പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

മരുപുഷ്‌പം വിരിയുമ്പോൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോസഫ്‌ അതിരുങ്കൽ

കഥ

അയാൾ യുവാവും സുന്ദരനുമാണ്‌. ആ നെഞ്ചുവിരിച്ചുളള നടത്തമുണ്ടല്ലോ. സമുദ്രങ്ങളെ കീഴടക്കിയവന്റെ ആ ചിരി. എല്ലാം എനിക്കിഷ്‌ടമാണ്‌. ഹുദ ആഹ്ലാദത്തോടെ അത്‌ പറയുമ്പോൾ ഒരു ശിലാപ്രതിമ സംസാരിച്ചു തുടങ്ങിയതു നേരിൽ കണ്ടപോലെ എമിലി വിവശയായി.

വീണ്ടുമൊരു വിശകലനത്തിൽ, അസാധാരണമായി ഒന്നും ഹുദയുടെ വാക്കുകളിൽ ഇല്ലല്ലോ എന്നു തോന്നിയെങ്കിലും ഭയം തീർത്തും വിട്ടുമാറിയില്ല. ഏതോ കടുത്ത അപരാധത്തിന്‌ താൻ കൂട്ടു നിന്നുവല്ലോ എന്ന ചിന്തയിൽ അവളുടെ പുറം കഴുത്തിൽ വിയർപ്പ്‌ പൊടിഞ്ഞു. അപരിചിതനായ ഒരു പുരുഷനെക്കുറിച്ച്‌ അനുരാഗത്തോടെ സംസാരിക്കാനുളള അവകാശം ആരു കൽപ്പിച്ചുവെന്ന പരുക്കൻ ചോദ്യം അശരീരിയായി തലയ്‌ക്കു ചുറ്റും ചിറകിട്ടടിച്ചു.

ചുഴലിക്കാറ്റിൽ മേൽക്കൂര പറന്നുപോയ വീടുപോലെ സ്വകാര്യമായ ഹൃദയ രഹസ്യങ്ങളെ മുഴുവൻ വെളിവാക്കി കൊണ്ട്‌ ഹുദ നിൽക്കുന്നതു കണ്ടപ്പോൾ എമിലിക്ക്‌ ചിരിക്കണോ കരയണമോയെന്നു നിശ്ചയമില്ലാതെയായി.

കാന്റീനിലെ ഉച്ചഭക്ഷണം കഴിഞ്ഞ്‌ ആശുപത്രി വരാന്തയിലൂടെ അലസമായി നടക്കുമ്പോഴാണ്‌ കടുത്ത ഇഷ്‌ടപ്പെടലിനെക്കുറിച്ച്‌ ഹുദ എമിലിയോട്‌ പറഞ്ഞത്‌. ശിരോവസ്‌ത്രത്തിൽ മൂടപ്പെട്ടിരുന്നതിനാൽ അവളുടെ മുഖം തുടുത്തിരുന്നുവോയെന്ന്‌ വ്യക്തമായിരുന്നില്ല. പക്ഷേ കണ്ണുകളിൽ വല്ലാത്തൊരു പ്രണയ തിളക്കവും അതു പിൻപറ്റാൻ ശ്രമിക്കുന്നത്‌ അപ്പോൾ മാത്രം അതുവഴി കടന്നുപോയ അഡ്‌മിൻ ഡിപ്പാർട്ട്‌മെന്റിലെ അബ്‌ദുൽ അസീസിനെ ആണെന്നും എമിലി തിരിച്ചറിഞ്ഞു.

അബ്‌ദുൾ അസ്സീസിനെക്കുറിച്ചുളള ഓർമ്മകൾ ഹുദയുടെ മനസ്സിനെ തരളിതമാക്കി തുടങ്ങിയത്‌ എന്നു മുതൽക്കായിരുന്നുവെന്നൊരു ചോദ്യം അമ്പരപ്പിന്റെ അവസാന അലയും കെട്ടടങ്ങവെ എമിലി തന്നോടു തന്നെ ചോദിച്ചു. രാത്രിയുടെ ഏതോ യാമത്തിൽ വിരിയുന്ന മുല്ലമൊട്ടു പോലെ എത്ര നിഗൂഡമായാണൊരു പ്രണയം ആരംഭിക്കുന്നതെന്നോർത്ത്‌ അവൾ അത്ഭുതപ്പെട്ടു. വളരെ അപൂർവ്വമായി മാത്രമെ ഹുദയ്‌ക്ക്‌ അഡ്‌മിനിസ്‌ട്രേഷനിൽ ഈയിടെ മാത്രം ജോലിയിൽ പ്രവേശിച്ച അയാളെ കാണാൻ കഴിഞ്ഞിരുന്നുളളുവെന്ന്‌ എമിലിയ്‌ക്ക്‌ നന്നായി അറിയാമായിരുന്നു.

നേർക്കുനേർ കണ്ടത്‌ ഒരിക്കൽ മാത്രമാണ്‌. സംസാരിച്ചത്‌ ഏറിയാൽ ഒന്നോ രണ്ടോ വാക്ക്‌. അതും ഓഫീസ്‌ ആവശ്യത്തിന്‌. എമിലിയുടെ ചോദ്യത്തിനുത്തരമായി ഹുദയും സമ്മതിച്ചു.

ഒരു നദിയുടെ ഉത്ഭവം കണ്ടെത്തുകയെന്നത്‌ തീർത്തും ശ്രമകരമാണെന്ന്‌ എമിലി ഒരിക്കൽ കൂടെ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്‌.

മരുഭൂമിയിലെ രണ്ടു മഹാനഗരങ്ങളെ ബന്ധിപ്പിക്കുന്ന എട്ടുവരി പാതയിൽ നിന്നും അകലെയല്ലാത്ത ആശുപത്രിയിൽ നല്ല തിരക്കുണ്ടായിരുന്നു. ഏറെയും സമീപപ്രദേശങ്ങളിൽ നിന്നെത്തിയ ഗ്രാമവാസികൾ. പാത കുറുകെ മുറിച്ചു കടക്കുന്ന ഒട്ടകങ്ങളിൽ തട്ടി അപകടം സംഭവിക്കുന്ന വാഹനങ്ങളിലെ യാത്രക്കാരുടെ നിണഗന്ധം ആശുപത്രിയുടെ അന്തരീക്ഷത്തിൽ ലയിച്ചു ചേരാൻ കൂട്ടാക്കാതെ നിന്നു.

വരാന്തയുടെ ഗ്ലാസ്സിട്ട ജനാലക്കപ്പുറം ശക്തിയായ പൊടിക്കാറ്റ്‌ വീശികൊണ്ടിരുന്നു. വിശാലമായ കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറുകളും പണി നടക്കുന്ന ആശുപത്രിയുടെ പുതിയ കെട്ടിടവുമെല്ലാം കനം കുറഞ്ഞ കാവിയിൽ മൂടി. പച്ചപ്പ്‌ തീർത്തും അന്യമായ മലഞ്ചരിവുകളിലേക്ക്‌ കത്തി അടരുന്ന സൂര്യൻ.

അണി ചേർന്നു നിലക്കുന്ന വരണ്ട കുന്നുകൾക്കപ്പുറമുളള ഗ്രാമത്തിലെ ബാവയും സഹോദരങ്ങളുമെല്ലാം ഹുദയുടെ പ്രണയ വൃത്താന്തം അറിയുമ്പോൾ എങ്ങനെയാവും പ്രതികരിക്കുകയെന്നായിരുന്നു പീഡിയാട്രിയിൽ ഡ്യൂട്ടിയിലായിരിക്കുമ്പോഴും എമിലി ഓർത്തത്‌. അതു തന്റെ വിഷയമല്ലെന്നോർത്തു മനസ്സിൽ നിന്നു കുടഞ്ഞു കളയാൻ ശ്രമിച്ചെങ്കിലും ഒരു സ്‌ത്രീക്ക്‌ സ്വതന്ത്രമായി അവളുടെ ഭർത്താവിനെ തിരഞ്ഞെടുക്കാനുളള അവകാശം അവർ അംഗീകരിച്ചു കൊടുക്കുമോയെന്ന്‌ അവൾ ഉത്‌കണ്‌ഠപ്പെട്ടുകൊണ്ടേയിരുന്നു.

മണ്ണു കുഴച്ചുണ്ടാക്കിയ ചുവരുകളാൽ തീർത്ത വീടുകളുളള ഹുദയുടെ തമിയെന്ന ഗ്രാമത്തിൽ എമിലി ഒരിക്കൽ പോയിട്ടുണ്ട്‌. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമുളള വാക്‌സിനേഷൻ കുത്തിവെയ്‌പ്പിനായിട്ടായിരുന്നു അത്‌.

തെരുവോരങ്ങളിൽ ചൈതന്യമില്ലാത്ത മുഖങ്ങൾ മാത്രമാണ്‌ എമിലി അവിടെ അന്നു കണ്ടത്‌. ഓരോ മനുഷ്യരൂപവും ആരെയോ ഭയപ്പെടുന്നതുപോലെ. പുറംലോകത്തിന്റെ വെളിച്ചം അവിടെ എത്തിപ്പെട്ടിരുന്നില്ല.

കാലത്തിന്റെ കുത്തൊഴുക്കിൽ മലയിടുക്കുകളിൽ കുടുങ്ങിപ്പോയ ആ ഗ്രാമത്തെക്കുറിച്ച്‌ പിന്നീട്‌ ഓർക്കുമ്പോഴൊക്കെ എമിലി എന്തിനെന്നറിയാതെ സങ്കടപ്പെട്ടു.

ഹുദയെ പരിചയപ്പെടുന്നത്‌ പിന്നെയും ഏറെ കഴിഞ്ഞാണ്‌. തമി ഗ്രാമത്തിൽ നിന്ന്‌ ആദ്യമായി പുറത്തു ജോലിക്ക്‌ പോകുന്ന പെൺകുട്ടി താനാണെന്ന്‌ അവളഭിമാനത്തോടെ പറയുമ്പോൾ എമിലിക്ക്‌ വല്ലാത്തൊരു ഇഷ്‌ടം അവളോട്‌ തോന്നി. ഭാഷയുടെയും സംസ്‌കാരത്തിന്റെയും അതിർവരമ്പുകൾക്കപ്പുറത്തേക്ക്‌ ആ സൗഹൃദം തല നീട്ടി.

അന്നത്തെ ഉച്ചയ്‌ക്കുശേഷവും ഹുദ അബ്‌ദുൾ അസീസിനെക്കുറിച്ച്‌ ഏറെ വാചാലയായി. സഹപ്രവർത്തകരായി ഏറെ പേരുണ്ടായിരുന്നെങ്കിലും എമിലിയോട്‌ മാത്രമാണ്‌ അവൾ ഹൃദയം തുറക്കാറുളളത്‌. നഗരത്തിന്റെ പ്രാന്തപ്രദേശത്ത്‌ ധനികൻമാർ താമസിക്കുന്ന ഇടത്താണ്‌ അയാളുടെ മാളികയെന്നായിരുന്നു പുതിയ വിശേഷം. അടുക്കളയിൽ സഹായത്തിനു നിന്റെ ഭാഷ സംസാരിക്കുന്ന ഖദ്ദാമ. ഹുദ പറയുമ്പോൾ നിയന്ത്രണം നഷ്‌ടപ്പെട്ട ഒരു പട്ടത്തെ നോക്കുന്നതുപോലെ എമിലി അവളെ നോക്കി.

നിശ്ചയിക്കപ്പെട്ട ഗോത്രത്തിൽ നിന്നു മാത്രമെ വിവാഹം പാടുളളുവെന്നിരിക്കെ അബ്‌ദുൾ അസ്സീസിനെ വിവാഹം കഴിക്കുവാൻ തടസ്സമുണ്ടോയെന്ന്‌ എമിലിയുടെ ചോദ്യം ഹുദയെ ഒരു നിമിഷം കുഴക്കി. ഇൻഷളളായെന്ന അവളുടെ മറുപടിയിൽ വിഷാദവും സങ്കടവുമെല്ലാം അലിഞ്ഞു ചേർന്നിരിക്കുകയാണെന്നു എമിലിക്കു തോന്നി. കറുത്ത തുണി കൊണ്ട്‌ മറയ്‌ക്കപ്പെട്ട മുഖത്തിന്റെ വെളുമ്പിൽ ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്‌കളങ്കതയും ദയനീയതയും ഊറി.

ഈ നിഷ്‌കളങ്ക മുഖം ഹൃദയത്തിലമർത്താൻ അബ്‌ദുൾ അസീസിന്‌ പുരുഷ ധനം എത്ര അധികമായി നൽകിയാലും കുറ്റപ്പെടുത്താനാവില്ലെന്നു എമിലി അപ്പോൾ ഓർത്തു.

അന്നു രാത്രിയിൽ എമിലി കണ്ട സ്വപ്‌നത്തിൽ സ്‌ത്രീധനം നൽകാൻ പാങ്ങില്ലാത്തതിനാൽ കല്യാണം തരമാകാത്ത മല്ലികയുടെയും ജാൻസിയുടെയും മുഖങ്ങളുണ്ടായിരുന്നു. അവധിക്കു നാട്ടിലെത്തിയ താൻ പുരുഷധനത്തെക്കുറിച്ചു പറഞ്ഞപ്പോൾ അയൽവക്കത്തെ ദാമോദരണ്ണനും വർക്കിച്ചേട്ടനും അവിശ്വസനീയതയോടെ മോണ കാട്ടി ചിരിക്കുന്നു.

അങ്ങനേം ഒരിടമോ... കൊച്ചൊരു കാര്യം ചെയ്യ്‌... അവിടുത്തെ ആമ്പിളളരോട്‌ ഇവിടേക്കുളള വഴി പറഞ്ഞു കൊടുക്ക്‌. പിന്നെ അതിന്റെ പേരിൽ മുക്കിൽ പല്ലു വന്നവർക്ക്‌ കിളി കിളിപോലത്തെ ഇവിടുത്തെ പെമ്പിളളാരെ കെട്ടാമെന്ന പൂതിയങ്ങ്‌ കൈയ്യിലിരിക്കത്തെ ഉളളൂ.

പൊന്നും പണവും നൽകിയാൽ മാത്രമെ ഉത്തമനായ ഒരു വരനെ കിട്ടുവെന്ന നാട്ടുനടപ്പിനെക്കുറിച്ച്‌ പറഞ്ഞപ്പോൾ ഹുദ സ്‌ഫടികമുടയും പോലെ ചിരിച്ചു. എന്റെ ആങ്ങള അബൂബക്കർ എത്ര നാളായി മഹറിനു വേണ്ടിയുളള തുകക്കായി പാടുപെടുന്നുവെന്ന്‌ നിനക്കറിയുമോ. ഹുദ ചോദിച്ചു.

അവന്റെ കൂട്ടുകാരുടെയൊക്കെ നിക്കാഹ്‌ കഴിഞ്ഞു. കുട്ടികളും ആയി.

ബോട്ടിൽ വെളളത്തിന്റെ സെയിൽസ്‌മാനായി ജോലി ചെയ്യുന്ന നിർഭാഗ്യവാനായ അവനു അടുത്ത കൊല്ലമെങ്കിലും ആവശ്യത്തിനുളള തുകയുണ്ടാക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു. ബാവയുടെ ബിസിനസ്സ്‌ പണ്ടത്തേതിന്റെത്ര ഭംഗിയല്ലെങ്കിലും തരക്കേടില്ലാതെ മുന്നോട്ട്‌ പോകുന്നുണ്ട്‌. ബാവ വിചാരിച്ചാൽ അവനെ സഹായിക്കാൻ പറ്റും. പക്ഷേ ബാവ ചെയ്യില്ല. അവന്റെ പെണ്ണിനു വേണ്ടിയുളള സമ്മാനങ്ങൾ അവൻ തന്നെ ഉണ്ടാക്കട്ടെയെന്നാണ്‌ ബാവയുടെ നിലപാട്‌.

ഹുദ ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു.

അതൊരു വെളളിയാഴ്‌ചയുടെ ഉച്ചത്തിരിഞ്ഞ നേരമായിരുന്നു.

ഈന്തപ്പനകൾ തണൽ പരത്തുന്ന കോർണിഷിലെ നടപ്പാതയിലൂടെ നടക്കുകയായിരുന്നു അവർ.

ഈ തീരത്തെ തിരകൾ വൃദ്ധന്റെ ചുംബനം പോലെ ആവേശരഹിതമാണല്ലേ ഹുദ... എമിലി എന്തെങ്കിലും സംസാരിക്കാൻ വേണ്ടി മാത്രമായി തുടങ്ങി.

ഹുദ ഒരുനിമിഷം എന്തോ ഓർത്തിട്ടെന്നപോലെ പറഞ്ഞു.

എന്റെ സഹോദരിയെ നിക്കാഹ്‌ ചെയ്തത്‌ ധനികനായ ഒരു വൃദ്ധനായിരുന്നു. എന്റെ ബാവയുടെ പ്രായമുളള അയാൾ സഹോദരിയെ കെട്ടുമ്പോൾ അവൾക്ക്‌ പതിനെട്ടായിരുന്നു പ്രായം. നഗരത്തിൽ വൻകിട ബിസിനസ്സുകളുളള അയാളുടെ മൂന്നാമത്തെ ഭാര്യ. പുരുഷധനമായി കൊണ്ടുവന്ന പൊന്നിലും പണത്തിലും എന്റെ ബാവയുടെ കണ്ണും കാതും കൊട്ടി അടയ്‌ക്കപ്പെട്ടു.

ഏതോ ദുരന്ത സ്‌മരണയിലെന്നവണ്ണം ഹുദ കണ്ണുകൾ തുടച്ചു.

ഓരോ വാക്കും ഹുദയ്‌ക്ക്‌ നൊമ്പരങ്ങളുടെ പേടകം തുറക്കാനുളള താക്കോലായി മാറുന്നുവല്ലോയെന്നോർത്ത്‌ എമിലിയിൽ വിഷാദം നിറഞ്ഞു.

കടലിലേക്കു ഇറക്കി കെട്ടിയ വഴുക്കലില്ലാത്ത പടവുകളിൽ അൽപ്പനേരം ഇരിക്കാൻ എമിലിയുടെ അകം വെമ്പുന്നുണ്ടായിരുന്നു. ഇളംചൂടുളള വെളളത്തിൽ കണങ്കാൽ ഇറക്കിവെച്ച്‌, അസ്തമയ സൂര്യന്റെ മനോഹാരിതയിൽ കണ്ണുനട്ടു കുറെ നേരമിരിക്കുമ്പോൾ മനസ്സ്‌ വീണ്ടും തെളിയുമെന്നു അവൾ മോഹിച്ചു. പക്ഷേ സിറ്റിയിൽ തങ്ങാൻ അനുവദിക്കപ്പെട്ട സമയം പൂർത്തിയാകാറായി എന്നതിന്റെ സൂചനയായി, ഡ്രൈവർ തുടരെ ഹോൺ മുഴക്കി തുടങ്ങിയതിനാൽ അതു സാധിച്ചില്ല.

വാരാന്ത്യത്തിലൊരിക്കൽ ഹോസ്‌റ്റലിൽ താമസിക്കുന്ന സ്‌ത്രീകളായ ഹോസ്‌പിറ്റൽ ജീവനക്കാരെയും കൊണ്ടുവന്ന ബസ്‌ ഉടനെ തിരികെ പോകും. ഏതെങ്കിലും സൂക്കിന്റെ പരിസരത്ത്‌ ഏതാനും മണിക്കൂറുകൾ... ഇന്നു മാത്രമാണ്‌ ഡ്രൈവർ പതിവില്ലാതെ കോർണിഷിന്റെ മുമ്പിൽ അൽപ്പസമയം നിർത്തിയത്‌.

പ്രകാശത്തിൽ പുതഞ്ഞു നിൽക്കുന്ന ഷോപ്പിംഗ്‌ കോപ്ലക്‌സും, കഫ്‌റ്റിരിയകളും, വസ്‌ത്രശാലകളും നിറഞ്ഞ നഗരത്തെ വിട്ട്‌, ഒറ്റപ്പെട്ട പർവ്വതം പോലെ നിൽക്കുന്ന ഹോസ്‌പിറ്റലിനെ ലക്ഷ്യമാക്കി ബസ്‌ നീങ്ങുമ്പോൾ പുറത്തു കനത്തുവരുന്ന ഇരുട്ടുപോലെ ഒരന്യതാബോധം എമിലിയുടെ ഉളളിൽ.

ആ ഒരു നിമിഷം നാട്ടിലെ മാളുമോളേയും, നന്ദേട്ടനെയും എന്തുകൊണ്ടോ ഓർക്കാതിരിക്കാൻ അവൾക്ക്‌ കഴിഞ്ഞില്ല. സ്ഥിരമായി ഒരു ജോലി നന്ദേട്ടനുണ്ടായിരുന്നെങ്കിൽ മരുഭൂവിലെ ഈ ഏകാന്തവാസം അവസാനിപ്പിച്ച്‌ താൻ നാട്ടിലേക്ക്‌ മടങ്ങുമായിരുന്നു.

നിങ്ങളുടെ നാട്ടിൽ കമിതാക്കൾ ഇങ്ങനെയാണോ എമിലി?

പച്ച കാർപെറ്റ്‌ പോലെയുളള പുൽപരപ്പിലൂടെയും, വർണ്ണാഭമായ പൂക്കൾ എങ്ങും വിരിഞ്ഞു നിൽക്കുന്ന താഴ്‌വരയിലൂടെയും ആടിയും പാടിയും സല്ലപിക്കാൻ നിങ്ങളുടെ നാട്ടിലെ കമിതാക്കൾക്ക്‌ കഴിയുന്നുണ്ടല്ലോയെന്നു ഹുദ ചോദിച്ചത്‌ ബസിന്റെ ടി.വി സ്‌ക്രീനിൽ അപ്പോൾ വന്നുകൊണ്ടിരുന്ന ഒരു മലയാള സിനിമയിലെ ഗാനരംഗം കണ്ടുകൊണ്ടായിരുന്നു.

ആർത്തി പിടക്കുന്ന അവളുടെ കണ്ണുകളിലേക്ക്‌ നോക്കി സിനിമയും ജീവിതവും എത്ര വ്യത്യസ്ഥമാണെന്ന്‌ എങ്ങനെ മനസ്സിലാക്കി കൊടുക്കുമെന്നറിയാതെ എമിലി കുഴങ്ങി.

തീർത്താൽ തീരാത്ത സംശയങ്ങൾ ആണ്‌ ഹുദയുടേത്‌. ഒരു കൊച്ചുകുട്ടിയെപ്പോലെ.

നാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേൾക്കുമ്പോഴും, കാണുമ്പോഴും, ഹുദയുടെ കണ്ണുകളിൽ എന്നും അവിശ്വസനീയതയുടെ തിളക്കമായിരുന്നു. ആൺകുട്ടികൾ ഉൾപ്പെടുന്ന ക്ലാസിലാണ്‌ താൻ പഠിച്ചിരുന്നതെന്നു പറഞ്ഞപ്പോഴും ബസിലും ട്രയിനിലും ആണും പെണ്ണും ഒരുമിച്ചാണ്‌ യാത്ര ചെയ്യുന്നതെന്നു പറഞ്ഞപ്പോഴും അതുണ്ടായി.

സംശയങ്ങളുടെ പൂർണ്ണ നിവൃത്തിക്കു വേണ്ടിയാണ്‌ എമിലി ഹുദയെ നാട്ടിലേക്ക്‌ ക്ഷണിച്ചത്‌.

നീയെന്റെ നാട്ടിലേക്കു വരുന്നോ.... ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്‌...

നീ നാട്ടിൽ പോകുമ്പോഴേക്ക്‌ ഞാനിവിടെ ഉണ്ടാകണമെന്നില്ല. ഞാൻ എല്ലാം അബ്‌ദുൾ അസീസിനോട്‌ തുറന്നു പറയാൻ പോവുകയാണ്‌. അല്ല തുറന്ന്‌ എഴുതാൻ പോകുകയാണ്‌. നാളെത്തന്നെ ആ കത്ത്‌ ഞാൻ പോസ്‌റ്റ്‌ ചെയ്യും. അബ്‌ദുൾ അസ്സീസ്‌ എന്നെ മനസിലാക്കും. അങ്ങനെയല്ലേ എമിലി...

പെണ്ണിനു തനി വട്ടുതന്നെയെന്ന്‌ പെട്ടെന്ന്‌ തോന്നിയെങ്കിലും, വാക്കുകളിലെ യാചനയുടെ സ്വരം എമിലിയെ വല്ലാതെ ഉലച്ചു. ഒന്നും മിണ്ടാതെ നിൽക്കുമ്പോൾ ഹുദയുടെ പ്രണയം സഫലമാകണമേയെന്നു അവൾ ഉളളിൽ പ്രാർത്ഥിച്ചു.

മൂടൽമഞ്ഞ്‌ പരക്കാൻ തുടങ്ങിയ ഒരു സന്ധ്യാനേരമായിരുന്നു അത്‌. ഹോസ്‌റ്റലിലേക്കുളള പടവുകൾ കയറുകയായിരുന്നു അവർ. പഴുത്തു മുറ്റിയ ഈന്തപഴത്തിന്റെ മണമുളള കാറ്റ്‌ ചെറുതായി വീശിക്കൊണ്ടിരുന്നു. വിദൂരമായ മലനിലനിരകൾക്കു പിന്നിൽ ഒരു നക്ഷത്രം ഭൂമിയുടെ കോണിലെ നിശ്ശബ്‌ദ പ്രണയത്തെ നോക്കി പുഞ്ചിരി തൂകി നിന്നു.

പിറ്റേന്ന്‌ ശനിയാഴ്‌ച. ആഴ്‌ചയുടെ ആരംഭം.

രാവിലെ ഡ്യൂട്ടിക്കെത്തിയ എമിലി ഓഫീസ്‌ ബോയ്‌ മധുര പലഹാരം വിതരണം ചെയ്യുന്നതിന്റെ രഹസ്യം യാദൃച്ഛികമായി തിരക്കിയപ്പോൾ, അബ്‌ദുൾ അസീസിന്റെ നിക്കാഹ്‌ തലേദിവസം കഴിഞ്ഞ വാർത്തയാണ്‌ അറിഞ്ഞത്‌. ഹുദയെ ഈ വാർത്ത എങ്ങനെ അറിയിക്കുമെന്നോർത്ത്‌ അവൾ നുറുങ്ങിയിരുന്നു.

പതിവിലും ഏറെ വൈകിയെത്തിയ ഹുദയാകട്ടെ തീർത്തും പരിക്ഷീണയായി കാണപ്പെട്ടു. അമർത്തിവെച്ച സങ്കടങ്ങളെല്ലാം കെട്ടഴിച്ചു വിട്ടവൾ വന്നപാടെ രജിസ്‌റ്ററിലേക്ക്‌ ചിതറി. ഒരു ദീർഘ നിശ്വാസത്തിനൊടുവിലെ അവളുടെ മന്ത്രണം എമിലി ഇങ്ങനെ വായിച്ചെടുത്തു. അബ്‌ദുൾ അസീസ്‌, നിങ്ങളെന്റെ മുഖമൊന്നു കണ്ടിരുന്നെങ്കിൽ.....

ജോസഫ്‌ അതിരുങ്കൽ

പി.ബി.നം. 2872

റിയാദ്‌ - 11461

സൗദി അറേബ്യ.


Phone: 9661 4480353
E-Mail: //sjosephakl 91@hotmail.co//e




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.