പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഒന്നാം ബലി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സി.സതീശൻനായർ

കഥ

അയാൾ മുറ്റത്തെ അടുപ്പിൽ തീ കൂട്ടി.

നിലവിളക്കിനു കീഴെ വാഴയിലക്കീറിൽ ദർഭപ്പുല്ലിൻ നാമ്പിൽ നിർമ്മിച്ച മൂന്നു ആൾരൂപങ്ങൾ. ഇന്നലെ വരെ സ്‌നേഹവും അനുഗ്രഹവും വാരിച്ചൊരിഞ്ഞ അച്ഛനാണതിലൊന്നിൽ...

പിതാവിനെ ധ്യാനിച്ച്‌ രണ്ടു കുമ്പിൾ അരി അടുപ്പിലേക്ക്‌..

ചൂട്ടും കൊതുമ്പും പരത്തിയ പുക ദുഃഖം മറക്കാനൊരു മറയാക്കി.

മൂന്നു ആൾരൂപങ്ങളിൽ മദ്ധ്യത്തേത്‌ അച്ഛൻ. വശങ്ങളിലായി അജ്ഞാതരായ രണ്ടാത്മാക്കൾ. മൂന്നുപ്രാവശ്യം വാൽക്കിണ്ടിയിൽ നിന്നും വെളളം കൊടുക്കണം. തൂശനിലയിൽ ചോറു നിരത്തി അതിനു മുകളിൽ പശുവിൻ പാലു തൂവി. എളളിൻവിത്തും തുളസിയിലയും വിതറി. കൊതുമ്പിൻ മുന കൊണ്ട്‌ കൂട്ടിക്കുഴച്ചു. വലിയ മൂന്നുരുള...

അച്ഛനെ വിചാരിക്കുക. മുന്നിലെ വാൽക്കിണ്ടിയിൽ നമസ്‌ക്കരിക്കുക.

ആദ്യ ഉരുള പിതാവിന്‌, പിന്നെ പൂർവ്വികരെ ഊട്ടുക.

അച്ഛൻ ചാരുകസേരയിൽ വിശ്രമിക്കുകയായിരുന്നുവത്രെ. കസേരക്കൊളുത്തുകൾ വരിഞ്ഞു മുറുകുന്ന ഞരക്കം അമ്മയുടെ സന്ധ്യാനാമം മുടക്കി.

പിന്നെയെപ്പോഴാണ്‌ അച്ഛൻ എന്നെ വിളിച്ചത്‌. എത്രയോ അകലെയായിരുന്നിട്ടും ആ വിളി എന്റെ കാതുകളിലും മുഴങ്ങി.

കണ്ണുനീർ ധാരയായി വാൽക്കിണ്ടിയിലേക്ക്‌... എഴുന്നേൽക്കാൻ വൈകിയപ്പോൾ പിന്നിൽ നിന്നും ശാസനയും സാന്ത്വനവും.

പ്രഭാതത്തിന്റെ തണുത്ത കാറ്റ്‌. നിശ്ശബ്‌ദമായ പ്രകൃതി...

വാഴയില മടക്കി ശിരസാ വഹിച്ച്‌ എരിഞ്ഞടങ്ങിയ ചിതക്കരുകിലേക്ക്‌....

തെക്കു മാറി ഇല നിവർത്തി. കൈ നനച്ചു.

ഇലപ്പരപ്പിലെ ആൾരൂപങ്ങൾ അനങ്ങിയോ.

മൂന്നു പ്രാവശ്യം കൈ തട്ടി.

വരിക്കപ്ലാവിൻ മറവിൽ നിന്നും പറന്നിറങ്ങി ഇലത്തുമ്പിലിരുന്നു. മൂന്നേ മൂന്നു കോരൽ.

കണ്ണടച്ചു കൈ കൂപ്പാനെ കഴിഞ്ഞുളളു. തൊണ്ട പൊട്ടി അച്ഛനെ വിളിക്കാൻ കണ്ണീർത്തടം തടസ്സമായി...

പുറകിൽ തേങ്ങലടികൾ ഉയരുന്നു...

കണ്ണു തുറക്കുമ്പോൾ വാഴയില നിറയെ അവർ.. ഞങ്ങളുടെ പിതൃക്കൾ..

സി.സതീശൻനായർ

വിലാസം

സി. സതീഷ്‌നായർ,

എസ്‌.എ. ടി.എ.,

പി.ബി. 8,

ഷാർജ. യു.എ.ഇ.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.