പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

മാമ്പൂ കണ്ടും മക്കളെ കണ്ടും മദിക്കരുത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചാണക്യൻ

വാർത്തകൾ വിശേഷങ്ങൾ

“പിളൈള വണക്കം..”

കരുണാകർജിക്ക്‌ ബഹുത്ത്‌ സന്തോയം.. എടേയ്‌ ഇതുപോലൊരുത്തൻ മുന്നണീല്‌ ഉണ്ടോയെന്ന്‌ സംശയം... പിന്നെന്താ കെട്ടിപ്പിടിച്ചാ രണ്ട്‌ കിസ്സാ വച്ചുകൊടുത്തു. ശേഷം കണ്ണീന്ന്‌ ധാരധാരയായി കണ്ണീരുമൊഴുക്കി. സമാനഗതിക്കാരനെ കണ്ടതുകൊണ്ടും, മനസ്സിലെ വെഷമത്തിന്റെ തീവ്രതകൊണ്ടും.

ഇങ്ങനെ രണ്ട്‌ അപ്പന്മാര്‌ കേരളത്തില്‌ വേറെ ഉണ്ടാവത്തില്ല. അപ്പനെ തല്ലുന്ന മക്കളുണ്ടായേക്കാം. പക്ഷെ ഇങ്ങനെ നീറ്റിനീറ്റികൊല്ലുന്ന മക്കൾ ഇവർക്ക്‌ അല്ലാതെ വേറെ ആർക്കും ഉണ്ടാവില്ല.

“അടാ.. ബാലസ്‌ണാ. ഈയെന്താടാ ഒന്നും മിണ്ടാത്തേ”- കോഴിക്കോട്ടുകാരൻ സിനിമാതാരം മാമുക്കോയയുടെ ശൈലിയിൽ ലീഡറ്‌ തന്റെ ഉറ്റമിത്രം ബാലകൃഷ്‌ണപിളളയോട്‌ ഹൃദയവേദനയോടെ ചോദിച്ചു..

പന്തുവരാളി രാഗത്തിൽ മൂക്കുപിഴിഞ്ഞ്‌, കൊച്ചീക്കാര്‌ ചവിട്ടു നാടകക്കാരുടെ രീതിയിൽ നാലഞ്ച്‌ സ്‌റ്റെപ്പ്‌വച്ച്‌ വേദനയോടെ, വിദൂരമാം സ്ഥലത്ത്‌ നിലകൊളളും സെക്രട്ടറിയേറ്റിനെ നോക്കി ബാലകൃഷ്ണപ്പിളളദ്ദേഹം ഇങ്ങനെ ചൊല്ലിനാൻ...

“വട്ടചെലവിനും ചിട്ടിയടയ്‌ക്കാനും ഗണേശൻ സിൽമേന്ന്‌ വല്ലതും തട്ടിക്കൂട്ടി ഒപ്പിച്ചങ്ങ്‌ പോയേനെ.. അപ്പന്‌ കഷ്‌ടകാലം വന്നപ്പോ, മകനൊളളത്‌ കൈസഹായമാകുമെന്ന്‌ കരുതീതാ പങ്കപാടാക്കീത്‌... തട്ടീംമുട്ടീം അവനെ മന്ത്രിയാക്കിയപ്പം, മോഹൻലാല്‌ ചെയ്യേണ്ട വേഷം കൈയ്യീകിട്ടിയാ പോലെയാ അവന്റെ രീതി... എന്നാലും എന്റെ മോനല്ലേ; ഗുണമെന്തെങ്കിലും കാണിക്കാതിരിക്കില്ല.”

-കരുണാകരൻ തന്റെ സ്വതസിദ്ധമായ ചുണ്ടെലിച്ചിരി നടത്തിയശേഷം പിളളയോടിങ്ങനെ പറഞ്ഞു.

“ഗുണമൊന്നും തന്റെ മോൻ കാണിക്കൂല്ല, അങ്ങിനെ വല്ല ഗുണോം അവന്‌ കിട്ടിയിരുന്നേൽ പയ്യൻ നാലഞ്ചു പ്രാവശ്യമെങ്കിലും കോടതികേറിയേനെ.. ദേ നോക്കടോ... ഗുണം കാണിക്കുന്നത്‌ എന്റെ മഹൻ.. കൂടെയുണ്ടായവന്മാര്‌ പുറകീന്നും മുന്നീന്നും കുത്തിയേയുളളൂ... ഇവനാണേ മോളീന്ന്‌ നേരെ ഇറങ്ങി അപ്പന്റെ തലയ്‌ക്കിട്ടാ തല്ലുന്നത്‌... വീട്ടില്‌ ഒരു പെങ്കൊച്ചൊളളത്‌ പണീം കൂലീം ഇല്ലാണ്ടിരിക്കേണന്നൊളള ഒരു വിചാരോം അവനില്ല. ഒന്നൂല്ലെങ്കീ അവന്റെ സിസ്‌റ്ററല്ലേടോ അവൾ. അപ്പൻ ചത്താ ചത്തോട്ടെ, കെ.പി.സി.സി., കെ.പി.സി.സി.... എന്നും പറഞ്ഞാ ഇപ്പോ നടപ്പ്‌... ഹെന്റെ ഗുരുവായൂരപ്പാ, നിന്റെ പേരുതന്നയാ അവനിട്ടത്‌... എങ്കിലും അവനെ മറിക്കാനൊരു പാരയൊപ്പിച്ചുതാടാ.. കാർവർണ്ണാ...”

“ഉരല്‌ ചെന്ന്‌ മദ്ദളത്തോട്‌ പരാതി പറഞ്ഞപോലെയായി..” സത്യത്തിൽ ബാലകൃഷ്ണപിളളയ്‌ക്ക്‌ ചിരിവന്നു.

“എടെയ്‌ പിളൈള, താനെന്താടോ ആ പി.ഡി.പിക്കാരുടെ കൂടെ ചേർന്നൊരു തൈപ്പൂയക്കാവടിയാട്ടം നടത്തീത്‌.. അവര്‌ പൊല്ലാപ്പാണ്‌ കേട്ടാ...”

“ഒന്നും പറയേണ്ട കരുണാകരാ... അന്തോം കുന്തോം ഇല്ലാതെ നിക്കണ സമയമാ... സഖാവ്‌ അച്ചുതാനന്ദപ്രഭുവിനെ കണ്ണുകാട്ടി വിളിച്ചു, പിണറായി സാറിനു മുന്നിൽ ”ധീം തരികിട തോം“ കളിച്ചുനോക്കി. അവരടുപ്പിച്ചില്ല. അവര്‌, റിയൽ എസ്‌റ്റേറ്റും, ചാനലും, മിമിക്‌സ്‌ പരേഡുമൊക്കെയായി നടക്കുകയല്ലേ; നമ്മള്‌ കൈയിട്ട്‌ വാരുമോന്ന്‌ പേടി. അപ്പോഴാ... ആ പിളേളര്‌ വന്ന്‌ വിളിച്ചത്‌, പി.ഡി.പിക്കാര്‌. ആരാണ്ടൊരുത്തൻ ജയിലീകെടക്കണുണ്ടെത്രേ.. രാത്രി തേങ്ങപിരിച്ചെന്നോ- കിണ്ടി കട്ടുന്നോ പറഞ്ഞ്‌ ഇത്രേം കൊല്ലം ഒരാളെ ജയിലിലിടാൻ പറ്റോ.. വണ്ടിക്കാശും വയറു നിറച്ച്‌ ചോറും വാങ്ങിതരാമെന്ന്‌ പറഞ്ഞപ്പോ ഞാനങ്ങ്‌ പോയി. നല്ല പിളേളരാണ്‌ കെട്ടോ.. പാവത്തുങ്ങള്‌ തന്റെ ആന്റണീടെ പോലീസ്‌ നല്ല പെടേം കൊടുത്തു..”

“എടോ ബാലകൃഷ്ണാ... അയാള്‌ തേങ്ങക്കളളനോ കിണ്ടിക്കളളനോ അല്ല.. ഇത്തിരികൂടിയ ഇനമാ... കോയമ്പത്തൂർ ബോംബ്‌ കേസ്‌ എന്നൊന്ന്‌ കേട്ടിട്ടുണ്ടോ... എവിടെ കേൾക്കാൻ..എവിടെപ്പോയാലും കൊട്ടാരക്കര എന്നാണല്ലോ വിചാരം.”

“പറ്റിപ്പോയ്‌ കരുണാകരാ... വീട്ടിലും കേറാൻ പറ്റണില്ല, നാട്ടിലും ഇറങ്ങാൻ പറ്റണില്ല. വല്ല മുച്ചീട്ടുകളിയൊക്കെയായി അങ്ങു കൂടായിരുന്നു...”

“ബാലകൃഷ്ണന്റെ കാര്യം അങ്ങനെ... പറക്കമുറ്റാത്ത പത്‌മജേംകൊണ്ട്‌ ഞാനെവിടെ പോകാനാ... പടിഞ്ഞാറോട്ട്‌ നോക്കിയാ കൊച്ചീക്കടല്‌, വേറെ വഴീയൊന്നുമില്ല... ഗുരുവായൂര്‌ പോകാമെന്ന്‌ വച്ചാൽ കാശും പദവീം മഹന്റെ കൈയിലല്ലേ... ശാന്തിക്കാർക്കൊന്നും നമ്മെ ഇപ്പോ വേണ്ടാതായി...”

“നമ്മുടെ കാലോം വരും കരുണാകരാ...”

“ശരിയാ... അതുവരെ; കോവളത്തെ യു.ഡി.എഫ്‌ യോഗത്തിലൊക്കെ പങ്കെടുത്ത്‌ അണ്ടിപ്പരിപ്പും, കോഴി ബിരിയാണീം തിന്ന്‌ കാലം കഴിക്കാം..”

-രണ്ടുപേരും പെട്ടീം കിടക്കേം എടുത്ത്‌ കോവളത്തേയ്‌ക്ക്‌. അടുത്ത യു.ഡി.എഫ്‌ യോഗത്തിന്‌ നേരത്തെ ചെന്നില്ലെങ്കിൽ കോഴി ബിരിയാണീം അണ്ടിപ്പരിപ്പും തീർന്നുപോകും. നല്ല കക്ഷികളാ അവിടുളളത്‌... ആന്റണി, മുരളീധരൻ, കാർത്തികേയൻ, പാണക്കാട്‌, മാണി, കീണി,... ഒരു കോഴിക്കാലുപോലും ബാക്കിവയ്‌ക്കില്ല. ആർത്തി പണ്ടാരങ്ങള്‌....

ചാണക്യൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.