിവരണ്ടൊരു നിലമായി മാറ്റിയിരിക്കുന്നു. വിണ്ടുകീറിയ ചാലുകൾ ഉറവയ്‌ക്കായി കൊതിച്ചു. എവിടെയും മരുഭൂമികൾ മാത്രമായിരിന്നു. അച്ചുവേട്ടൻ രണ്ടുമൂന്നു ദിവസമായി തന്റെ നേഴ്‌സായിരുന്നവളുടെ പൂങ്കാവനത്തിൽ കൃഷ്‌ണനും രാധയും കളിക്കുകയായിരുന്നു. അവിടെ അനേകം തണലുകൾ ഉണ്ടായിരുന്നു. അവിടെയെല്ലാം വേറെവേറെ കൃഷ്‌ണന്മാർ പാർത്തിരുന്നു എന്ന്‌ അച്ചുവേട്ടൻ അറിയുമ്പൊഴേക്കും ഏറെ വൈകിയിരുന്നുവോ?

തിരിച്ചുവരവ്‌ അസാദ്ധ്യമായ ചില തുരുത്തുകളുണ്ട്‌. അവിടെ അകപ്പെട്ടവർ അവിടേക്കായി വിധിക്കപ്പെട്ടവരെപ്പോലെയാണ്‌.

ചിത്രഗുപ്‌താ, ആശുപത്രിക്കിടക്കയിലെ കാത്തിരിപ്പിൽ ഞാൻ കാലങ്ങളിലൂടെയാണ്‌ കടന്നുപോയത്‌. കാലം ബാക്കിവെയ്‌ക്കുന്നതാണ്‌ അറിവുകൾ. എനിക്കു കിട്ടിയ അറിവുകളത്രയും നൊമ്പരങ്ങളായിരുന്നു. പിന്നീടുള്ള എന്റെ ജീവിതം വാശിയോടെയായിരുന്നു - അച്ചുവേട്ടനെ കൂടാതെ കുട്ടികളെ വളർത്താനുള്ള വാശി. സഹതാപമുള്ള കണ്ണുകളെ അവഗണിച്ചു. അച്ചുവേട്ടന്‌ കമ്പനി അനുദിച്ചുകൊടുത്ത രണ്ടുമുറിയുള്ള സാമ്രാജ്യത്തിൽ, വളരുന്ന വയറുള്ള മൂന്നു കുട്ടികളുമായി ഒരു ജീവിതം. കമ്പനി മാനേജരുടെ പി.എ. ജോൺസാറിന്റെ കനിവിൽ ഒരു റ്റൈപ്പിസ്‌റ്റിന്റെ ജോലി. അക്ഷരങ്ങൾ പഠിപ്പിച്ച അച്ഛനു നന്ദി. അച്ഛന്‌ നന്ദി മാത്രമേ കൊടുക്കുവാൻ കഴിഞ്ഞുള്ളു. വിശക്കുന്ന ആത്‌മാവിന്‌ ഒരുരുളച്ചോറ്‌ വലിച്ചെറിഞ്ഞുകൊടുക്കാൻപോലും കഴിവില്ലാതിരുന്നവളുടെ നിവൃത്തികേട്‌ അച്ഛൻ അറിഞ്ഞിട്ടുണ്ടാകാതിരിക്കില്ല. അച്ഛാ, മാപ്പ്‌.

ലുധിയാനയിലെ ഇളംതണുപ്പിൽ വിളഞ്ഞ ഗോതമ്പിന്റെ പൊടി എപ്പോഴോ എന്റെ അടുക്കളയിൽക്കൂടി കയറിയിറങ്ങി മക്കളുടെ വിശപ്പ്‌ ശമിപ്പിച്ചു. പക്ഷേ, എന്റെ വയറിന്റെ കാളൽ ഒരിക്കലും ശമിച്ചില്ല. ജപവും ധ്യാനവുമായി ഞാൻ എന്റെ വയറിനെ പീഡിപ്പിച്ചുകൊണ്ടിരുന്നു. അമ്മയിൽനിന്നും പഠിച്ച പാഠങ്ങൾ കൂട്ടായിരുന്നു. ഏകാദശി നോമ്പുകളും മുറുക്കിയുടുത്ത താറും എന്റെ വിശപ്പിനെയും ഉപവാസത്തെയും മറ്റുള്ളവരിൽനിന്നും മറച്ചു. കാളിന്ദിയിലെ വെള്ളം കരകവിഞ്ഞൊഴുകുന്നതുപോലെ ചിലപ്പോൾ എന്റെ ഉടൽ എന്റെ പ്രളയത്തിൽ മുക്കും. അപ്പോഴൊക്കെ ഞാൻ എന്റെ കട്ടിലിൽ അമർന്നുകിടന്ന്‌ ആ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോകാതെ സ്വയം കാത്തു എന്നിട്ടും അവർ എന്നെ വെറുതെ വിട്ടില്ല. അപവാദങ്ങളുടെ അഗ്നി എനിക്കുചുറ്റും പടർത്തി. പക്ഷേ, ഞാൻ ദഹിച്ചില്ല. ഒരു കാര്യത്തിലേ എനിക്കു ദുഃഖമുള്ളു. ജോൺസാറിനെ അവർ എന്നോടുചേർത്ത്‌ അപവദിച്ചു. ഞാൻ കണ്ടിട്ടുള്ളതിൽവച്ച്‌ ഏറ്റവും ശുദ്ധിയുള്ള മനുഷ്യൻ. തെളിഞ്ഞ നീരുറവപോലെ. ലില്ലിചേച്ചിക്കും എന്നെ വിശ്വാസമായിരുന്നു. അതൊന്നുകൊണ്ടുമാത്രം അവർ കത്തിച്ച കതിനയൊന്നും പൊട്ടിയില്ല. ഞാനീ പറയുന്നത്‌, ചിത്രഗുപ്‌താ, നീ ആ മനുഷ്യനെക്കുറിച്ച്‌ ന്യായമല്ലാത്ത എന്തെങ്കിലും നിന്റെ പുസ്‌തകത്തിൽ എഴുതിയിട്ടുണ്ടെങ്കിൽ ഒന്നു തിരുത്തണേ എന്നോർമ്മിപ്പിക്കാനാണ്‌. നീ കള്ളക്കണക്കുകൾ എഴുതുന്നവനാണെന്ന്‌ ഞാൻ പറയുന്നില്ല. എന്നാലും നിനക്കു തെറ്റു പറ്റിക്കൂടെന്നില്ലല്ലൊ. വിചാരണദിവസത്തിൽ, ചിത്രഗുപ്‌താ, നീ നീതിയുടെ മുന്നിൽ നിന്നു പരുങ്ങുന്നതു കാണാൻ ഞാൻ ഇഷ്‌ടപ്പെടുന്നില്ല. ഞാൻ നിന്നെ സ്‌നേഹിച്ചുതുടങ്ങിയിരിക്കുന്നുവോ? കുറെ ദിവസങ്ങളായി നീ എന്റെ ചുറ്റുമുണ്ടല്ലൊ. നിന്നോടുള്ള എന്റെ മനോഭാവം മാറിവരുകയാണ്‌. നീ സുന്ദരനാണ്‌. നിന്നെ പലരും സ്‌നേഹിച്ചുകാണും. എന്നാൽ ഞാൻ അത്ര സുന്ദരിയൊന്നും അല്ലല്ലൊ. പിന്നെ നീ എന്തിന്‌ എന്റെ പിറകെ ഇങ്ങനെ? നിന്റെ കണ്ണുകളിലെ നിസ്സംഗത എന്ന കൂടുതൽ പറയാൻ പ്രേരിപ്പിക്കുന്നു. ഒന്നുകിൽ നീ ഉഷ്‌ണവാനാകൂ, അല്ലെങ്കിൽ ശീതവാൻ; അല്ലാതെ രണ്ടും കെട്ടവനെപ്പോലെ എന്നെ നോക്കരുത്‌. ഒത്തിരി സഹിച്ചവളാ ഞാൻ. ഇനിയെങ്കിലും ഞാൻ നിന്റെ അരഞ്ഞാണച്ചരടൊന്നു തൊട്ടോട്ടെ. പണ്ടെങ്ങോ എന്നിൽനിന്നും ഒലിച്ചുപോയ പ്രണയം, കടൽ കൊണ്ടുപോയ തിര തിരിച്ചുവരുമ്പോലെ എന്നിലേക്ക്‌ ഇരച്ചുകയറുന്നു. എനിക്കു പ്രണയിക്കണം. ഞാൻ നിന്നെ പ്രണയിക്കുന്നു. ചിത്രഗുപ്‌താ, എന്റെ പ്രാണപ്രിയാ, എന്റെയീ കാത്തിരിപ്പ്‌ ഒന്നവസാനിപ്പിക്കൂ. എന്നെ നിന്നിലേക്കെടുക്കൂ. കാണാൻ സുന്ദരിയല്ലെങ്കിലും എന്നെ അറിയുമ്പോൾ നീ ആനന്ദിക്കും. എന്നോടൊരിക്കലും ചിരിച്ചിട്ടില്ലാത്ത നിന്റെ ചുണ്ടുകൾ ആനന്ദിക്കും. ഞാനാകട്ടെ ഇതിനുമുമ്പ്‌ ആരെയും സന്തോഷിപ്പിച്ചിട്ടില്ല. അതാണു സത്യം. അച്ചുവേട്ടൻ എന്നിൽ സന്തോഷിച്ചിരുന്നുവെങ്കിൽ എല്ലാം ഇട്ടെറിഞ്ഞിട്ടു പോകുമായിരുന്നുവോ?

”ഇപ്പോഴും നീ അയാളെ സ്‌നേഹിക്കുന്നുവോ?“ ചിത്രഗുപ്‌താ, ആ ചോദ്യം നീ ചോദിക്കാൻ പാടില്ല. ഉത്തരം എനിക്കറിയില്ല. ഞാനിപ്പോൾ നിന്നെയാണു സ്‌നേഹിക്കുന്നത്‌. എന്റെ ഉള്ളിൽ വല്ലാത്ത പാരവശ്യം. അവിടെ ക്യാൻസറിന്റെ പുഴുക്കൾ എന്നെ വാശിയോടെ തിന്നുകയാണ്‌. അവയ്‌ക്കിനിയും മതിയായില്ലേ? ഇതിനുമാത്രം എന്താണെന്നിലുള്ളത്‌?

എന്റെ പുത്രനും പുത്രിമാരും എവിടെ? കൊച്ചുമക്കൾ. ആരും വരില്ല. വേണ്ട, ആരും വരണ്ട.

അവർ ഭൂമിയുടെ മറുകരയല്ലേ. അവിടെ എങ്ങനെ എത്തി? ആ ഭാഗം ഒന്നെടുത്തെ.... ഇനി പറ. ഞാൻ ഒന്നും സഹിച്ചവളല്ലേ? നിനക്കു ഹൃദയമുണ്ടോ?, ചിത്രഗുപ്‌താ? മൂന്നു കുട്ടികളെ പഠിപ്പിച്ച്‌ നല്ല നിലയിൽ എത്തിച്ചില്ലേ. എന്താ. എന്റെ കയ്യിൽ മാജിക്‌ വിളക്ക്‌ ഉണ്ടായിരുന്നുവോ? ഓരോ ചുവടും പഴുതുകൾ അടച്ചു മുന്നേറിയതിന്റെ ഫലമാണ്‌. ലാവണങ്ങളിൽനിന്ന്‌ അടിച്ചിറക്കപ്പെട്ട അച്ചുവേട്ടൻ പലപ്പോഴും എന്റെ പടിവാതിലിൽ മുട്ടുന്നുണ്ടായിരുന്നു. ഞാൻ തുറന്നില്ല. എന്റെ അഭിമാനബോധം അതിനനുവദിച്ചില്ല. കമ്പനി എന്റെ പേരിൽ തന്ന വീട്‌, മക്കൾ മൂന്നുപേരും അമേരിക്കയിൽ പോയപ്പോൾ അവർക്കൊപ്പം കൂടാൻവേണ്ടി, ഞാനൊഴിഞ്ഞു. അവിടെ ബേബിസിറ്റിംഗ്‌ എന്ന മുത്തശ്ശിക്കളിയിൽ ഞാൻ സന്തോഷമായി പങ്കുകൊണ്ടു. ഓരോരുത്തരുടെയും പ്രസവകാലം ഏകകാലത്തിൽ വരാതെ അവർ ക്രമീകരിച്ചു. നിനക്കു വല്ലതും മനസിലാകുന്നുണ്ടോ? മണ്ടൻ, ചിരിക്കുന്നുവോ? പ്രസവത്തിന്റെയും പീഢകളുടെയും കാലം കഴിഞ്ഞ്‌, ഓരോ ഭവനത്തിൽ ഞാൻ മാറിമാറി താമസിച്ചു. പക്ഷേ, എന്റെ ഉദരത്തിൽ പുഴുക്കൾ അവരുടെ പണി തുടങ്ങിയിരുന്നു. ആഹാരം സ്വപ്‌നം കണ്ട അവസ്‌ഥയിൽനിന്ന്‌, ആഹാരം സ്വപ്‌നത്തിൽമാത്രം കഴിക്കാവുന്ന അവസ്‌ഥയിലേക്ക്‌ ഞാൻ എത്തിപ്പെടുകയായിരുന്നു. വേദന..... അന്നു ഞാൻ മിനിമോളുടെ വീട്ടിൽ ആയിരുന്നു. എന്റെ എല്ലാ ദുരിതങ്ങളും അവിളിൽനിന്നാരംഭിക്കണം എന്നുള്ളത്‌ വിധി ആയിരിക്കാം.

ചിത്രഗുപ്‌താ, ഇതവളുടെ കണക്കിൽ ചേർക്കപ്പെടാതെ പോകരുത്‌.

ആ ചെറുപ്പക്കാരൻ ആരായിരുന്നു? ആരോഗ്യമുള്ള ആ കൃഷ്‌ണൻ ആരായിരുന്നു? അവന്റെ കറുപ്പിന്‌ അഴകായിരുന്നു. അവന്റെ സ്വരം പഞ്ചസാരയിൽ വിളയിച്ചതായിരിന്നു. പക്ഷേ, അവന്റെ നോട്ടവും, നോട്ടത്തിലെ നോട്ടവും, കാലപ്പഴക്കംകൊണ്ട്‌ ഇരുത്തം വന്ന ഒരമ്മയ്‌ക്കു മനസിലാകുമായിരുന്നു. മിനിമോളിൽ അവളുടെ അച്ഛന്റെ ആത്മാവായിരിക്കാം..... ഒടുങ്ങാത്ത ആസക്തി. ഒരമ്മയ്‌ക്കു അണയ്‌ക്കാൻ കഴിയാത്ത തീ. ”മോളേ, സ്‌ത്രീകൾ തറ്റുടുക്കണം. നിനക്കറിയില്ല, അല്ലെ?“ അവൾ ചിരിച്ചു. ”മമ്മി എന്താണീ പറയുന്നത്‌?“ അവൾ ഒഴിഞ്ഞുമാറ്റുകയാണ്‌. അവളുടെ കണ്ണുകളിൽ ആ ചെറുപ്പക്കാരൻ സമ്മാനിച്ച സന്തോഷത്തിന്റെ ആലസ്യം ഉണ്ടായിരിന്നു.

പരാജയപ്പെട്ട ഒരമ്മയുടെ മുപ്പത്തഞ്ചു വർഷമായി മുറുക്കിയുടുത്തിരുന്ന തറ്റ്‌ അരയിൽ ചിതലെടുത്തതുപോലെ....

മിനിമോൾ ഉപജാപങ്ങൾ മെനഞ്ഞു, അമ്മ അവളുടെ സ്വൈരതയിലെ കരടായി. മക്കൾ കൂടിയാലോചിച്ചു. പ്രായമായ അമ്മയ്‌ക്ക്‌ കവറേജ്‌ ഇല്ല. ശരണാലയത്തിലെ ഒരു മുറി. ദുഃഖം തോന്നിയില്ല. ഓരോരുത്തരും അവരവരുടെ കർമ്മങ്ങളിലല്ലേ, അങ്ങനെയല്ലേ, ചിത്രഗുപ്‌താ?

എന്റെ ഉദരത്തിൽ വല്ലാത്ത വേദന. കലപ്പകൊണ്ട്‌ എന്റെ ഉള്ള്‌ ആരോ ഉഴുതുമറിക്കുന്നു.

ചിത്രഗുപ്‌താ, എന്റെ ജീവിതം മൊത്തത്തിൽ ഒരു പരാജയം ആയിരുന്നുവോ? നീ എന്താണ്‌ രേഖപ്പെടുത്തുന്നത്‌? രേഖകൾ തിരുത്തപ്പെടുന്ന കാലം വരുമോ? ഞാൻ അച്ചുവേട്ടനുവേണ്ടി കാത്തുകിടന്നു; ഒടുവിൽ പരാജിതയായി കീഴടങ്ങി. അതാണോ നീ രേഖപ്പെടുത്താൻ പോകുന്നത്‌? എന്നാൽ ഞാൻ പറയാം. അയാൾ അവസാനമായി ഒഴിച്ചുതരുന്ന ഒരുതുള്ളി വെള്ളം വായിൽ കൊണ്ട്‌, ഉമിനീരും ചേർത്ത്‌, അയാളുടെ മുഖത്തേക്ക്‌ എനിക്കൊന്നു തുപ്പണം. എന്തിനെന്നോ? എന്റെ സഹനങ്ങളുടെ വിലയായി.

വയ്യ.... ഇനി ഞാനൊരിക്കലും ആരെയും കാക്കുന്നില്ല. എന്റെ നാഭിയിലെ തറ്റ്‌ ഞാൻ അഴിക്കുകയാണ്‌. നീ എന്നിലേക്കു പ്രവേശിക്കൂ. ചിത്രഗുപ്‌താ.... ഞാൻ നിന്നിൽ വിലയം പ്രാപിക്കട്ടെ.

സാംസി കൊടുമൺ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.