പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

മായാത്ത മുറിപ്പാടുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കവിത ബി.കൃഷ്‌ണൻ

കഥ

അകന്നുപോകുന്ന ഓരോ തീപ്പൊട്ടുകളിലേക്കും പാതി കണ്ണുകൊണ്ട്‌ നോക്കി അവൾ ശ്വസിക്കാൻപോലും ഭയന്ന്‌ പതുങ്ങിക്കിടന്നു. പൊട്ടിയ കുപ്പിവളത്തുണ്ടുകൾ കൈത്തണ്ടയിൽ കുത്തിക്കയറുന്നതിന്റെ വേദന അവളറിഞ്ഞില്ല. പെട്ടെന്നാണ്‌ അജ്‌മൽ മോനെ പറ്റി ഉൾക്കിടിലത്തോടെ ഓർത്തത്‌. ആബിദുമ്മയുടെ കയ്യിൽനിന്നും പിടിച്ചു വാങ്ങിക്കൊണ്ട്‌ ഓടിയ വഴിയിലെ കശുമാവിൻ തോപ്പിൽ സത്യത്തിൽ അവനെ എറിഞ്ഞിടുകയായിരുന്നു. അവനെ അവർ കണ്ടോ? വെട്ടി നുറുക്കിയിരിക്കുമോ? എന്റെ കൃഷ്‌ണാ! അവൾ പിടഞ്ഞെണീറ്റ്‌ ചുറ്റിലും കൊഴുത്ത ഇരുട്ടിലേയ്‌ക്ക്‌ വിറപൂണ്ടു നോക്കി. പകരം വീട്ടാൻ അവർ പറ്റങ്ങളായി ഇറങ്ങുകയായിരുന്നല്ലോ... പരസ്പരം പരിചയമുളളവർ. ആബിദുമ്മ അജ്‌മലിനെ എടുത്തു കൊണ്ടോടാൻ നിൽക്കുമ്പോഴാണ്‌ തീപിടിച്ച വീട്ടിൽനിന്നും താനും നിഷയും അപ്പുവും അമ്മയും നിലവിളിച്ചു കൊണ്ട്‌ പാഞ്ഞുവന്നത്‌. നിഷയും അപ്പുവും തെക്കോട്ട്‌ ഓടിപ്പോയി. അമ്മയെ കണ്ടതേയില്ല. അച്‌ഛയെ കത്തിയെരിയാൻ തുടങ്ങിയ നടുമുറിയിലൂടെ അവർ വലിച്ചിഴച്ചു കൊണ്ടുപോയി.

ആബിദുമ്മയുടെ ഏകമകൻ അൻവറെ കുറച്ചുപേർ മുറിക്കുളളിൽ വച്ചുതന്നെ വെട്ടിയരിഞ്ഞു. ചോര ആബിദുമ്മയുടെ നെറ്റിയിലും അജ്‌മലിന്റെ കവിളിലും തെറിച്ചുവീണു.

‘റബ്ബിൽ ആലമീനായ പടച്ച തമ്പുരാനെ... ഇങ്ങളെന്റെ അൻവറെ കൊല്ലല്ലേ... ന്നെ കൊന്നോളീ... ന്നെ നുറുക്കിക്കോളീ...“

അൻവറിക്കയുടെ ഭാര്യ സയ്‌ദ പിന്നാമ്പുറത്തുകൂടി കിണറ്റിനരുകിലേക്ക്‌ ഓടുന്നതും പിന്നീട്‌ ആറുകോൽ വെളളമുളള കിണറ്റിലേക്ക്‌ എടുത്തു ചാടുന്നതും താൻ കണ്ടതാണ്‌. അൻവറിക്കയുടെ വിവാഹം കഴിഞ്ഞിട്ട്‌ രണ്ടുവർഷമാകുന്നതേയുളളൂ. അജ്‌മലുണ്ടായിട്ട്‌ എട്ടുമാസം. ആബിദുമ്മ സമനില തെറ്റി അലറി വിളിച്ചു.

”ശെയ്‌ത്താൻമാരേ... ന്നെ കൂടി കൊല്ലിനെടാ.. ഈ കുഞ്ഞിനെക്കൂടി വെട്ടിയരിയിനെടാ..“ പിന്നീടൊന്നും ആലോചിച്ചില്ല. വന്ന അതേ വേഗത്തിൽ ആബിദുമ്മയുടെ കയ്യിൽ നിന്ന്‌ അജ്‌മലിനെ പിടിച്ചുവാങ്ങി.

”ഓടി രക്ഷപ്പെട്‌ ആബിദുമ്മാ... അജ്‌മൂനെ ഞാൻ രക്ഷിച്ചോളാം...“

”എല്ലാം പോയീന്റെ ശ്രീമോളെ... ന്റെ അൻവറും ഓന്റെ പെണ്ണും...“ ഒന്നും കേൾക്കാൻ നിന്നില്ല ഉറക്കെ കരയാൻ തുടങ്ങിയ അജ്‌മലിനെയുമായി കുതിക്കുകയായിരുന്നു. ഇടവഴിയിൽ വച്ച്‌ കുറച്ചുപേർ തീപ്പന്തങ്ങളുമായി ചാടിവീണു. ”പിടിക്കെടാ നജാസേ.... ഓള്‌ നമ്മ്‌ടെ അൻവറിന്റെ കുട്ട്യേനേ മറ്റവൻമാർക്ക്‌ കൊണ്ട്‌ കൊടുക്കും...“

പിന്നാലെ വരുന്ന തീവെട്ടികൾക്കു ദൃശ്യപ്പെടാതെ ഏതൊക്കെ വഴി. വടിവാളേന്തിയ വേറെ ചിലർ. കരഞ്ഞുകൊണ്ടിരുന്ന അജ്‌മൽ പെട്ടെന്ന്‌ നിശ്ശബ്‌ദനായി നെഞ്ചിൽ പറ്റിച്ചേർന്നിരുന്നു. പ്രതീക്ഷയറ്റ നിമിഷത്തിലാണ്‌ അവനെ കശുമാവിൻതോപ്പിലെ കരിയിലകൾക്കു മീതേയ്‌ക്ക്‌ ഇട്ടിട്ട്‌ ദിക്കും ദിശയുമറിയാതെ പാഞ്ഞത്‌. കാലുതട്ടി കമിഴ്‌ന്നു വീണപ്പോൾ എണീൽക്കാൻ ശ്രമിച്ചില്ല. കൊന്നാൽ കൊല്ലട്ടെ ഇന്നാട്ടിൽ അതൊരു പുതിയ സംഭവമല്ലല്ലോ... തീപ്പന്തങ്ങൾ പതറി പരതി ചലിച്ചിട്ട്‌ തിരിച്ചുപോയപ്പോഴാണ്‌ കണ്ണുകൾ തുറക്കാൻ ധൈര്യം വന്നത്‌. നാളെ എം.എയുടെ ഫൈനൽ എക്‌സാം തുടങ്ങുകയാണ്‌. പഠിക്കാനിരുന്നപ്പോഴാണ്‌ പടയാളികളെപോലെ അവർ വാതിൽ ചവിട്ടി തുറന്ന്‌ വന്നത്‌. അച്‌ഛയെ അവർ കൊന്നോ എന്നറിയില്ല. അടുക്കളപ്പുറത്ത്‌ പെട്രോൾ വീഴുന്നതു കേട്ടു പിന്നാലെ ഒരു തീഗോളവും. ഇനിയെന്തു പഠനം. നിഷമോളും അപ്പുവും എവിടെ ഒളിച്ചിരിക്കും? അമ്മ എങ്ങോട്ടു പോയി എന്നതു തന്നെ വ്യക്തമല്ല. ഹൃദയം വലിയ ഭാരം തങ്ങുന്നതുപോലെ തിക്കുമുട്ടുന്നു. പൊട്ടിത്തുറന്ന കരച്ചിലോടെ അവൾ അജ്‌മലിനെ തേടി കശുമാവിൻ തോപ്പിലേക്ക്‌ വീണ്ടും തിരിച്ചോടി. കാൽത്തട്ടി വീണപ്പോൾ തളളവിരലിലെ നഖം ഇളകിപ്പോയിരിക്കുന്നു. കൊഴുത്ത ചോര വിരലുകൾക്കിടയിൽ ഇഴുകുന്നു. കൈത്തണ്ടയിൽ കുപ്പിവളയുടെ നീറുന്ന ക്ഷതങ്ങൾ... അങ്ങകലെ ആരുടെയൊക്കെയോ അലർച്ചകൾ... ആക്രോശങ്ങൾ..

കശുമാവിൻതോപ്പിലെ കരിയിലകൾക്കുമീതെ കാലെടുത്തുവച്ചപ്പോൾ വീണ്ടും ഭയം തോന്നി. ഉമ്മയും ബാപ്പയും ഒരുപക്ഷേ വല്ല്യുമ്മയും നഷ്‌ടപ്പെട്ട അജ്‌മു. തന്റെ അവസ്ഥയും അതുതന്നെയാവാം... അച്‌ഛാ, അമ്മ, നിഷ, അപ്പു... എല്ലാവരും ചിതറിയകന്നു പോയി. മുൻപോട്ടു നീങ്ങവേ ഒരു ഞരക്കം... കുനിഞ്ഞ്‌ വിറയ്‌ക്കുന്ന കൈകൾകൊണ്ട്‌ പരതി. കൃഷ്‌ണാ! നീ കാത്തു. എടുത്തു കിടത്തിയ മട്ടിൽ ഈ കുഞ്ഞിനെ നീ രക്ഷിച്ചല്ലോ...

”അജ്‌മൂ, ന്റെ പുന്നാരക്കുട്ടാ...“

എന്താണ്‌ തന്റെ വികാരമെന്നവൾക്ക്‌ മനസ്സിലായില്ല. ഒരു നിമിഷം കൊണ്ട്‌ ഒരമ്മയായതുപോലെ.... ഹൃദയം തകർന്നു കരഞ്ഞ ആബിദുമ്മയെ ഓർത്തു അൻവറിക്ക... സയ്‌ദ... ഓരോ മുഖങ്ങളും മാറിമാറി തെളിയുകയാണ്‌. മാറിലടുക്കി പിടിച്ചതും ഞെട്ടിയുണർന്ന്‌ അവൻ കരഞ്ഞു. വ്യക്തമാകാത്ത വാക്കുകൾ.

”മ്മാ.... മ്മ...“

”കരയല്ലേടാ... നിന്റമ്മ തന്ന്യാ ഇദ്‌ അജ്‌മൂ എന്റെ പൊന്നേ ദൈവം നിന്നേം... എന്നേം.. കാത്തില്ലേടാ...“

സഹിക്കാനാവാത്ത മനോവ്യഥയോടെ അവൾ അവനെയും നെഞ്ചിലടക്കി ഇരുട്ടിലേയ്‌ക്ക്‌ തന്നെ തളർന്നിരുന്നു.

കവിത ബി.കൃഷ്‌ണൻ

അരീപ്പാറ വീട്‌

കൽത്തോട്ടി പി.ഒ.

ഇടുക്കി - 685 507.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.