പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

പോട്ടെ വണ്ടി സിംഗപ്പൂരിലേക്ക്‌...

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചാണക്യൻ

വാർത്തകൾ വിശേഷങ്ങൾ

“വിപ്ലവകാലത്തെ ചൂടിനെക്കാളും ഭയങ്കരമാ ഇക്കൊല്ലത്തെ വേനൽചൂട്‌... അല്ലേ, പിണറായി?”

സഖാവ്‌ കുഞ്ഞുതോമാ വിയർത്തൊലിച്ച്‌ ചോദിച്ചു.

എ.കെ.ജി.സെന്ററിലെ ഇ.സീ മുറിയിൽനിന്നും പുറത്തിറങ്ങിയ വിഷമത്തിൽ നില്‌ക്കുമ്പോഴാ കുഞ്ഞുതോമയുടെ സംശയം പിണറായി കേട്ടത്‌.

“തന്നെ...തന്നെ” പിന്നെ പിണറായി ഇ.സീ മുറിയിലേയ്‌ക്ക്‌ തിരിഞ്ഞോടി. കൈയിലിരുന്ന ദേശാഭിമാനി പത്രം ആഞ്ഞുവീശികൊണ്ട്‌ കുഞ്ഞുതോമാ വെയിലിലേയ്‌ക്കിറങ്ങി. (ദേശാഭിമാനിയെ നോക്കി; ഈ സാധനംകൊണ്ട്‌ ഇങ്ങനെയൊരു ഉപകാരമെങ്കിലുമുണ്ടല്ലോ എന്നോർത്ത്‌ സമാധാനിക്കുകയും ചെയ്തു.)

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

എ.കെ.ജി.സെന്ററിലെ ഇ.സീ മുറിയുടെ കുളിരിൽ ഉച്ചയ്‌ക്കു കഴിച്ച പൊരിച്ച കോഴിയുടേയും ചപ്പാത്തിയുടെയും ഏമ്പക്കത്താൽ ചരിഞ്ഞു കിടന്നപ്പോഴാണ്‌ പിണറായിയുടെ മനസ്സിലേക്ക്‌ ഒരു ബാലകവിത ഓടിയെത്തിത്‌.

“അവധിക്കാലം വന്നെന്നാൽ

ഞങ്ങൾക്കെല്ലാം സന്തോഷം

പാട്ടുകളൊക്കെ പാടീടാം

കൂട്ടരൊടൊത്തു രസിച്ചീടാം..”

പിന്നെ പിണറായി ഒരു അമേച്ച്വർ പരീക്ഷണ നാടക നടനെപ്പോലെ തലങ്ങും വിലങ്ങും ചാടി “അവധിക്കാലം..അവധിക്കാലം” എന്ന്‌ മുരണ്ടുകൊണ്ടിരുന്നു. പിന്നെ കുറച്ചുനേരം ഏംഗൽസും മാർക്‌സുമായി തീർന്നു, അഥവാ ചിന്തകനായി. ഒടുവിൽ സാധാരണ മനുഷ്യനായി..കുടുംബനാഥനായി. നാലും അഞ്ചും ലക്ഷം ഡൊണേഷൻ കൊടുത്തു ചേരേണ്ട വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഫ്രീയായിട്ട്‌ പഠിക്കുന്ന പിളേളര്‌ വന്നിട്ടുണ്ട്‌... ഭാര്യയാണെങ്കീ പറയുന്നു കുറെ നാളായി മഹാബോറെന്ന്‌.

പോയ്‌ക്കളയാം.... സിംഗപ്പൂരിലേയ്‌ക്ക്‌..

ഒരുനിമിഷം... പിണറായിയിലെ പഴയ ഒറിജിനൽ കമ്യൂണിസ്‌റ്റ്‌ ഉണർന്നു. പഴയ കണ്ണൂർക്കാരനായി.

“പോണമോ... വേണ്ടയോ...

പോണമോ... വേണ്ടയോ..”

പഴയ നാടൻപാട്ടിലെ ആദ്യവരികൾ സഖാവിന്റെ ചെവിയിൽ മുഴങ്ങി.

മദ്യനയത്തിനെതിരെയുളള സമരം, മതികെട്ടാൻ പ്രശ്‌നം, എ.ഡി.ബി.പ്രശ്‌നം അങ്ങിനെ സർക്കാരിനെതിരെയുളള സമരങ്ങളുടെ നീണ്ട പട്ടിക പെൻഡിങ്ങിൽ കിടക്കുമ്പോൾ... ഒരു സമരപരിപാടി ഉദ്‌ഘാടനം ചെയ്‌തു വന്നതേയുളളൂ...

ഒരുനിമിഷം പിണറായിയുടെ മുന്നിൽ സർവ്വശ്രീ സഖാക്കൾ അച്യുതാനന്ദന്റെയും നായനാരുടെയും മുഖങ്ങൾ തെളിഞ്ഞു. അച്യുതാനന്ദൻ ചികിത്സയ്‌ക്കായ്‌ അമേരിക്കയിൽ പോയ വിമാനം പറന്നുവന്ന്‌ പിണറായിയുടെ ചുറ്റും കറങ്ങി. ഗൾഫ്‌ പര്യടനം നടത്തിയതിന്റെ ബാക്കിയായി നായനാർ എഴുതിയ യാത്രാവിവരണവും, റോമിൽ ചെന്നപ്പോൾ മാർപ്പാപ്പായ്‌ക്കു കൊടുത്ത ‘ഗീത’യും ഷെൽഫിലിരിക്കുന്നതുപോലെ തോന്നി.

ഓ..കെ...പോട്ടെ വണ്ടി സിംഗപ്പൂരിലേക്ക്‌...

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

പത്രസമ്മേളനം... അച്യുതാനന്ദൻ വിയർക്കുന്നു. ദുഷ്‌ടനാമൊരു പത്രപ്രതിനിധി ഇങ്ങനെ ചോദിച്ചു.

“പിണറായി ഈ സമയത്ത്‌ സിംഗപ്പൂരിൽ പോകേണ്ട കാര്യമുണ്ടോ?”

അച്യുതാനന്ദൻ തിരുവാതിരക്കളി തുടങ്ങി.

“ചൂടല്ലേ... പോകാവുന്നതാണ്‌.”

“കേരളത്തിൽ മറ്റാർക്കും ചൂടില്ലേ?”

“സൗജന്യടിക്കറ്റല്ലേ... പോകാവുന്നതാണ്‌.”

പത്രക്കാരൻ പതുക്കെയാണ്‌ ഇതിനുത്തരം പറഞ്ഞത്‌.

“സൗജന്യടിക്കറ്റ്‌ ആർക്കെങ്കിലും മറിച്ചുകൊടുത്ത്‌ ആ രൂപ എ.പി.വർക്കി ഫണ്ടിലേക്ക്‌ കൊടുത്താൽ മതിയാർന്നു... പൊരിവെയിലത്ത്‌ സഖാക്കൾ ബക്കറ്റുപിരിവു നടത്തുകയാ...”

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

സഖാക്കളെ, ആരെങ്കിലും സൗജന്യമായി എന്തെങ്കിലും പറ്റുന്നുണ്ടെങ്കിൽ അവനെ സൂക്ഷിക്കണം. സൗജന്യങ്ങൾ ആരിൽ നിന്നാണ്‌ വാങ്ങുന്നതെന്നും നോക്കണം. പിന്നീട്‌ പരിതപിക്കാൻ ഇടവരരുത്‌.

കേരളത്തിൽ കുടിക്കാൻ വെളളംപോലും പലയിടത്തും ഇല്ല, ആദിവാസികൾ പട്ടിണികൊണ്ട്‌ നരകിക്കുന്നു; കളളുചെത്തുകാരും ഷാപ്പു തൊഴിലാളികളും ആത്മഹത്യചെയ്‌തു കൊണ്ടിരിക്കുന്നു; ജനങ്ങൾ ജീവിക്കാൻ നട്ടം തിരിയുന്നു. ഇപ്പോ തന്നെ വേണമായിരുന്നോ സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ അവധിക്കാല സിംഗപ്പൂർ യാത്ര... ഇത്‌ കമ്യൂണിസ്‌റ്റുകാരന്‌ ചേർന്നതാണോ?

ഒരു കാര്യം കൂടി... ഇനി വിപ്ലവം എന്നത്‌ ഏപ്രിൽ-മേയ്‌ മാസങ്ങളിൽ നടത്താൻ തീരുമാനിക്കരുത്‌. പല സഖാക്കളും അവധിയെടുത്ത്‌ അമേരിക്ക, സിംഗപ്പൂർ, ജപ്പാൻ എന്നിവിടങ്ങളിലേയ്‌ക്ക്‌ പോയ്‌ക്കളയും. ദൈവം സഹായിച്ച്‌ ഇനി റഷ്യയിലേയ്‌ക്ക്‌ പോകില്ലല്ലോ?

ചാണക്യൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.