പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

കവിയുടെ വാച്ച്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രമോദ്‌.പി. സെബാൻ

കഥ

ഇത്‌ ആത്മഹത്യചെയ്ത ഒരു കവിയുടെ വാച്ചാണ്‌. നിയതമായ താളങ്ങളൊന്നും ഇതിന്റെ സൂചികൾക്കില്ലെന്നത്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ. ശിശിരം മണക്കുന്ന ചിറകടികളോടെ ചിലപ്പോഴെങ്കിലും ഇതിൽനിന്നും ചിത്രശലഭങ്ങൾ ഉയരാറുണ്ട്‌. മഴ നനഞ്ഞതിനാലാവാം സുതാര്യമായ ചില്ലിനു നടുവിൽ നിലാവുപോലെ ഒരു തുളളി നനവ്‌ പറ്റിനിന്നിരുന്നു.

കവിയുടെ അവസാനത്തെ കത്ത്‌ വായിച്ച്‌ ഞാൻ നിരാശപ്പെട്ടു. പ്രണയമോ ദാരിദ്ര്യമോ അസ്തിത്വപ്രശ്‌നമോ ആയിരുന്നില്ല ആത്മഹത്യയിലേക്ക്‌ വഴിയായിരുന്നത്‌​‍്‌. മറിച്ച്‌ ഈ വാച്ചായിരുന്നു-എന്നും തന്നിഷ്‌ടപ്രകാരം മാത്രം ചലിച്ചുകൊണ്ടിരുന്ന വാച്ച്‌.

വസന്തത്തിൽ അയാൾ പൂക്കൾക്കിടയിൽ ഈ വാച്ച്‌ ഉപേക്ഷിച്ച്‌ നിഴൽ ഘടികാരങ്ങൾ തേടിയലഞ്ഞു. എന്നാൽ നിഴലുകളെല്ലാം വെളിച്ചത്തെക്കാൾ വലുതല്ലെന്നിരിക്കെ വസന്തം തീരുന്നതിനുമുന്നേ അയാൾക്കിത്‌ തിരികെ കണ്ടെടുക്കേണ്ടിവന്നു. ഓഫീസിൽ, റെയിൽവേ സ്‌റ്റേഷനിൽ, തപാലാപ്പീസിൽ എന്നും വാച്ച്‌ അയാളെ പരാജയപ്പെടുത്തി. കാത്തുമടുത്തവൾ പ്രണയമുപേക്ഷിച്ചു കടന്നു കളഞ്ഞു. എല്ലാവണ്ടികളും അയാളെത്തും മുന്നേ സ്‌റ്റേഷൻ വിട്ടിരുന്നു. ഒപ്പു ചാർത്താൻ സാധിക്കാത്ത രജിസ്‌റ്റർ അവധിപ്പെരുക്കങ്ങളുടെ കനത്തിൽ അലമാരയിലിരുന്നു.

എന്നിട്ടുമെന്തേ അയാളീ വാച്ചുപേക്ഷിച്ചില്ല? നിങ്ങൾക്കു തോന്നുന്ന സംശയം എനിക്കുമുണ്ടായി.

ഉത്തരം അവസാനത്തെ കത്തിൽ കണ്ടു. കവിതയെഴുതാൻ അയാൾക്കിത്‌ കൂടിയേ തീരൂ. ദിനവും മണിക്കൂറും മിനുട്ടും സെക്കന്റും കെട്ടിമറിയുന്ന അസമയങ്ങളായിരുന്നു അയാളുടെ പ്രചോദനമത്രയും.

സഹപ്രവർത്തകരും ബന്ധുജനങ്ങളും മേലുദ്യോഗസ്ഥനും വാച്ചുപേക്ഷിക്കാൻ നിരന്തരം നിർബന്ധിച്ചുകൊണ്ടേയിരുന്നു. അപ്പോഴൊക്കെയും അതിന്റെ ചില്ലിൻമേൽ പറ്റിനിന്ന നിലാവിൽ അയാൾ തളർന്നു. രാവോ പകലോ, കാറ്റോ മഴയോ എന്ന്‌ തിരിച്ചറിയാനാവാത്ത ഒരസമയത്ത്‌ ഉരുകുന്ന സമയത്തിൽ മുട്ടുകുത്തിവീണ്‌ അയാൾ അവസാനത്തെ കത്തെഴുതി.

അങ്ങനെയാണ്‌, സത്യമായും അങ്ങനെതന്നെയാണ്‌ സുഹൃത്തുക്കളേ ആ കവി ആത്മഹത്യ ചെയ്തത്‌.

പ്രമോദ്‌.പി. സെബാൻ

1975 ഏപ്രിൽ 4-ന്‌ കണ്ണൂർജില്ലയിൽ ആറളത്ത്‌ പി.ജി.സെബാസ്‌റ്റ്യന്റെയും ലീലാമ്മ ജോണിന്റെയും മകനായി ജനിച്ചു. ആറളം ഗവ.ഹൈസ്‌കൂൾ, എടൂർ സെന്റ്‌ മേരീസ്‌ ഹൈസ്‌കൂൾ, കൂത്തുപറമ്പ്‌ നിർമ്മലഗിരി കോളേജ്‌, കാലിക്കറ്റ്‌ സർവ്വകലാശാല ചരിത്രവിഭാഗം, കേരള സർവ്വകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്റർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ചരിത്രത്തിൽ എം.എ.യും ബി.എഡ്‌ ബിരുദവും.

ആനുകാലികങ്ങളിൽ എഴുതാറുണ്ട്‌. കാലിക്കറ്റ്‌ സർവ്വകലാശാല എ സോണിൽ ചെറുകഥയ്‌ക്ക്‌ ഒന്നാംസ്ഥാനം. ‘നിളയിലെ മത്സ്യങ്ങൾ’ എന്ന കവിത കാലിക്കറ്റ്‌ സർവകലാശാല കാമ്പസ്‌ യൂണിയൻ 2001ൽ സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ ഒന്നാം സമ്മാനാർഹമായി. കണ്ണൂർ ആകാശവാണിനിലയം, ഏഷ്യാനെറ്റ്‌ എന്നിവിടങ്ങളിൽ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്‌.

പാരലൽ കോളേജ്‌ അധ്യാപകനായി ജോലി നോക്കുന്നു.

വിലാസം

പ്രതിഭ,

ആറളം പി.ഒ.,

കണ്ണൂർ

670 704
Phone: 0490 2450964




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.