പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

കളഞ്ഞു പോയതും കണ്ടെടുത്തതും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിർമ്മല

കഥ

-ന്റെ വെള്ളക്കല്ലുവച്ച ചെറിയ മൂക്കുത്തി ആരെങ്കിലും കണ്ടോ?

ചോദ്യത്തേക്കാളേറെ അതൊരു അലർച്ചയായിരുന്നു. സുമയുടെ ശബ്ദം അത്രയധികമൊന്നും പൊങ്ങാത്തതായതുകൊണ്ട്‌ വീടാകെ ഒന്നു നടുങ്ങിയതുപോലെയായി.

ഒരു കാലുനീട്ടിവച്ചും മറ്റേക്കാൽ അതിനു പിൻപേ തെന്നിച്ചും കാവ്യ കുറച്ചൊരു ധൈര്യത്തോടെ മുറിയിൽ കയറിവന്നു.

-ആ റ്റൈനി ബോക്സില്‌ ഇല്ലേ മമ്മീ?

സുമയുടെ മൂക്കുത്തിച്ചെപ്പു ചൂണ്ടി അവൾ കൊഞ്ചലോടെ ചോദിച്ചു. വല്ലാത്തൊരരിശം തിരയിട്ടുവന്നെങ്കിലും കാവ്യയുടെ വിടർന്ന കണ്ണുകളിലെ തിരികൾ ഊതിക്കെടുത്താനാവാതെ സുമ ഇല്ലെന്നു തലയാട്ടി. മമ്മി കാവ്യയെ അരിശംകൊണ്ടു കടിച്ചുകീറുന്നില്ലെന്നുകണ്ട്‌ വർഷയും പതിയെ മുറിയിലേക്കുവന്നു. വാതിൽക്കൽനിന്നും കിടക്കയിലേക്ക്‌ ഒറ്റച്ചാട്ടത്തിന്‌ ഇരുന്നിട്ട്‌ അവൾ പറഞ്ഞു.

-ലാസ്‌റ്റൈം ഞാൻ ചെക്കുചെയ്യുമ്പൊ എല്ലാം ആ ബോക്സിലായിരുന്നു.

-അപ്പൊ ഇവിടെ ഇടക്കു പരിശോധന ഉണ്ടല്ലേ? എത്ര പറഞ്ഞിട്ടുണ്ടു കുട്ടികളെ ചോദിച്ചാ മതി, മമ്മി കാണിച്ചു തരാന്ന്‌. അനുസരണ ഇല്ല ഒരെണ്ണത്തിന്‌.

അതു പറഞ്ഞ്‌ ഭ്രാന്തമായ ഒരങ്കലാപ്പോടെയാണ്‌ സുമ ആഭരണച്ചെപ്പുകൾ തിരഞ്ഞത്‌. കൊത്തുപണിചെയ്ത വലിയ ചതുരപ്പെട്ടി, ഡ്രോകളുള്ള പൊക്കംകൂടിയ ആഭരണപ്പെട്ടി, നീല വെൽവറ്റിൽ ലേസുപിടുപ്പിച്ചത്‌, പലപ്പോഴായി ആഭരണം വാങ്ങിയ പലതരം ചെപ്പുകൾ..... അതിലുണ്ടായിരുന്ന ആഭരണങ്ങൾ ഓരോന്നായി അവൾ പുറത്തേക്കെടുത്തു. പച്ചയും ചുവപ്പും കല്ലുകൾപതിച്ചത്‌, വെള്ളക്കല്ലുകൾ മാത്രമുള്ളത്‌, വൈരക്കല്ലു പതിച്ചത്‌, സ്വർണ്ണമുട്ട്‌, ബെൻസിന്റെ ചിഹ്നംപോലെ മൂന്നുകാലുള്ളത്‌ എല്ലാമുണ്ട്‌, ആ മൂക്കുത്തി, വളരെച്ചെറിയ ആ ഒരു മൂക്കുത്തിമാത്രം കാണാനില്ല.

സുമക്കു ശരീരം വിറക്കുന്നതുപോലെതോന്നി. പുറത്തു മഞ്ഞുപെയ്യുന്ന ഡിസംബറിലും അവൾ വിയർത്തു.

-നിങ്ങളു പോയി ടി.വി. കണ്ടോളൂ.

വിതുമ്പലടക്കിയാണ്‌ സുമ മക്കളോടതു പറഞ്ഞത്‌. ടി.വി. അധികം കാണുന്നുവെന്നു എപ്പോഴും വഴക്കു പറയുന്ന അമ്മ അങ്ങനെ പറഞ്ഞതിൽ എന്തൊ പന്തികേടുണ്ടെന്നറിഞ്ഞ കുട്ടികൾ നിശബ്ദരായി മുറിവിട്ടു പോയി.

സുമ മെല്ലെ ഡ്രസറിൽ ഊർന്ന്‌ നിലത്തിരുന്നു. ഒരിക്കൽകൂടി ശ്രദ്ധയോടെ ഓരോ ചെപ്പും

അവൾ തുറന്നു നോക്കി.. ആഭരണങ്ങൾ കാർപ്പറ്റിൽ അവൾക്കു ചുറ്റും പൊൻകോട്ട പണിതു. ഇല്ല, അതുമാത്രം കാണാനില്ല. അവളുടെ കോട്ട വാതിൽ ആ ചെറു മൂക്കുത്തിയായിരുന്നു. പുറത്തു കടക്കാൻ പഴുതു നഷപ്പെട്ട തടവുകാരിയായി സുമ.

ബഹളം കേട്ടുവന്ന ബിജു ചോദിച്ചു

-കാണുന്നില്ലേ?

-ഇല്ല

ഒരുവാക്കുകൂടി പറഞ്ഞാൽ തേങ്ങിക്കരയുമെന്നുറപ്പുള്ളതുകൊണ്ട്‌ സുമ മറ്റൊന്നും പറഞ്ഞില്ല. അത്ര വേഗം പതറാത്ത സ്വഭാവമാണവളുടേത്‌. കാർപ്പെറ്റിൽ നിസ്‌സഹായയായിരിക്കുന്ന അവൾക്ക്‌ എന്തോ പന്തികേടുണ്ടെന്നു തോന്നിയതുകൊണ്ട്‌ അയാൾ പതിവു പരാതി പുറത്തെടുത്തില്ല.

-കാണുന്നതൊക്കെ വാങ്ങിച്ചുകൂട്ടും, എന്നിട്ട്‌ ഡ്രസറിന്റെ പുറത്തും ഡ്രോയിക്കകത്തും കട്ടിൽക്കീഴിലും ഒക്കെയായി ചിതറി കിടക്കുകയല്ലേ! വല്ലകണക്കുമുണ്ടോ നിനക്കെത്തറ ആഭരണങ്ങളുണ്ടെന്നതിന്‌.

പകരം ബിജു പറഞ്ഞത്‌​‍്‌

-ഒന്നല്ലേ പോയുള്ളൂ, വേറെ അരഡസൻ ഉണ്ടാവുമല്ലോ.

വിറയ്‌ക്കുന്ന സ്വരത്തിലവൾ പറഞ്ഞു

-അത്‌ ആദ്യം ഗിഫ്‌റ്റു കിട്ടീതാ, മൂക്കുകുത്തിയപ്പൊ

അപ്പോൾ അവളുടെ കണ്ണിൽനിന്നും സങ്കടം താഴേക്കൊഴുകുക തന്നെചെയ്തു. കുറച്ചുനേരം ഒന്നും പറയാതിരുന്നിട്ടയാൾ ചോദിച്ചു

-അതെങ്ങനെ ഇരിക്കുന്നതാ?

ആ ചോദ്യം കേട്ടപ്പോൾ അവൾക്കരിശം വന്നു. നോക്കി കണ്ടുപിടിക്കാൻ പോകുന്നൊരാൾ! കോപമടക്കി അവൾ പറഞ്ഞു.

-ചെറിയ ഒറ്റവെള്ളക്കല്ലിൽ സ്വർണച്ചുറ്റുള്ളത്‌.

ബിജു അതിനുത്തരമൊന്നുംപറഞ്ഞില്ല. അല്ലെങ്കിലും അത്യാവശ്യം എന്തെങ്കിലുംഒന്നു പറയേണ്ട സമയത്ത്‌ അയാൾക്ക്‌ കടുത്ത മൗനമായിരിക്കും. കുറച്ചു സമയം അങ്ങനെതന്നെ ഇരുന്നിട്ട്‌ ഞാനൊന്നു പുറത്തേക്കു പോവുകയാണെന്നു പറഞ്ഞ്‌ അയളെഴുന്നേറ്റു.

പുറംവാതിൽ ബിജുവിനു പിന്നിൽ അടയുന്നതുകേട്ടതും സുമയുടെ കണ്ണുകൾ ജലധാര യന്ത്രങ്ങളായി. കിടക്കയിൽ മുഖമമർത്തി അവൾ ഉറക്കെകരഞ്ഞു.

-എന്റെ വിനൂ......

ഒന്നു ഞെട്ടിയെങ്കിലും സുമ വീണ്ടും വീണ്ടും തേങ്ങി

-വിനൂ....എന്റെ വിനൂ....... എന്തിനാണെന്നെ ഇട്ടിട്ടുപോയത്‌......

ജനലിലൂടെ വിനോദു പറന്നു വരുമെന്നും പഴയതു പോലൊരു മൂക്കുത്തി കവിത അവൾക്കുവേണ്ടി ചൊല്ലുമെന്നും സുമയോർത്തുകാണുമോ?

നിലത്തു ചിതറിയ ആഭരണങ്ങളെല്ലാം തിരികെ പെട്ടികളിലാക്കുമ്പോൾ അവൾ വിനോദിനെപ്പറ്റിമാത്രം ഓർത്തു. അവൾക്ക്‌ അവനോടുണ്ടായിരുന്ന പിഴച്ച സ്നേഹം നെഞ്ചിൽ കനമായി നിറഞ്ഞു.

മൂക്കുകുത്താൻ സുമയോടാവശ്യപ്പെട്ടതു വിനോദാണ്‌.

-അയ്യേ അതെന്തിനാണെന്നൊരു പിന്തിരിപ്പൻ ചോദ്യമാണവൾ ആദ്യം ചോദിച്ചത്‌.

-നല്ല ഭംഗിയായിരിക്കും സുന്ദരീ. മൂക്കുത്തിക്കു ചേരുന്ന മൂക്കാണു നിന്റേത്‌​‍്‌.

വിനോദവളെ സുന്ദരിയെന്നും അറബിപ്പൊന്നെന്നുമൊക്കെ വിളിച്ചിരുന്നു. സുമയെന്നു മാത്ര

മവൻ വിളിച്ചതുമില്ല.

പലവട്ടം വയ്യെന്നു പറഞ്ഞിട്ടും വിനോദവളെ രണ്ടു തവണ മൂക്കുകുത്താൻ കൊണ്ടുപോയി.

അപ്പോഴൊക്കെ ഭയത്തോടെ സുമ വേണ്ടെന്നുവച്ചു. പിന്നെ അവനോടുള്ള പ്രണയം പിഴച്ചു

പിഴച്ചങ്ങിനെ പെരുകിയപ്പോൾ അവൾ മമ്മിക്കു ഫോൺ ചെയ്തു.

-ഞ്ഞങ്ങളുടെ ഹോസ്‌റ്റലില്‌ എല്ലാ കുട്ടികളും കുത്തിയിട്ടുണ്ടു മമ്മീ, പ്ലീസ്‌..... ചെറിയ ഒന്ന്‌?

മസ്‌ക്കറ്റിലെ ഉരുകുന്ന ചൂടിലിരുന്ന്‌ അനുവാദം കൊടുക്കാനല്ലേ മമ്മിയുടെ വാത്സല്യം

തികയൂ. സൂസൻ സക്കറിയയുടെ കണ്ണുരുട്ടൽ വകവയ്‌ക്കാതെ അവളുടെ കൈ പിടിച്ചുവലിച്ചു

കൊണ്ടുപോയി സുമ തുണക്ക്‌. കള്ളച്ചിരിയോടെ വിനോദു പരിഭവിച്ചു.

-എന്റെ ഉറപ്പു പോരാഞ്ഞിട്ടാണോ ഒരു തോഴി?

ആഭരണക്കടയിലെ ചില്ലുകൂടുകൾക്കു നടുവിൽനിന്ന്‌ സ്‌റ്റഡ്‌ഗൺ നീണ്ടുവന്നപ്പോൾ ഒരു കൈ കൊണ്ട്‌ വിനോദിനേയും മറ്റേക്കൈകൊണ്ട്‌ സൂസൻ സക്കറിയയേയും ഇറുകെപ്പിടിച്ചതോർത്ത്‌ സുമയുടെ ചങ്ക്‌​‍്‌ വീർത്തുപെരുകി.

കുത്തിയിട്ട മൂക്കുത്തി ഒരാഴ്‌ച കഴിഞ്ഞ്‌​‍്‌ മാറ്റിയിടാമെന്നു പറഞ്ഞതു മറന്നു നടക്കുമ്പോഴാണ്‌ വിനോദ്‌​‍്‌ ചെറിയ വെള്ളക്കല്ലുവച്ച മൂക്കുത്തിയുമായി ഹോസ്‌റ്റലിൽ കാണാൻവന്നത്‌. പേരറന്റ്‌സ്‌ മസ്‌ക്കറ്റിൽ നിന്നുംകൊടുത്തയച്ച സമ്മാനവുമായിവന്ന കസിനെന്ന കളവിൽ വാർഡൻ വിശ്വാസത്തോടെ അവളെ വിനോദിനെ ഏല്പിച്ചു. സുന്ദരമായ നാസികക്കൊരു തിലകംചാർത്തി പാണിഗ്രഹണവും നടത്തിയ സഖിയെപ്പറ്റി വിനോദിന്റെയൊരു കവിത വാരികയിൽ അച്ചടിച്ചു വരികയും ചെയ്തപ്പോൾ സുമക്കു തന്റെ പ്രണയത്തിനു പിഴവൊന്നും ഇല്ലെന്നുറപ്പായിരുന്നു.

പക്ഷേ കോളേജടച്ചുകഴിഞ്ഞ്‌ മസ്‌ക്കറ്റിലേക്കു പറന്ന സുമക്കുപിന്നാലെ സ്നേഹമൊന്നും

എഴുത്തായി പറന്നെത്താഞ്ഞപ്പോൾ അവളുടെ ഉള്ളാകെ പരവേശമായി. തലക്കകത്ത്‌ പേടിസ്വപ്നങ്ങൾ കലമ്പാൻ തുടങ്ങിയപ്പോൾ നാണം മറന്നവൾ സൂസൻ സക്കറിയക്കെഴുതി.

- ഒന്നന്വേഷിക്കൂ പ്ലീസ്‌. ഞാനയക്കുന്ന കത്തിനൊന്നും മറുപടി വരുന്നില്ല. ആളുസ്ഥലത്തുണ്ടോന്ന്‌ ഒന്നുറപ്പാക്കാൻ ഈ മരുഭൂമിയിലിരിക്കുന്ന എനിക്ക്‌ ഒരുരക്ഷയും ഇല്ലാഞ്ഞിട്ടല്ലേ കുട്ടാ നിന്നോടപേക്ഷിക്കുന്നത്‌. അടുത്ത മാസം ഞങ്ങൾ നാട്ടിലേക്കു വരുന്നുണ്ട്‌. ഉദ്ദേശം പറയാതെ അറിയാമല്ലൊ. എവിടെയാണെന്നറിയാത്ത ആളെക്കുറിച്ച്‌ ഞാനെന്താണ്‌ മമ്മിയോടും പപ്പയോടും പറയുക. സൂസൻ, എനിക്കുവേണ്ടി ഇതുചെയ്യണെ മുത്തെ.

അത്രയേറെ സോപ്പുപതയിട്ടാൽ തെന്നി വീഴുന്നതാണ്‌ സൂസൻ സക്കറിയയുടെ പുറമെ പരുക്കനായ ഹൃദയമെന്ന്‌ സുമക്കുറപ്പായിരുന്നു. രാവിലെ പത്തരക്കു തിരുവനന്തപുരത്തു പ്ലെയിനിറങ്ങിയിട്ട്‌ ഉച്ചക്കു മൂന്നുമണിക്കു സൂസനെ കാണാൻ പോകണമെന്നവൾ മമ്മിയോടും പപ്പയോടും വാശിപിടിച്ചു.

കൂൾഡ്രിംഗ്‌സ്‌ അധികം കുടിക്കാതെ കുടഞ്ഞിട്ടൊന്നു ചിരിക്കാതെ സൂസൻ സക്കറിയ അവളുടെ

മുഖത്തു നോക്കിയിരുന്നു. അവസാനം അവൾ പറഞ്ഞു.

-എന്റെ പെണ്ണേ, നീയിത്ര പൊട്ടിയായിപ്പോയല്ലോ.

വിനോദു ചിരിച്ചുകൊണ്ടാണത്രെ അവളോട്‌ പറഞ്ഞത്‌.

-ഒരു ഗൾഫു ചരക്കിനു കൂട്ടിരിക്കാനുള്ളതല്ലല്ലോ എന്റെ ജീവിതം.

അവൾ പറഞ്ഞതൊക്കെ സത്യമാണെന്നറിഞ്ഞിട്ടും അപ്പാടെ അവിശ്വസിക്കാനാണ്‌ സുമക്കു

തോന്നിയത്‌​‍്‌. പക്ഷെ അതുകൊണ്ടെന്തുകാര്യം? അമർഷം മുഴുവൻ പല്ലിനിടക്കിട്ടു ഞെരിച്ച്‌

സൂസൻ പറഞ്ഞു.

-അവനെപ്പോലൊരു പേപ്പട്ടിക്കു നക്കി തീർക്കാനുള്ളതല്ല നിന്റെ ജീവിതമെന്നവനെ കാണിച്ചു

കൊടുക്കെടീ. അവനാണു സാക്ഷാൽ എം.സി.പ്പി. - മെയിൽ ഷോവനിസ്‌റ്റു പിഗ്‌! നിന്റെ

കാർന്നോമ്മാരിറക്കുമതി ചെയ്ത ദുബായിക്കുട്ടനെ ധൈര്യമായിട്ടങ്ങു കെട്ട്‌.

സൂസന്റെ കണ്ണിലും കവിളിലുമൊക്കെ തീനാളങ്ങൾ എരിയുന്നതു കാണാമായിരുന്നു. ദുബൈയിൽ ജനിച്ചു വളർന്ന്‌ അമേരിക്കയിൽ ഉപരിപഠനം നടത്തിയ കഷ്ടിച്ചു മലയാളം പറയാനറിയുന്ന ബിജുവിനെ സൂസനുമവളും രഹസ്യമായി ദുബായിക്കുട്ടനെന്നു വിളിച്ചു. പിന്നെ സുമയാദുബായിക്കുട്ടന്റെ ഭാര്യയായി ഒടുക്കം വടക്കെ അമേരിക്കയിലടിഞ്ഞു.

പക്ഷെ വിനോദിനോടുള്ള സ്നേഹം മുഴുവൻ ആ മൂക്കുത്തിക്കല്ലിലൊളിപ്പിച്ചുവച്ചിരിക്കുകയായിരുന്നുവെന്ന്‌ ഇന്നാണവളറിയുന്നത്‌. ഇത്രയും കാലം അടച്ചുപൂട്ടിവച്ച സ്നേഹം മുഴുവൻ ശക്തിയോടെ പുറത്തേക്കൊഴുകുകയാണ്‌. പന്ത്രണ്ടു വർഷം കഴിഞ്ഞിട്ടും അണയാത്ത പ്രണയമാണത്‌. എങ്ങനെയാണതടക്കേണ്ടതെന്നറിയാതെ സുമക്കു ശ്വാസം മുട്ടി. ഭർത്താവ്‌ വീട്ടിലില്ലാത്തതിൽ ആദ്യമായി അവൾക്കു ആശ്വാസംതോന്നി.

നനഞ്ഞ കിളിയെപ്പോലെ സുമ കിടക്കയിലിരുന്നു. ബിജു പുറത്തുപോയിട്ട്‌ മണിക്കൂറുകൾ

കഴിഞ്ഞതും പുറത്തു പെയ്യുന്ന മഞ്ഞിന്‌ കനം കൂടിയതും അവളറിഞ്ഞില്ല. മഞ്ഞുകാലത്ത്‌

സൂര്യാസ്തമയം നേരത്തെ ആയതുകൊണ്ട്‌ പുറത്ത്‌ ഇരുളു വന്നു നിറഞ്ഞു. പരാതിയും

സമയ നിയന്ത്രണവുമില്ലാതെ ടി.വി. കാണാൻ കിട്ടിയ ഭാഗ്യത്തിൽ കുട്ടികൾ മറ്റൊന്നു മറിഞ്ഞതേയില്ല.

ഇനിയൊരിക്കലും കണ്ടുപിടിക്കാനാവാത്ത ഏതോ ദൂരത്തേക്ക്‌ മൂക്കുത്തി മറഞ്ഞത്‌ സത്യമാണെന്നവൾ അറിഞ്ഞു. പക്ഷെ ഇനിയെങ്ങനെ ജീവിക്കും എന്നൊരു ചിന്ത അവളിൽ നിറഞ്ഞു. നിലനില്പിന്റെ ആധാരം പ്രതീക്ഷയല്ലേ?

സുമ സാവധാനം ആഭരണച്ചെപ്പുകൾ പഴയസ്ഥാനങ്ങളിൽവച്ചു. ഡ്രസറിന്റെ മുകളിൽ,

കട്ടിൽക്കീഴിൽ, ഡ്രോകൾക്കകത്ത്‌. ഏതു സമയത്തും ബിജുവിനു പരാതിപ്പെടാൻ പാകത്തിൽ.

മുഖം കഴുകിവന്ന്‌ ഹോൾവേയിലെ ലൈറ്റിടുമ്പോഴാണ്‌ ബിജു കയറിവന്നത്‌. പെട്ടന്നവൾ മി​‍്‌സിസ്‌ സുമ കൂവളത്തറയിലായി.

-ദൈവമേ, അരി വെള്ളത്തിലിട്ടില്ല, നാളെ അപ്പമുണ്ടാക്കാൻ.

മഞ്ഞു പൊതിഞ്ഞ ബൂട്ട്‌സ്‌ അഴിച്ചു മാറ്റി ശാന്തമായ സ്വരത്തിലയാൾ പറഞ്ഞു.

-സാരമില്ല, ഇൻസ്‌റ്റെൻഡ്‌ മിക്സ്‌ കിട്ടി.

-എഡിസൺവരെ പോയോ?

-ഉവ്വ്‌

പാൽച്ചിരിയോടെ അയാളതു സമ്മതിച്ചപ്പോൾ സുമക്കു വല്ലാത്തെരു പകപ്പുതോന്നി.

എഡിസണിലെത്താൻ തന്നെ ഒന്നൊന്നര മണിക്കൂർ ഡ്രൈവുചെയ്യണം. ഇൻഡ്യൻ കടകൾ

തിങ്ങി നിറഞ്ഞ വൃത്തികേടും തിരക്കും അധികമായിട്ടുള്ള എഡിസൺ ബിജുവിനു തീരെ

ഇഷമില്ലാത്തയിടമാണ്‌. ചുരീദാറിനു ചേരുന്ന ഒരു ചുന്നിക്കൊ, അത്യാവശ്യം വീട്ടു സാധനങ്ങൾക്കൊ സുമ പല തവണ നിർബന്ധിച്ചാൽ മനസ്‌സില്ലാമനസോടെയാണ്‌ ബിജു അവിടെയൊന്നു കൊണ്ടുപോവുക. ഈ മഞ്ഞിൽ അയാളൊറ്റക്ക്‌ അവിടംവരെപ്പോയി അപ്പത്തിനുള്ള മിക്സും അത്താഴവും വാങ്ങി വന്നതു കണ്ടപ്പോൾ അപരിചിതമായ ലോകത്തെത്തിയതുപോലെ സുമ പരുങ്ങി. ക്രിസ്തുമസ്‌ ട്രീയിലെ ലൈറ്റുകൾ അവളെ കണ്ണിറുക്കികാണിച്ചു.

കാവ്യയും വർഷയും ഡാഡി വാങ്ങിക്കൊണ്ടുവന്ന ചപ്പാത്തിയും കറിയും ഉത്സാഹത്തോടെ

കഴിച്ചു. മൂക്കുത്തി കാണാതായത്‌ വലിയ കുഴപ്പമില്ലാത്ത സംഗതിയാണെന്നൊരു ചിരി

അവരുടെ മുഖത്തുണ്ടായിരുന്നു. അല്ലെങ്കിൽ ക്രിസ്തുമസ്‌ തലേന്ന്‌ മമ്മിയുണ്ടാക്കിയ പച്ചക്കറി

കൂട്ടി ചോറുണ്ണേണ്ടി വന്നേനെ.

പാതിരാത്രിയിൽ സമ്മാനപ്പൊതികളുമായി വരുന്ന സാന്റൊക്ലോസിന്‌ ബിസ്‌ക്കറ്റും പാലും

ക്രിസ്തുമസ്‌ ട്രീക്കരുകിൽവച്ച്‌ കണ്ണിൽ നിറയെ കളിപ്പാട്ട സ്വപ്നങ്ങളുമായി കുട്ടികളുറങ്ങി. ഉറങ്ങു

ന്നതിനു മുൻപ്‌ പല്ലു തേക്കാനും മുടി ചീകിപ്പിന്നിയിടാനും ബഹളം വയ്‌ക്കാത്ത മൂക്കുത്തിപോയ

അമ്മയോട്‌ അവർക്കു പ്രത്യേകിച്ചൊരു സ്നേഹം തോന്നിയിരിക്കണം.

വൈറ്റ്‌ ക്രിസ്‌തുമസ്‌ എന്ന ഉത്തരയമേരിക്കൻ സ്വപ്നം പുറത്തു പൂത്തുലയുകയാണ്‌. എവർഗ്രീനുകളും ഉപ്പു വിതറിയ വിളർത്ത റോഡുകളും ഹിമവെണ്മയണിയുന്ന രാവിൽ ഉറങ്ങാതെ പുകയുന്ന ഹ്യദയത്തിനുനേരെ ബിജുവിന്റെ കൈ നീണ്ടു വന്നു. പപ്പ അവൾക്കുവാങ്ങിക്കൊടുത്ത മൂക്കുത്തിയാവും പോയതെന്നൊരു സഹതാപമാണയാൾക്കെന്ന്‌ സുമയറിഞ്ഞു. ജീവിതത്തിൽനിന്നും പറന്നുപോയ പപ്പയോട്‌ അവൾക്കുണ്ടായിരുന്ന പ്രത്യേക സ്നേഹം ബിജുവിനു നന്നായിട്ടറിയാവുന്നതാണ്‌.

ഉറക്കംതീരും മുൻപേ ഉണർന്ന കുട്ടികൾ ട്രീക്കു താഴെയുള്ള സമ്മാനപ്പൊതികളോരോന്നെടുത്തു

ചിരിച്ചാർത്തു. ഒരു വർഷം മുഴുവൻ നല്ല കുട്ടിയായിരുന്നാൽ സാന്റൊക്ലോസ്‌ നല്ല സമ്മാനങ്ങൾകൊണ്ടുവരും. വികൃതിക്കുട്ടികൾക്ക്‌ കല്ലോ കല്‌ക്കരിയോപോലെയുള്ള ചീത്ത സാധനങ്ങൾ കിട്ടും എന്നാണ്‌ സങ്കല്പം.

-ദേ മമ്മിയൊരു നോട്ടി ഗേളായിരുന്നു ലാസ്‌റ്റിയറില്‌. സാന്റെ ലെഫ്‌റ്റ്‌ എ റ്റൈനി ഗിഫ്‌റ്റു

ഫോർ യൂ.

വാക്കുകൾ അമ്പുകളാവുന്നതറിഞ്ഞുകൊണ്ട്‌ സുമ അവളുടെ റ്റൈനി സമ്മാനപ്പൊതി തുറന്നു.

അതിൽ ചിരിച്ചിരിക്കുന്നൊരു പുതുപുത്തൻ മൂക്കുത്തി. വെള്ളക്കല്ലും സ്വർണ്ണച്ചുറ്റും

ഒക്കെയായി ദുബായിക്കുട്ടന്റെ കരുതൽ ചിരിക്കുകയാണ്‌.

മിസിസ്‌ സുമ കൂവളത്തറയിൽ പരിപൂർണ്ണ സ്‌ത്രീയായി അപ്പം മിക്സിലേക്കു തിരിഞ്ഞു. ഇനി

തിരിഞ്ഞു മറിഞ്ഞ്‌ പന്ത്രണ്ടു വർഷം പഴക്കമുള്ള ഒറ്റക്കല്ലു മൂക്കുത്തി കൺമുന്നിലെത്തിയാലും

മറിച്ചൊന്നാലോചിക്കാതെ അത്‌ ചവിറ്റു കുട്ടയിലേക്കിടുകയേ ഉള്ളുവെന്ന്‌ പ്രത്യേകിച്ചോർക്കാതെ

സുമക്കറിയാമായിരുന്നു. അല്ലെങ്കിൽത്തന്നെ ഒരു എം.സി.പി.യുടെ പഴംമൂക്കുത്തിക്കു കാവലി

രിക്കാനുള്ളതല്ലല്ലോ അവളുടെ ജീവിതം.

നിർമ്മല


E-Mail: nirmalat@canada.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.